Mathrubhumi Logo
karunakaran_left   karunakaran_right

വിസ്മയമീ ജീവിതം

ഉമ്മന്‍ചാണ്ടി Posted on: 24 Dec 2010

കെ. കരുണാകരന്‍ നടത്തിയ ഒരിടപെടല്‍ എന്റെ രാഷ്ട്രീയജീവിതത്തില്‍ നിര്‍ണായകമായി. 1973ല്‍ ആയിരുന്നു അത്. കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് നടക്കുന്നു. കെ.പി.സി.സി.യിലേക്ക് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍നിന്ന് ഒന്‍പതുപേരെ തിരഞ്ഞെടുക്കേണ്ടതുണ്ട്. അതിന് മന്ത്രി ഡോ. കെ.ജി. അടിയോടിയുടെ വീട്ടിലായിരുന്നു യോഗം. കെ. കരുണാകരന്‍ അധ്യക്ഷന്‍. കെ.പി.സി.സി അധ്യക്ഷന്‍ എ.കെ. ആന്റണി യോഗത്തില്‍ പങ്കെടുക്കുന്നു.

ഒന്‍പതിലേറെ പേരുകള്‍ ഉയര്‍ന്നുവന്നപ്പോള്‍ യോഗം നീണ്ടു. ലിസ്റ്റ് വെട്ടിച്ചുരുക്കി ഒന്‍പതാക്കാന്‍ ലീഡര്‍ എന്നെയാണ് നിയോഗിച്ചത്. താരതമ്യേന ജൂനിയറായ ഞാന്‍ കൈയും കാലുമൊക്കെ പിടിച്ച് ലിസ്റ്റ് പത്തിലെത്തിച്ചു. അതില്‍ എന്റെ പേരും ഉണ്ടായിരുന്നു. എം.എല്‍.എ. എന്ന നിലയ്ക്ക് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് കെ.പി.സി.സിയില്‍ എത്താനാണ് ഞാന്‍ ആഗ്രഹിച്ചത്. പുതുപ്പള്ളി നിയോജകമണ്ഡലത്തില്‍നിന്ന് മറ്റൊരാള്‍ക്ക് അവസരം കിട്ടാന്‍വേണ്ടി ഞാന്‍ മാറിക്കൊടുത്തിരുന്നു. പക്ഷേ, എല്ലാവരും പോകാന്‍ തിടുക്കം കൂട്ടിയതോടെ എന്റെ പേരുവെട്ടി ഒന്‍പതുപേരുടെ ലിസ്റ്റ് ഞാന്‍ നല്കി.

തുടര്‍ന്ന് യോഗം ലിസ്റ്റ് അംഗീകരിക്കുകയും ഭക്ഷണം കഴിക്കാന്‍ പിരിയുകയും ചെയ്തു. ഇതിനിടയിലാണ് എന്റെ പേരുവെട്ടിയ വിവരം ലീഡറുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ലീഡര്‍ കോണ്‍ഗ്രസ് ഭരണഘടന പരിശോധിച്ചപ്പോള്‍ മൊത്തം കെ.പി.സി.സി. അംഗങ്ങളുടെ അഞ്ചുശതമാനമാണ് പാര്‍ലമെന്ററി പാര്‍ട്ടിക്ക് അര്‍ഹതപ്പെട്ടതെന്നു കണ്ടെത്തി. ഇതനുസരിച്ച് 9.1 പേരെ നാമനിര്‍ദേശം ചെയ്യാം. എന്നെ ഉള്‍പ്പെടുത്താന്‍ വേണ്ടി ലീഡര്‍ ഒരു ന്യായവും കണ്ടെത്തി. ദശാംശം ഒരു ശതമാനം വന്നാല്‍പ്പോലും അത് ഒരാളാകാമെന്നായിരുന്നു അത്.

ഒരിക്കല്‍ക്കൂടി യോഗം ചേരണമെന്ന് ലീഡര്‍ നിര്‍ദേശിക്കുകയും തന്റെ കണ്ടെത്തല്‍ അവരുടെ മുമ്പാകെ അദ്ദേഹം അവതരിപ്പിക്കുകയും ചെയ്തു. ഇതനുസരിച്ച് ഉമ്മന്‍ ചാണ്ടിയെ നാമനിര്‍ദേശം ചെയ്യുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചപ്പോള്‍ ആ വൈഭവത്തിനുമുന്നില്‍ ഞാന്‍ വിസ്മയത്തോടെ നിന്നു.

സത്യത്തില്‍ എന്തൊരു വിസ്മയകരമായ ജീവിതമാണ് അദ്ദേഹത്തിന്റേത്.രാഷ്ട്രീയത്തില്‍ കരുണാകരനെപ്പോലൊരു അത്ഭുതപ്രതിഭാസത്തെ കേരളം കണ്ടിട്ടില്ല. 67 മുതലാണ് കരുണാകരയുഗത്തിനു തുടക്കമിടുന്നത്. ഇതിനിടയില്‍ അദ്ദേഹം ലീഡറായി മാറിക്കഴിഞ്ഞിരുന്നു. തൃശ്ശൂരില്‍ ഒരു ചെറിയ യോഗത്തെ ഒരു യുവനേതാവ് അഭിസംബോധന ചെയ്തുകൊണ്ടിരുന്നപ്പോള്‍ ഒരു കേള്‍വിക്കാരന്‍ ചോദിച്ചു, ആരാണീ ലീഡറെന്ന്. അങ്ങനെയായിരുന്നത്രെ തുടക്കം.

67-ലെ തിരഞ്ഞെടുപ്പില്‍ ഇ.എം.എസ്സിന്റെ സപ്തമുന്നണി വന്‍വിജയം കൊയ്തു. 133-ല്‍ 113 സീറ്റും ഇടതുപക്ഷത്ത്. കോണ്‍ഗ്രസിന് വെറും ഒന്‍പതു സീറ്റ്. അലക്‌സാണ്ടര്‍ പറമ്പിത്തറ എന്ന കോണ്‍ഗ്രസ് നേതാവിന്റെ പേരാണ് ആദ്യം പ്രതിപക്ഷനേതൃസ്ഥാനത്തേക്ക് നിര്‍ദേശിച്ചിരുന്നത്. അദ്ദേഹം ഒഴിഞ്ഞുമാറിയതോടെ ലീഡര്‍ പ്രതിപക്ഷനേതാവായി. കണ്ണിലെ കൃഷ്ണമണിപോലെ മന്ത്രിസഭയെ സംരക്ഷിക്കുമെന്നായിരുന്നു ഇ.എം.എസിന്റെ പ്രഖ്യാപനം. ഗോലിയാത്തിനെതിരെ ദാവീദ് പോരാടിയതുപോലെയായിരുന്നു ലീഡര്‍. നിയമസഭയില്‍ പ്രസംഗിക്കാന്‍പോലും ലീഡറെ ഭരണപക്ഷം അനുവദിക്കുമായിരുന്നില്ല. വാക്കൗട്ട് നടത്തുമ്പോള്‍ കൂകിവിളിക്കുമായിരുന്നു. ആഭ്യന്തരപ്രശ്‌നങ്ങള്‍മൂലം രണ്ടുവര്‍ഷംകൊണ്ട് കൃഷ്ണമണി വീണുടഞ്ഞു. കേരളത്തിലെ കാലാവസ്ഥയില്‍ കണ്ണില്‍ സുഖക്കേട് അപകടകരമാംവിധം സാധാരണമാണെന്നായിരുന്നു ലീഡറുടെ അപ്പോഴത്തെ കമന്റ്.

70-ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 32 സീറ്റ് നേടി ഏറ്റവുംവലിയ കക്ഷിയായി. മൂന്നുവര്‍ഷത്തിനിടയില്‍ 9ല്‍ നിന്ന് 32ലേക്ക് ഉണ്ടായ ആ കുതിപ്പില്‍ ലീഡര്‍ പ്രധാന പങ്കുവഹിച്ചു.

തുടര്‍ന്ന് സി.അച്യുതമേനോന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരമേറ്റു. കരുണാകരന്‍ ആഭ്യന്തരമന്ത്രിയായി. നക്‌സല്‍പ്രസ്ഥാനം കേരളത്തില്‍ ശക്തിപ്രാപിക്കുന്ന കാലഘട്ടം. നിരപരാധികളുടെവരെ തല അറക്കപ്പെട്ടു. പോലീസ് സ്റ്റേഷനുകള്‍ ആക്രമിക്കപ്പെട്ടു. അത് വസന്തത്തിന്റെ ഇടിമുഴക്കമാണെന്ന് വ്യാഖ്യാനിക്കപ്പെട്ടു. നക്‌സല്‍ പ്രസ്ഥാനത്തെ അടിച്ചൊതുക്കിയതാണ് കരുണാകരന്റെ ഏറ്റവുംവലിയ സംഭാവനയെന്ന് ഞാന്‍ വിശ്വസിക്കുന്നു. അദ്ദേഹം ഇല്ലായിരുന്നെങ്കില്‍ കേരളത്തില്‍ എത്ര രക്തപ്പുഴകള്‍കൂടി ഒഴുകുമായിരുന്നു?

അടിയന്തരാവസ്ഥയ്ക്കുശേഷം നടന്ന 77-ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദേശീയവ്യാപകമായി തകര്‍ന്നടിഞ്ഞപ്പോള്‍ കേരളത്തില്‍ അത്ഭുതം സംഭവിച്ചു. യു.ഡി.എഫിന് 111 സീറ്റ്. എങ്കിലും അടിയന്തരാവസ്ഥയുടെ മറവില്‍ നടന്ന അതിക്രമങ്ങള്‍ക്ക് പിന്നീട് കനത്ത വില നല്‍കേണ്ടിവന്നു. 33 ദിവസം കഴിഞ്ഞപ്പോള്‍ രാജന്‍ കേസില്‍ കെ.കരുണാകരന് മുഖ്യമന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നു. ഞാന്‍ ആ മന്ത്രിസഭയില്‍ അംഗമായിരുന്നു. തൊഴില്‍വകുപ്പാണ് എനിക്ക് ലഭിച്ചത്. തുടര്‍ന്ന് എ.കെ. ആന്റണി മുഖ്യമന്ത്രിയാകുകയും ഞാന്‍ തൊഴില്‍മന്ത്രിയായി തുടരുകയും ചെയ്തു. തൊഴിലില്ലായ്മാവേതനം നടപ്പാക്കിയത് ആ മന്ത്രിസഭയാണ്.

1981 ഡിസംബറില്‍ കരുണാകരന്‍ രണ്ടാംവട്ടം മുഖ്യമന്ത്രിയായി. സ്​പീക്കറുടെ കാസ്റ്റിംഗ്‌വോട്ടില്‍ നിലനിന്ന ആ മന്ത്രിസഭയ്ക്ക് ആയുസ്സുണ്ടായിരുന്നില്ല. 82-ലെ തിരഞ്ഞെടുപ്പില്‍ മികച്ചവിജയം കൈവരിച്ച് കെ. കരുണാകരന്‍ മൂന്നാംതവണ മുഖ്യമന്ത്രിയായി. കാലാവധി പൂര്‍ത്തിയാക്കുന്ന ആദ്യത്തെ സര്‍ക്കാര്‍ എന്ന ഖ്യാതിയും ലഭിച്ചു. 91ല്‍ ലീഡര്‍ നാലാംതവണ മുഖ്യമന്ത്രിയായി റിക്കോഡിട്ടു.

91ല്‍ ഞാന്‍ അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്നു. പ്രായോഗികതയും സ്​പീഡും ഒത്തുചേര്‍ന്നപ്പോള്‍ ലീഡര്‍ മികച്ച ഭരണാധിപനായി. നെടുമ്പാശ്ശേരി വിമാനത്താവളം ശൂന്യതയില്‍നിന്ന് അദ്ദേഹം സൃഷ്ടിച്ചെടുത്തു. കൊച്ചി ഗോശ്രീ പാലം, കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം തുടങ്ങിയവ യാഥാര്‍ഥ്യമാക്കി. ഇടതുപക്ഷം ശക്തമായ എതിര്‍പ്പുമായി രംഗത്തുവരികയും പിന്നീട് അവര്‍തന്നെ വാരിപ്പുണരുകയും ചെയ്ത എത്രയോ പദ്ധതികള്‍ കരുണാകരന്‍ നടപ്പാക്കി.

ദേശീയരാഷ്ട്രീയത്തിന് കേരളം നല്‍കിയ സംഭാവനയാണ് കെ. കരുണാകരന്‍.





adharanjalikal karunakaran ganangal


മറ്റു വാര്‍ത്തകള്‍

  12 3 4 »
video gallery karunakaran ormachithrangal_karunakaran athmakdha karunakaran

വീഡിയോ

സോണിയഗാന്ധി ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു
 
കരുണാകരന്റെ മൃതദേഹം ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിനു വെച്ചപ്പോള്‍
more videos

Discuss