Mathrubhumi Logo
  RailBudget2011_Head

കോച്ച് ഫാക്ടറി വൈകും; മെമു വണ്ടികളില്ലാത്തത് ദോഷം

Posted on: 26 Feb 2011

പാലക്കാട്: പാലക്കാട് റെയില്‍വേ കോച്ച് ഫാക്ടറി എന്തുതടസ്സങ്ങളുണ്ടെങ്കിലും ഉടന്‍ യാഥാര്‍ഥ്യമാക്കുമെന്ന് റെയില്‍വേമന്ത്രി മമതാബാനര്‍ജി ബജറ്റ്പ്രസംഗത്തില്‍ ആവര്‍ത്തിച്ചുപറഞ്ഞെങ്കിലും കോച്ച്ഫാക്ടറി വൈകുമെന്നുറപ്പ്.

തടസ്സങ്ങള്‍ നീക്കാന്‍ ഒരുനടപടിയും എടുത്തിട്ടില്ല എന്നതാണ് വസ്തുത. ബജറ്റില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് തുകയും വകയിരുത്തിയിട്ടില്ല. അതിനിടെ, പാലക്കാട്ടെ മെമുഷെഡ്ഡ് കമ്മീഷന്‍ചെയ്ത് മാസങ്ങളായിട്ടും ഒരുവണ്ടിപോലും അധികം അനുവദിക്കാത്തത് ഷൊറണൂര്‍-കോയമ്പത്തൂര്‍ യാത്രാദുരിതം വര്‍ധിപ്പിക്കും.

കോച്ച് ഫാക്ടറി സ്ഥാപിക്കാന്‍ പാലക്കാട് കഞ്ചിക്കോട്ട് സംസ്ഥാനസര്‍ക്കാര്‍ 430 ഏക്കര്‍ സ്ഥലം ഏറ്റെടുത്തിട്ട് 9 മാസമായി. ഫാക്ടറിസ്ഥാപിക്കാന്‍ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായെങ്കിലും ഫാക്ടറി പൊതു-സ്വകാര്യ സംരംഭത്തില്‍ നിര്‍മിക്കുന്നതിന് സാങ്കേതികതടസ്സം നീക്കിയില്ല. പൊതു-സ്വകാര്യ സംരംഭത്തില്‍ കോച്ച്ഫാക്ടറി നിര്‍മിക്കുകയാണെങ്കില്‍ സ്ഥലം സൗജന്യമായി നല്‍കില്ലെന്നാണ് കേരളത്തിന്റെ നിലപാട്. സ്ഥലത്തിന്റെ മതിപ്പുവില (60 കോടി) കണക്കാക്കി കമ്പനിയില്‍ സംസ്ഥാനത്തെയും പങ്കാളിയാക്കണമെന്നാണ് ആവശ്യം. എന്നാല്‍, ഇക്കാര്യത്തില്‍ റെയില്‍വേ ഒരു തീരുമാനവുമെടുത്തിട്ടില്ലെന്ന് മമതാബാനര്‍ജിയുടെ വാക്കുകള്‍ വ്യക്തമാക്കുന്നു. ഇനി വരുംദിവസങ്ങളില്‍ കേരളത്തിന്റെ ആവശ്യം അംഗീകരിച്ചാല്‍ത്തന്നെ ശിലാസ്ഥാപനം നടത്താന്‍ മാസങ്ങളെടുക്കും.

പാലക്കാട് മെമു ഷെഡ്ഡിന് ബജറ്റില്‍ കൂടുതല്‍ മെമുവണ്ടികള്‍ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഒരുവണ്ടിമാത്രമാണ് ഇപ്പോള്‍ ഇവിടെയുള്ളത്. ചുരുങ്ങിയത് മൂന്നുവണ്ടികള്‍ ഉണ്ടെങ്കില്‍മാത്രമേ മെമുഷെഡ്ഡിന്റെ പ്രവര്‍ത്തനം ലാഭകരമായി കൊണ്ടുപോകാന്‍ സാധിക്കൂ.

എന്നാല്‍, കൊല്ലംഷെഡ്ഡ് പൂര്‍ത്തിയായില്ലെങ്കിലും രണ്ടുവണ്ടി അനുവദിച്ചത് നേട്ടമാണ്. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച എറണാകുളം-കൊല്ലം മെമുവണ്ടി ആലപ്പുഴവരെ നീട്ടി പുനഃസ്ഥാപിച്ചതിനുപുറമെ കൊല്ലം-നാഗര്‍കോവില്‍ റൂട്ടില്‍ പുതിയൊരു മെമുവണ്ടിയും അനുവദിച്ചു.

ഷൊറണൂര്‍-മംഗലാപുരം പാത വൈദ്യുതീകരണത്തിന് കൂടുതല്‍ തുക വകയിരുത്താതിരുന്നതും തിരിച്ചടിയാണ്.



ganangal


മറ്റു വാര്‍ത്തകള്‍

  12 3 »
Discuss