പാളം തെറ്റാതെ, ലക്ഷ്യം തിരഞ്ഞെടുപ്പ്
Posted on: 26 Feb 2011

ന്യൂഡല്‍ഹി: മുന്‍മന്ത്രി ലാലുപ്രസാദ് യാദവ് തുടങ്ങിവെച്ച തന്ത്രം മമതാ ബാനര്‍ജി വീണ്ടും പയറ്റി. യാത്രക്കൂലിയോ കടത്തുകൂലിയോ വര്‍ധിപ്പിക്കാതെ തുടര്‍ച്ചയായി മൂന്നാംവട്ടം മന്ത്രി മമത റെയില്‍വേ ബജറ്റ് അവതരിപ്പിച്ചു.
കേരളമടക്കം തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങള്‍ക്ക് ഏറെ റെയില്‍ സൗജന്യങ്ങള്‍ നല്‍കുന്നതാണ് ബജറ്റ്. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി കസേരയിലേക്കു നോട്ടമിട്ടിരിക്കുന്ന മമത ബജറ്റിനെ ഒരു ബംഗാളി ബജറ്റുതന്നെയാക്കിയെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. കേരളത്തെയും അവര്‍ നിരാശപ്പെടുത്തിയില്ല. റെയില്‍വേയുടെ വരുമാനം ആദ്യമായി ഒരു ലക്ഷം കോടി രൂപയ്ക്കു മുന്നിലെത്തുമെന്ന് 2011-2012 ബജറ്റ് പ്രഖ്യാപിക്കുന്നു. മൊത്തം വരുമാനം 1,09,393.13 കോടി രൂപയാണ്. 2010-2011ലെ ബജറ്റിനെ അപേക്ഷിച്ച് 12241.93 കോടി രൂപ കൂടുതലാണിത്. പുതിയ ബജറ്റിലെ മൊത്തം ചെലവ് 96,450 കോടി രൂപയാണ്.
പുതിയ ബജറ്റ് മെച്ചപ്പെട്ട വരുമാനമാണ് ചൂണ്ടിക്കാട്ടുന്നതെങ്കിലും റെയില്‍വേ കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെയാണ് കടന്നുപോകുന്നത് എന്ന് മമതാ ബാനര്‍ജി ബജറ്റ് പ്രസംഗത്തില്‍ പറയുന്നു. 2009-2010 റെയില്‍വേയെ സംബന്ധിച്ചിടത്തോളം തികഞ്ഞ വെല്ലുവിളിയായിരുന്നു. ആറാം ശമ്പളകമ്മീഷന്‍ ശുപാര്‍ശ ജീവനക്കാരുടെ ശമ്പളത്തിലും പെന്‍ഷനിലും 97 ശതമാനമാണ് വര്‍ധനയുണ്ടാക്കിയത്- 73,000 കോടി രൂപയുടെ ബാധ്യത. 2010-11 കാലത്ത് തീവണ്ടി ഗതാഗത തടസ്സങ്ങള്‍ മൂലം 1,500 കോടി രൂപയുടെയും ഇരുമ്പയിരു കയറ്റുമതി നിരോധിച്ചതുമൂലം 2,000 കോടി രൂപയുടെയും നഷ്ടമുണ്ടായതായി മന്ത്രി പറഞ്ഞു.
വര്‍ഷത്തിലൊരിക്കല്‍ കുടുംബാംഗങ്ങളോടൊപ്പം യാത്രചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിവരുന്ന 50ശതമാനം യാത്രക്കൂലി ഇളവ് വര്‍ഷത്തില്‍ രണ്ടുതവണയായി വര്‍ധിപ്പിച്ചു. കീര്‍ത്തിചക്ര, ശൗര്യചക്ര അവാര്‍ഡു നേടിയവര്‍ക്ക് നല്‍കിവരുന്ന സൗജന്യം രാജധാനി, ശതാബ്ദി വണ്ടികളിലേക്കുകൂടി വ്യാപിപ്പിച്ചു. മരണാനന്തര ബഹുമതിയായി പരമവീര്‍ചക്ര, അശോക് ചക്ര ബഹുമതികള്‍ നേടിയവരുടെ രക്ഷിതാക്കള്‍ക്ക് റെയില്‍വേ പാസുകള്‍ നല്‍കും.
റെയില്‍വേ പാതയ്ക്കരികില്‍ തമ്പടിച്ചുകഴിയുന്ന, താമസിക്കാന്‍ ഇടമില്ലാത്ത പാവപ്പെട്ടവര്‍ക്കായി മുംബൈ, സിയാല്‍ദാ, സിലിഗുഢി, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളില്‍ 10,000 വീടുകള്‍ നിര്‍മിച്ചുകൊടുക്കുമെന്ന് മമതാ ബാനര്‍ജി പറഞ്ഞു.
റെയില്‍വേ ആദ്യമായി ഏതാനും വ്യാപാരലക്ഷ്യനയങ്ങള്‍ സ്വീകരിച്ചതായി ബജറ്റ് ചൂണ്ടിക്കാട്ടുന്നു. സ്വകാര്യ കടത്തു ടെര്‍മിനല്‍, സ്‌പെഷല്‍ കടത്തുവണ്ടി ഓപ്പറേറ്റര്‍,ഓട്ടോമൊബൈല്‍ കടത്തുവണ്ടി ഓപ്പറേറ്റര്‍, ഓട്ടോമൊബൈല്‍ ആന്‍ഡ് ആന്‍സിലിയറി ഹബ്ബ്, കിസാന്‍ മിഷന്‍ (ശീതീകരണശൃംഖല), കല്‍ക്കരി, ഇരുമ്പുഖനികള്‍ക്ക് റെയില്‍ ബന്ധം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
പാലക്കാട് കോച്ച് ഫാക്ടറി, ആലപ്പുഴ വാഗണ്‍ യൂണിറ്റ് എന്നിവയടക്കം ഏതാനും പുതിയ റെയില്‍ അടിസ്ഥാനവ്യവസായങ്ങളും ബജറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. 700 കിലോമീറ്റര്‍ പുതിയ ലൈനുകളും 800 കിലോമീറ്റര്‍ ഗേജ് വികസനവും 700 കിലോമീറ്റര്‍ പാത ഇരട്ടിപ്പും 1000 കിലോമീറ്റര്‍ ലൈന്‍ വൈദ്യുതീകരണവും ഈവര്‍ഷം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു. സാമൂഹികപ്രാധാന്യമുള്ള പദ്ധതികള്‍ക്കുള്ള ഫണ്ട് നല്‍കാന്‍ പ്രധാനമന്ത്രി 'റെയില്‍ വികാസ് യോജന' എന്ന പുതിയ പരിപാടി ആരംഭിക്കുന്നതായി ബജറ്റില്‍ പറയുന്നു. സിക്കിം ഒഴികെ വടക്കുകിഴക്കു പ്രദേശത്തെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളും അടുത്ത ഏഴ് വര്‍ഷത്തിനുള്ളില്‍ റെയില്‍ ലൈനുമായി ബന്ധിപ്പിക്കുന്നതാണ്.
ആദര്‍ശ് പദവിയിലേക്ക് 236 റെയില്‍വേ സ്റ്റേഷനുകളെക്കൂടി ഉള്‍പ്പെടുത്തി വികസിപ്പിക്കും. 45 സ്റ്റേഷനുകളില്‍ (കന്യാകുമാരി അടക്കം) ബജറ്റ് ഹോട്ടലുകള്‍ സ്ഥാപിക്കും. യാത്രക്കാരുടെ ടിക്കറ്റ് സൗകര്യത്തിനായി ബഹുജന ഉദ്ദേശ്യ 'ഗോ ഇന്ത്യാ' സ്മാര്‍ട്ട് കാര്‍ഡ് ഏര്‍പ്പെടുത്തും. വിശ്രമമുറികള്‍ നേരത്തേ ബുക്ക് ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തും.
ജീവനക്കാരുടെ ക്ഷേമത്തിനുവേണ്ടി ഏതാനും പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജീവനക്കാരുടെ മാതാപിതാക്കള്‍ക്ക് വൈദ്യസഹായം, ഗ്രൂപ്പ് ഡി. ജീവനക്കാരുടെ പെണ്‍മക്കള്‍ക്ക് മാസം 1,200 രൂപയുടെ സ്‌കോളര്‍ഷിപ്പ്, റെയില്‍വേ വിദ്യാലയപ്രബന്ധന്‍ ബോര്‍ഡ്, 20 മെഡിക്കല്‍ വാനുകള്‍, ജീവനക്കാരുടെ കുട്ടികള്‍ക്ക് 20 പുതിയ ഹോസ്റ്റലുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
റെയില്‍വേ സ്‌പോര്‍ട്‌സ് മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക സ്‌പോര്‍ട്‌സ് കേഡര്‍ രൂപവത്കരിക്കും. 16000 വിമുക്തഭടന്മാര്‍ക്ക് റെയില്‍വേയില്‍ നടപ്പുസാമ്പത്തികവര്‍ഷംതന്നെ ജോലി നല്‍കും. പട്ടികജാതി-വര്‍ഗ ഒഴിവുകള്‍ നികത്തുന്നതടക്കം 1.75 ലക്ഷം പേരെ നിയമിക്കാന്‍ പുതിയ റിക്രൂട്ട്‌മെന്റ് നടത്തുമെന്നും ബജറ്റ് പറയുന്നു.