ദുരന്തം വനപാതയില്‍
Posted on: 15 Jan 2011

പുല്ലുമേട്ടില്‍ നിന്ന് വനത്തിലൂടെ ശബരിമല സന്നിധാനത്ത് എത്തുന്ന വഴി തമിഴ്‌നാട്ടില്‍ നിന്നുള്ള തീര്‍ഥാടകരുടെ പ്രധാനവഴിയാണ്.
കുമളിയില്‍ എത്തുന്ന തീര്‍ഥാടകര്‍ ജീപ്പുകളിലാണ് കക്കികവല, ഇഞ്ചിക്കാട്, കുറുപ്പുപാലം, വള്ളക്കടവ്, കോഴിക്കാനംവഴി പുല്ലുമേട്ടിലെത്തുക. ഇവിടെവരെമാത്രമാണ് വാഹനസൗകര്യമുള്ളത്. കോഴിക്കാനത്ത് നിന്ന് പുല്ലുമേടുവരെയുള്ള ദൂരം മൊട്ടക്കുന്ന് മാത്രമുള്ള പാതയാണ്. പുല്ലുമേട്ടില്‍ നിന്ന് കുത്തനെയുള്ള ഇറക്കം ഇറങ്ങിയാണ് പാണ്ടിത്താവളംവഴി സന്നിധാനത്തെ വടക്കെനടയില്‍ തീര്‍ഥാടകര്‍ എത്തുന്നത്. കുത്തനെയുള്ള ഇറക്കവും ഒറ്റയടിപ്പാതയുമാണിത്. രാത്രിവെളിച്ചം ലഭിക്കാനുള്ള സൗകര്യം ഈ പാതയില്‍ ഇല്ല. തീര്‍ഥാടകര്‍ക്ക് കൂട്ടത്തോടെ പോകാന്‍ കഴിയില്ല. തിരക്കുകൂട്ടി പോകാന്‍ ശ്രമിച്ചാല്‍ കുത്തനെയുള്ള ഇറക്കത്തിലേക്ക് വഴുതി വീഴും. പുല്ലുമേട്ടില്‍ നിന്ന് ഏകദേശം അഞ്ചുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ സന്നിധാനത്ത് എത്താന്‍ കഴിയും. തമിഴ്‌നാട്ടില്‍ നിന്നു വരുന്ന തീര്‍ഥാടകര്‍ക്ക് എളുപ്പത്തില്‍ സന്നിധാനത്തെത്താന്‍ കഴിയും. ഇത്തവണ തീര്‍ഥാടകരുടെ വാഹനങ്ങള്‍ പ്ലാപ്പള്ളിയിലും മറ്റും തടഞ്ഞിരുന്നതിനാല്‍ കൂടുതല്‍ ഭക്തര്‍ പുല്ലുമേട് വഴിയുള്ള ഈ പാത ഉപയോഗിച്ചിരുന്നു.
ശബരിപീഠം മുതല്‍ സന്നിധാനംവരെ നീളുന്ന ക്യൂവില്‍ നിന്ന് രക്ഷപ്പെടാനും ഭക്തര്‍ ഈ വഴി തിരഞ്ഞെടുക്കുന്നുണ്ട്. പുല്ലുമേട്ടില്‍ നിന്ന് പമ്പയിലെത്താതെ നേരിട്ട് സന്നിധാനത്ത് എത്താം എന്നതാണ് പ്രധാനകാരണം. ഈവഴി വരുന്നവര്‍ക്ക് നടപ്പന്തലിലെ സ്റ്റേജിന്റെ ഭാഗത്തുകൂടി ആഴിക്കുസമീപമെത്തി പടി ചവിട്ടാന്‍ കഴിയും.
രാജേഷ് എ. നായര്‍