Mathrubhumi Logo
  nehrutrophy

ചുണ്ടന്‍ പണ്ട് പ്രൗഢിയുടെ ചിഹ്നം

-ജോയ് വര്‍ഗീസ്‌ Posted on: 12 Aug 2010


വെങ്കിട്ടനാരായണന്‍ ആശാരി ആദ്യചുണ്ടന്‍ പണിതശേഷം പിന്നീട് ചെമ്പകശ്ശേരി രാജ്യത്ത് പല കരക്കാരും ചുണ്ടന്‍ പണിതിറക്കി. പോരാട്ടരംഗത്തെ ജലവാഹനമായിരുന്ന യുദ്ധത്തോണിയുടെ ചുവടുപിടിച്ച് പണിയുന്ന ചുണ്ടന്‍ സ്വന്തമാക്കുന്നത് ചെമ്പകശ്ശേരിയിലെ കരക്കാര്‍ അഭിമാനമായിക്കരുതിയിരുന്നു. വള്ളവും വെള്ളവും ജീവരക്തത്തിലലിഞ്ഞ ജനസമൂഹമുള്ള കുട്ടനാട് ചെമ്പകശ്ശേരി രാജ്യത്തിന്റെ ഭാഗമായിരുന്നു.

വെങ്കിട്ടനാരായണന്‍ ആശാരി പിന്നീട് പല ചുണ്ടന്‍വള്ളങ്ങളും പണിതിട്ടുണ്ടെന്നാണ് ചരിത്രം. ഇദ്ദേഹത്തിന്റെ പിന്മുറക്കാരും ചുണ്ടന്‍വള്ളനിര്‍മാണത്തില്‍ പ്രാവീണ്യം നേടിയിരുന്നു. പുതിയ ഒരു ജലവാഹനം നിര്‍മിക്കുകയും അതുകൊണ്ട് യുദ്ധം ജയിക്കുകയും ചെയ്തതിലുള്ള സന്തോഷത്തില്‍ ചെമ്പകശ്ശേരി രാജാക്കന്മാരുടെ പേരിനൊപ്പം ചേര്‍ത്തിരുന്ന 'ദേവ' എന്ന നാമം തന്റെ പേരിനൊപ്പം കൂട്ടിച്ചേര്‍ക്കാന്‍ അനുമതി നല്‍കിയിരുന്നു. വെങ്കിട്ടദേവ നാരായണന്‍ ആശാരി എന്നാണ് പില്‍ക്കാലത്ത് അദ്ദേഹം അറിയപ്പെട്ടിരുന്നത്.

പ്രാരംഭകാലത്ത് ചുണ്ടന്‍ ഒരു കളിയോടമായിരുന്നില്ല. എങ്ങും മത്സരങ്ങളോ വള്ളംകളിയോ ഉണ്ടായിരുന്നില്ല. ജലപാതകള്‍ക്ക് റോഡുകളെക്കാള്‍ പ്രാമുഖ്യം ഉണ്ടായിരുന്ന കാലമായിരുന്നു അന്ന്. റോഡുകള്‍തന്നെ വളരെ വിരളം. ആര്‍ഭാടത്തിന്റെയും പ്രൗഢിയുടെയും ചിഹ്നമായിരുന്നു അന്ന് ചുണ്ടന്‍. ആഘോഷങ്ങള്‍ കൊഴുപ്പിക്കാന്‍ ചുണ്ടന്‍ വേണമായിരുന്നു. ആഘോഷങ്ങള്‍ക്കും പ്രധാന ചടങ്ങുകള്‍ക്കും ചുണ്ടന്‍ പ്രധാന ഘടകമായി.

ജലപാതകളിലൂടെയുള്ള ജലഘോഷയാത്രയായിരുന്നു അന്ന് ആഘോഷങ്ങളുടെ മുഖ്യ ഇനം. യാത്രാവള്ളങ്ങളും കൊതുമ്പുവള്ളങ്ങളും അണിനിരക്കുന്ന ജലഘോഷയാത്രയില്‍ മുത്തുക്കുടകളും ആലവട്ടവും വെഞ്ചാമരവും ഒക്കൊയായി ചുണ്ടന്‍ പ്രധാന ആകര്‍ഷകഘടകമാവും. മേളക്കാരും നടനക്കാരും ഒക്കെ ചുണ്ടനില്‍ കയറി താളമിട്ടും പാടിയും ആടിയും തകര്‍ക്കും. രാജകുടുംബങ്ങളുടെ യാത്ര രാജകീയമാക്കാന്‍ ചുണ്ടനുണ്ടാവും. രാജാവ് എഴുന്നള്ളുമ്പോഴും വിശിഷ്ടാതിഥികള്‍ക്ക് വരവേല്‍പ്പ് നല്‍കുമ്പോഴും ക്ഷേത്രത്തില്‍ ആറാട്ട് നടക്കുമ്പോഴും ചുണ്ടന്‍ സര്‍വവിധ ആഡംബരത്തോടെ എഴുന്നള്ളും. അമരത്ത് ആനയുടെ നെറ്റിപ്പട്ടം കെട്ടും.

പണ്ടുകാലത്ത് ചുണ്ടന് ഇന്നത്തെ രൂപവും ഭാവവും ആയിരുന്നില്ല. നീളം ഇന്നുള്ളതിന്റെ മുക്കാല്‍ ഭാഗമേയുള്ളു. നല്ല വീതിയായിരുന്നു. അണിയവും അമരവും ചുണ്ടും ജലനിരപ്പില്‍നിന്ന് ഉയര്‍ന്നിരുന്നു. ജലപ്പരപ്പില്‍ കിടന്നാല്‍ ഒരു ആനച്ചന്തം.

ചുണ്ടന്റെ ആദ്യരൂപമായിരുന്ന യുദ്ധത്തോണികള്‍ കായല്‍പ്പരപ്പില്‍ പോരാട്ടത്തിനെത്തുമ്പോള്‍ അനുധാവനം ചെയ്തിരുന്നതാണ് 'വെപ്പ്' വള്ളങ്ങള്‍. ചുണ്ടന്റെ ഒരു മിനിപതിപ്പ് ആണ് ഈ വള്ളം. ചുണ്ടനിലെ പടയാളികള്‍ ക്കുള്ള ഭക്ഷണം ഒരുക്കുന്നത് ഈ വള്ളങ്ങളിലായിരുന്നത്രേ. അരി വെച്ചിരുന്നതുകൊണ്ടാവാം ഈ ജലവാഹനത്തിന് 'വെപ്പ്' എന്ന പേരുവീണതെന്ന് കരുതപ്പെടുന്നു. വെപ്പ് വള്ളങ്ങളും ഇപ്പോള്‍ കളിയോടങ്ങളാണ്.

പണ്ട് നാട്ടുകാരുടെ യാത്രയൊക്കെ ജലവാഹനത്തിലായിരുന്നു. ചുരുളന്‍ വള്ളങ്ങളിലാണ് ജനം യാത്ര ചെയ്തിരുന്നത്. അണിയവും അമരവും ചുരുണ്ടിരിക്കും. യാത്രക്കാരെ രാത്രി കൊള്ളയടിക്കാന്‍ കായലില്‍ അക്കാലത്ത് കവര്‍ച്ചസംഘങ്ങള്‍ ഉണ്ടായിരുന്നു. കവര്‍ച്ചക്കാര്‍ ഉപയോഗിച്ചിരുന്നത് 'ഇരുട്ടുകുത്തി' വള്ളങ്ങളാണ്. ഇരുട്ടില്‍ വേഗത്തില്‍ വരുന്നതുകൊണ്ട് 'ഇരുട്ടുകുത്തി' എന്ന് പേരുവീണു.

വെപ്പ്, ഇരുട്ടുകുത്തി, ചുരുളന്‍ എന്നീ വള്ളങ്ങളും പിന്നീട് കളിയോടങ്ങളായി. ഈ മൂന്നിനത്തിലും ജലമേളയില്‍ മത്സരം ഉണ്ട്.



ganangal


മറ്റു വാര്‍ത്തകള്‍

  12 3 »

 

വീഡിയോ

നെഹ്രുട്രോഫി ജവഹര്‍ തായങ്കരിക്ക്

---------------------------------------------

Discuss