Mathrubhumi Logo
  sabarimal

ദുരന്തം വിഴുങ്ങിയ രാത്രി

Posted on: 16 Jan 2011

മരണത്തിന്റെ തണുപ്പുമായി...

വണ്ടിപ്പെരിയാര്‍: മഞ്ഞുപുതച്ചു നില്‍ക്കുന്ന മലനിരകളെ മരണത്തിന്റെ കറുത്തകൈകള്‍ പുല്കിയ ദിവസമായിരുന്നു വെള്ളിയാഴ്ച. മകരമഞ്ഞിന്റെ ആലസ്യത്തിലാണ്ടുകിടന്ന പുല്ലുമേടും വണ്ടിപ്പെരിയാര്‍ ഗ്രാമവും ഒരു രാത്രികൊണ്ട് ദുരന്തഭൂമിയായിമാറി. മകരജ്യോതികണ്ട് പുണ്യം നേടാനെത്തിയ ഭക്തരുടെ ജീവനാണ് നിമിഷങ്ങള്‍കൊണ്ട് ഈ മലനിരകളില്‍ അസ്തമിച്ചത്.
പുറംലോകവുമായി യാതൊരുബന്ധവുമില്ലാത്ത പുല്ലുമേട്ടില്‍ രാത്രി എട്ടുമണിയോടെ ഉണ്ടായ അപകടം മണിക്കൂറുകള്‍ക്കുശേഷമാണ് പുറത്തറിയുന്നത്. പുല്ലുമേടിന് ഏറ്റവുമടുത്തുള്ള വണ്ടിപ്പെരിയാറ്റിലെ പ്രാഥമികാരോഗ്യകേന്ദ്രം 26 കിലോമീറ്റര്‍ ദൂരത്താണ്.
ഇവിടേക്ക് പരിക്കേറ്റവരേയും മരിച്ചവരെയും എത്തിക്കാന്‍ മണിക്കൂറുകളുടെ സമയവും ഏറെ കഷ്ടപ്പാടും വേണ്ടിവന്നു.വിവരമറിഞ്ഞ് നാട്ടുകാരും ജനപ്രതിനിധികളും മാധ്യമപ്രവര്‍ത്തകരും പോലീസും ആരോഗ്യ-സന്നദ്ധ സേവനരംഗത്തുള്ളവരും വണ്ടിപ്പെരിയാര്‍ സര്‍ക്കാര്‍ ആസ്​പത്രിയില്‍ എത്തിച്ചേരുകയായിരുന്നു.
രാത്രി 10.30 ഓടെ അപകടസ്ഥലത്തുനിന്ന് രണ്ടു പേരുടെ മൃതദേഹങ്ങള്‍ വണ്ടിപ്പെരിയാര്‍ ആസ്​പത്രിയിലെത്തിച്ചു. ഇതോടെ അപകടത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ വ്യാപിച്ചു. ഇതിനിടയില്‍ പുല്‍മേട്ടില്‍ നിന്ന് കൂട്ടംതെറ്റിപ്പോയ അയ്യപ്പന്മാര്‍ വണ്ടിപ്പെരിയാര്‍ ആസ്​പത്രിയിലെത്തിത്തുടങ്ങി.
10.45 ഓടെ രണ്ടാമത് ഒരാളുടെ മൃതദേഹം കൂടി ആസ്​പത്രിയിലെത്തിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്കായി. പിന്നീട്, മരിച്ചെന്നുകരുതി കൊണ്ടുവന്ന നാലുപേരില്‍ മൂന്നുപേര്‍ക്കും ജീവനുണ്ടായിരുന്നു. അവരെ പിന്നീട് ചികിത്സനല്‍കി വിട്ടയച്ചു.
രാത്രി വൈകിയതോടെ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ദുഷ്‌കരമായി. ഇതോടെ അപകടത്തില്‍ പരിക്കേറ്റവരെ പുറത്തെത്തിക്കാനുമായില്ല. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ കൂടുതലായി വണ്ടിപ്പെരിയാറ്റിലെത്തിത്തുടങ്ങി. ഇവരില്‍ പലരുടെയുംകൂടെ വന്നവരെ അപകടത്തിനിടെ കാണാതായിരുന്നു.
അപകടത്തില്‍ നൂറിലേറെപ്പേര്‍ മരിച്ചിട്ടുണ്ടാകാമെന്ന പ്രചാരണം വ്യാപകമായി. ആസ്​പത്രിയില്‍ ഓരോ വാഹനം എത്തുമ്പോഴും തങ്ങളുടെ പ്രിയപ്പെട്ടവരാരെങ്കിലും അതിലുണ്ടാകുമെന്നുകരുതി അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള അയ്യപ്പന്മാര്‍ വാഹനത്തിനടുത്തേക്ക് എത്തി.
അപകടത്തിന്റെ ഭീകരത വിളിച്ചറിയിക്കുന്ന ദൃശ്യങ്ങളായിരുന്നു പുലര്‍ച്ചെ രണ്ടുമണിയോടെ വണ്ടിപ്പെരിയാറ്റിലുണ്ടായത്. മരിച്ച ഭക്തരുടെ മൃതദേഹങ്ങള്‍ രണ്ട് ലോറിയില്‍ ആസ്​പത്രിയുടെ മുന്നിലേക്കെത്തിച്ചു.
33 മൃതദേഹങ്ങള്‍ കൂട്ടിയിട്ട് ലോറിയിലെത്തിച്ച കാഴ്ച ഹൃദയഭേദകമായിരുന്നു. ഉറ്റവരെ തേടി അലറിവിളിച്ച് ഓരോ ലോറിയും പരിശോധിക്കുന്ന ഭക്തര്‍. അപകടസ്ഥലത്തേക്ക് ആംബുലന്‍സോ മറ്റ് വാഹനങ്ങളോ എത്തിക്കാന്‍ കഴിയാത്തതിനാലാണ് പുല്‍മേട്ടിലേക്ക് സാധനങ്ങളുമായി പോയ ലോറിയില്‍ മൃതദേഹങ്ങള്‍ എത്തിച്ചത്. തുടര്‍ന്ന് മിനിവാനിലും പോലീസ്ജീപ്പിലുമായിട്ടാണ് കൂടുതല്‍ മൃതദേഹങ്ങള്‍ വണ്ടിപ്പെരിയാര്‍ ആസ്​പത്രയിലെത്തിച്ചത്. പുലര്‍ച്ചയോടുകൂടി വണ്ടിപ്പെരിയാര്‍ ആസ്​പത്രി മോര്‍ച്ചറി അയ്യപ്പഭക്തരുടെ മൃതദേഹങ്ങള്‍ കൊണ്ട് നിറഞ്ഞു.
മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനും മറ്റും കൂടുതല്‍ സൗകര്യം കുമളി സര്‍ക്കാര്‍ ആസ്​പത്രിയിലായതിനാല്‍ വണ്ടിപ്പെരിയാറ്റില്‍ എത്തിച്ച മൃതദേഹങ്ങള്‍ പിന്നീട് ആംബുലന്‍സിലും മറ്റുമായി പുലര്‍ച്ചെതന്നെ കുമളിയിലേക്ക് മാറ്റി.



ganangal


മറ്റു വാര്‍ത്തകള്‍

  12 3 »

ഫോട്ടോഗാലറി

Discuss