Mathrubhumi Logo
karunakaran_left   karunakaran_right

കണ്ണീര്‍പോലെ പെരുമഴ

Posted on: 24 Dec 2010

തിരുവനന്തപുരം: 'കണ്ണീര്‍ മഴ'യോടെയാണ് 'കല്യാണി' ലീഡറുടെ മടങ്ങി വരവിനെ ഉള്‍ക്കൊണ്ടത്. ഡിസംബര്‍ 10 വെള്ളിയാഴ്ച പൂജാ മുറിയില്‍ നോക്കി പടിയിറങ്ങിപ്പോയ കരുണാകരനാണ് ചേതനയറ്റ് തിരിച്ചെത്തിയിരിക്കുന്നതെന്ന സത്യത്തിലേക്കെത്താന്‍ 'കല്യാണി' ഒന്ന് മടിച്ചതുപോലെ. പൂര്‍വാധികം ശക്തിയോടെ തിരിച്ചു വരുന്ന ലീഡറെയാണ് എന്നും 'കല്യാണി' കണ്ടിട്ടുള്ളതും.
രാത്രി ഏഴരയോടെയാണ് കരുണാകരന്റെ മൃതദേഹവുമായി ആംബുലന്‍സെത്തിയത്.

മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, കെ.പി. രാജേന്ദ്രന്‍, ജോസ് തെറ്റയില്‍, മാര്‍ ക്ലീമിസ് കാതോലിക്കാബാവ, മുന്‍മന്ത്രി വക്കം പുരുഷോത്തമന്‍, തലേക്കുന്നില്‍ ബഷീര്‍ എന്നിവര്‍ നേരത്തെ വീട്ടിലെത്തിയിരുന്നു. കേന്ദ്രസഹമന്ത്രി കെ.വി. തോമസ്, മന്ത്രിമാരായ തോമസ് ഐസക്, കടന്നപ്പള്ളി രാമചന്ദ്രന്‍, പി.കെ. ശ്രീമതി, പ്രതിപക്ഷ ഉപനേതാവ് ജി. കാര്‍ത്തികേയന്‍ തുടങ്ങിയവരും കല്യാണിയിലെത്തി. മൃതദേഹം കൊണ്ടുവരുന്നതിന് മുമ്പുതന്നെ മകള്‍ പദ്മജയും കുടുംബാംഗങ്ങളും വീട്ടിലെത്തി. മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രക്കൊപ്പമായിരുന്നു മകന്‍ മുരളീധരന്‍.

വ്യാഴാഴ്ച വൈകീട്ട് കരുണാകരന്റെ മരണവാര്‍ത്ത പരന്നതോടെ നന്തന്‍കോട്ടുള്ള വീടായ 'കല്യാണി' യിലേക്ക് ജനം പ്രവഹിക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്നത് ഊണിലും പ്രാര്‍ഥനയിലും കരുണാകരനൊപ്പമുണ്ടായിരുന്ന പദ്മനാഭന്‍ നമ്പ്യാരും ബിജുവും മാത്രമായിരുന്നു. 30 വര്‍ഷമായി കരുണാകരന്റെ ഭക്ഷണം തയ്യാറാക്കിയിരുന്ന പദ്മനാഭന്‍ നിറകണ്ണുകളോടെയാണ് വീടിന് പുറത്തേക്കിറങ്ങിയത്.

നേതാക്കളോരോരുത്തരായി എത്തിത്തുടങ്ങി. ക്രമീകരണങ്ങളുമായി കെ. മോഹന്‍കുമാറും വഞ്ചിയൂര്‍ മോഹനനും ഓടി നടന്നു. സന്തതസഹചാരികളായിരുന്നവര്‍ പല ദിക്കുകളില്‍ നിന്നായി ഓടിയെത്തി. കരുണാകരന്റെ വിശ്വസ്തനായ ഡ്രൈവര്‍ അന്തരിച്ച കരുണാകരന്‍നായരുടെ മക്കളും അവിടെയുണ്ടായിരുന്നു. ജയകുമാര്‍, സതികുമാര്‍ എന്നിവരാണ് അവിടെയെത്തിയത്. പതിറ്റാണ്ടുകളായി കരുണാകരന്റെ വാഹനമോടിക്കുന്നത് ഈ കുടുംബമായിരുന്നു. ജയകുമാര്‍ രണ്ടുപതിറ്റാണ്ടിലേറെ അദ്ദേഹത്തിന്റെ വാഹനമോടിച്ചു. പൂജയ്ക്കും ക്ഷേത്രകാര്യങ്ങള്‍ക്കും സഹായിയായി നിന്നിരുന്നതാണ് സതികുമാര്‍.

അഞ്ചുവര്‍ഷം മുമ്പാണ് ലീഡര്‍ 'കല്യാണി'യിലെത്തുന്നത്. ലീഡറുടെ ദിനചര്യകള്‍ ഇവിടെയുള്ള എല്ലാവര്‍ക്കും കാണാപ്പാഠം. പുലര്‍ച്ചെ നാലരയ്ക്ക് ലീഡര്‍ ഉണരുമ്പോഴാണ് 'കല്യാണി' യും മിഴി തെളിക്കുന്നത്. അഞ്ചുതിരിയിട്ട് കത്തിച്ച വിളക്കിന് മുന്നിലെ ശ്രീകൃഷ്ണനെ കണികണ്ടിരിക്കണമെന്ന നിര്‍ബന്ധമുണ്ട് ലീഡര്‍ക്ക്. അതെല്ലാം ഒരുക്കിയിരിക്കും കരുണാകരന്റെ പൂജാമുറിയിലെ ശാന്തിക്കാരന്‍ ബിജു. അതിനുശേഷമാണ് പ്രഭാതനടത്തം. അതും 'കല്യാണി'യ്ക്ക് മുന്നില്‍.

കഴിഞ്ഞ കുറേക്കാലമായി ഫിസിയോതെറാപ്പി ചെയ്യുന്നുണ്ട്. അതിനുശേഷം പത്രവായന. ദേഹശുദ്ധി വരുത്തി പൂജാമുറിയിലേക്ക്. ചിലപ്പോള്‍ മണിക്കൂറുകളോളം നീളും പ്രാര്‍ഥന. കഴിഞ്ഞ 10ന് ഈ ദിനചര്യകള്‍ കാണാതെയാണ് 'കല്യാണി' മിഴി തുറന്നത്. ഇനിയൊരിക്കലും ലീഡര്‍ ഈ പടി ചവിട്ടിക്കയറി വരികയില്ലെന്ന് വ്യാഴാഴ്ച വൈകീട്ട് ഏഴോടെയാകണം 'കല്യാണി' തിരിച്ചറിഞ്ഞത്. അപ്പോഴേക്കും ആളുകള്‍ ഇരച്ചു കയറാന്‍ തുടങ്ങിയിരുന്നു.

നാട്ടുകാരുടെയും നേതാക്കളുടെയും വന്‍നിര രൂപപ്പെട്ടിരുന്നു. ഡി.ജി.പി. യുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘമെത്തി തിരക്ക് നിയന്ത്രിക്കാന്‍ തുടങ്ങി. ലീഡറുടെ മൃതദേഹവുമായി ആംബുലന്‍സ് എത്തുന്നതിന് മിനിട്ടുകള്‍ക്കുമുമ്പ് മഴ തുടങ്ങി. കോരിച്ചൊരിയുന്ന കണ്ണീര്‍മഴയത്ത് ലീഡര്‍ എത്തിയപ്പോഴേക്കും വന്‍ജനാവലി ഇളകി. കല്യാണിയൊഴിച്ച്...



adharanjalikal karunakaran ganangal


മറ്റു വാര്‍ത്തകള്‍

  12 3 4 »
video gallery karunakaran ormachithrangal_karunakaran athmakdha karunakaran

വീഡിയോ

സോണിയഗാന്ധി ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു
 
കരുണാകരന്റെ മൃതദേഹം ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിനു വെച്ചപ്പോള്‍
more videos

Discuss