വിധി തട്ടിയെടുത്ത സഹോദരനെയോര്‍ത്ത് പ്രദീഷും പ്രമോദും
Posted on: 16 Jan 2011

ചെന്നൈയിലെ കുഴിത്തുറയില്‍ താമസിച്ചുവന്നിരുന്ന പാലക്കാട് കാക്കൂര്‍ സ്വദേശികളായ കൃഷ്ണപ്രശാന്ത് (34), കൃഷ്ണ പ്രദീഷ് (33), കൃഷ്ണ പ്രമോദ് (27) എന്നിവരാണ് പതിവു മുടക്കാതെ ഇത്തവണയും നോമ്പ് നോറ്റ് മകരവിളക്കുതൊഴാനെത്തിയത്.
പമ്പ വഴി തിരക്ക് കൂടിയതുമൂലം നാലു വര്‍ഷമായി ഇവര്‍ പുല്ലുമേട് വഴിയാണ് മകരവിളക്ക് ദര്‍ശനത്തിനെത്തിയിരുന്നത്. ഇവരെ നയിച്ചിരുന്നത് തികഞ്ഞ അയ്യപ്പഭക്തനായ മൂത്ത ജ്യേഷ്ഠന്‍ കൃഷ്ണപ്രശാന്തായിരുന്നു.മകരജ്യോതി ദര്‍ശിച്ച്, പുല്ലുമേട്ടില്‍ നിന്ന് മടങ്ങാനൊരുങ്ങവെയാണ് ഓര്‍ക്കാപ്പുറത്ത് തിക്കും തിരക്കും ഉണ്ടായത്. പിന്നില്‍ നിന്നുള്ള തള്ളലില്‍ നിന്ന് രക്ഷപ്പെടാന്‍ മൂവരും ശ്രമിച്ചെങ്കിലും കൃഷ്ണപ്രശാന്ത് നിലത്തുവീഴുകയായിരുന്നു.
നിലത്തുവീണ പ്രശാന്തിന്റെ മുകളിലൂടെ തിക്കിത്തിരക്കി ജനങ്ങള്‍ നീങ്ങുമ്പോള്‍ കുരിരുട്ടില്‍ ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലായിരുന്നു സഹോദരന്മാര്‍.
തിരക്കില്‍ നിന്നുരക്ഷപ്പെടാന്‍ പുല്ലുമേട്ടിലെ കടകളില്‍ കയറാന്‍ ശ്രമിച്ച അയ്യപ്പന്മാരെ ചട്ടുകത്തിനും പിന്നീട് കസേരയ്ക്കും കട നടത്തുന്നവര്‍ അടിച്ചിറക്കിയതായി ഇവര്‍ പറഞ്ഞു.
''ലക്ഷങ്ങളെത്തിയ പുല്ലുമേട്ടില്‍ അല്പം വെളിച്ചമെങ്കിലും ലഭിച്ചിരുന്നെങ്കില്‍ ജ്യേഷ്ഠന്‍ നഷ്ടമാവില്ലായിരുന്നു'' സങ്കടത്തോടെ ഇരുവരും പറഞ്ഞു.
ശനിയാഴ്ച രാവിലെ 6 മണിയോടെ ഇളയ അനുജന്‍ കൃഷ്ണ പ്രമോദ് ആണ് ജ്യേഷ്ഠന്റെ മരണവാര്‍ത്ത അറിയിച്ചത്. കൃഷ്ണപ്രശാന്ത് എല്‍.ഐ.സി. യുടെ മാര്‍ത്താണ്ഡം ഓഫിസില്‍ ഉദ്യോഗസ്ഥനായിരുന്നു. പാലക്കാട് കൊടുവായൂരിലെ വട്ടേക്കാട് വീട്ടിലെ സി. ശിവശങ്കറിന്റെയും പ്രേമാശങ്കറിന്റെയും മകനായ പ്രശാന്ത് ചെന്നൈയിലാണ് ജനിച്ചുവളര്‍ന്നത്. കുഴല്‍മന്ദത്ത് വേരുകളുള്ള പ്രിയയാണ് ഭാര്യ.
നാലു വയസ്സുള്ള വൈഭവ്കൃഷ്ണന്‍ മകനാണ്. പ്രശാന്തിന്റെ ശവസംസ്‌കാരം ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെ കൊളത്തൂരിനടുത്തുള്ള തിരുവികനഗര്‍ ശ്മശാനത്തില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.