Mathrubhumi Logo
  RailBudget2011_Head

മലബാറിന് അഞ്ച് പുതിയ ട്രെയിന്‍

Posted on: 26 Feb 2011

പാലക്കാട്: മലബാറിനോടുള്ള റെയില്‍വേ അവഗണനയ്ക്ക് താത്കാലിക വിരാമം. മലബാറിലെ ട്രെയിന്‍യാത്രക്കാരുടെ യഥാര്‍ഥ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് അഞ്ച് പുതിയ ട്രെയിന്‍ അനുവദിച്ചത് ബജറ്റിലെ ശ്രദ്ധേയ നേട്ടമായി.

മംഗലാപുരം-പാലക്കാട് ഇന്‍റര്‍സിറ്റി (ദിവസവും), നിലമ്പൂര്‍-തിരുവനന്തപുരം ലിങ്ക് എക്‌സ്​പ്രസ് (ദിവസവും), പ്രതിവാര ട്രെയിനുകളായ ഭാവ്‌നഗര്‍- കൊച്ചുവേളി എക്‌സ്​പ്രസ് (കൊങ്കണ്‍വഴി), പോര്‍ബന്തര്‍- കൊച്ചുവേളി എക്‌സ്​പ്രസ്, ഹൗറ-മംഗലാപുരം എക്‌സ്​പ്രസ് (പാലക്കാട് വഴി) എന്നിവയാണ് മലബാറിന് അനുവദിച്ചിരിക്കുന്നത്.

ഇതില്‍ മംഗലാപുരം-പാലക്കാട് ഇന്‍റര്‍സിറ്റിയും നിലമ്പൂര്‍-തിരുവനന്തപുരം ലിങ്ക് എക്‌സ്​പ്രസ്സുമാണ് ഏറ്റവും പ്രയോജനപ്പെടുന്ന വണ്ടികള്‍. മലബാറില്‍നിന്ന് ബാംഗ്ലൂരിലേക്കുള്ള യാത്ര ഇപ്പോള്‍ തീരാദുരിതമാണ്. ആകെയുള്ളത് ഒരു വണ്ടി മാത്രം. പുതിയ ഇന്‍റര്‍സിറ്റി ഓടിത്തുടങ്ങുന്നതോടെ മലബാറിലുള്ളവര്‍ക്ക് പാലക്കാട്ടെത്തി ബാംഗ്ലൂരിലേക്കുള്ള കണക്ഷന്‍ ട്രെയിനുകള്‍ പിടിക്കാന്‍കഴിയും. പുതിയ എറണാകുളം-ബാംഗ്ലൂര്‍ ഇന്‍റര്‍സിറ്റി പ്രഖ്യാപിച്ചത് ഇത് മുന്നില്‍ക്കണ്ടാണെന്ന് പറയുന്നു.

നിലമ്പൂര്‍-തിരുവനന്തപുരം എക്‌സ്​പ്രസ് വര്‍ഷങ്ങളായുള്ള ആവശ്യമാണ്. മലപ്പുറത്തുനിന്നും ഊട്ടി, മൈസൂര്‍ ഭാഗങ്ങളില്‍നിന്നുമുള്ള യാത്രക്കാര്‍ക്ക് നിലമ്പൂര്‍വഴി തിരുവനന്തപുരത്തേക്ക് യാത്രചെയ്യാന്‍ ഈ വണ്ടി വരുന്നതോടെ സാധിക്കും. നിലമ്പൂരില്‍നിന്ന് ഷൊറണൂര്‍വരെ യാത്രക്കാരെ എത്തിച്ച് അവിടെനിന്ന് തിരുവനന്തപുരത്തേക്ക് മറ്റൊരു ട്രെയിനില്‍ സര്‍വീസ് പുനരാരംഭിക്കും.

ഹൗറ-മംഗലാപുരം എക്‌സ്​പ്രസ് ഏറെ പ്രയോജനം ചെയ്യുന്ന വണ്ടിയാണ്. മലബാറിലുള്ളവര്‍ക്ക് പാലക്കാട് വഴി ദീര്‍ഘദൂരയാത്രയ്ക്ക് ഉപകരിക്കും. ഇതിനുപുറമെ പാലക്കാട്ടുനിന്നുള്ള കണക്ഷന്‍ വണ്ടികളും ലഭിക്കും. പോര്‍ബന്തര്‍-കൊച്ചുവേളി എക്‌സ്​പ്രസ് തിരുവനന്തപുരത്തേക്കുള്ള യാത്രാക്ലേശം കുറയ്ക്കും.

അമൃത എക്‌സ്​പ്രസ്സിന്റെ കോച്ചുകളുപയോഗിച്ച് കോഴിക്കോട്ടേക്ക് പകല്‍വണ്ടി ഓടിക്കണമെന്ന വര്‍ഷങ്ങളായുള്ള ആവശ്യം പരിഗണിച്ചുകൊണ്ടാണ് മംഗലാപുരം-പാലക്കാട് ഇന്‍റര്‍സിറ്റി അനുവദിച്ചതെന്ന് പറയുന്നു.



ganangal


മറ്റു വാര്‍ത്തകള്‍

  12 3 »
Discuss