Mathrubhumi Logo
  VenuTop

ജീവിതത്തിലും ഞാനൊരു നിരാശകാമുകനായിരുന്നു.

Posted on: 09 Sep 2010

ന്നെ സ്വാധീനിച്ചത് എം.ടിയുടെ കൃതികളാണ്. വാസുവേട്ടന്റെ പല കഥാപാത്രങ്ങളുമായിട്ടാണ് ഞാന്‍ ജീവിച്ച് രക്ഷപ്പെട്ടത്. ആ കഥാപാത്രങ്ങളുമായി സ്വയം അതിലേക്ക് കടന്ന്കൂടി.വാസുവേട്ടന്റെ നോവലുകള്‍ കൈയ്യില്‍ വരുമ്പോള്‍ ഞാന്‍ അപ്പോള്‍ തന്നെ വായിച്ച് തീര്‍ക്കുമായിരുന്നു.
*********

'ഉള്‍ക്കടല്‍' എന്ന സിനിമയിലെ രാഹുല്‍ എന്ന കഥാപാത്രമായി എന്നെ തിരഞ്ഞെടുക്കാനുള്ള കാരണം എന്റെ രൂപത്തിലും എന്റെ കണ്ണിലുമുള്ള വിഷാദഭാവമാണ്. നമ്മുടെ മുഖത്തും കണ്ണിലുമൊക്കെയുള്ള ഭാവം നമ്മുടെ അനുഭവങ്ങളുടെ കൂടി പ്രതിഫലനമാണ്. ജോലി കിട്ടാതെ അലഞ്ഞ നാളുകളില്‍ ഞാനൊരു പാട് കഷ്ടപ്പാടുകള്‍ അനുഭവിച്ചിട്ടുണ്ട്. അതിന്റെയൊക്കെ അവശേഷിപ്പുകള്‍ എന്റെ മുഖത്തും കണ്ണിലും പേശിയിലുമൊക്കെയുണ്ട്. പില്‍ക്കാലത്ത്,ഇതിന്റെ ആവര്‍ത്തനങ്ങള്‍ വന്നു.അത്ര മാത്രം.
*********

80-കളില്‍ ദര്‍ശനശുദ്ധിയുള്ള കാഴ്ചപ്പാടോടെ ജീവിതം നയിക്കാനാഗ്രഹിക്കുന്ന ചെറുപ്പക്കാരുടെ മുന്നില്‍ ഒരു പാട് തടസ്സങ്ങള്‍ ഉണ്ടായിരുന്നു. തൊഴില്‍രഹിതനായ ചെറുപ്പക്കാരനെ ആര്‍ക്കും വേണ്ടാത്ത കാലമായിരുന്നു അത്. ഇങ്ങനെ ഒറ്റപ്പെട്ട എല്ലാവരാലും വെറുക്കപ്പെട്ട ചെറുപ്പക്കാര്‍ അന്നുണ്ടായിരുന്നു.
**********

മഹാകവി പി.ക്ക് സിനിമയില്‍ പാട്ടെഴുതാന്‍ വലിയ ഇഷ്ടമായിരുന്നു. എന്റെ അച്ഛന് പ.ിയടെ കവിതകളോട് വലിയ ആരാധനയും പി.കുറിക്കുന്ന ഓരോ അക്ഷരങ്ങളോടും വലിയ ബഹുമാനവുമുണ്ടായിരുന്നു.പി.യെ ചലച്ചിത്രഗാനരചയിതാവിന്റെ ഒരു തലത്തിലേക്ക് ചുരുക്കിക്കൊണ്ടുവരാന്‍ അച്ഛന് ആഗ്രഹമുണ്ടായിരുന്നില്ല. പി.ക്കാണെങ്കില്‍ സിനിമയില്‍ പാട്ടെഴുതിയേ തീരൂ. മഹാകവി എന്നോട് രഹസ്യമായി പറയും:ആ വയലാറൊക്കെ എന്തൊരു കാശാണ് സിനിമയില്‍ പാട്ടെഴുതി സമ്പാദിക്കുന്നത്. വേണൂ,നീ സുബ്രമ്ണ്യത്തോട് പറയൂ,ഞാന്‍ ഒന്നാന്തരം പാട്ടെഴുതിത്തരാമെന്ന്. വയലാറെഴുതുന്നതിനേക്കാള്‍ നല്ല പാട്ടുകള്‍ ഞാന്‍ എഴുതിത്തരാമെന്ന് പറയൂ.

കവിയുടെ കാല്‍പാടുകളിലാണെന്ന് തോന്നുന്നൂ എന്നെക്കുറിച്ച് പി. എഴുതിയിട്ടുണ്ട് .ഏതാണ്ട് ഓര്‍മ്മയില്‍ നിന്ന് ഇങ്ങനെ പറയാം:

''തലസ്ഥാനത്തെ ഒരു പതിവ് പ്രഭാതം. ഉറക്കമുണര്‍ന്നു. തീവണ്ടിയുടെ ശബ്ദം കേള്‍ക്കാം. ചായ കുടിക്കാന്‍ കൈയ്യില്‍ കാശില്ല. എല്ലാവര്‍ക്കുമൊരാശ്രയമുണ്ടല്ലോ,തലസ്ഥാനത്ത്, നാഗവള്ളി,അങ്ങോട്ട് പോകാം. കുളിച്ച് , കുട്ടിയമ്പലത്തില്‍ ചെന്ന് ബെല്ലടിച്ചു. സിനിമാനടന്റെ മുഖമുള്ള വേണു വാതില്‍ തുറന്നു.'
മഹാകവി ഇതെഴുതുന്ന കാലത്ത് ഞാന്‍ പഠിച്ച് കൊണ്ടിരിക്കുകയായിരുന്നു.അങ്ങനെയൊരു ബന്ധം ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നു.
**********

ജലജയുമായിട്ട് ഞാന്‍ ഒരു പാട് സിനിമകള്‍ അഭിനയിച്ചിട്ടുണ്ട്. ഈയിടെ കൈരളി ചാനലില്‍ നിന്ന് ജലജയുടെ ഫോണ്‍ നമ്പറിന് വേണ്ടി അവര്‍ എന്നെയാണ് വിളിച്ചത്.സത്യത്തില്‍ അപ്പോഴാണ് ഞാന്‍ ഓര്‍ത്തത് , ജലജയുടെ ഫോണ്‍ നമ്പര്‍ പോലും എന്റെ കൈയ്യിലില്ല എന്ന കാര്യം. ജലജയെ കണ്ടിട്ട് ഒരു പാട് കാലമായി. ജലജ എന്റെ നായികയായത് ഒരു ഓട്ടോമാറ്റിക്ക് ചോയ്‌സ് ആയി വന്നതാണ് .
************

സിനിമയില്‍ വരുന്നതിന് മുമ്പേ പ്രണയമുണ്ടായിരുന്നു.സുഖമോ ദേവി എന്ന സിനിമയ്ക്കാധാരമായ കഥ എന്റെ തന്നെ റിയല്‍ലൈഫായിരുന്നു. അതില്‍ ശങ്കര്‍ ചെയ്ത കാരക്ടര്‍ ഞാനാണ്.മറ്റേത് എന്റെ മരിച്ച് പോയ സുഹൃത്ത് സൈമണ്‍ മാത്യു. ഈ ദേവി എന്റെ കാമുകിയാണ്.അവരൊരു ഗായികയാണ്. എന്റെ കൂട്ടുകാരിയുടെ പെങ്ങള്‍. പക്ഷേ,ആ പ്രണയം വിവാഹത്തില്‍ എത്തിയില്ല. അതിലെനിക്ക് വലിയ വിഷമമുണ്ടായിരുന്നു. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും ഞാനൊരു നിരാശകാമുകനായിരുന്നു.
************

വര്‍ഷങ്ങള്‍ക്ക് മുമ്പ് മമ്മൂട്ടി എന്നെ വിളിച്ച് പറഞ്ഞു:നമ്മുടെ പട്ടം സദന്‍ രോഗിയാണ്.സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ്. നമ്മുടെ അസോസിയേഷന് എന്തെങ്കിലും സഹായം സദന് എത്തിച്ച് കൊടുക്കണം.
സദന്‍ ചെന്നൈയില്‍ ആശുപത്രില്‍ കിടപ്പിലായിരുന്നു. അമ്പതിനായിരത്തിന്റെ ചെക്കുമായി സദനെ ഏല്‍പ്പിക്കാന്‍ ഞാന്‍ ആശുപത്രിയില്‍ ചെല്ലുമ്പോള്‍ ഞാന്‍ കാണുന്നത്, സദന്റെ മൃതദേഹം ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ പോലും പണമില്ലാതെ സദന്റെ കുടുംബം ആശുപത്രിവരാന്തയില്‍ നില്‍ക്കുന്നതാണ്. സദന്‍സ്ട്രീറ്റ് എന്ന പേരില്‍ ഒരു പ്രധാന സ്ട്രീറ്റ് പോലും മദിരാശിയിലുണ്ട്. അത്രയും അറിയപ്പെടുന്ന കലാകാരനാണ്,ആശുപത്രിയില്‍ ബോഡി വിട്ടുകിട്ടാന്‍ പോലുമില്ലാത്ത അവസ്ഥയില്‍ എത്തപ്പെട്ടത്.

(വേണു നാഗവള്ളി മാതൃഭൂമിയോട് പറഞ്ഞത്)






ganangal