കിങ്ങിന്റെ ചരമദിനത്തില്‍ കിങ്‌മേക്കറും
Posted on: 24 Dec 2010

ന്യൂഡല്‍ഹി: രാഷ്ട്രീയം അവസാനിപ്പിച്ച് പെട്ടിയും തൂക്കി ശിഷ്ടകാലം പുസ്തകം വായിച്ചു കഴിയാന്‍ പോയ ഒരു മുതിര്‍ന്ന നേതാവിനെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാക്കിയ ചരിത്രമുണ്ട് കെ. കരുണാകരന്‍ എന്ന ലീഡര്‍ക്ക്. അപ്രതീക്ഷിതമായി രാജീവ് ഗാന്ധി വിടവാങ്ങിയപ്പോള്‍ അനാഥമായ കോണ്‍ഗ്രസ് പാര്‍ട്ടിയെ നയിക്കാന്‍ പുതിയ അധ്യക്ഷനെ കണ്ടുപിടിക്കാനുള്ള ചുമതല കണ്ണോത്ത് കരുണാകരനായിരുന്നു. ശരത് പവാര്‍ അടക്കമുള്ള തലമുതിര്‍ന്ന നേതാക്കളെ വകഞ്ഞു മാറ്റിയാണ് കരുണാകരന്‍ പി.വി. നരസിംഹറാവുവിനെ ഭൂരിപക്ഷ പിന്തുണയോടെ കൊണ്ടുവന്നത്. കിങ്‌മേക്കര്‍ അഥവാ, രാജാവിനെ സൃഷ്ടിക്കുന്ന രാജാവിനേക്കാള്‍ വലിയയാള്‍ എന്നാണ് ദേശീയ മാധ്യമങ്ങള്‍ അന്ന് ലീഡറെ വിശേഷിപ്പിച്ചത്.
നരസിംഹ റാവു പ്രധാനമന്ത്രിയായിരുന്ന കാലം ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ കാലമായി പിന്നീട് മാറിയെന്നത് മറ്റൊരു ചരിത്രം. ബാബറി മസ്ജിദ് തകര്‍ക്കലും സാമ്പത്തിക ഉദാരീകരണത്തിന്റെ വരവുമടക്കം ഇന്ത്യയുടെ സാമ്പത്തിക-രാഷ്ട്രീയചരിത്രം മാറ്റിയെഴുതിയ നരസിംഹ റാവു 2004 ഡിസംബര്‍ 23-ന് അവസാനശ്വാസം വലിക്കുമ്പോള്‍ ദേശീയ മാധ്യമങ്ങളുടെ സജീവശ്രദ്ധയില്‍ നിന്നുപോലും അദ്ദേഹം അപ്രത്യക്ഷനായിരുന്നു. ആറു വര്‍ഷത്തിനുശേഷം മറ്റൊരു ഡിസംബര്‍ 23-നു കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ചാണക്യനും കാലയവനികയ്ക്കുള്ളില്‍ മറയുന്നു.