Mathrubhumi Logo
  nehrutrophy

ചുണ്ടന്‍ പോരുവള്ളമായി

-ജോയ് വര്‍ഗീസ്‌ Posted on: 12 Aug 2010


വള്ളംകളി എന്നു തുടങ്ങിയെന്നതു സംബന്ധിച്ച് തെളിവുകളില്ല. എങ്കിലും നൂറ്റുണ്ടുകള്‍ക്ക് മുമ്പുതന്നെ വള്ളംകളി സംഘടിപ്പിച്ചിരുന്നുവെന്നാണ് കരുതപ്പെടുന്നത്. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം എന്നീ ആരാധനാലയങ്ങളിലെ പ്രതിഷ്ഠയുടെ സ്മരണക്കായി ജലോത്സവം നൂറ്റാണ്ടുകള്‍ക്ക് മുമ്പേ ആരംഭിച്ചിരുന്നുവെന്ന് ചരിത്രമുണ്ട്. അന്നത്തെ ജലഘോഷയാത്രയും ജലോത്സവവും വള്ളംകളിയും ഒക്കെ ഒന്നായിരുന്നുവെന്ന ഒരു അഭിപ്രായമുണ്ട്. ആഘോഷ വേളകളില്‍ ചെറുവള്ളങ്ങള്‍ക്കൊപ്പം ചുണ്ടന്‍ വള്ളങ്ങള്‍ അണിഞ്ഞൊരുങ്ങി ആടിപ്പാടി തുഴഞ്ഞു പോവുന്നതായിരുന്നു ജലഘോഷയാത്രയും ജലോത്സവവും വള്ളംകളിയും.

വള്ളംകളിയും മത്സരവള്ളംകളിയും തമ്മില്‍ വ്യത്യാസമുണ്ട്. മത്സരവള്ളംകളി ആരംഭിക്കുന്നത് 1940 കളുടെ തുടക്കത്തിലായിരുന്നുവത്രേ. ചുണ്ടന്‍ വള്ളങ്ങള്‍ പോരുവള്ളങ്ങളാവുന്നത് അതോടെയാണ്. ഒരിടത്ത് ചുണ്ടന്‍ വള്ളങ്ങള്‍ ഒന്നിച്ച് തുഴച്ചില്‍തുടങ്ങി നിശ്ചിത മത്സരദൂരം തുഴഞ്ഞ് മറ്റൊരിടത്ത് എത്തുന്ന തരത്തിലാണ് മത്സരവള്ളംകളി സംഘടിപ്പിക്കുന്നത്.

ചമ്പക്കുളത്തും പായിപ്പാട്ടും പണ്ടേ വള്ളംകളിയുണ്ടായിരുന്നു. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠയുമായി ബന്ധപ്പെട്ടാണ് ചമ്പക്കുളത്ത് കളിയെങ്കില്‍ ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠയുമായി പായിപ്പാട് വള്ളംകളി ബന്ധപ്പെട്ടുകിടക്കുന്നു. ചുണ്ടന്‍ വള്ളങ്ങളും ചെറുകളിയോടങ്ങളും ഒന്നിച്ചു തുഴഞ്ഞുവരുന്നതാണ് പണ്ടുകാലത്ത് നടന്ന വള്ളംകളി. നെഹ്രുട്രോഫി ആദ്യം മുതല്‍ക്കേ മത്സരവള്ളം കളിയായിരുന്നു. കാലക്രമേണ ചമ്പക്കുളത്തും പായിപ്പാട്ടും മറ്റുദിക്കുകളിലും വള്ളംകളി മത്സരവള്ളംകളിയായി മാറി.

കൊല്ലത്ത് മണ്‍റോ തുരുത്തില്‍ ബ്രിട്ടീഷ് വൈസ്രോയി 40കളില്‍ ഒരു മത്സരവള്ളംകളി നടത്തിയതായി രേഖയുണ്ട്. ഒരുപക്ഷേ അതായിരിക്കാം ആദ്യത്തെ മത്സരവള്ളംകളി.

വള്ളംകളി മത്സരവള്ളംകളി ആവുന്നതിനുമുമ്പ് ചുണ്ടന്‍ വള്ളങ്ങള്‍ക്ക് പള്ളിയോടങ്ങളുടെ രൂപമായിരുന്നു. വീതി കൂടി, നീളം കുറഞ്ഞ്,അണിയവും (മുന്‍ഭാഗം) അമരവും (പിന്‍ഭാഗം) ഉയര്‍ന്നതായിരുന്നു പഴയ ചുണ്ടന്‍ വള്ളങ്ങള്‍. കാണാന്‍ അഴക്, ഓളപ്പരപ്പില്‍ കിടക്കുമ്പോള്‍ പ്രൗഢിയുടെ പ്രതീകം. അതുകൊണ്ടാണ് ചുണ്ടന് ജലരാജാവ് എന്ന് പേര് വീണത്. മത്സരവള്ളംകളി വന്നതോടെ ചുണ്ടന്റെ നീളം കൂടി, വീതികുറഞ്ഞു. അണിയവും അമരവും താഴ്ത്തി. ഭാരം കുറച്ച് ജലനിരപ്പിന് സമാന്തരമായി കുതിക്കാന്‍ ചുണ്ടനിലുണ്ടാക്കിയ രൂപമാറ്റം വേഗം വളരെയേറെ വര്‍ധിപ്പിച്ചിട്ടുണ്ട്.

പഴയ ചുണ്ടന്റെ രൂപം ഇന്നും അതേപടി നിലനിര്‍ത്തുന്നതാണ് ആറന്മുള പള്ളിയോടം. മത്സരത്തിന് മുന്‍തൂക്കം നല്‍കി രൂപമാറ്റം ഉണ്ടായതാണ് കുട്ടനാടന്‍ ചുണ്ടന്‍.

50 കളില്‍ മത്സരവള്ളംകളിക്ക് പ്രാമുഖ്യം വന്നുതുടങ്ങി. നെഹ്രു ട്രോഫി വള്ളംകളി ആരംഭിച്ചതോടെ മത്സരത്തിന് തീവ്രതയേറി. ഓളപ്പരപ്പിലെ സുന്ദര നൗകകള്‍ക്ക് സൗന്ദര്യം അല്പം കുറഞ്ഞുപോയെങ്കിലും കുട്ടനാടല്‍ ചുണ്ടന്റെ 'സ്​പീഡ്' ലോകമെങ്ങും കീര്‍ത്തി പരത്തി. കൊള്ളിമീന്‍ പോലെ, ചാട്ടുളി പോലെ, കരിനാഗം പോലെ തുടങ്ങിയ വേഗത്തിന്റെ വാക്പ്രയോഗങ്ങള്‍ കുട്ടനാടന്‍ ചുണ്ടനെ ചുറ്റിനിന്നു. ഇന്ന് ജലോത്സവങ്ങളെല്ലാം മത്സരവള്ളംകളികളായിക്കഴിഞ്ഞു.



ganangal


മറ്റു വാര്‍ത്തകള്‍

  12 3 »

 

വീഡിയോ

നെഹ്രുട്രോഫി ജവഹര്‍ തായങ്കരിക്ക്

---------------------------------------------

Discuss