തുഴക്കരുത്ത് പകരാന്‍ വള്ളസദ്യ
-ജോയ് വര്‍ഗീസ് Posted on: 12 Aug 2010

വള്ളസദ്യയുടെ കാലമായി. ജലമേളയില്‍ പങ്കെടുക്കാന്‍ തുഴക്കാര്‍ കളിയോടത്തിലേറി പരിശീലനം നടത്തുന്ന വേളയിലാണ് വള്ളസദ്യ ഒരുക്കാറുള്ളത്. നെഹ്രുട്രോഫിയില്‍ ഉന്നമിട്ട് ചുണ്ടന്‍വള്ളങ്ങള്‍ പലയിടത്തും പരിശീലനം തുടങ്ങിക്കഴിഞ്ഞു.
പരിശീലനം നടത്തുന്ന ആറ്റുതീരത്ത് ഉച്ചനേരത്തെ ഇടവേളയിലാണ് സദ്യ. ഒരു ചുണ്ടന്‍ പരിശീലനം നടത്തുമ്പോള്‍ തുഴക്കാരും ബോട്ടുക്ലബ്ബുകാരും നാട്ടുപ്രമാണികളും ഒക്കെയടക്കം 300 പേരെങ്കിലും സദ്യക്ക് കാണും. ഇറച്ചിയും മീനും കൂട്ടിയുള്ള ഊണ്. തുഴക്കാരുടെ കായബലം കാത്തുസൂക്ഷിക്കാന്‍ സദ്യ കനത്തതായിരിക്കും. എട്ടുമുതല്‍ 12 ദിവസംവരെ ചുണ്ടന്‍വള്ളങ്ങള്‍ പരിശീലനം നടത്താറുണ്ട്. ഒരു ദിവസം 10, 000 രൂപയെങ്കിലും സദ്യക്ക് ചെലവുവരും. കരക്കാര്‍തന്നെ ചുണ്ടന്‍വള്ളം കളിക്കാന്‍ കൊണ്ടുപോയിരുന്ന കാലത്ത് വള്ളസദ്യ കെങ്കേമമായിരുന്നു. വള്ളസദ്യയൊരുക്കാന്‍ കരപ്രമാണിമാര്‍ മത്സരിച്ചു. ഇതില്‍ അവര്‍ അഭിമാനം കൊണ്ടിരുന്നു. എന്നാല്‍ കരക്കാര്‍ മാറി മത്സരരംഗത്ത് ബോട്ടുക്ലബ്ബുകള്‍ വന്നതോടെ വള്ളസദ്യ കുറഞ്ഞിരിക്കുകയാണ്. ഇപ്പോള്‍ ചിലയിടങ്ങളില്‍ മാത്രമേയുള്ളൂ. കൂടുതല്‍ സ്ഥലത്തും 'ബിരിയാണി പാക്കറ്റുകള്‍' കൊടുക്കുകയാണ്.
ശരിക്കും വള്ളസദ്യ എന്നാല്‍ ഒരു ആചാരമാണ്. ഇത് ആറന്മുളയില്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. സാംസ്‌കാരിക ചരിത്രത്തില്‍ ഒരു നിശബ്ദവിപ്ലവം വള്ളസദ്യയിലൂടെ നടന്നിട്ടുണ്ട്. മത്സരവള്ളംകളി വരുന്നതിനുമുമ്പ് 'വെറും വള്ളംകളി' കാലത്ത് വള്ളസദ്യ പ്രധാനമായിരുന്നു. വള്ളം പണിയുന്ന വേളയിലും വള്ളം നീറ്റിലിറക്കുന്ന ദിവസവും പരിശീലനം നടത്തുമ്പോഴും വള്ളസദ്യ നടത്താറുണ്ടെന്നാണ് ചരിത്രം. വരുന്നവര്‍ക്കെല്ലാം വയറുനിറയെ ഭക്ഷണം എന്നതാണ് വള്ളസദ്യയുടെ പ്രമാണം. ജാതി-മത-വര്‍ഗ വിവേചനമില്ലാതെ എല്ലാവരും ഒന്നിച്ചിരുന്ന് ഊണുകഴിക്കുന്ന വള്ളസദ്യക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. അയിത്തോച്ചാടനത്തിന്റെ ഭാഗമായി പന്തിഭോജനമൊക്കെ വന്നത് പിന്നീടാണ്. മോരും പുളിശ്ശേരിയും തോരനും അവിയലും ഒക്കെയായി തനി വെജിറ്റേറിയനാണ് പഴയകാലത്തെ വള്ളസദ്യ. പാലടപ്രഥമന്‍ നിര്‍ബന്ധമാണ്. ആറ്റുതീരത്തെ വിശാലമായ മണല്‍ത്തിട്ടയില്‍ പായവിരിച്ച് വാഴയിലയിട്ടാണ് സദ്യ. ആറ്റില്‍ മുങ്ങിക്കുളിച്ചശേഷമാണ് അന്നൊക്കെ സദ്യക്കിരിക്കുക. പണ്ട് ചുണ്ടന്‍ പണിയുന്നവര്‍ക്ക് നിത്യവും സദ്യ കൊടുത്തിരുന്നത്രെ. പിന്നീട് പണി കാണാന്‍ വരുന്നവരും സദ്യയില്‍ പങ്കാളികളായി. ഈ വേളയില്‍ ഊണ് കഴിഞ്ഞ് നാലുംകൂട്ടി മുറുക്കി വെടിവട്ടവുമായി പലരും വള്ളപ്പുരയില്‍ കഴിയും. വൈകീട്ട് വള്ളംകളിക്ക് പണം പിരിക്കാന്‍ കൂട്ടമായി കരയുടെ വിവിധ ദിക്കുകളിലേക്ക് പോകും.
കാലം മാറിയപ്പോള്‍ വള്ളസദ്യ വിരളമായി എന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍ ചുണ്ടന്‍ നീറ്റിലിറക്കുമ്പോള്‍ ഇപ്പോഴും പലയിടത്തും വള്ളസദ്യ നടക്കുന്നുണ്ട്.