Mathrubhumi Logo
karunakaran_left   karunakaran_right

തുറക്കാത്ത വാതിലുകള്‍ക്ക് മുന്നില്‍ തളരാതെ....

Posted on: 24 Dec 2010

തിരുവനന്തപുരം: അശ്വമേധം കഴിഞ്ഞു. കെ. കരുണാകരന്‍ ഇനി പന്തയങ്ങള്‍ക്കുണ്ടാവില്ല. തുറക്കാത്ത വാതിലുകള്‍ക്ക് മുന്നില്‍ പകച്ചുനില്‍ക്കാതെ എതിരാളികളെ നേരിട്ട പോരാളിയെയാണ് കേരളത്തിന് നഷ്ടമായിരിക്കുന്നത്. തിരിച്ചടികള്‍ക്ക് മുന്നില്‍ കരുണാകരന്‍ തളരുകയില്ലെന്ന് 1977 -ല്‍ രാജന്‍ കേസിനെ തുടര്‍ന്നുണ്ടായ വീഴ്ചയില്‍നിന്ന് മലയാളികള്‍ മനസ്സിലാക്കിയിരുന്നു.

2001-ലെ തിരഞ്ഞെടുപ്പിനുശേഷം ചിത്രം മാറാന്‍ തുടങ്ങി. തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിനുശേഷം മൂന്നുപേരെ മാറ്റാന്‍ കരുണാകരന്റെ മാന്ത്രികവിരലുകള്‍ക്ക് കഴിഞ്ഞു. അങ്ങനെയാണ് എം.എ. ചന്ദ്രശേഖരന്‍, മാലേത്ത് സരളാദേവി, എ.ഡി. മുസ്തഫ എന്നിവരെ കരുണാകരപക്ഷത്തെ എം.എല്‍.എ. മാരായി കിട്ടിയത്. അപ്പോഴും എ.കെ. ആന്‍റണി മുഖ്യമന്ത്രിയാകുമെന്ന് കരുണാകരന്‍ ഉറപ്പിച്ചുപറഞ്ഞില്ല. നേതാവിനെ എം.എല്‍.എ. മാര്‍ തീരുമാനിക്കുമെന്നേ പറഞ്ഞുള്ളൂ.

പക്ഷേ കരുണാകരന്‍ ആഗ്രഹിച്ചതല്ല നടന്നത്. എ.കെ. തന്നെ മുഖ്യമന്ത്രിയായി. ആന്‍റണി സത്യപ്രതിജ്ഞ ചെയ്ത് അഞ്ചുമിനിറ്റിനുള്ളില്‍ മകന്‍ കെ. മുരളീധരനെ കെ. പി.സി.സി. പ്രസിഡന്‍റിന്റെ കസേരയിലിരുത്തിയതിനുശേഷമാണ് അദ്ദേഹം ജഗതിയിലെ വാടകവീട്ടിലെത്തിയത്. പിന്നീടുള്ള 'പോരാട്ടങ്ങള്‍'ക്ക് വേദിയായത് ജവഹര്‍നഗറിലെ 'അറാഫത്ത്' എന്ന വാടകവീടിന്റെ അകത്തളങ്ങളായിരുന്നു.

1995 ല്‍ തന്നെ അധികാരത്തില്‍ നിന്ന് താഴെയിറക്കിയതുപോലെ ഒരു രംഗം കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിലുണ്ടാക്കാനുള്ള പോരാട്ടമായിരുന്നു പിന്നീട്. അതില്‍ ഏറ്റവും ശ്രദ്ധേയമായത് രാജ്യസഭാ തിരഞ്ഞെടുപ്പാണ്. കോണ്‍ഗ്രസ്സിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി വയലാര്‍ രവി. കോടോത്ത് ഗോവിന്ദന്‍ നായര്‍ കരുണാകരന്റെ സ്ഥാനാര്‍ഥി. കരുണാകരനുമേല്‍ പാര്‍ട്ടിയുടെ കടുത്ത സമ്മര്‍ദമുണ്ടായിട്ടും അദ്ദേഹം പിന്‍വാങ്ങിയില്ല. 37, 36, 35, 34, എന്നിങ്ങനെ എം.എല്‍. എ. മാരുടെ കണക്കുകള്‍ അദ്ദേഹം കൂട്ടി.

അഹമ്മദ് പട്ടേല്‍, ജി.കെ. വാസന്‍, വീരപ്പമൊയ്‌ലി തുടങ്ങിയവര്‍ ഒന്നിനുപുറകെ ഒന്നായി കരുണാകരനെ കണ്ടു. തിരഞ്ഞെടുപ്പിന്റെ തൊട്ടുതലേന്നും കരുണാകരന്‍ അചഞ്ചലനായി നിന്നു. ഫലം വന്നപ്പോള്‍ കോടോത്ത് തോറ്റു. കരുണാകരന്‍ 'സംഹാര രുദ്രനാ'യി.
മുരളിയുടെ രാജി, എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി എം.ഒ. ജോണിന്റെ തോല്‍വി, ഡെമോക്രാറ്റിക് ഇന്ദിരാകോണ്‍ഗ്രസ്സിന്റെ പിറവി.

അപ്പോഴേക്കും അദ്ദേഹം താമസം ജവഹര്‍നഗറില്‍ നിന്ന് പേരൂര്‍ക്കടക്കടുത്തുള്ള 'കൊട്ടാരത്തില്‍ ശാസ്ത'യിലേക്ക്മാറി.
ജീവിതകാലം മുഴുവന്‍ എതിര്‍ത്തുനിന്ന ഇടതുപക്ഷവുമായി കരുണാകരന്‍ ഇതിനകം രമ്യതയിലായിരുന്നു. നേരിട്ടൊരു പ്രവേശനം ഇടതുമുന്നണിയില്‍ സാധ്യമല്ലെന്ന് മനസ്സിലാക്കി. കരുണാകരന്‍ ഇടതുമുന്നണിയിലെ എന്‍.സി.പി. യുമായി യോജിപ്പിലായി. എന്‍.സി.പി.യില്‍ ഡി.ഐ. സി. ലയിച്ചു. എറണാകുളത്തെ കൂറ്റന്‍ റാലികള്‍ പകര്‍ന്ന ആത്മവിശ്വാസം കരുണാകരന്റെ മുഖത്ത് തിളങ്ങിനിന്നു. പക്ഷേ, സി.പി.എം. ഉറച്ചുനിന്നു. അവര്‍ കരുണാകരന് വാതില്‍ തുറന്നില്ല. മാത്രമല്ല എന്‍.സി. പി. യെ മുന്നണിയില്‍ നിന്ന് പുറത്താക്കി വാതില്‍ അടയ്ക്കുകയും ചെയ്തു.

അപ്പോഴേക്കും കോണ്‍ഗ്രസ്‌രാഷ്ട്രീയത്തിലും മാറ്റം സംഭവിച്ചിരുന്നു. എ.കെ. ആന്‍റണി രാജിവെച്ച് ഉമ്മന്‍ചാണ്ടി അധികാരമേറ്റു.
കോണ്‍ഗ്രസ്സിലെ കതകുകള്‍ അടഞ്ഞതും, ഇടതുമുന്നണിയിലെ വാതില്‍ തുറക്കാത്തതും കരുണാകരനെ നിരാശനാക്കിയില്ല. നന്തന്‍കോട്ടെ 'കല്യാണി' എന്ന സ്വന്തം വീട്ടിലിരുന്ന് അദ്ദേഹം അടുത്ത കരുക്കള്‍ നീക്കിത്തുടങ്ങിയിരുന്നു. എന്‍.സി.പി. സംസ്ഥാന അധ്യക്ഷനായിരുന്ന മകന്‍ കെ. മുരളീധരനെ കൂടാതെ അദ്ദേഹം കോണ്‍ഗ്രസ്സില്‍ തിരിച്ചുവന്നു.

അങ്ങനെയാണ് 'കല്യാണി' വീണ്ടും കോണ്‍ഗ്രസുകാരുടെ താവളമായത്. 2005 ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കുവേണ്ടി ശബ്ദമുയര്‍ത്തിയ കരുണാകരന്‍ 2010-ല്‍ ഐക്യജനാധിപത്യമുന്നണിക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറായി. പക്ഷേ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം അദ്ദേഹം അണിയറയില്‍ നിന്ന് പ്രവര്‍ത്തിച്ചതേയുള്ളൂ. അപ്പോഴും അദ്ദേഹം ഒരു ആവശ്യത്തിന് വേണ്ടി കോണ്‍ഗ്രസ്സിന്റെ വാതിലില്‍ നില്‍ക്കുന്നുണ്ടായിരുന്നു. തന്നോടൊപ്പം പാര്‍ട്ടിവിടുകയും, തനിക്കൊപ്പം തിരിച്ചുവരാതിരിക്കുകയും ചെയ്ത മുരളീധരനുവേണ്ടിയായിരുന്നു.

മുരളിക്ക് കോണ്‍ഗ്രസ് അംഗത്വം നല്‍കണമെന്ന ആവശ്യത്തിനുവേണ്ടി അദ്ദേഹം പലതവണ ഡല്‍ഹിയില്‍ പോയിരുന്നു. മകനെ പാര്‍ട്ടിയില്‍ കൊണ്ടുവരണമെന്ന ആഗ്രഹം കേന്ദ്രനേതാക്കളോട് തുറന്നുപറയുകയും ചെയ്തിരുന്നു. അതിന് കളമൊരുങ്ങുമ്പോഴായിരുന്നു ആരോഗ്യനില വഷളായത്. മുരളിക്ക് വേണ്ടി കോണ്‍ഗ്രസ് നേതൃത്വം വാതില്‍ തുറക്കുന്നതുകാണാന്‍ കരുണാകരന് കഴിഞ്ഞില്ല. തുറക്കാത്ത വാതിലുകള്‍ക്ക് മുന്നില്‍ ഒരിക്കലും കരുണാകരന്‍ വിഷാദചിത്തനാകാറില്ല. കാരണം കോണ്‍ഗ്രസ്സിലെ ഈ കുലപതിക്ക്‌വേണ്ടി ജനലക്ഷങ്ങളാണ് ഹൃദയകവാടം തുറന്നുവെച്ചിരിക്കുന്നത്.




adharanjalikal karunakaran ganangal


മറ്റു വാര്‍ത്തകള്‍

  12 3 4 »
video gallery karunakaran ormachithrangal_karunakaran athmakdha karunakaran

വീഡിയോ

സോണിയഗാന്ധി ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു
 
കരുണാകരന്റെ മൃതദേഹം ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിനു വെച്ചപ്പോള്‍
more videos

Discuss