Mathrubhumi Logo
karunakaran_left   karunakaran_right

വീണത് ശക്തിസ്തംഭം

സോണിയാഗാന്ധി Posted on: 24 Dec 2010

തലമുറകള്‍ നീണ്ട ബന്ധമായിരുന്നു കെ. കരുണാകരന് നെഹ്‌റു കുടുംബവുമായുണ്ടായിരുന്നത്

കോണ്‍ഗ്രസ്സിന്റെ പ്രതിസന്ധികളില്‍ ശക്തിസ്തംഭമായി നിന്ന നേതാവായിരുന്നു കെ. കരുണാകരന്‍. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ പ്രധാന അംഗമായിരുന്ന കരുണാകരന്‍ ഇന്ദിരാഗാന്ധിയോടൊപ്പം പ്രതിസന്ധികളില്‍ ഒപ്പം നിന്നു. പ്രത്യേകിച്ചും 1970-കളില്‍. പലവട്ടം കേരളത്തിന്റെ മുഖ്യമന്ത്രിയായ അദ്ദേഹം സംസ്ഥാനത്തെ സാമ്പത്തിക വളര്‍ച്ചയിലധിഷ്ഠിതമായ വികസനത്തിലേക്ക് നയിച്ചു. കേന്ദ്ര വ്യവസായ മന്ത്രിയായും അദ്ദേഹം മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്.

രാജ്യത്തെ ദുര്‍ബലവിഭാഗങ്ങളുടെ ഉന്നമനത്തിനായി വളരെയേറെ യത്‌നിച്ച കരുണാകരന്‍ എന്നും മതേതര മൂല്യങ്ങളില്‍ ഉറച്ചുനിന്നു. ലക്ഷക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനസില്‍ ഇടംപിടിച്ച കരുണാകരന്‍ എന്നും പാര്‍ട്ടിയെ ധീരതയോടെയാണ് നയിച്ചത്. അദ്ദേഹത്തിന്റെ സംഭാവനകളുടെ പേരിലായിരിക്കും കരുണാകരന്‍ എന്നും ഓര്‍മിക്കപ്പെടുക.അദ്ദേഹത്തിന്റെ മകനെയും മകളെയും മറ്റ് കുടുംബാംഗങ്ങളെയും അനുശോചനം അറിയിക്കുന്നു.

തലമുറകള്‍ നീണ്ട ബന്ധം


കോണ്‍ഗ്രസ്​പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധിയുടെ ഈ അനുശോചനസന്ദേശംതന്നെ കരുണാകരന് നെഹ്‌റു കുടുംബവുമായുണ്ടായിരുന്ന തലമുറകള്‍നീണ്ട ബന്ധത്തിന്റെ സാക്ഷ്യമാണ്. ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കാലത്തുണ്ടായിരുന്ന സ്വാധീനത്തിന് ഇടക്കാലത്ത് മങ്ങലേറ്റുവെങ്കിലും അടുപ്പത്തിന്റെ ഒരന്തര്‍ധാര നെഹ്‌റു കുടുംബവും കരുണാകരനും തമ്മിലുണ്ടായിരുന്നു.

പാര്‍ട്ടിയില്‍ അച്ചടക്ക നടപടിക്ക് വിധേയനാകേണ്ട പല നടപടികളിലേക്കും കലാപ കാലത്ത് കരുണാകരന്‍ കടന്നെങ്കിലും കോണ്‍ഗ്രസ് നേതൃത്വം അദ്ദേഹത്തിനെതിരെ വടിയെടുത്തില്ല. പാര്‍ട്ടിയുടെ ഔദ്യോഗിക രാജ്യസഭാ സ്ഥാനാര്‍ഥികള്‍ക്കെതിരെ സ്വന്തം ആളിനെ മത്സരത്തിന് ഇറക്കിയപ്പോഴും മുരളിക്കെതിരെയല്ലാതെ കരുണാകരനെതിരെ നടപടിയെടുക്കുന്നതില്‍ നിന്ന് സോണിയ വിട്ടുനിന്നു. ആഭ്യന്തര മന്ത്രി പി. ചിദംബരത്തെയും കൂട്ടി സോണിയ ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയത് മണ്‍മറയുന്ന കരുണാകരന് എത്രമാത്രം വലിപ്പം കോണ്‍ഗ്രസ് നേതൃത്വം കല്പിക്കുന്നുവെന്നതിന്റെ തെളിവാണ്. ശവസംസ്‌കാര ചടങ്ങിനായി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് എത്തുന്നതിലൂടെ രാഷ്ട്രം തന്നെ ലീഡര്‍ക്ക് പ്രണാമമര്‍പ്പിക്കുന്നതിന് തുല്യമാണ്.

കരുണാകരന്റെ ജനകീയാടിത്തറയും കൂറുമാണ് ഇന്ദിരാഗാന്ധിയെ അദ്ദേഹത്തോട് അടുപ്പിച്ചത്. അടിയന്തരാവസ്ഥയുടെ നാളുകളില്‍ കേരളത്തിന്റെ ആഭ്യന്തര മന്ത്രിയായിരുന്ന കരുണാകരന്‍ ഇന്ദിരക്ക് വലിയ പിന്തുണയാണ് നല്‍കിയത്. അടിയന്തരാവസ്ഥക്കുശേഷം കോണ്‍ഗ്രസ് ഇന്ത്യയിലെങ്ങും തോറ്റമ്പിയപ്പോള്‍ 111 എം.എല്‍.എമാരെ ജയിപ്പിച്ചെടുത്ത് റെക്കോര്‍ഡ് വിജയം കേരളത്തില്‍ കൈവരിച്ചത് കരുണാകരന്റെ നേതൃത്വത്തിലായിരുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ ഇന്ദിരയോടൊപ്പം ഉറച്ചുനിന്ന കരുണാകരന്‍ അവരുടെ മനസില്‍ ഇടംപിടിക്കുകയായിരുന്നു.

കോണ്‍ഗ്രസ് പിളര്‍ന്നതിനെ തുടര്‍ന്ന് പുതിയ ചിഹ്നം ആവശ്യമായി വന്നപ്പോഴും കരുണാകരനാണ് കൈപ്പത്തി ചൂണ്ടിക്കാണിച്ചതെന്ന് പറയുന്നു. കൈപ്പത്തി പ്രതിഷ്ഠയുള്ള പാലക്കാട് ഹേമാംബിക ക്ഷേത്രത്തില്‍ അദ്ദേഹം ഇന്ദിരാഗാന്ധിയെ കൊണ്ടുവന്നു. 1980-ല്‍ കോണ്‍ഗ്രസ് കൈപ്പത്തി ചിഹ്നമായി സ്വീകരിച്ചത് അവിടെ നിന്നാണെന്ന് കരുതുന്നു.

പൊതുതിരഞ്ഞെടുപ്പിന്റെ മധ്യത്തില്‍വെച്ച് രാജീവ് ഗാന്ധി വധിക്കപ്പെട്ടപ്പോള്‍ സോണിയാഗാന്ധിയെ കോണ്‍ഗ്രസ് പ്രസിഡന്റ് പദത്തിലേക്ക് അന്ന് നിര്‍ദ്ദേശിച്ചതും കരുണാകരനായിരുന്നു. എന്നാല്‍ സമയമായില്ലെന്ന് പറഞ്ഞ് സോണിയ അന്ന് ആ നിര്‍ദേശം അംഗീകരിച്ചില്ല.

രാജീവ് ഗാന്ധിയുമായി തെറ്റിപ്പിരിഞ്ഞ് വി. പി. സിങ് കലാപമുയര്‍ത്തിയപ്പോള്‍ പാര്‍ട്ടിയിലെ ചോര്‍ച്ച അടയ്ക്കാന്‍ നേതൃത്വം നല്‍കിയതും കരുണാകരനായിരുന്നു. പിന്നീട് ശരത് പവാറും അര്‍ജുന്‍സിങ്ങും ഇടഞ്ഞപ്പോഴും കരുണാകരന്‍ ഔദ്യോഗിക പക്ഷത്തിനായി രംഗത്തിറങ്ങി.

കേരള നിയമസഭ കൂടിക്കൊണ്ടിരുക്കുമ്പോഴാണ് ഇന്ദിരാഗാന്ധി വെടിയേറ്റ് മരിച്ചത്. ഈ വിവരം സഭയില്‍ അറിയിക്കുമ്പോഴേക്കും കരുത്തനായ കരുണാകരന്‍ വിതുമ്പി, ശബ്ദമിടറി. അത്യാപത്തുള്ള എന്തോ സംഭവിക്കാന്‍ പോകുന്നുവെന്ന സൂചന ഏതാനും ദിവസം മുമ്പ് തനിക്ക് ലഭിച്ചിരുന്നുവെന്ന് കരുണാകരന്‍ പിന്നീട് പറഞ്ഞിട്ടുണ്ട്. തന്റെ പൂജാമുറിയിലെ കൃഷ്ണന്റെ ചില്ലിട്ട ചിത്രം ഏതാനും ദിവസം മുമ്പ് നിലത്തുവീണുടഞ്ഞിരുന്നു. അന്നേ അപകടത്തിന്റെ മുന്‍ സൂചന തനിക്ക് തോന്നിയിരുന്നു. എന്നാല്‍ ഇന്ദിരാജിയുടെ മരണമാണ് സംഭവിക്കാന്‍ പോകുന്നതെന്ന് ലവലേശം കരുതിയിരുന്നില്ല. ഏറ്റവും പ്രിയപ്പെട്ടവരുടെ വിയോഗമുണ്ടാകുമ്പോള്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട എന്തെങ്കിലുമൊന്ന് ത്യജിക്കുക കരുണാകരന്റെ ശീലമായിരുന്നു. ഇന്ദിരാഗാന്ധി മരിച്ചപ്പോള്‍ കരുണാകരന്‍ ഉപേക്ഷിച്ചത് ഏറ്റവും ഇഷ്ടപ്പെട്ട പൂവന്‍പഴമായിരുന്നു. കല്യാണിക്കുട്ടിയമ്മ വേര്‍പിരിഞ്ഞപ്പോള്‍ ഉപേക്ഷിച്ചത് മറ്റൊരിഷ്ട വിഭവമായ പാല്‍പായസവും.പാര്‍ട്ടി നേതൃത്വത്തിലേക്കുള്ള സോണിയാഗാന്ധിയുടെ വരവോടെ ഹൈക്കമാന്‍ഡിലുള്ള പിടിക്ക് അയവുവന്നെങ്കിലും കരുണാകരനെ എഴുതിത്തള്ളാന്‍ ആര്‍ക്കും ആകുമായിരുന്നില്ല. കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഹൃദയങ്ങളില്‍ അത്രയ്ക്കായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനം.




adharanjalikal karunakaran ganangal


മറ്റു വാര്‍ത്തകള്‍

  12 3 4 »
video gallery karunakaran ormachithrangal_karunakaran athmakdha karunakaran

വീഡിയോ

സോണിയഗാന്ധി ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു
 
കരുണാകരന്റെ മൃതദേഹം ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിനു വെച്ചപ്പോള്‍
more videos

Discuss