Mathrubhumi Logo
karunakaran_left   karunakaran_right

കുസൃതിയും സ്‌നേഹവും നല്‍കി ലീഡര്‍

Posted on: 24 Dec 2010

ന്യൂഡല്‍ഹി:''തന്നെയൊക്കെ ആരാടോ പോലീസിലെടുത്തേ?'' -കുസൃതിയും സ്‌നേഹവും നിറഞ്ഞ ലീഡറുടെ ചോദ്യം മോഹനന്റെ കാതില്‍ മുഴങ്ങുന്നു. വിമര്‍ശിക്കുകയല്ല, അഭിനന്ദിക്കുകയായിരുന്നു ലീഡര്‍. കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി ലീഡര്‍ക്കൊപ്പമുണ്ട് തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയും ഡല്‍ഹി പോലീസിലെ ഹെഡ് കോണ്‍സ്റ്റബിളുമായ എസ്.മോഹനന്‍.

മോഹനന്‍ ഡല്‍ഹിയിലുണ്ടെന്ന് ഉറപ്പാക്കിയ ശേഷമേ കെ. കരുണാകരന്‍ ഡല്‍ഹിക്ക് തിരിക്കാറുള്ളൂ. 1995-ല്‍ ലീഡര്‍ കേന്ദ്ര വ്യവസായമന്ത്രിയായിരിക്കെയാണ് മോഹനന്‍ ലീഡറുടെ സുരക്ഷാവിഭാഗത്തില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ്സ് അനുഭാവിയാണെങ്കിലും പാര്‍ട്ടിയോടുള്ള ആവേശംകൊണ്ടല്ല കേന്ദ്രമന്ത്രിയുടെ സുരക്ഷാ സ്റ്റാഫില്‍ ചേര്‍ന്നത്. എന്നാല്‍ ലീഡറെ അടുത്തറിഞ്ഞ മോഹനന്‍ പിന്നീട് അദ്ദേഹത്തിന് വിട്ടുപിരിയാവാനാത്ത കൂട്ടായി. തുടര്‍ച്ചയായി പത്തുവര്‍ഷം ലീഡര്‍ക്കൊപ്പം നിഴലായി കൂടെനിന്നു. എല്ലാ കാര്യങ്ങളും നോക്കിനടത്തിയിരുന്നത് മോഹനനായിരുന്നു. 2005-ല്‍ സ്റ്റാഫില്‍നിന്ന് പോയശേഷവും ലീഡറുമായുള്ള ബന്ധം അകന്നില്ല. അദ്ദേഹം ഡല്‍ഹിക്ക് വരുമ്പോള്‍ അവധിയെടുത്ത് മോഹനന്‍ ഓടിയെത്തും.

ലീഡറുടെ നേതൃപാടവത്തിനും മോഹനന്‍ സാക്ഷിയാണ്. ശരത് പവാര്‍ കോണ്‍ഗ്രസ്സ് വിട്ട് എന്‍.സി.പിയുണ്ടാക്കിയ സമയം. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ധാര്‍മിക ഉത്തരവാദിത്വമേറ്റെടുത്ത് പ്രസിഡന്‍റ് സോണിയാഗാന്ധി രാജിക്കൊരുങ്ങി. അന്ന് പനി ബാധിച്ച് റാംമോഹന്‍ ലോഹ്യ ആസ്​പത്രിയില്‍ ചികിത്സയിലായിരുന്നു കരുണാകരന്‍. രാജിക്കാര്യം അറിയിക്കാന്‍ സോണിയ ആസ്​പത്രിയിലെത്തി. എല്ലാം കേട്ട ലീഡര്‍ ഉറപ്പുനല്‍കി. ''ഞാന്‍ കൂടെയുണ്ട്. എല്ലാം ഞാന്‍ നോക്കിക്കൊള്ളാം.'' രാജി വേണ്ടെന്നുവെക്കാന്‍ സോണിയയ്ക്ക് പ്രേരണയായത് ഈ വാക്കുകളായിരുന്നു.

പാര്‍ട്ടിയുമായി പിണങ്ങി രാജ്യസഭാംഗത്വം ഉപേക്ഷിക്കാന്‍ തീരുമാനിച്ച ലീഡര്‍ രാജിക്കത്ത് ഏല്‍പ്പിച്ചതും മോഹനനെയാണ്. താന്‍ പറയുമ്പോള്‍മാത്രം കൊടുത്താല്‍മതിയെന്നു നിര്‍ദേശിച്ച് ലീഡര്‍ ഡല്‍ഹിയില്‍നിന്ന് മടങ്ങി. കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ രാജി ഡല്‍ഹിയില്‍ കൊടുത്തെന്നായിരുന്നു മറുപടി. എന്നാല്‍ രാഷ്ട്രപതി ഭവനിലും പ്രധാനമന്ത്രിയുടെ ഓഫീസിലുമെല്ലാം അന്വേഷിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് രാജി കിട്ടിയില്ലെന്നും വിശദീകരണം ലഭിച്ചു. ഇതോടെ ആശയക്കുഴപ്പമായി. എന്നാല്‍ തന്ത്രശാലിയായ ലീഡര്‍ പിറ്റേദിവസം രാഷ്ട്രപതി ഭവനില്‍ രാജിക്കത്ത് കൊടുക്കാന്‍ മോഹനനോട് ആവശ്യപ്പെട്ടു. സമ്മര്‍ദങ്ങള്‍ക്കിടയിലും പാര്‍ട്ടിയെ കൈവിടാന്‍ അദ്ദേഹത്തിന് താത്പര്യമുണ്ടായിരുന്നില്ലെന്ന് മോഹനന്‍ ഓര്‍ക്കുന്നു.

ഡല്‍ഹിയിലെ അവസാനസന്ദര്‍ശനം കഴിഞ്ഞ് ഏറ്റവും തൃപ്തിയോടെയാണ് ലീഡര്‍ മടങ്ങിയത്. സോണിയ, മന്‍മോഹന്‍സിങ്, മോത്തിലാല്‍ വോറ, പ്രണബ് മുഖര്‍ജി തുടങ്ങി രാഹുല്‍ഗാന്ധിവരെയുള്ള നേതാക്കളെ കാണാന്‍ അവസരം ലഭിച്ചു. ''ഈ വരവ് ഏറെ സന്തോഷമുണ്ടാക്കുന്നു'' എന്നു പറഞ്ഞാണ് ലീഡര്‍ കാറില്‍ കയറിയത്.




adharanjalikal karunakaran ganangal


മറ്റു വാര്‍ത്തകള്‍

  12 3 4 »
video gallery karunakaran ormachithrangal_karunakaran athmakdha karunakaran

വീഡിയോ

സോണിയഗാന്ധി ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു
 
കരുണാകരന്റെ മൃതദേഹം ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിനു വെച്ചപ്പോള്‍
more videos

Discuss