Mathrubhumi Logo
karunakaran_left   karunakaran_right

ആയിരങ്ങളുടെ അന്ത്യാഞ്ജലി

Posted on: 24 Dec 2010

സെക്രട്ടേറിയറ്റ് വളപ്പില്‍ മണിക്കൂറുകളോളം കാത്തുനിന്ന ആയിരക്കണക്കിന് അനുയായികളുടെയും ആരാധകരുടെയും നടുവിലേക്ക് ലീഡറുടെ മൃതദേഹം വഹിച്ച വാഹനം എത്തുമ്പോള്‍ വിതുമ്പലുകള്‍ മുദ്രാവാക്യങ്ങള്‍ക്കും പൊട്ടിക്കരച്ചിലുകള്‍ക്കും വഴിമാറി. രാവിലെ പത്തിന് ഡര്‍ബാര്‍ ഹാളില്‍ മൃതദേഹം എത്തിക്കുമെന്ന് അറിഞ്ഞ് ആയിരക്കണക്കിന് ആളുകളാണ് ഡര്‍ബാര്‍ ഹാള്‍ പരിസരത്തും സെക്രട്ടേറിയറ്റിന് പുറത്തും കാത്തുനിന്നിരുന്നത്.
കേന്ദ്ര മന്ത്രിമാരെയും മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരടക്കമുള്ള വി.ഐ.പികളെയും കൊണ്ട് ഡര്‍ബാര്‍ ഹാള്‍ രാവിലെ പത്തിന് തന്നെ തിങ്ങി നിറഞ്ഞിരുന്നു. പുറത്ത് കൊടുംചൂട് അവഗണിച്ചും തങ്ങളുടെ പ്രിയനേതാവിനെ അവസാനമായൊന്നുകാണാന്‍ നേതാക്കള്‍ മുതല്‍ സാധാരണ പ്രവര്‍ത്തകര്‍ വരെ ബാരിക്കേഡില്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.
മുഖ്യമന്ത്രിയായും മന്ത്രിയായും സെക്രട്ടേറിയറ്റിന്റെ ചലനം നിയന്ത്രിച്ച ലീഡറുടെ ചേതനയറ്റ ശരീരം ഉച്ചയ്ക്ക് 12.30 ഓടെ ഡര്‍ബാര്‍ ഹാളിലെ ചെമ്പനീര്‍ ഇതളുകള്‍ക്ക് മേല്‍ വെയ്ക്കുമ്പോള്‍ അകത്ത് വി. ഐ.പി. കളെയും പുറത്ത് പ്രവര്‍ത്തകരെയും നിയന്ത്രിക്കാന്‍ പോലീസും നേതാക്കളും നന്നേ പാടുപെടുന്നുണ്ടായിരുന്നു.
'ലീഡര്‍ അമര്‍ രഹേ' എന്ന് മുദ്രാവാക്യം വിളിച്ച് പ്രവര്‍ത്തകര്‍ പരസ്​പരം ആശ്വസിപ്പിച്ചു. മൃതദേഹത്തില്‍ പൂക്കള്‍ വിതറിയും ഷാളണിയിച്ചും തങ്ങളുടെ ലീഡര്‍ക്ക് ആദരാഞ്ജലി നല്കി. തിരക്കിനിടയില്‍ ചില വനിതാ പ്രവര്‍ത്തകര്‍ മൃതദേഹം വെച്ചിരുന്ന പെട്ടിയിലേക്ക് മുഖമമര്‍ത്തി പൊട്ടിക്കരയുന്നുണ്ടായിരുന്നു. ഉച്ചയ്ക്ക് 1.50ന് മൃതദേഹം പുറത്തേയ്‌ക്കെടുക്കുംവരെ അണികളുടെ അണമുറിയാത്ത ഒഴുക്കായിരുന്നു.
മക്കളായ കെ. മുരളീധരനും പദ്മജാ വേണുഗോപാലും മറ്റ് അടുത്ത ബന്ധുക്കളും മൃതദേഹത്തോടൊപ്പം ഡര്‍ബാര്‍ ഹാളില്‍ എത്തിയിരുന്നു. പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, ജി. കാര്‍ത്തികേയന്‍ തുടങ്ങിയവരും മൃതദേഹത്തെ അനുഗമിച്ചെത്തി. കേന്ദ്ര നിയമമന്ത്രി വീരപ്പ മൊയ്‌ലിയും തന്റെ ചങ്ങാതിക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ ഡര്‍ബാര്‍ ഹാളില്‍ എത്തിയിരുന്നു.
മൃതദേഹം വഹിച്ച പേടകത്തിന് സമീപം നിന്ന് കെ. പി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയും മന്ത്രി എം. വിജയകുമാറും വി. എസ്. ശിവകുമാറുമൊക്കെ പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ നന്നേ പാടുപെടുന്നുണ്ടായിരുന്നു.
ഡര്‍ബാര്‍ ഹാളില്‍ അരമണിക്കൂറോളം കാത്തിരുന്ന മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദനും തുടര്‍ന്ന് സ്​പീക്കര്‍ കെ. രാധാകൃഷ്ണനും സര്‍ക്കാരിന് വേണ്ടി പുഷ്പചക്രം സമര്‍പ്പിച്ചു.
മഹാരാഷ്ട്ര ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍, കേന്ദമന്ത്രിമാരായ വയലാര്‍ രവി, മുല്ലപ്പള്ളി രാമചന്ദ്രന്‍, മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, ടി. എം. തോമസ് ഐസക്, എ. കെ. ബാലന്‍, പാലോളി മുഹമ്മദ് കുട്ടി,കെ. പി. രാജേന്ദ്രന്‍, പി. കെ. ശ്രീമതി, രാമചന്ദ്രന്‍ കടന്നപ്പള്ളി, വി. സുരേന്ദ്രന്‍ പിള്ള, ജി. സുധാകരന്‍, എന്‍. കെ. പ്രേമചന്ദ്രന്‍, എസ്. ശര്‍മ, സി. ദിവാകരന്‍, മുല്ലക്കര രത്‌നാകരന്‍, എളമരം കരീം, സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. മേയര്‍ അഡ്വ. കെ. ചന്ദ്രിക, ഡെപ്യൂട്ടി മേയര്‍ ഹാപ്പികുമാര്‍, 'മാതൃഭൂമി' ഡയറക്ടര്‍ പി. വി. ഗംഗാധരന്‍, വിവിധ പാര്‍ട്ടി നേതാക്കളായ വെളിയം ഭാര്‍ഗവന്‍, കെ. എം. മാണി, ആര്‍.ബാലകൃഷ്ണപിള്ള, ടി. എം. ജേക്കബ്, കെ.പങ്കജാക്ഷന്‍, വി.പി. രാമകൃഷ്ണപിള്ള, എ. സി. ഷണ്‍മുഖദാസ്, നീലലോഹിതദാസന്‍ നാടാര്‍, മാത്യു ടി. തോമസ്, പി. ജെ. കുര്യന്‍, ചാരുപാറ രവി, ബാബുദിവാകരന്‍, എം. പി. അച്യുതന്‍, എ. സമ്പത്ത്, വി. മുരളീധരന്‍, പി. പി. മുകുന്ദന്‍, ശൂരനാട് രാജശേഖരന്‍, കല്ലട നെപ്പോളിയന്‍, പി. ശങ്കരന്‍, ജോര്‍ജ് മേഴ്‌സിയര്‍, വി. ഡി.സതീശന്‍, എം.കെ.മുനീര്‍, എം.വി.ഗോവിന്ദന്‍, അബ്ദുള്ളക്കുട്ടി, സ്വാമി പ്രകാശാനന്ദ, സ്വാമി ഋതംബരാനന്ദ, സ്വാമി സൂക്ഷ്മാനന്ദ, ബിഷപ്പുമാരായ സൂസെപാക്യം, ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം, തോമസ് മാര്‍തിമോത്തിയോസ്, തോമസ് മാര്‍ അത്തനേഷ്യസ്, കവി ഒ. എന്‍. വി. കുറുപ്പ്, സുഗതകുമാരി, സംവിധായകരായ അടൂര്‍ ഗോപാലകൃഷ്ണന്‍, കെ. മധു, ഡി. ജി. പി. മാരായ ജേക്കബ് പുന്നൂസ്, സിബി മാത്യൂസ്, ചീഫ് സെക്രട്ടറി കെ. പ്രഭാകരന്‍, ചെറിയാന്‍ ഫിലിപ്പ്, സി.പി.ജോണ്‍, ഗോകുലം ഗോപാലന്‍, ഇ. എം. നജീബ് തുടങ്ങിയവര്‍ പുഷ്പ ചക്രം സമര്‍പ്പിച്ചു.
സി. എസ്. ഐ. ദക്ഷിണേന്ത്യ മോഡറേറ്റര്‍ ബസന്തകുമാറിന് വേണ്ടി ഡോ. എസ് ദേവനേശന്‍, പത്രപ്രവര്‍ത്തക യൂണിയന് വേണ്ടി സംസ്ഥാന സെക്രട്ടറി രാജഗോപാല്‍, പ്രസ്‌ക്ലബ് പ്രസിഡന്റ് എം. എം. സുബൈര്‍ തുടങ്ങിയവരും റീത്ത് സമര്‍പ്പിച്ചു.




adharanjalikal karunakaran ganangal


മറ്റു വാര്‍ത്തകള്‍

  12 3 4 »
video gallery karunakaran ormachithrangal_karunakaran athmakdha karunakaran

വീഡിയോ

സോണിയഗാന്ധി ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു
 
കരുണാകരന്റെ മൃതദേഹം ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിനു വെച്ചപ്പോള്‍
more videos

Discuss