Mathrubhumi Logo
  sabarimal

ശബരിമലയില്‍ വന്‍ദുരന്തം, 102 മരണം, 5 മലയാളികളും

Posted on: 15 Jan 2011

* അപകടം വള്ളക്കടവ്-പുല്ലുമേട് പാതയില്‍
* മരിച്ചവരിലേറെയും ആന്ധ്ര, തമിഴ്‌നാട്, കര്‍ണാടക സ്വദേശികള്‍
മരിച്ചവരില്‍ ആറ് കുട്ടികളും



വണ്ടിപ്പെരിയാര്‍ (ഇടുക്കി): മകരജ്യോതിദര്‍ശനംകഴിഞ്ഞ് പുല്ലുമേട്-വള്ളക്കടവ് കാനനപാതയിലൂടെ ശബരിമലത്തീര്‍ഥാടകര്‍ മടങ്ങുന്നതിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് 102 പേര്‍ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. 44 പേര്‍ക്ക് പരിക്കേറ്റു. മൂന്ന് കുട്ടികളെ കാണാതായിട്ടുണ്ട്. മരിച്ചവരില്‍ അഞ്ച് മലയാളികള്‍ ഉള്‍പ്പെടുന്നു. പാലക്കാട് സ്വദേശി പത്മനാഭന്‍, കുന്ദംകുളം ബാലന്‍ മകന്‍ സതീശന്‍, ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ കൃഷ്ണപ്രശാന്തന്‍, മലപ്പുറം വേങ്ങര സ്വദേശി പട്ടേല്‍ കോരുക്കുട്ടി (60), എറണാകുളം തൃപ്പൂണിത്തുറ സ്വദേശി ഉണ്ണികൃഷ്ണന്‍ എന്നിവരാണ് ഇവര്‍.

മരിച്ചവരില്‍ 90 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ 27 തമിഴ്‌നാട് സ്വദേശികളും 25 കര്‍ണാടക സ്വദേശികളും 16 ആന്ധ്രാ സ്വദേശികളും ഉള്‍പ്പെടുന്നു. 12 പേരുടെ മൃതദേഹം ഇനിയും തിരിച്ചറിയാനുണ്ട്. മരിച്ചവരിലേറെയും തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക സ്വദേശികളാണ്. ശ്രീലങ്കയില്‍ നിന്നുള്ള ഒരാള്‍ മരിച്ചവരിലുണ്ട്.


പുല്‍മേട്ടില്‍ അപകടത്തില്‍പ്പെട്ടവരെ വണ്ടിപ്പെരിയാര്‍ ആസ്‌പത്രിയില്‍ കൊണ്ടുവന്നപ്പോള്‍



102 മൃതദേഹങ്ങളും കുമളിയിലെ താലൂക്ക് ആസ്​പത്രിയിലെത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ സൂക്ഷിക്കാനുള്ള സൗകര്യമൊരുക്കും.

വെള്ളിയാഴ്ച രാത്രി 8.15-ഓടെയായിരുന്നു അപകടം. മകരജ്യോതികാണുന്നതിനായി അയ്യപ്പന്‍മാര്‍ കയറി നിന്ന വാഹനം തീര്‍ത്ഥാടകര്‍ക്കിടയിലേക്ക് മറിയുകയായിരുന്നു. ഇതു മൂന്നുവട്ടം കരണംമറിഞ്ഞു. ഇതിനിടെ, ചിലര്‍ മറിഞ്ഞുവീണു. അവരുടെ മുകളിലേയ്ക്കായി പുറകില്‍നിന്നിരുന്നവരും വീണു. അഭൂതപൂര്‍വമായ തിരക്കില്‍ നിരവധിപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവസ്ഥലത്ത് വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ ഒന്നും തന്നെയില്ല.

ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാറ്റില്‍നിന്ന് ശബരിമലയിലേക്കുള്ള കാനനപാതയിലാണ് പുല്ലുമേട്. ഇവിടെനിന്നാല്‍ മകരജ്യോതികാണുകയും ചെയ്യാം. ഈ വഴിയിലൂടെ ജീപ്പ് സര്‍വീസുമുണ്ടായിരുന്നു. വാഹനങ്ങള്‍ ഇട്ടിട്ട് അതില്‍നിന്നും അല്ലാതെയുമായി പതിനായിരങ്ങള്‍ ഇവിടെനിന്ന് മകരജ്യോതി കണ്ടിരുന്നു. തുടര്‍ന്ന് മടങ്ങുമ്പോഴാണ് ദുരന്തം. വഴിയില്‍ തീര്‍ത്ഥാടകരും വാഹനങ്ങളും നിറഞ്ഞിരുന്നതിനാല്‍, അപകടസ്ഥലത്തുനിന്ന് പരിക്കേറ്റവരെ വണ്ടിപ്പെരിയാറ്റിലും മറ്റും എത്തിക്കാന്‍ വൈകി.

അപകടം ഇങ്ങനെ:

മകരജ്യോതി ദര്‍ശനംകഴിഞ്ഞ് ശബരിമലയില്‍നിന്ന് പുല്‍മേട്ടിലേക്കു തിരികെവന്ന തീര്‍ഥാടകര്‍ തിക്കും തിരക്കും കൂട്ടിയപ്പോള്‍, പുല്‍മേട്ടില്‍ പാര്‍ക്ക് ചെയ്ത വാനിനുമുകളില്‍ കയറി. ഭക്തരുടെ എണ്ണം വര്‍ധിച്ചതോടെ വാന്‍ മറിഞ്ഞു. രണ്ടുതവണ കരണം മറിഞ്ഞ വാനിനടിയില്‍ നിരവധി തീര്‍ഥാടകര്‍പെട്ടു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പുല്‍മേട്ടില്‍ വനംവകുപ്പ് കെട്ടിയ കമ്പിവേലിയിലേക്ക് തീര്‍ഥാടകര്‍ കൂട്ടത്തോടെ വീഴുകയും വേലി പൊട്ടുകയും ചെയ്തു. ഇവര്‍ക്കുമുകളിലേക്ക് മറ്റു തീര്‍ഥാടകരും വീണു.


വി.ആര്‍. ഷിജു





ganangal


മറ്റു വാര്‍ത്തകള്‍

  12 3 »

ഫോട്ടോഗാലറി

Discuss