Mathrubhumi Logo
  sabarimal

ഗതാഗതതടസ്സം രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു

Posted on: 16 Jan 2011

വണ്ടിപ്പെരിയാര്‍: ദുരന്തദിവസമായ വെള്ളിയാഴ്ച രാവിലെ 10 മണിമുതല്‍ പുല്ലുമേട്ടിലേക്കുള്ള പാതയിലനുഭവപ്പെട്ട ഗതാഗതതടസ്സം കുറെയെങ്കിലും ഒഴിവായത് ശനിയാഴ്ച ഉച്ചയ്ക്കുശേഷം. 4000ത്തില്‍പ്പരം ചെറിയ വാഹനങ്ങളും ട്രിപ്പ് സര്‍വീസ് നടത്തുന്ന ജീപ്പുകളും ഓട്ടോറിക്ഷകളും കുരുക്ക് സൃഷ്ടിച്ചപ്പോള്‍ ഗതാഗത സംവിധാനം താറുമാറായി. ഇത് നിയന്ത്രിക്കാന്‍ പോലീസിനു കഴിഞ്ഞില്ല. മരിച്ചവരെയും പരിക്കേറ്റവരെയും 26 കി.മീ.ദൂരെ വണ്ടിപ്പെരിയാറ്റിലെ ആസ്​പത്രിയിലെത്തിക്കാന്‍ ഇതുമൂലം ആറുമണിക്കൂര്‍ മുതല്‍ പത്തുമണിക്കൂര്‍വരെ വേണ്ടിവന്നു.

കുമളി-പുല്ലുമേട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി.യുടെ 25 ബസ്സുകള്‍ക്കും വെള്ളിയാഴ്ച പുല്ലുമേട്ടില്‍ എത്താന്‍ സാധിച്ചില്ല. കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ എത്താത്തതിനാല്‍ വന്‍ യാത്രാക്ലേശമാണ് അനുഭവപ്പെട്ടത്. പുല്ലുമേട്ടില്‍നിന്ന് കുമളിയില്‍ എത്താന്‍ ചില ജീപ്പുകള്‍ 4000 രൂപവരെ കൂലിവാങ്ങി. ഗതാഗത സൗകര്യമില്ലാത്തതിനാല്‍ ശനിയാഴ്ച രാവിലെ 9 വരെ വള്ളക്കടവ്‌വരെ 18 കിലോമീറ്റര്‍ നടന്നെത്തിയാണ് തീര്‍ത്ഥാടകര്‍ ബസ്സില്‍ കയറിയത്. പുല്ലുമേട്ടില്‍ 11 മണിയോടെ എത്തിയ മന്ത്രി സുരേന്ദ്രന്‍പിള്ളയോട് യാത്രാസൗകര്യമില്ലാതെ പുല്ലുമേട്ടില്‍ കുടുങ്ങിക്കിടന്ന തീര്‍ത്ഥാടകര്‍ കയര്‍ത്തു. മന്ത്രി ഇടപെട്ടതിനെ തുടര്‍ന്ന് ഒരു മണിയോടെയാണ് ബസ്സുകള്‍ പുല്ലുമേട്ടില്‍ എത്തിയത്. പുല്ലുമേട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന വനംവകുപ്പിന്റെ ഇക്കോ ടൂറിസത്തിന്റെ കടകളും ദുരന്തത്തെ തുടര്‍ന്ന് ശനിയാഴ്ച ഉച്ചയോടെ പൊളിച്ചുമാറ്റിത്തുടങ്ങി.














ganangal


മറ്റു വാര്‍ത്തകള്‍

  12 3 »

ഫോട്ടോഗാലറി

Discuss