വാഹനത്തില്‍ കയറ്റുമ്പോഴും പലര്‍ക്കും ജീവനുണ്ടായിരുന്നു...
Posted on: 16 Jan 2011

കുമളി: മരണത്തിന്റെ നനുത്തസ്പര്‍ശം വണ്ടിപ്പെരിയാറിലെത്തുമ്പോള്‍ ആ ലോറിയെ കീഴടക്കിയിരുന്നു. ''വാഹനത്തില്‍ കയറ്റുമ്പോഴും അവരില്‍ പലര്‍ക്കും ജീവനുണ്ടായിരുന്നു. പുല്ലുമേട്ടില്‍നിന്ന് വണ്ടിപ്പെരിയാറിലേക്കുള്ള എട്ടുമണിക്കൂറെടുത്ത യാത്രയില്‍ അവര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു''. പതിനേഴ് മൃതദേഹങ്ങളുമായി വണ്ടിപ്പെരിയാറിലെ ആസ്പത്രിയിലേക്കെത്തിയ ലോറിയിലെ ഡ്രൈവറും ജിവനക്കാരുമായ സുനീഷും രാജനും രമേശിനും ആ യാത്ര മറക്കാനാവുന്നില്ല.
വീതിയില്ലാത്ത കാനനപാതയിലെ ഗതാഗതക്കുരുക്കും പ്രഥമശുശ്രൂഷ നല്‍കാന്‍ കഴിയാതിരുന്നതും മൂലമാണ് നിരവധിപ്പേര്‍ മരണത്തിന് കീഴടങ്ങേണ്ടിവന്നതെന്ന് ഇവര്‍ പറയുന്നു.
വനംവകുപ്പിന്റെ ഇക്കോ ഡവലപ്‌മെന്റ് സൊസൈറ്റിയുടെ വ്യാപാരത്തിനായി കരിമ്പുമായി വന്ന വണ്ടിപ്പെരിയാര്‍ സ്വദേശികളായ ഇവര്‍ അപകടസ്ഥലത്ത് വാഹനം ലഭിക്കാത്തതിനെ തുടര്‍ന്ന്, എട്ടേകാലോടെയാണ് പോലീസ് ഇവരുടെ സഹായം അഭ്യര്‍ത്ഥിച്ചത്. വാഹനക്കുരുക്കും ഇടുങ്ങിയ പാതയുംമൂലം പുല്ലുമേട്ടില്‍നിന്ന് 26 കിലോമീറ്റര്‍ അകലെ വണ്ടിപ്പെരിയാറിലെത്താന്‍ എട്ടുമണിക്കൂര്‍ വേണ്ടിവന്നു.
പുല്ലുമേട്, ഉപ്പുപാറ, വള്ളക്കടവ്, വണ്ടിപ്പെരിയാര്‍വഴി പരിക്കേറ്റവരെയുമായി ആസ്പത്രിയിലെത്താനെടുത്ത സമയത്തിനിടെ പലരും മരണത്തിന് കീഴടങ്ങി. ഫയര്‍ഫോഴ്‌സും പോലീസും വനപാലകരും അയ്യപ്പന്മാരും ഏറെ പണിപ്പെട്ടാണ് രക്ഷാപ്രവര്‍ത്തകരുടെ വാഹനങ്ങള്‍ക്ക് വഴിയൊരുക്കിയത്. ഏറെ സാഹസികമായാണ് വളവും തിരിവും കൊക്കയുമുള്ള കാനനപാതയിലൂടെ വാഹനങ്ങള്‍ കടന്നുവന്നത്.