ജനപക്ഷ ബജറ്റ്: മമത
Posted on: 26 Feb 2011

ന്യൂഡല്‍ഹി: പശ്ചിമബംഗാളിനെ കേന്ദ്രീകരിച്ചുള്ളതും കണ്ണില്‍ പൊടിയിടുന്നതുമായ റെയില്‍വേ ബജറ്റാണ് അവതരിപ്പിച്ചതെന്ന പ്രതിപക്ഷ ആരോപണം മമതാ ബാനര്‍ജി നിഷേധിച്ചു.
സമസ്തമേഖലകള്‍ക്കും പ്രാതിനിധ്യം നല്‍കുന്ന ജനപക്ഷ ബജറ്റാണ് അവതരിപ്പിച്ചതെന്നും വിമര്‍ശകര്‍ അവസരവാദികളാണെന്നും മമത ആരോപിച്ചു. ജമ്മുകശ്മീരിനും മണിപ്പുരിനും അസമിനും പദ്ധതികള്‍ നല്‍കിയിട്ടുണ്ട്. പിന്നെ പശ്ചിമബംഗാളും ഇന്ത്യയുടെ ഭാഗമാണല്ലോ- മമത പറഞ്ഞു.
റെയില്‍വേയുടെ സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്താന്‍ യാത്രാനിരക്ക് വര്‍ധിപ്പിക്കുക എന്നത് എളുപ്പ വഴിയാണ്. എന്നാല്‍ ആഭ്യന്തരമായി വരുമാനം കണ്ടെത്താനാണ് ശ്രമിച്ചത്. അടുത്തവര്‍ഷം റെയില്‍വേയുടെ സാമ്പത്തികാവസ്ഥ മെച്ചപ്പെടും- മമത പറഞ്ഞു.
സിംഗൂരിലെ ടാറ്റയുടെ ഫാക്ടറി മാറ്റാന്‍ സമരംചെയ്ത മമത അവിടെ റെയില്‍ കോച്ച് ഫാക്ടറി സ്ഥാപിക്കാമെന്ന് പ്രഖ്യാപിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് ടാറ്റയുടെ ഫാക്ടറിക്ക് 1000 ഏക്കര്‍ ഭൂമി വേണമായിരുന്നുവെങ്കില്‍ റെയില്‍വേക്ക് 100 ഏക്കര്‍ മാത്രമേ ആവശ്യമുള്ളൂ എന്നായിരുന്നു മറുപടി.