Mathrubhumi Logo
  nehrutrophy

ചുണ്ടന് വീട്ടമ്മമാരുടെ മുട്ട സഹായം

-ജോയ് വര്‍ഗീസ്‌ Posted on: 12 Aug 2010


പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പായിപ്പാട്ടുകാര്‍ ചുണ്ടന്‍ നിര്‍മിച്ചതില്‍ ഒരു വാശിയുടെ കഥയുണ്ട്. എടത്വായിലെ പച്ചച്ചുണ്ടന്‍ വാടകയ്‌ക്കെടുത്താണ് പായിപ്പാട്ടുകാര്‍ വള്ളംകളിക്കു പൊയ്‌ക്കൊണ്ടിരുന്നത്. ഒരു തവണ എടത്വാക്കാര്‍തന്നെ തുഴയാന്‍ തീരുമാനിച്ചതിനാല്‍ ചുണ്ടന്‍ കിട്ടിയില്ല. നിരാശ വാശിയായി. ഒരു ചുണ്ടന്‍ ഉണ്ടാക്കിയേ അടങ്ങൂ എന്ന ദൃഢനിശ്ചയത്തിലായി നാട്ടുകാര്‍. എല്ലാവിഭാഗം ആളുകളും സഹകരിച്ചു. 251 പേര്‍ ഓഹരിയെടുത്തു.

പണിയുടെ അവസാനഘട്ടമായപ്പോള്‍ പണം തികയുന്നില്ല. നിര്‍മാണത്തിന് നേതൃത്വം നല്‍കിയവര്‍ വിഷമിച്ചിരിക്കുമ്പോള്‍ ദാ വരുന്നു, വീട്ടമ്മമാരുടെ സംഘം. പത്തുപന്ത്രണ്ട് കുട്ടകള്‍ നിറയെ മുട്ടയുമായിട്ടാണ് അവരുടെ വരവ്. വീട്ടിലെ കോഴിയിട്ട മുട്ടയും വയലില്‍ താറാവിന്‍പറ്റത്തെ തീറ്റയ്ക്കിറക്കാന്‍ അനുവാദം നല്‍കുന്നതിന് പ്രതിഫലമായിക്കിട്ടുന്ന താറാവിന്‍മുട്ടയും വീട്ടമ്മമാരുടെ കസ്റ്റഡിയിലായിരുന്നല്ലോ. മുട്ട വിറ്റു കിട്ടിയ പണവും വള്ളംപണിക്ക് ചെലവഴിച്ചു. കരയിലെ പെണ്‍കൂട്ടത്തിന് ചുണ്ടന്റെ പണിയില്‍ പങ്കാളികളാവാന്‍ കഴിഞ്ഞതില്‍ സന്തോഷം.

പായിപ്പാട്ടുചുണ്ടന്‍ പലതവണ പുതുക്കിപ്പണിതിട്ടുണ്ട്. പച്ചച്ചുണ്ടന്റെ മോഡലിയായിരുന്നു പായിപ്പാട്ടുചുണ്ടന്റെയും പണി.

ചങ്ങംകരിക്കാര്‍ക്കുണ്ടായ വാശിയാണ് സെന്റ് ജോര്‍ജ് ചുണ്ടന്റെ പിറവിക്ക് പിന്നില്‍. ചങ്ങനാശ്ശേരി ബിഷപ്പായിരുന്ന ദൈവദാസന്‍ മാര്‍ തോമസ് കുര്യാളശ്ശേരിയുടെ ഭൗതികാവശിഷ്ടത്തിന് വരവേല്‍പ്പു നല്‍കാന്‍ ഒരു ചുണ്ടന്‍ വാടകയ്‌ക്കെടുക്കാന്‍ ചങ്ങംകരിയിലെ നാട്ടുപ്രമാണിമാര്‍ ആറന്മുളയിലെത്തി. വിശ്വാസം പോരാഞ്ഞിട്ട് ആറന്മുളക്കാര്‍ ചുണ്ടന്‍ കൊടുത്തില്ല. ഇനി ചുണ്ടനുവേണ്ടി ആരുടെയും പടിവാതില്‍ക്കല്‍ പോവുന്ന പ്രശ്‌നമില്ലെന്ന് ശപഥമെടുത്ത നാട്ടുകാര്‍ സംഘടിച്ച് നിര്‍മിച്ച ചുണ്ടനാണ് സെന്റ് ജോര്‍ജ്.

കുമരകത്തെ കല്ലൂപ്പറമ്പില്‍ തറവാട്ടുകാരുടെ ചുണ്ടനാണ് കല്ലൂപ്പറമ്പന്‍. കുടുംബത്തിന്റെ വള്ളംകളിപ്രേമമാണ്, നാട്ടുകാര്‍ ഒത്തുപിടിച്ച് ചുണ്ടന്‍പണിയുന്ന കാലത്ത് ഒരു കുടുംബക്കാര്‍തന്നെ ചുണ്ടന്‍ നിര്‍മിച്ചത്.

ചമ്പക്കുളം ചുണ്ടനില്‍ തുഴഞ്ഞവര്‍ രണ്ടായപ്പോള്‍ പിറന്നതാണ് നടുഭാഗം. അമിച്ചകരി, നടുഭാഗം എന്നീ കരക്കാര്‍ക്കായി ചമ്പക്കുളം എന്ന പേരില്‍ ഒരു ചുണ്ടനാണുണ്ടായിരുന്നത്. ചുണ്ടന്‍ കേടായപ്പോള്‍ അമിച്ചകരിയിലെ കരയ്ക്കു കയറ്റിവെച്ചു. ഈ വേളയില്‍ നടുഭാഗം കരക്കാര്‍ ചുണ്ടനിലെ പങ്കുവിട്ടു. അവര്‍ വെമ്പാലയില്‍നിന്ന് ഒരു വള്ളം വാങ്ങി നടുഭാഗം എന്നു പേരിട്ടു. നടുഭാഗം ചുണ്ടനിലാണ് 1952ല്‍ അന്നത്തെ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രു യാത്രചെയ്തത്. അമിച്ചകരിക്കാര്‍ ചമ്പക്കുളം ചുണ്ടന്‍ പുതുക്കിപ്പണിത് മേന്മയുള്ളതാക്കിയിട്ടുണ്ട്.

പണിതിറക്കിയ വര്‍ഷം തന്നെ നെഹ്രു ട്രോഫി നേടിയ ചരിത്രം പുളിങ്കുന്ന് ചുണ്ടനുണ്ട്. പണ്ടുമുതല്‍ലുണ്ടായിരുന്ന 'മാത്തുക്കുട്ടി വള്ളം' വിറ്റാണ് പുളിങ്കുന്നുകാര്‍ 1966ല്‍ ചുണ്ടന്‍ നിര്‍മിച്ചത്. '66ലും '67ലും നെഹ്രു ട്രോഫി നേടിയ ചുണ്ടന്‍ പിന്നീട് മത്സരവള്ളംകളിയില്‍ പിന്തള്ളപ്പെട്ടുപോയി. കൈനരിക്കാരില്‍നിന്ന് കാവാലം കൊച്ചുപുരയ്ക്കല്‍ തൊമ്മച്ചന്‍ വാങ്ങിയ കളിവള്ളമാണ് കാവാലം ചുണ്ടന്‍. കൈനകരി പുത്തന്‍ചുണ്ടന്‍ പേരു മാറി കാവാലമാവുകയായിരുന്നു. ആയാപറമ്പുകാരുടെതാണ് വലിയ ദിവാന്‍ജി. ആലപ്പുഴയില്‍ നഗരശില്പി രാജാ കേശവദാസന് സ്മാരകമില്ലെങ്കിലും ആയാപറമ്പുകാര്‍ ദിവാനെ മറന്നിട്ടില്ല.

കാരിച്ചാല്‍ കരക്കാരുടെതാണ് കാരിച്ചാല്‍ ചുണ്ടന്‍. പണ്ട് ആറന്മുളയില്‍നിന്നു വാങ്ങിയ ചുണ്ടന്‍ കാലപ്പഴക്കത്താല്‍ കേടു പറ്റിയതിനാല്‍ 1972ലാണ് കരക്കാര്‍ പുതിയ ചുണ്ടന്‍ നിര്‍മിച്ചത്. ഇതിനിടയില്‍ 20 വര്‍ഷത്തോളം കാരിച്ചാല്‍ കരക്കാര്‍ വള്ളം വാടകയ്‌ക്കെടുത്തു കളിക്കുകയായിരുന്നു. ആനാരിക്കാര്‍ക്ക് ആദ്യം ഒരു പള്ളിയോടമാണ് ഉണ്ടായിരുന്നത്. അതു ലേലത്തില്‍ വിറ്റ ശേഷമാണ് ആനാരി പുത്തന്‍ ചുണ്ടന്‍ പണിതത്.

കണ്ടങ്കരിക്കാര്‍ നെഹ്രു ട്രോഫിയുടെ ഫൈനലില്‍ ഒരു തവണയേ എത്തിയിട്ടുള്ളൂ. അത് 50 വര്‍ഷം മുമ്പ്. കൂടെ പുല്ലങ്ങടിക്കാരുമുണ്ടായിരുന്നു. വാടകയ്ക്ക് വള്ളമെടുത്ത് ഫൈനലില്‍ തുഴഞ്ഞതിന്റെ ആവേശത്തില്‍ അടുത്ത വര്‍ഷം കണ്ടങ്കരിക്കരക്കാര്‍ തനിയെ ഒരു ചുണ്ടന്‍ പണിതു. ഇതാണ് കണ്ടങ്കരിച്ചുണ്ടന്‍. പക്ഷേ, പിന്നീട് കണ്ടങ്കരിക്കാര്‍ നെഹ്രു ട്രോഫിയില്‍ പച്ചതൊട്ടില്ലെന്നത് മറ്റൊരു കാര്യം.



ganangal


മറ്റു വാര്‍ത്തകള്‍

  12 3 »

 

വീഡിയോ

നെഹ്രുട്രോഫി ജവഹര്‍ തായങ്കരിക്ക്

---------------------------------------------

Discuss