Mathrubhumi Logo
karunakaran_left   karunakaran_right

ത്രിവര്‍ണപതാക മാറോടണച്ച വിപ്ലവകാരി

Posted on: 24 Dec 2010

ആ ത്രിവര്‍ണപതാക പുതച്ച് ഡര്‍ബാര്‍ഹാളില്‍ കിടക്കുന്ന കരുണാകരനെ കണ്ടപ്പോള്‍ അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുള്ള കാര്യം ഓര്‍മ്മ വന്നു. ''ആ കൊടിയാണ് ഞാന്‍ എന്നും പിന്തുടര്‍ന്നത്. അതിനുവേണ്ടി ഞാന്‍ ജീവിച്ചു. എന്റെ ജീവിതയാത്രയില്‍ മൂവര്‍ണക്കൊടി മാത്രമേ ഞാന്‍ പിടിച്ചിട്ടുള്ളൂ. ഞാന്‍ പോകുമ്പോള്‍ ആ കൊടിയും എന്നോടൊപ്പമുണ്ടാകും''

1942 ആഗസ്ത് 12. സ്ഥലം തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനിയിലെ മണികണ്ഠനാല്‍ത്തറ. അവിടെ മൂവര്‍ണക്കൊടി ഉയര്‍ത്താന്‍ ശ്രമിച്ച സ്വാതന്ത്ര്യസമര സേനാനികള്‍ക്കുനേരെ പോലീസിന്റെ അതിനിഷ്ഠൂരമായ ലാത്തിച്ചാര്‍ജ്. പക്ഷേ അതിനിടയിലും മുമ്പോട്ട് തള്ളിക്കയറി കെ. കരുണാകരന്‍ ആ കൊടി ഉയര്‍ത്തി. അന്ന് പോലീസ് കൊണ്ടുപോയത് വിയ്യൂരിലെ ജയിലിലേക്ക്. അവിടെ കഴിയുമ്പോള്‍ ഉടുതുണികീറി പതാക ഉണ്ടാക്കി. സൂര്യകാന്തിപ്പൂവും ചെമ്പരത്തിയും കൂട്ടിത്തേച്ച് കുങ്കുമ വര്‍ണമുണ്ടാക്കി. നീലംകൊണ്ട് ചര്‍ക്ക വരച്ചു. ആര്യവേപ്പിലയുടെയും മാവിലയുടെയും നീര് കൊണ്ട് പച്ചനിറമുണ്ടാക്കി. നിറത്തിന്റെ കാര്യത്തില്‍ അതത്ര നന്നായൊന്നുമില്ല. പക്ഷേ പതാക കൈയിലേന്തിയപ്പോള്‍ അന്ന് കെ. കരുണാകരനുണ്ടായ വികാരം വിവരിക്കാനാവില്ലായിരുന്നു. ജയില്‍കെട്ടിടത്തിന്റെ മുകളില്‍ അന്ന് കൊടിയുയര്‍ത്തിയപ്പോള്‍ ലോകം മുഴുവന്‍ കീഴടക്കിയതായിട്ടാണ് അദ്ദേഹത്തിന് തോന്നിയത്. ഇന്ത്യ സ്വതന്ത്രയായതുപോലെ.
ആ ത്രിവര്‍ണപതാക പുതച്ച് ഡര്‍ബാര്‍ഹാളില്‍ കിടക്കുന്ന കരുണാകരനെ കണ്ടപ്പോള്‍ അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുള്ള കാര്യം ഓര്‍മ്മ വന്നു. ''ആ കൊടിയാണ് ഞാന്‍ എന്നും പിന്തുടര്‍ന്നത്. അതിനുവേണ്ടി ഞാന്‍ ജീവിച്ചു. എന്റെ ജീവിതയാത്രയില്‍ മൂവര്‍ണക്കൊടി മാത്രമേ ഞാന്‍ പിടിച്ചിട്ടുള്ളൂ. ഞാന്‍ പോകുമ്പോള്‍ ആ കൊടിയും എന്നോടൊപ്പമുണ്ടാകും''.
സ്വാതന്ത്ര്യസമരത്തില്‍ കെ. കരുണാകരന്‍ എടുത്തുചാടിയത് മഹാത്മാഗാന്ധിയുടെ സ്വാധീനത്തിലായിരുന്നു. മഹാത്മാഗാന്ധിയുടെ മുഖം അദ്ദേഹത്തിന്റെ മനസ്സില്‍ ആഴ്ന്നിറങ്ങി. പിന്നീടുള്ള ഓരോ അനുഭവവും കണ്ടെത്തലുകളും ഗാന്ധിജിയുമായി അടുപ്പിച്ചുകൊണ്ടിരുന്നു. ആ ദര്‍ശനം ഒരുപക്ഷേ കെ. കരുണാകരന്‍ എന്ന മഹാപ്രസ്ഥാനമായി വളരാന്‍ നിര്‍ണായക പങ്ക് വഹിച്ചിരിക്കണം. മുഴപ്പിലങ്ങാട്ട് താമസിക്കുമ്പോള്‍ പന്ത്രണ്ടാമത്തെ വയസ്സിലാണ് ഗാന്ധിജിയുടെ മലബാര്‍ സന്ദര്‍ശനത്തെക്കുറിച്ച് കേട്ടത്.
മഹാത്മാഗാന്ധി പയ്യന്നൂര്‍ക്ക് പോകുന്നു. അദ്ദേഹം സഞ്ചരിക്കുന്ന തീവണ്ടി എടക്കാട്ട് അല്പനേരം നിര്‍ത്തും. വിവരമറിഞ്ഞപ്പോള്‍ എങ്ങനെയും മഹാത്മാവിനെ കാണണമെന്ന് തോന്നി. ജ്യേഷ്ഠസഹോദരനായ കുഞ്ഞിരാമ മാരാര്‍ ആയിരുന്നു കൂട്ട്. എടക്കാട് സ്റ്റേഷന്‍ അന്ന് തുറന്ന ഒരു പ്‌ളാറ്റ്‌ഫോം മാത്രമാണ്. എല്ലാവരും ഇവിടെ ഒത്തുകൂടി. ഏത് നിമഷവും പോലീസ് വന്നേക്കുമെന്ന ആശങ്കയും. ട്രെയിന്‍ വന്നു നിന്നു. മൂന്നാം ക്ലാസ് മുറിയുടെ വാതിലില്‍ ഗാന്ധിജി നില്‍ക്കുന്നു. കോമളശരീരം. ഉച്ചിക്കുടുമ. നിറഞ്ഞ പുഞ്ചിരി. ഏതാനും നിമിഷങ്ങളുടെ മാത്രം മോക്ഷസിദ്ധി. പക്ഷേ തുടര്‍ന്നുള്ള ജീവിതത്തെ അത് എത്ര സ്വാധീനിച്ചുവെന്നത് കരുണാകരന് പറഞ്ഞറിയിക്കാനാവില്ലായിരുന്നു.
ബ്രിട്ടീഷ്ഭരണത്തിന്റെ അടിമത്ത സ്വഭാവം സമൂഹത്തെയാകെ നീറിപ്പിടിച്ചിരുന്ന ഒരു കാലമായിരുന്നു അത്. സ്വാതന്ത്ര്യത്തിനുവേണ്ടി മുറവിളികൂട്ടുകയും ബ്രിട്ടീഷ് ഭരണത്തിനെതിരെ രാജ്യമെങ്ങും സഞ്ചരിച്ച് ജനങ്ങളെ സജ്ജരാക്കുകയും ചെയ്ത മഹാത്മജിയുടെ ദര്‍ശനം കരുണാകരനിലെ റിബലിനെ കൂടുതല്‍ ശക്തിപ്പെടുത്തി. തൃശ്ശൂരില്‍ ചെന്നയിടയ്ക്കായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റുവിനെ ബ്രിട്ടീഷ് പോലീസ് അറസ്റ്റുചെയ്ത വാര്‍ത്ത വന്നതും. അതോടെയാണ് രാഷ്ട്രീയകാര്യങ്ങളില്‍ കരുണാകരന്‍ ശ്രദ്ധചെലുത്താന്‍ തുടങ്ങിയത്. പ്രജാമണ്ഡലത്തിലൂടെ കോണ്‍ഗ്രസ്സുകാരനായി രാഷ്ട്രീയത്തിന്റെ നടുത്തളത്തിലിറങ്ങി.
ബ്രിട്ടീഷുകാര്‍ ഇന്ത്യവിടുക എന്ന മുദ്രാവാക്യം നാടെങ്ങും ആവേശം വിതറുന്ന സമയമായിരുന്നു നാല്പതുകളുടെ തുടക്കം. ക്വിറ്റ് ഇന്ത്യാപ്രസ്ഥാനം കൊടുമ്പിരിക്കൊണ്ട അന്നാളുകളില്‍ രാജ്യം മുഴുവന്‍ സമരത്തീച്ചൂളയില്‍ നീറിക്കൊണ്ടിരുന്നു. ദേശാഭിമാനികള്‍ മുഴുവന്‍ അടര്‍ക്കളത്തില്‍. പലരും മര്‍ദ്ദനം ഏറ്റു വാങ്ങിയിട്ടും കൂടുതല്‍ ആവേശത്തോടെ സമരരംഗത്ത് തന്നെ. കോണ്‍ഗ്രസ് നേതാക്കളില്‍ ബഹുഭൂരിപക്ഷം വിയ്യൂരിലേയും കണ്ണൂരിലേയും പൂജപ്പുരയിലേയും സെന്‍ട്രല്‍ ജയിലുകളില്‍ തടവുകാരായി കഴിയുന്ന കാലം. അന്ന് കരുണാകരന്‍ കീറിയ ഷര്‍ട്ടും പൊട്ടിയ ചെരിപ്പുമായി നടന്നും ഓടിയും ഒരു മഹാപ്രസ്ഥാനത്തിന്റെ ഭാഗമായി മാറി. തൊഴിലാളികളെ സംഘടിപ്പിക്കാന്‍ അന്ന് നിലവിലുണ്ടായിരുന്ന പ്രമുഖ ട്രേഡ് യൂണിയന്‍ എ.ഐ.ടി.യു.സിയായിരുന്നു. കോണ്‍ഗ്രസ്സുകാരും അന്നൊക്കെ പ്രവര്‍ത്തിച്ചത് ഐ.ഐ.ടി.യു.സിയിലാണ്. അതിനെ നയിച്ചിരുന്ന കോണ്‍ഗ്രസ്സുകാരില്‍ പലരും ജയിലിലായപ്പോള്‍ എ.ഐ.ടി.യു.സി. കമ്മ്യൂണിസ്റ്റുകാര്‍ പിടിച്ചടക്കി. കല്‍ത്തക്ക തീസിസ്സിന്റെ കാലമായിരുന്നു അത്.
ചെങ്കൊടി പിടിക്കുന്ന തൊഴിലാളികളില്‍ ഏത്‌വിധത്തില്‍ ത്രിവര്‍ണ പതാക ഏല്പിക്കാന്‍ കഴിയും? ആരതിന് നേതൃത്വം കൊടുക്കും? ഏറെ ദിവസങ്ങള്‍ പനമ്പിള്ളി ഗോവിന്ദമേനോനും ചൊവ്വര പരമേശ്വരനുമടക്കമുള്ള നേതാക്കള്‍ ഗൗരവപൂര്‍ം ആലോചിച്ചു. ഒടുവില്‍ അവര്‍ കണ്ടെത്തിയത് കെ. കരുണാകരനെ ആയിരുന്നു. രാഷ്ട്രീയരംഗത്ത് അന്ന് താരതമ്യേന ശിശുവായ കരുണാകരന്‍ ആ വെല്ലുവിളി ഏറ്റെടുക്കുകയും ചെയ്തു. പിന്നീട് കരുണാകരന് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. ഒമ്പത് അംഗങ്ങളുമായി നിയമസഭയിലെത്തിയ കെ. കരുണാകരന്‍ നാലുതവണ കേരളത്തിന്റെ മുഖ്യമന്ത്രിയായി. തുടര്‍ന്ന് പാര്‍ലമെന്റില്‍ എത്തിയ അദ്ദേഹം വ്യവസായമന്ത്രിയുമായും ശോഭിച്ചു.





adharanjalikal karunakaran ganangal


മറ്റു വാര്‍ത്തകള്‍

  12 3 4 »
video gallery karunakaran ormachithrangal_karunakaran athmakdha karunakaran

വീഡിയോ

സോണിയഗാന്ധി ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു
 
കരുണാകരന്റെ മൃതദേഹം ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിനു വെച്ചപ്പോള്‍
more videos

Discuss