Mathrubhumi Logo
  VenuTop

യാത്രയായത്, സിനിമയിലെ സത്യസന്ധമുഖം

Posted on: 09 Sep 2010

''സിനിമയുടെ ഭാഷ മാറിയിരിക്കുന്നു.
ഇന്നതിന് മറ്റാരുടേയോ ഭാഷയാണ്''- വേണു നാഗവള്ളി




ഒരഭിമുഖത്തില്‍ അടുത്തിടെ വേണു നാഗവള്ളി പറഞ്ഞ വാക്കുകളാണിത്. ജീവിത പരാജയത്താല്‍ ഉഴറുന്ന, പ്രണയ നിരാസം നേരിട്ട യുവാവിന്റെ വേഷവും ഭാഷയും വേണു നാഗവള്ളിയുടേതായാണ് മലയാളികള്‍ ഓര്‍ക്കുന്നത്. ഒരു 'വേണുനാഗവള്ളി ലൈന്‍' എന്നൊരു പ്രയോഗം തന്നെ വന്നത് അങ്ങനെയാണ്. എന്നാല്‍ അത്തരത്തിലുള്ള ഒരു ദുര്‍ബല-നിരാശകാമുക വേഷമായി വേണു നാഗവള്ളിയെ പൊതുവായി അടയാളപ്പെടുത്തിയവരെല്ലാം ഒരു കാര്യം വ്യക്തമാക്കിത്തരുന്നു. ആ കഥാപാത്രങ്ങളെ മലയാളി ഓര്‍ക്കുന്നുവെന്ന്. അഥവാ ഇപ്പോഴും അവയെ മറന്നിട്ടില്ലെന്ന്. ഒരോ മനുഷ്യന്റേയും ഉള്ളിലുള്ള നിരാശിതന്റെ പരാജിതന്റെ ഭാഷയും ഭാവവും പകര്‍ന്നാടുക മാത്രമേ അദ്ദേഹം ചെയ്തിട്ടുള്ളൂവെന്നതാണ് സത്യം. പ്രണയ പരാജയങ്ങളും വീട്ടുകാരുടെ സ്വപ്‌നങ്ങള്‍ക്ക് വഴങ്ങാത്ത വിമത ജീവിതവും വേണു നാഗവള്ളിയുടെ മാത്രം അനുഭവമല്ലല്ലോ. അത് മലയാളിയുടെ മൊത്തം അനുഭവങ്ങളുടെ കഥാപാത്രരൂപം മാത്രമായിരുന്നു.

അതേസമയം വ്യക്തിജീവിതത്തില്‍ നര്‍മ്മബോധവും അത്ഭുതപ്പെടുത്തുന്ന സത്യസന്ധതയുമുള്ള വ്യക്തിത്വമായി വേണു നാഗവള്ളിക്ക് മരണം പടിവാതിലില്‍ എത്തുന്ന കാലം വരെയും ജീവിക്കാന്‍ കഴിഞ്ഞുവെന്നത് ഒരു വലിയ കാര്യമാണ്. പ്രത്യേകിച്ച് ക്യാമറയ്ക്ക് മുന്നില്‍ അഭിനയിക്കുന്നതിനേക്കാള്‍ നന്നായി പൊതുസമൂഹത്തിലും വ്യക്തിജീവിതത്തിലും അഭിനയിച്ചുകൊണ്ടിരിക്കുന്ന നടീ-നടന്‍മാര്‍ ഉള്ള ഈ കാലത്ത്. നാഗവള്ളി ആര്‍ എസ്. കുറുപ്പിന്റെ മകന്‍ ആ അര്‍ത്ഥത്തില്‍ സിനിമയ്ക്ക് കാലഹരണപ്പെട്ടനാണ് എന്ന് പറയാതെ വയ്യ.

യൗവ്വനകാലത്തെക്കുറിച്ചുള്ള തുറന്നുപറച്ചിലിന്റെ സത്യസന്ധത വ്യക്തമാകാന്‍ അടുത്തിടെ അദ്ദേഹം പങ്കെടുത്ത ചില അഭിമുഖങ്ങള്‍ വായിച്ചാല്‍-കണ്ടാല്‍ മാത്രം മതി. കോളേജ് കാലത്ത് എം.ടിയുടെ ചില കഥാപാത്രങ്ങളായി സ്വയം സങ്കല്‍പ്പിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. പിന്നീട് ബുദ്ധിജീവിയാകാന്‍ വേഷത്തിലും ഭാഷയിലും ചില ശ്രമങ്ങള്‍ നടത്തിയിരുന്നതായും ചിരിച്ചുകൊണ്ട് വേണു ഓര്‍മ്മിക്കുന്നുണ്ട്. സര്‍വകലാശാല എന്ന ചിത്രത്തില്‍ മണിയന്‍പിള്ള രാജുവിന്റെ കഥാപാത്രം പറയുന്ന 'ബുദ്ധിജീവിയാകാനുള്ള ശ്രമമാണ് ചളമാക്കരുത്' എന്ന ഡയലോഗാണ് അത് കേട്ടപ്പോള്‍ ഓര്‍മ്മവന്നത്.

യേശുദാസാകുക എന്ന ലക്ഷ്യത്തോടെയാണ് പാട്ടുപഠിക്കാന്‍ പോയിരുന്നത് എന്നും അദ്ദേഹം പറയുന്നു. ഒടുവില്‍ യേശുദാസുമായില്ല എന്നും. പത്മരാജനും കെ. ജി. ജോര്‍ജുമാണ് വേണു നാഗവള്ളി സിനിമയിലെത്താന്‍ കാരണം. പത്മരാജന്റെ ശുപാര്‍ശയിലാണ് കെ. ജി. ജോര്‍ജിന്റെ ഉള്‍ക്കടലില്‍ വേണു നാഗവള്ളി അഭിനയിക്കുന്നത്. പക്ഷേ ഉള്‍ക്കടലിനും മുമ്പ് ചോറ്റാനിക്കരയമ്മ എന്ന ചിത്രത്തിന് വേണ്ടി അദ്ദേഹം ഗാനം ആലപിച്ചതാണ് സിനിമയിലെ ആദ്യബന്ധം എന്നുപറയാം.

സാമ്പ്രദായിക പഠനരീതിയും വേണുവും ഒരിക്കലും ഒത്തുപോയിട്ടില്ല എന്നതാണ് ജീവിതാനുഭവം. പ്രീഡിഗ്രി പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചു, പിന്നീട് എഞ്ചിനീയറിങ് പഠനത്തിന് ശ്രമിച്ചു അതും ഉപേക്ഷിച്ചു, അതിന് ശേഷം ബി ഫോറസ്ട്രി എന്ന കോഴ്‌സിന് ചേരാന്‍ തീരുമാനിച്ചു-മടങ്ങിപ്പോന്നു. ശേഷം പുണെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠിക്കാന്‍ പോയി. സ്‌കോളര്‍ഷിപ്പ് ലഭിക്കാത്തതിനാല്‍ അതും നടന്നില്ല. അതിനെല്ലാം ശേഷം സിനിമയിലേക്ക് തന്നെ അദ്ദേഹം വന്നു എന്നത് ഉള്ളിലെ കലാകാരന്റെ വഴി വ്യക്തമാക്കിത്തരുന്നു. 80-കളിലെ മോഹന്‍ലാല്‍ ഹിറ്റ് സിനിമകളുടെ മുഖ്യ സൂത്രധാരന്‍മാരില്‍ ഒരാളാണ് വേണുനാഗവള്ളി.

പക്ഷേ എക്കാലവും അദ്ദേഹം വിശേഷിക്കപ്പെട്ടത് നേരത്തെ നായകമായി ചെയ്ത 'ടൈപ്പ്' കഥാപാത്രങ്ങളുടെ പേരില്‍ മാത്രം അറിയപ്പെട്ടത് അതിന്റെ മറുപുറമാണ്. മലയാളത്തിലെ ഏറ്റവും വലിയ കോമഡി ഹിറ്റ് എന്നുപറയാവുന്ന കിലുക്കം എന്ന സിനിമയുടെ തിരക്കഥയും സംഭാഷണവും എഴുതിയത് വേണു നാഗവള്ളിയാണ് എന്നത് പലര്‍ക്കും അറിയുകപോലുമില്ല. കിലുക്കം പോലൊരു സിനിമയില്‍ ഇത്രയും തമാശ രംഗങ്ങള്‍ സൃഷ്ടിക്കണമെങ്കില്‍ അതെഴുതിയ അദ്ദേഹത്തിന്റെ ഉള്ളില്‍ എത്രമാത്രം നര്‍മ്മബോധമുണ്ടാകും എന്നോര്‍ക്കുക. സിനിമയിലെ സെന്‍സിറ്റീവ് ആയ ക്രിയേറ്റീവ് ഗ്രൂപ്പുകളുടെ കണ്ണികള്‍ ഇല്ലാതാവുകയാണ് എന്നതാണ് വേണു നാഗവള്ളി അടക്കമുള്ളവരുടെ വേര്‍പാടിലൂടെ സംഭവിക്കുന്നത്.

സാംസ്‌കാരിക രംഗത്തെ ക്രിയേറ്റീവ് ഗ്രൂപ്പുകള്‍ കോക്കസുകള്‍ക്ക് വഴിമാറുന്ന കാലത്താണ് സിനിമയുടെ പുത്തന്‍ സംസ്‌കാരം. വേണുനാഗവള്ളി, നടന്‍ മുരളി, നടന്‍ പി. ശ്രീകുമാര്‍, തിരക്കഥാകൃത്ത് ചെറിയാന്‍ കല്‍പ്പകവാടി തുടങ്ങിയവര്‍ തിരുവനന്തപുരത്തെ ഒരു സൗഹൃദക്കൂട്ടായ്മയായിരുന്നു. മുരളി, കടമ്മനിട്ട, നരേന്ദ്രപ്രസാദ് എന്നിവരുടെ സര്‍ഗാത്മക കൂട്ടവും ഇന്നില്ല. ലോഹിതദാസ്, കൊച്ചിന്‍ ഹനീഫ, രാജന്‍ പി ദേവ്, എം.ജി. രാധാകൃഷ്ണന്‍ എത്രയോ പേര്‍ യാത്ര പറഞ്ഞുപോയിരിക്കുന്നു. നാഗവള്ളി ആര്‍.എസ്. കുറുപ്പ്, ടി.എന്‍. ഗോപിനാഥന്‍ നായര്‍, ജഗതി എന്‍.കെ. ആചാരി തുടങ്ങിയ പ്രഗത്ഭര്‍ ആകാശവാണിയെ സമ്പന്നമാക്കിയിരുന്ന കാലത്തിന് ശേഷം അവരുടെ മക്കളും സര്‍ഗാത്മക മേഖലയില്‍ നിറഞ്ഞുനിന്നു. വേണു നാഗവള്ളിയും ജഗതി ശ്രീകുമാറും രവി വള്ളത്തോളുമായിരുന്നു ആ മക്കള്‍ തലമുറ.



പത്മരാജന്‍ കമ്പോളനിലവാരത്തെക്കുറിച്ച് പറയുന്നതിന് പോലും ഒരു കാല്‍പ്പനികത ഉണ്ടായിരുന്നുവെന്ന് തമാശയായി പറഞ്ഞുകേട്ടിട്ടുണ്ട്. ആ വഴിയില്‍ തന്നെയായിരുന്നു വേണുവും. ആകാശവാണിയില്‍ കുറച്ചുകാലം അനൗണ്‍സറായി ജോലി നോക്കി. വേണു നാഗവള്ളിയെ ടൈപ്പ് കഥാപാത്രങ്ങളില്‍ നിന്ന് അല്‍പ്പമെങ്കിലും രക്ഷിച്ചത് കെ ജി ജോര്‍ജും പത്മരാജനും ആയിരുന്നു. ഉള്‍ക്കടല്‍ മാത്രമല്ല ആദാമിന്റെ വാരിയെല്ല്, യവനിക, പഞ്ചവടിപ്പാലം തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹം ചെയ്ത വേഷങ്ങള്‍ മികച്ചതായിരുന്നു. പിന്നീട് ശരബിന്ദു മലര്‍ദീപനാളം.., ഒരു വട്ടം കൂടിയാ പുഴയുടെ തീരത്ത്.. തുടങ്ങിയ മനോഹരമായ കാല്‍പ്പനിക തുളുമ്പുന്ന പാട്ടുകള്‍ ദൃശ്യവല്‍ക്കരിക്കപ്പെട്ടപ്പോള്‍ അതിലെ മുഖം വേണു നാഗവള്ളിയുടേതായിരുന്നു.

അടുത്തകാലത്ത് വേണു നാഗവളളിയെ ടി.വിയില്‍ കണ്ടത് എം.ജി. രാധാകൃഷ്ണന്റെ മരണദിവസം മൃതദേഹം കാണാനായി എത്തിയ ദൃശ്യമായിരുന്നു അത്. അവശതയോടെ നടന്നുവന്ന വേണു നാഗവള്ളി ഉച്ചത്തില്‍ കരയുന്നുണ്ടായിരുന്നു. ആ ദിവസത്തെ അദ്ദേഹത്തിന്റെ രൂപം രോഗാവശത വ്യക്തമാക്കുന്നതായിരുന്നു. 70-80 കാലഘട്ടത്തിലെ വിരഹ കാമുകന്റെ വേഷം ഇഷ്ടപ്പെടുന്ന സ്ത്രീ ആരാധകരുടെ എണ്ണത്തെക്കുറിച്ച് എത്രയോ കഥകള്‍ കേട്ടിരിക്കുന്നു.

എന്നാല്‍ കാമുകിയെ തൊടുകപോലും ചെയ്യാത്ത പരിശുദ്ധ-കാല്‍പ്പനിക-പ്രണയത്തിന്റെ വക്താവായിരുന്നു താനെന്ന് അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് ആദ്യപ്രണയത്തിന്റെ തകര്‍ച്ചയില്‍ തിരുവനന്തപുരത്തെ കടല്‍പ്പാലത്തിനരികില്‍ പോയി ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറയുന്നു.

രാഷ്ട്രീയ ചരിത്രം സിനിമയാക്കിയ ലാല്‍സലാം, രക്തസാക്ഷികള്‍ സിന്ദാബാദ് എന്നിവ സംവിധാനം ചെയ്തതും മീനമാസത്തിലെ സൂര്യനില്‍ മഠത്തില്‍ അപ്പു എന്ന കഥാപാത്രത്തേയും അവതരിപ്പിച്ചതും വേണു നാഗവള്ളിയെ കമ്യൂണിസ്റ്റ് പരിവേഷമുള്ള വ്യക്തിയാക്കിത്തീര്‍ത്തു. എന്നാല്‍ താനൊരു ഹ്യൂമനിസ്റ്റ് ആണെന്നും ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ ചിട്ടവട്ടങ്ങളില്‍ ജീവിക്കാന്‍ കഴിയില്ലെന്നും വേണു പറഞ്ഞിട്ടുണ്ട്. സുഖമോ ദേവി മുതല്‍ ഭാര്യ സ്വന്തം സുഹൃത്ത് വരെയുള്ള ചിത്രങ്ങളില്‍ അദ്ദേഹം മുന്നോട്ടുവെക്കുന്ന ആദര്‍ശബദ്ധമായ ജീവിതം വ്യക്തമായി കാണാന്‍ കഴിയും.

എന്നാല്‍ അവയില്‍ പലതും വാണിജ്യവിജയങ്ങളുടെ പട്ടികയില്‍ ഇടംതേടിയില്ല. ഏയ് ഓട്ടോയും സര്‍വകലാശാലയുമെല്ലാം കിഴക്കുണരും പക്ഷിയും കളിപ്പാട്ടവുമെല്ലാം ഇന്നും ടെലിവിഷനില്‍ നിറഞ്ഞ പ്രേക്ഷകരെ സൃഷ്ടിക്കുന്ന ചിത്രങ്ങള്‍ തന്നെ. സിനിമ ഒരു കച്ചവടം മാത്രമായിത്തീരുകയും കേഡര്‍ സ്വഭാവത്തിലുള്ള തൊഴില്‍ നിയമങ്ങളും-നിഷേധങ്ങളും വ്യവഹാരങ്ങളുമായി മുന്നോട്ടുപോകുകയും ചെയ്യുന്ന ഈ കാലത്ത് വേണു നാഗവള്ളിയെ പോലുള്ള 'വികാരജീവി'കള്‍ക്ക് വലിയ സ്ഥാനമില്ല. പക്ഷേ നല്ല സിനിമയെ സ്‌നേഹിക്കുന്ന മനുഷ്യത്വത്തോടെ പെരുമാറുന്ന സത്യസന്ധത അവശേഷിപ്പിക്കുന്നവരുടെ സാംസ്‌കാരിക നിരയില്‍ അദ്ദേഹത്തിന് വലിയ സ്ഥാനമുണ്ട്.

വേണു നാഗവള്ളി അന്തരിച്ചു



ganangal