Mathrubhumi Logo
karunakaran_left   karunakaran_right

ഈറന്‍ ഹൃദയങ്ങളിലൂടെ ഉരുക്കുമനുഷ്യന്‍ മടങ്ങി

Posted on: 24 Dec 2010

വിലാപയാത്രയില്‍ നിന്ന്: കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തില്‍ സംഭവബഹുലമായ ഒരു കാലഘട്ടത്തിന് തുടക്കംകുറിച്ച ആ ഉരുക്കുമനുഷ്യന്‍ ക്രിസ്മസിന്റെ തലേന്നത്തെ സായാഹ്നത്തില്‍ ഈറന്‍ ഹൃദയങ്ങളിലൂടെ നിത്യതയിലേക്ക് മടക്കയാത്രയായി. വിലാപത്തിന്റെ വഴിയില്‍ കെ.കരുണാകരന്‍ വ്യക്തിക്കപ്പുറം എല്ലാവരിലും ആഴത്തില്‍ പതിഞ്ഞുകിടന്ന ഏതോ വികാരമായിരുന്നു.കേരളം എന്നും ഓര്‍മിക്കുന്ന വികാരനിര്‍ഭരമായ യാത്രാമൊഴിയാണ് കെ.കരുണാകരന് ലഭിച്ചത്. തിരുവനന്തപുരത്തുനിന്ന് തൃശ്ശൂരിലെ പൂങ്കുന്നത്തേക്ക്, നേരത്തേ ജീവിതത്തില്‍നിന്നും മറഞ്ഞ പ്രിയപത്‌നിയുടെ അരികില്‍ അന്ത്യവിശ്രമത്തിനായി യാത്രയായ 'ലീഡര്‍'ക്ക് വഴിനീളെ ലക്ഷങ്ങളാണ് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. അവര്‍ക്ക് കക്ഷിരാഷ്ട്രീയഭേദമില്ലായിരുന്നു. വാഴ്ത്തലും വീഴ്ത്തലും ഏറെക്കണ്ട, പ്രശംസയും ശകാരവും ഏറെക്കേട്ട ആ ജീവിതത്തിന് മടക്കയാത്രയിലും തലമുറകളിലേക്ക് പടര്‍ന്ന ആരാധനക്ക് ഒട്ടും ലോഭമുണ്ടായില്ല.

വെള്ളിയാഴ്ച ഉച്ചക്ക് രണ്ടുമണിയോടെ കെ.കരുണാകരന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര സെക്രട്ടേറിയറ്റിലെ ഡര്‍ബാര്‍ഹാളിന്റെ മുറ്റത്തുനിന്ന് പുറപ്പെടുമ്പോള്‍ അന്ത്യദര്‍ശനത്തിന് എത്തിയവരുടെ പ്രവാഹം നിലച്ചിരുന്നില്ല. യാത്ര തുടങ്ങിയപ്പോള്‍ നഗരപാതകളില്‍നിന്ന് എണ്ണമറ്റ കൈകള്‍ യാത്രാമൊഴിചൊല്ലി. പ്രിയപ്പെട്ടവര്‍ ഓര്‍മകള്‍കൊണ്ട് പിന്‍വിളി വിളിച്ചു. നഗരപ്രാന്തങ്ങളിലേക്ക് യാത്ര എത്തിയപ്പോള്‍ വഴിനീളെ പുരുഷാരമായി. ഒരുനോക്കുകാണാന്‍, ശ്രദ്ധാഞ്ജലിയായി ഒരുപൂവിതളെങ്കിലും അര്‍പ്പിക്കാന്‍ ജനക്കൂട്ടം ഒഴുകിയെത്തി. മൊബൈല്‍ ക്യാമറകളില്‍ സ്ത്രീകളും കുട്ടികളും വരെ അന്ത്യയാത്ര പകര്‍ത്തി . പൂക്കള്‍പോലെ ക്യാമറ ക്ലിക്കുകളും അര്‍ച്ചനയായി.

വിലാപയാത്ര കടന്നുപോയ പലപട്ടണങ്ങളിലും ക്രിസ്മസ് തലേന്നായിട്ടുപോലും മണിക്കൂറുകളോളം ഹര്‍ത്താല്‍ ആചരിച്ചു. വഴിനീളെ എല്ലാവര്‍ക്കും അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സൗകര്യമൊരുക്കിയാണ് വിലാപയാത്ര കടന്നുപോയത്. ചുരുങ്ങിയദൂരംപോലും പിന്നിടാന്‍ മണിക്കൂറുകളെടുത്തു. തിരുവനന്തപുരം ജില്ലവിട്ട് കൊല്ലത്തിന്റെ അതിര്‍ത്തിയിലേക്കുകടന്നപ്പോള്‍ ജനസാഗരമാണ് പ്രിയനേതാവിന് യാത്രപറയാനെത്തിയത്. പ്രവര്‍ത്തകരുടെ നൂറുകണക്കിന് വാഹനങ്ങള്‍ വിലാപയാത്രക്ക് അകമ്പടിയായി. ചാത്തന്നൂര്‍ മുതല്‍ കൊല്ലം കന്‍േറാണ്‍മെന്‍റ് മൈതാനിവരെ ആരാധകര്‍ അക്ഷരാര്‍ത്ഥത്തില്‍ മനുഷ്യച്ചങ്ങല തന്നെ തീര്‍ത്തു. തിരുവനന്തപുരത്തുനിന്ന് അഞ്ചുമണിക്കൂറെടുത്ത് വിലാപയാത്ര കൊല്ലത്തെത്തുമ്പോള്‍ രാത്രി ഏഴുമണിയായിരുന്നു. സമയംവൈകിയതിനാല്‍ കൊല്ലം കന്‍േറാണ്‍മെന്‍റ് മൈതാനത്തില്‍ പത്തുമിന്നിട്ടോളം മാത്രമേ പൊതുദര്‍ശനത്തിന് അവസരം നല്‍കിയുള്ളൂ. മൈതാനം നിറഞ്ഞുകവിഞ്ഞ് മണിക്കൂറുകളോളം കാത്തുനിന്നവരില്‍ ഭൂരിപക്ഷത്തിനും മൃതദേഹം വഹിച്ച വാഹനത്തിന്റെ അടുത്ത് എത്താന്‍പോലും കഴിഞ്ഞില്ല. ആലപ്പുഴയില്‍ എത്തിയപ്പോള്‍ പതിനൊന്നുമണിയോടടുത്തു. ശനിയാഴ്ച പുലരാറായിട്ടേ വിലാപയാത്രക്ക് തൃശ്ശൂരെത്താനായുള്ളൂ.

ബന്ധുക്കളും പ്രവര്‍ത്തകരും നേതാക്കളും ഉള്‍പ്പെടെ വലിയൊരു വൃന്ദം വിലാപയാത്രയില്‍ ഒപ്പമുണ്ടായിരുന്നു. കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല ആദ്യാവസാനം വിലാപയാത്രാവാഹനത്തിലുണ്ടായിരുന്നു. മകന്‍ കെ.മുരളീധരന്‍, മകള്‍ പദ്മജ, സഹോദരന്‍ ദാമോദര മാരാര്‍, ചെറുമക്കള്‍, കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി, ഉപനേതാവ് ജി.കാര്‍ത്തികേയന്‍, എം.പി.മാരായ കെ.സുധാകരന്‍, എം.കെ.രാഘവന്‍ , എ.ഐ.സി.സി. അംഗം പി.വി.ഗംഗാധരന്‍ തുടങ്ങി ഒട്ടേറെപ്പേര്‍ വിലാപയാത്രയെ തൃശ്ശൂരേക്ക് അനുഗമിച്ചു.

ഒരിക്കല്‍ മിന്നല്‍പോലെ പാഞ്ഞ രാജവീഥികളിലൂടെ നിശ്ചേതനായി കെ.കരുണാകരന്‍ കടന്നുപോകുമ്പോള്‍ പലവികാരങ്ങളോടെ പലതലമുറകളാണ് കാത്തുനിന്നത്. അവസാനത്തെ യാത്രയുടെ പാതയില്‍ എല്ലാതലമുറകളുടെയും കണ്ണീര്‍വീണിരുന്നു. കേരളത്തിലെ എല്ലാതലമുറകളെയും ഏതെങ്കിലും വിധത്തില്‍ കരുണാകരന്‍ തൊട്ടിരിക്കുന്നൂവെന്ന് വെളിവാക്കുകയായിരുന്നു വിലാപയാത്രയിലെ ജനസാന്നിധ്യം.




adharanjalikal karunakaran ganangal


മറ്റു വാര്‍ത്തകള്‍

  12 3 4 »
video gallery karunakaran ormachithrangal_karunakaran athmakdha karunakaran

വീഡിയോ

സോണിയഗാന്ധി ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു
 
കരുണാകരന്റെ മൃതദേഹം ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിനു വെച്ചപ്പോള്‍
more videos

Discuss