നെഹ്രുട്രോഫി ജവഹര്‍ തായങ്കരിക്ക്
Posted on: 15 Aug 2010

ആലപ്പുഴ:ഓളപ്പരപ്പിലെ വേഗപ്പോരില്‍ 58-ാമതു നെഹ്രുട്രോഫി ജവഹര്‍ തായങ്കരിക്ക്. പുന്നമടയുടെ തീരങ്ങളെ ആവേശക്കൊടുമുടിയിലെത്തിച്ച ഫൈനലില്‍ യു.ബി.സി. കൈനകരി തുഴഞ്ഞ പായിപ്പാടന്‍ ചുണ്ടനെ ഇഞ്ചുകളുടെ വ്യത്യാസത്തിനു കീഴടക്കിയാണ് കുമരകം ടൗണ്‍ ബോട്ട്ക്ലബ് തുഴഞ്ഞ ജവഹര്‍ തായങ്കരി ജേതാക്കളായത്. കാവാലം കരുമാടിക്കുട്ടന്‍ ബോട്ട്ക്ലബ് തുഴഞ്ഞ ശ്രീഗണേശന്‍ മൂന്നാമതും കുമരകം ബോട്ട്ക്ലബ് തുഴഞ്ഞ പട്ടാറ നാലാമതുമെത്തി.
മുമ്പ് ഹാട്രിക് നേടിയിട്ടുള്ള ജവഹര്‍ തായങ്കരി ഇത് അഞ്ചാം തവണയാണ് നെഹ്രുട്രോഫി കരസ്ഥമാക്കുന്നത്. ഈ ചുണ്ടന്‍ തുഴഞ്ഞ കുമരകം ടൗണ്‍ ബോട്ട് ക്ലബ് വിജയികളാകുന്നത് ആറാം തവണയും. വിജയപ്രതീക്ഷ ഉയര്‍ത്തിയ കാരിച്ചാല്‍ ചുണ്ടന്‍ ആദ്യ ഹീറ്റ്‌സില്‍ത്തന്നെ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് പ്രവചനങ്ങളെ കീഴ്‌മേല്‍ മറിച്ചു. കൊല്ലം ജീസസ് ബോട്ട് ക്ലബ് തുഴഞ്ഞ വള്ളങ്ങള്‍ക്കായിരുന്നു പോയ രണ്ടുവര്‍ഷങ്ങളിലും നെഹ്രുട്രോഫി. ഇത്തവണ ജീസസ് ബോട്ട് ക്ലബ് തുഴഞ്ഞത് കാരിച്ചാലായതിനാല്‍ അവര്‍ ജയിച്ചേക്കുമെന്ന് കാണികളിലൊരുവിഭാഗം കണക്കുകൂട്ടിയിരുന്നു.
1,272 മീറ്റര്‍ നീളമുള്ള ട്രാക്ക് നാലുമിനിറ്റ് 50.68 സെക്കന്‍ഡ് സമയംകൊണ്ട് തുഴഞ്ഞെത്തിയാണ് ജവഹര്‍ തായങ്കരി വിജയം കണ്ടത്.
പ്രാഥമിക മത്സരത്തില്‍ ഒന്നുമുതല്‍ മൂന്നുവരെ സ്ഥാനങ്ങളിലെത്തിയവര്‍ക്കായി നടത്തിയ ലൂസേഴ്‌സ് ഫൈനലിലെ ജേതാക്കള്‍: 1. ദേവസ് (സെന്റ് ജോര്‍ജ് ബോട്ട്ക്ലബ്, കൊല്ലം), 2. കാരിച്ചാല്‍ (ജീസസ് ബോട്ട്ക്ലബ്, കൊല്ലം). 3. വെള്ളംകുളങ്ങര (കാക്കത്തുരുത്ത് ബോട്ട്ക്ലബ്, എരമല്ലൂര്‍).ഇവരെ യഥാക്രമം അഞ്ചുമുതല്‍ എട്ടുവരെ സ്ഥാനക്കാരായി പ്രഖ്യാപിച്ചു. ജേതാക്കള്‍ക്ക് മന്ത്രി ജി. സുധാകരന്‍, എം.പി.മാരായ സീതാറാം യെച്ചൂരി, കെ.സി. വേണുഗോപാല്‍ എന്നിവര്‍ ചേര്‍ന്ന് ട്രോഫികള്‍ സമ്മാനിച്ചു.