സൗഹൃദങ്ങളെ പ്രണയിച്ച ചലച്ചിത്രകാരന് വിട
Posted on: 10 Sep 2010

തിരുവനന്തപുരം: സൗഹൃദങ്ങള്‍ക്ക് അങ്ങേയറ്റം വിലകല്‍പ്പിച്ച ചലച്ചിത്രകാരനായിരുന്നു വേണു നാഗവള്ളി. അതിനാല്‍ത്തന്നെ അദ്ദേഹത്തെ അവസാനമായി ഒരു നോക്കുകാണാന്‍ പ്രമുഖരുടെ വലിയൊരു നിര തന്നെ ഓടിയെത്തി. സൂപ്പര്‍താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും കൊച്ചിയില്‍ നിന്നാണെത്തിയത്.
ജവഹര്‍ നഗറിലെ വില്‍ക്രെസ്റ്റ് പോയിന്‍റ് ഫ്‌ളാറ്റില്‍ രാവിലെ എട്ടുമണിയോടെ വേണുനാഗവള്ളിയുടെ മൃതദേഹം എത്തിച്ചപ്പോള്‍ തന്നെ പ്രമുഖരുടെ ഒഴുക്ക് തുടങ്ങി. എല്ലാറ്റിനും മേല്‍നോട്ടം വഹിച്ച് ഉറ്റസുഹൃത്തായ തിരക്കഥാകൃത്ത് ചെറിയാന്‍ കല്പകവാടി. വേണുവിന്റെ അസോഷ്യേറ്റും അന്തരിച്ച സംവിധായകന്‍ പദ്മരാജന്റെ അനന്തിരവനുമായ ഹരീന്ദ്രനാഥ് മൃതദേഹം കണ്ട് പൊട്ടിക്കരഞ്ഞു. കരച്ചില്‍ ക്രമേണ ബന്ധുക്കളിലേക്കും സുഹൃത്തുക്കളിലേക്കും വ്യാപിച്ചു. വേണു നായകനായ ആദ്യചിത്രം 'ഉള്‍ക്കടലി'ന്റെ കഥാകൃത്ത് ഡോ.ജോര്‍ജ് ഓണക്കൂര്‍, സംവിധായകനായ ആദ്യ ചിത്രം 'സുഖമോ ദേവി'യുടെ നിര്‍മാതാവ് ഗാന്ധിമതി ബാലന്‍ തുടങ്ങിയവരെല്ലാം വേദന കടിച്ചമര്‍ത്തി നിന്നു.
മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, എം.വിജയകുമാര്‍, പി.കെ.ഗുരുദാസന്‍, കെ.പി.സി.സി. പ്രസിഡന്‍റ് രമേശ് ചെന്നിത്തല, സി.പി.ഐ. നേതാക്കളായ വെളിയം ഭാര്‍ഗവന്‍, പന്ന്യന്‍ രവീന്ദ്രന്‍, എം.എല്‍.എമാരായ ജി.കാര്‍ത്തികേയന്‍, വി.ശിവന്‍കുട്ടി, ബി.ജെ.പി. നേതാവ് എം.എസ്.കുമാര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍, മുന്‍ ചീഫ് സെക്രട്ടറി സി.പി.നായര്‍, സാഹിത്യകാരന്മാരായ സക്കറിയ, പെരുമ്പടവം ശ്രീധരന്‍, സംവിധായകരായ അടൂര്‍ ഗോപാലകൃഷ്ണന്‍, ലെനിന്‍ രാജേന്ദ്രന്‍, പി.ടി.കുഞ്ഞുമുഹമ്മദ്, ടി.കെ.രാജീവ്കുമാര്‍, രാജീവ്‌നാഥ്, ശ്യാമപ്രസാദ്, ശ്രീകുമാരന്‍ തമ്പി, കെ.മധു, പദ്മകുമാര്‍, ജി.എസ്.വിജയന്‍, ശശി പരവൂര്‍, ബാലു കിരിയത്ത്, അഭിനേതാക്കളായ മേനക, അംബിക, ജഗദീഷ്, ശ്രീകുമാര്‍, മധുപാല്‍, കൊല്ലം തുളസി, നന്ദു തുടങ്ങിയവരെല്ലാം അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വീട്ടിലെത്തി.
ഉച്ചയ്ക്ക് ഒരു മണിയോടെ മൃതദേഹം പൊതുദര്‍ശനത്തിനായി വി.ജെ.ടി. ഹാളിലേക്കു മാറ്റി. മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍, മന്ത്രിമാരായ എം.വിജയകുമാര്‍, വി.സുരേന്ദ്രന്‍പിള്ള, പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി, സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, ഡോ.ശശി തരൂര്‍ എം.പി., എന്‍.ശക്തന്‍ എം.എല്‍.എ., മേയര്‍ സി.ജയന്‍ബാബു, പ്രൊഫ.ഒ.എന്‍.വി.കുറുപ്പ്, മുന്‍ എം.പിമാരായ സുരേഷ് കുറുപ്പ്, തലേക്കുന്നില്‍ ബഷീര്‍, വി.എസ്.ശിവകുമാര്‍, സി.പി.ഐ. നേതാവ് പി.രാമചന്ദ്രന്‍ നായര്‍, ബി.ജെ.പി. നേതാക്കളായ എം.ടി.രമേശ്, ബി.കെ.ശേഖര്‍, മുന്‍ മന്ത്രിമാരായ ടി.എം.ജേക്കബ്ബ്, ബാബു ദിവാകരന്‍, സി.എം.പി. ജോയിന്‍റ് സെക്രട്ടറി സി.പി.ജോണ്‍, ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്‍റ് പി.ശ്രീരാമകൃഷ്ണന്‍, സാംസ്‌കാരിക സെക്രട്ടറി ഡോ.വി.വേണു, എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ പ്രസിഡന്‍റ് എം.സംഗീത്കുമാര്‍, പ്രൊഫ.വി.മധുസൂദനന്‍ നായര്‍, റോസ്‌മേരി തുടങ്ങിയവര്‍ അവിടെ ആദരാഞ്ജലി അര്‍പ്പിച്ചു.
ചലച്ചിത്ര പ്രവര്‍ത്തകരായ മധു, മമ്മൂട്ടി, മോഹന്‍ലാല്‍, മണിയന്‍പിള്ള രാജു, കെ.പി.കുമാരന്‍, എം.മണി, ഷാജി കൈലാസ്, ബ്ലെസി, ലാല്‍ ജോസ്, വിനയന്‍, എം.ജി.ശ്രീകുമാര്‍, സുരേഷ്‌കുമാര്‍, രജപുത്ര രഞ്ജിത്ത്, എസ്.കുമാര്‍, മേനക, ഭാഗ്യലക്ഷ്മി, വനിത, ഇന്ദ്രന്‍സ്, പ്രിയങ്ക നായര്‍, ജഗന്നാഥന്‍, ഇടവേള ബാബു, രവി വള്ളത്തോള്‍, രാധാകൃഷ്ണന്‍ മംഗലത്ത്, കബീര്‍ റാവുത്തര്‍ തുടങ്ങിയവരെല്ലാം പ്രിയ സഹപ്രവര്‍ത്തകനെ അവസാനമായി ഒരു നോക്കുകാണാനെത്തി. മമ്മൂട്ടിയും മോഹന്‍ലാലും എത്തിയപ്പോള്‍ ഇരുവരുടെയും ആരാധകരുടെ തള്ളിക്കയറ്റം തന്നെയുണ്ടായി. മൊബൈല്‍ ഫോണില്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ മത്സരിക്കുകയായിരുന്ന ചെറുപ്പക്കാരെ മാറ്റാന്‍ മറ്റുള്ളവര്‍ക്ക് നന്നേ ക്ലേശിക്കേണ്ടി വന്നു. മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി.വീരേന്ദ്രകുമാര്‍, മാനേജിങ് എഡിറ്റര്‍ പി.വി.ചന്ദ്രന്‍, ഡയറക്ടര്‍മാരായ പി.വി.ഗംഗാധരന്‍, എം.വി.ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ. എന്നിവര്‍ക്കു വേണ്ടി മൃതദേഹത്തില്‍ പുഷ്പചക്രങ്ങള്‍ സമര്‍പ്പിക്കപ്പെട്ടു.
ശവസംസ്‌കാരം നടന്ന ശാന്തികവാടത്തിലേക്കും മോഹന്‍ലാല്‍ അടക്കമുള്ള പ്രമുഖര്‍ വേണുവിന്റെ മൃതദേഹത്തെ അനുഗമിച്ചു. കല്പന, ജോണി, മുരളി മേനോന്‍, സൂര്യ കൃഷ്ണമൂര്‍ത്തി തുടങ്ങിയവരും അവിടെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. വൈകീട്ട് നാലര ആയപ്പോഴേക്കും ചടങ്ങുകള്‍ പൂര്‍ത്തിയായി.
ആദ്യചിത്രമായ 'ഉള്‍ക്കടലി'ല്‍ നായകനായി പരിഗണിക്കപ്പെടാന്‍ കെ.ജി.ജോര്‍ജിന്റെ മുന്നില്‍ വേണു ചെന്നുകയറിയത് നനഞ്ഞൊലിച്ചാണ്. വേണുവിനെ അവസാനമായി യാത്രയാക്കാനും മഴ അകമ്പടിയായെത്തി.