Mathrubhumi Logo
karunakaran_left   karunakaran_right

കമ്മ്യൂണിസ്റ്റുകാരുടെ 'കരിങ്കാലി' നേതാക്കളുടെ ചങ്ങാതി

Posted on: 24 Dec 2010

എം.പി. നാരായണപ്പിള്ള എന്ന നാണപ്പനാണതു പറഞ്ഞത്: ''ചിത്രകലയിലെ ഭ്രമം മാറ്റിവെച്ച് കെ. കരുണാകരന്‍ എന്ന മലബാറുകാരന്‍, കേരള രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ, പശ്ചിമബംഗാള്‍പോലെ കമ്യൂണിസ്റ്റുകാരുടെ സ്ഥിരം പട്ടയമായി മാറുമായിരുന്നു കേരളവും. അല്ലെങ്കില്‍ കരുണാകരനെപ്പോലൊരു ലോക്കല്‍ നേതാവുണ്ടായിരുന്നെങ്കില്‍ ബംഗാളില്‍ കോണ്‍ഗ്രസ്സിന് ഈ നില വരില്ലായിരുന്നു.''

ജീവിതകാലം മുഴുവന്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധചേരിയെ നയിച്ച കരുണാകരന്‍ പലപ്പോഴും ജീവിച്ചതും മനസ്സുപങ്കിട്ടതുമൊക്കെ കമ്മ്യൂണിസ്റ്റ് നേതാക്കളുമായാണ്. 'കരുണാകരന്റെ കൂടെ നില്‍ക്കുന്നതിനേക്കാള്‍ നല്ലത് എതിര്‍ചേരിയില്‍ നില്‍ക്കുന്നതാണ്. എങ്കില്‍ എന്തു കാര്യവും സാധിക്കാം' എന്ന കെ.വി.കെ. വാര്യരാണ് ഇതു പറഞ്ഞത്.

വാര്യര്‍ ലോ കോളേജ് വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് ചിത്രകാരനായി മാറിയ കരുണാകരനെ കാണുന്നത്. ചെമ്പൂക്കാവിലെ നമ്പ്യാരുടെ കടയില്‍നിന്ന് കരുണാകരന്‍ നീട്ടിയ ഒരു ചായയില്‍നിന്നാണ് ആ ബന്ധം തുടങ്ങിയത്. പിന്നീട് പലകാര്യങ്ങളിലും അവരുടെ യാത്ര ഒരുമിച്ചായി. വാര്യര്‍ കോണ്‍ഗ്രസ്സിലെ സോഷ്യലിസ്റ്റുകളുടെ കൂടെ കൂടിയപ്പോള്‍ കരുണാകരന്‍ ആ ക്യാമ്പിലേക്ക് പോയില്ല.

അക്കാലത്ത് കരുണാകരനെ കമ്യൂണിസ്റ്റാക്കാന്‍, അന്നത്തെ മാതൃഭൂമി പത്രാധിപരും കെ.പി.സി.സി. സെക്രട്ടറിയുമൊക്കെയായ പി. നാരായണന്‍ നായര്‍ ഒരു ശ്രമവും നടത്താതിരുന്നില്ല. പി.എന്‍. പിന്നെ പന്തളത്തു പോയി എന്‍.എസ്.എസ്സില്‍ പ്രവര്‍ത്തിച്ചിരുന്ന എം.എന്‍. ഗോവിന്ദന്‍ നായരെ ആ ചേരിയിലേക്ക് കൊണ്ടുവന്നു. പി. കൃഷ്ണപിള്ളയുടെ ബുദ്ധിയായിരുന്നു അതെന്ന് പില്‍ക്കാലത്ത് കരുണാകരന്‍ ഓര്‍മിക്കുന്നു.

കണ്ണൂര്‍ക്കാരനായ എ.കെ.ജി.യും കരുണാകരനും അക്കാലത്ത് സുഹൃത്തുക്കളായിരുന്നു. അന്നേ ജനകീയ നേതാവായിരുന്നു എ.കെ.ജി., കരുണാകരന്‍ സജീവപ്രവര്‍ത്തകനും. പക്ഷേ, എ.കെ.ജി.യുടെ കൂടെനിന്നപ്പോഴാണ് ജനങ്ങളെ കൂടെനിര്‍ത്തുന്ന കല പഠിച്ചത്. അതില്‍ തന്ത്രമൊന്നുമുണ്ടായിരുന്നില്ല. സ്‌നേഹം നല്‍കുക എന്നതായിരുന്നു ഏകതന്ത്രം.

സ്റ്റേറ്റ് കോണ്‍ഗ്രസ് കമ്മിറ്റിയെ കമ്മ്യൂണിസ്റ്റ് ചിന്താഗതിയിലേക്ക് പറിച്ചുനടാന്‍ കഠിന പരിശ്രമം നടത്തിയ ഇ.എം.എസ്സുമായും അക്കാലത്ത് കരുണാകരന് ബന്ധമുണ്ടായിരുന്നു. അദ്ദേഹവുമായി പില്‍ക്കാലത്ത് ഒട്ടേറെ തവണ രാഷ്ട്രീയമായി ഏറ്റുമുട്ടേണ്ടിവന്നു. പക്ഷേ, ആ ബന്ധം അപ്പോഴും നിലനിന്നു.

പ്രജാമണ്ഡലത്തിന്റെ പ്രവര്‍ത്തനകാലത്ത് കരുണാകരനും അച്യുതമേനോനും ഇ. ഗോപാലകൃഷ്ണമേനോനും ഒക്കെ ഒരുമിച്ചു പ്രവര്‍ത്തിച്ചിരുന്നു. ക്വിറ്റ് ഇന്ത്യാ സമരക്കാലത്ത് ഇരിങ്ങാലക്കുടയില്‍ വെച്ച് കരുണാകരനെ അറസ്റ്റ് ചെയ്ത് ജയിലില്‍ കൊണ്ടുവരുമ്പോള്‍, അച്യുതമേനോനും ഇ. ഗോപാലകൃഷ്ണമേനോനും പിന്നാലെയെത്തി. ജയിലില്‍ കഴിഞ്ഞ ഈ കാലമാണ് താന്‍ രാഷ്ട്രീയം പഠിച്ചതെന്ന് കരുണാകരന്‍ തുറന്നുപറയുമായിരുന്നു. പില്‍ക്കാലത്ത് കരുണാകരന്‍ മാളയില്‍ മത്സരിച്ചപ്പോള്‍ ഇ. ഗോപാലകൃഷ്ണമേനോന്‍ എതിരാളിയായി. രാത്രി മാളയിലെ ഒരു വീട്ടില്‍ ഭക്ഷണം കഴിക്കാനെത്തിയപ്പോള്‍ സാക്ഷാല്‍ 'ഗോപാലനും' അവിടെ ഭക്ഷണം!

അച്യുതമേനോനെ അച്ചുമ്മാന്‍ എന്നേ കരുണാകരന്‍ വിളിക്കൂ. ഒരേ മന്ത്രിസഭയില്‍ ഇരുവരും മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായപ്പോള്‍, ഇടയ്ക്കിടെ അസ്വാരസ്യങ്ങള്‍ ഉയര്‍ന്നു. ഇടയില്‍ നിന്നത് ടി.വി. തോമസ്സാണ്. ടി.വി. തോമസ്സിനെപ്പോലെ കരുണാകരന്‍ ഹൃദയം പങ്കുവെച്ച മറ്റൊരു നേതാവില്ല. ടി.വി.യുടെയും ഗൗരിയമ്മയുടെയും ജീവിതയാത്രയില്‍ എപ്പോഴും താനുണ്ടായിരുന്നുവെന്ന് കരുണാകരന്‍ ആത്മകഥയിലും ഓര്‍മിക്കുന്നു. തൃശ്ശൂരില്‍ കീരനുമായുള്ള അങ്ങിനെ തന്നെ ഒരിക്കല്‍ കീരന്റെ (കെ.കെ. വാര്യര്‍) മകള്‍ രമണി കീരന്‍ ക്യാന്‍സര്‍ രോഗ ബാധിതയായി കരുണാകരനെ കാണാനെത്തി. കീരന്റെ മകളാണെന്ന് പറഞ്ഞപ്പോള്‍ താന്‍ ബഹുമാനിക്കുന്ന നേതാവാണ് കീരന്‍ എന്ന് ചൂണ്ടിക്കാട്ടിയ 'ലീഡര്‍' രോഗത്തിനു മുന്നില്‍ തളരരുതെന്ന് ആശ്വസിപ്പിച്ചു. അന്നു മുഖ്യമന്ത്രിയായിരുന്ന കരുണാകരന്‍ ഇന്‍ഫോര്‍മേഷന്‍ ഓഫീസറായ രമണിയുടെ വീട്ടിലെ മുറിയായിരിക്കും ഓഫീസെന്ന് ഉത്തരവിടുകയും ചെയ്തു.

ദില്ലിയില്‍ തൊഴില്‍ ചര്‍ച്ചയ്ക്കു പോയപ്പോഴാണ് ഐ.എന്‍.ടി.യു.സി.യുടെ നേതാവായ കെ. കരുണാകരന്‍ ജ്യോതിര്‍മയി ബസുവിനെ കാണുന്നത്. കേരളത്തില്‍ വരുമ്പോള്‍ ബസു 'ലീഡറെ' വിളിക്കും. ബസുവിന് ആശംസാകാര്‍ഡ് അയയ്ക്കുന്നതും പതിവാക്കി. കമ്മ്യൂണിസ്റ്റുകാര്‍ നല്‍കിയ 'കരിങ്കാലി' എന്ന പേരാണ് തനിക്ക് പ്രസിദ്ധി ഉണ്ടാക്കിയതെന്ന് കരുണാകരന്‍ ബസുവിനെ ഓര്‍മിപ്പിക്കും - നിറഞ്ഞ ചിരിയോടെ

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കിടക്കുമ്പോഴാണ് കരുണാകരന്‍ പി. ഭാസ്‌കരനെ കാണുന്നത്. അന്ന് വിപ്ലവകവിയായിരുന്നു ഭാസ്‌കരന്‍മാഷ്. ഖാദിമുണ്ട് കീറി ഇലച്ചാര്‍ ഒഴിച്ച് പച്ചയും, ഇഷ്ടിക പൊടിച്ച് കുങ്കുമവര്‍ണവും കരികൊണ്ട് ദേശീയചക്രവും വരച്ച് ജയിലില്‍ കരുണാകരന്‍ പതാക ഉയര്‍ത്തിയപ്പോള്‍ പി. ഭാസ്‌കരന്‍ കവിതയെഴുതി. അസോസിയേഷന്‍ ബ്ലോക്കിലെ ഒന്നാം ഹാളില്‍വെച്ച് ജോര്‍ജ് ചടയംമുറിയുമായി സംസാരിച്ചിരിക്കുന്ന കരുണാകരനെ കണ്ട നിമിഷവും ഭാസ്‌കരന്‍മാഷ് എഴുതിയിട്ടുണ്ട്. സുമുഖനായ ആ യുവാവിന് കള്ളിയുടുപ്പും കള്ളിക്കാലുറയും കള്ളിത്തൊപ്പിയുമായിരുന്നുവത്രെ വേഷം.

തോപ്പില്‍ ഭാസിയുമായും കരുണാകരന്‍ ഹൃദയബന്ധം പുലര്‍ത്തിയിരുന്നു. ബന്ധങ്ങള്‍ നിലനിര്‍ത്താനും പുലര്‍ത്താനും രാഷ്ട്രീയം തടസ്സമല്ലെന്ന് വിശ്വസിച്ചിരുന്ന നേതാവായിരുന്നു കരുണാകരന്‍. ഭാസി ആസ്​പത്രിയില്‍ കിടക്കുമ്പോള്‍ തിരക്കിനിടയിലും ഓടിച്ചെന്ന കരുണാകരന്‍ പറഞ്ഞു - ''നമുക്കൊന്നും തിരിച്ചുപോകാന്‍ ഏറെ ഇടമില്ല. ഒളിച്ചുനില്‍ക്കാന്‍ കാടുകളുമില്ല''.





adharanjalikal karunakaran ganangal


മറ്റു വാര്‍ത്തകള്‍

  12 3 4 »
video gallery karunakaran ormachithrangal_karunakaran athmakdha karunakaran

വീഡിയോ

സോണിയഗാന്ധി ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു
 
കരുണാകരന്റെ മൃതദേഹം ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിനു വെച്ചപ്പോള്‍
more videos

Discuss