Mathrubhumi Logo
  RailBudget2011_Head

എറണാകുളം-ഷൊര്‍ണൂര്‍ പാത പ്രതീക്ഷയുടെ പാളത്തില്‍

Posted on: 26 Feb 2011

ചരക്ക് ഗതാഗതത്തിന് ഗുണകരമാകും

കൊച്ചി: ഒരു ഡസന്‍ പുതിയ തീവണ്ടികളാണ് കേന്ദ്ര റെയില്‍വേ മന്ത്രി മമത ബാനര്‍ജി കേരളത്തിന് സമ്മാനിച്ചിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ തന്നെ തിരക്കേറിയ പാതകളില്‍ ഈ തീവണ്ടികള്‍ കുരുക്കിടുമെന്ന് ഉറപ്പാണ്. അടിസ്ഥാനസൗകര്യ വികസനത്തെക്കുറിച്ചാകട്ടെ ബജറ്റില്‍ കാര്യമായി ഒന്നും പറയുന്നില്ല. പുതിയ തീവണ്ടികള്‍ വരുന്നതിനൊപ്പം പാത വികസിക്കില്ലെന്ന് ചുരുക്കം.

എറണാകുളം-കായംകുളം പാത ഇരട്ടിപ്പിക്കലിന്റെ പൂര്‍ത്തീകരണത്തിന് വേണ്ട താത്പര്യം റെയില്‍വേ കാണിച്ചിട്ടില്ല . പാതയുടെ പണി നടക്കുന്ന ചില 'കഷണങ്ങള്‍' മാത്രം പൂര്‍ത്തിയാക്കുന്ന കാര്യമാണ് ബജറ്റില്‍ പരാമര്‍ശിച്ചിട്ടുള്ളത്.

എറണാകുളം-ഷൊര്‍ണൂര്‍ നാലാം പാതയുടെ സര്‍വേയാണ് കൊച്ചിയുടെ മുഖ്യ പ്രതീക്ഷ. രണ്ട് വര്‍ഷമായി കൊച്ചി ആവശ്യപ്പെടുന്ന ഒന്നാണിത്. ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖ പദ്ധതിയായ വല്ലാര്‍പാടം പദ്ധതി കമ്മീഷന്‍ ചെയ്തുകഴിഞ്ഞു. വല്ലാര്‍പാടത്ത് കൂടുതല്‍ ചരക്കു തീവണ്ടി എത്തുന്നതോടെ എറണാകുളം-ഷൊര്‍ണൂര്‍ പാത വികസനം അനിവാര്യമാണ്. നേരത്തെ പ്രഖ്യാപിച്ച എറണാകുളം-ഷൊര്‍ണൂര്‍ മൂന്നാം പാത, സര്‍വേ നടപടിക്കപ്പുറം പുരോഗമിച്ചിട്ടില്ല. മൂന്നും നാലും ലൈനുകള്‍ ഒരുമിച്ച് പൂര്‍ത്തിയാകുമെന്നാണ് ബജറ്റ് നല്‍കുന്ന സൂചന. ഇതില്‍ ഒരു ലൈന്‍ ചരക്ക് ഗതാഗതത്തിന് മാത്രമായേക്കും. നാലാം പാതയുടെ സര്‍വേ പ്രഖ്യാപിച്ചതോടെ ഇതിന്റെ നടപടികള്‍ക്ക് ആക്കം കൂട്ടുമെന്ന് പ്രതീക്ഷിക്കാം.

കേരളത്തിന് പ്രഖ്യാപിച്ച 12 തീവണ്ടികളില്‍ ഭൂരിഭാഗവും കൊച്ചിയിലൂടെയാണ് കടന്നുപോകുന്നത്. ഇതില്‍ എറണാകുളം-ബാംഗ്ലൂര്‍ ഇന്‍റര്‍സിറ്റി എക്‌സ്​പ്രസാണ് കൊച്ചിക്ക് ഏറെ അനുഗ്രഹമായത്. കഴിഞ്ഞതവണ ബജറ്റില്‍ ബാംഗ്ലൂര്‍ തീവണ്ടി അനുവദിക്കാത്തതില്‍ ഏറെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഭാവ്‌നഗര്‍-കൊച്ചുവേളി എക്‌സ്​പ്രസ്, ദിബ്രുഗര്‍-തിരുവനന്തപുരം കന്യാകുമാരി എക്‌സ്​പ്രസ്, നിലമ്പൂര്‍-തിരുവനനന്തപുരം ലിങ്ക് എക്‌സ്​പ്രസ്, ബിലാസ്​പുര്‍-എറണാകുളം സൂപ്പര്‍ഫാസ്റ്റ്, കൊച്ചുവേളി -പോര്‍ബന്തര്‍ എക്‌സ്​പ്രസ്, എറണാകുളം-ആലപ്പുഴ-കൊല്ലം മെമു, ചെന്നൈ-പോണ്ടിച്ചേരി-തിരുവനന്തപുരം, എറണാകുളം-ചെന്നൈ സ്റ്റുഡന്‍റ്‌സ് എക്‌സ്​പ്രസ് എന്നിവ എറണാകുളത്തു കൂടിയാവും കടന്നുപോകുക. കൂടാതെ ഷൊര്‍ണൂര്‍-എറണാകുളം പാസഞ്ചര്‍ ആഴ്ചയില്‍ ഏഴ് ദിവസവുമാക്കുകയും ചെയ്തു.

എറണാകുളം സൗത്ത് സ്റ്റേഷന്‍ അന്താരാഷ്ട്ര നിലവാരത്തിലാക്കുമെന്ന് രണ്ടുവര്‍ഷം മുമ്പ് പ്രഖ്യാപിച്ചിരുന്നു.എന്നാല്‍ പിന്നീട് ഒരു അനക്കവും ഇല്ല. ഇതിന്റെ മാനദണ്ഡത്തെക്കുറിച്ച് റെയില്‍വേക്ക് തന്നെ നിശ്ചയമില്ലാത്ത സ്ഥിതിയാണ്. അതിനാല്‍ ഇത്തവണത്തെ ബജറ്റില്‍ ഇതിന്റെ ഓര്‍മപ്പെടുത്തല്‍ പോലും ഉണ്ടായില്ല. 442 ആദര്‍ശ് സ്റ്റേഷനുകളുടെ പണി മാര്‍ച്ചില്‍ പൂര്‍ത്തിയാകുമെന്ന് ബജറ്റിലുണ്ട്. കഴിഞ്ഞതവണ ആദര്‍ശ് സ്റ്റേഷനായി പ്രഖ്യാപിച്ച എറണാകുളം നോര്‍ത്ത് സ്റ്റേഷന്റെ പണി ഇതോടൊപ്പം പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കാം. റെയില്‍വേയുടെ യന്ത്രവത്കൃത അലക്ക് സംവിധാനം എറണാകുളത്ത് ഏര്‍പ്പെ്ടുത്തുമെന്ന് ബജറ്റില്‍ പ്രഖ്യാപനമുണ്ട്.

തീവണ്ടികള്‍ ഏറെ പ്രഖ്യാപിച്ചെങ്കിലും പാത ഇരട്ടിപ്പിക്കലിന്റെ കാര്യം പാതിയും മറന്ന മട്ടിലാണ് റെയില്‍വേ. എറണാകുളം-കായംകുളം പാത ഇരട്ടിപ്പിക്കല്‍ തുടങ്ങിയിട്ട് എട്ട് വര്‍ഷമായി. ഇതില്‍ എറണാകുളം-മുളന്തുരുത്തി പാതയുടെ കമ്മീഷനിങ് മാത്രമാണ് പൂര്‍ത്തിയായത്. കായംകുളം-മാവേലിക്കര പാതയുടെ പണി മാര്‍ച്ച് 11ന് പൂര്‍ത്തിയാക്കത്തക്ക വിധത്തില്‍ ധൃതഗതിയില്‍ നടക്കുന്നുണ്ട്.

ചെങ്ങന്നൂര്‍-മാവേലിക്കര പാത പൂര്‍ത്തിയാക്കുമെന്ന് മാത്രമാണ് ഇക്കുറി ബജറ്റില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ എറണാകുളം-കായംകുളം പാത യാഥാര്‍ഥ്യമാകണമെങ്കില്‍ ഇനിയും കടമ്പകളേറെയുണ്ട്. മുളന്തുരുത്തി മുതല്‍ ചെങ്ങന്നൂര്‍ വരെയുള്ള പാതയുടെ സ്ഥലമേറ്റെടുക്കുന്നതിനോ തുക വകയിരുത്തുന്നതിനോ നിര്‍ദേശങ്ങളില്ല. പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാക്കാനുള്ള സ്ഥലങ്ങളില്‍ പണി ഏറ്റെടുക്കാന്‍ റെയില്‍വേ തയ്യാറല്ല എന്ന മട്ടിലാണ് പോക്ക്. ആലപ്പുഴ വഴിയുള്ള പാത ഇരട്ടിപ്പിക്കലിന്റെ കാര്യത്തിലും കാര്യമായ അനക്കം ഇല്ല. എറണാകുളം-കുമ്പളം പാതയ്ക്ക് കഴിഞ്ഞ ബജറ്റില്‍ നാല് കോടി അനുവദിച്ചിരുന്നു. എന്നാല്‍ ഇതിന്റെ പണി പേരിന് ആരംഭിച്ചത് മാത്രമേ ഉള്ളൂ. ഇതില്‍ മൂന്ന് ലക്ഷം മാത്രമാണ് ചെലവിട്ടത്. കുമ്പളം-തുറവൂര്‍ പാതയ്ക്ക് ഇത്തവണ തുക വകയിരുത്തിയിട്ടുണ്ട്. എന്നാല്‍ ആലപ്പുഴ വഴിയുള്ള എറണാകുളം-കായംകുളം പാതയെക്കുറിച്ചും ബാക്കി വികസന പദ്ധതികളെക്കുറിച്ചും പരാമര്‍ശമില്ല.



ganangal


മറ്റു വാര്‍ത്തകള്‍

  12 3 »
Discuss