രാഷ്ട്രീയകേരളം ഒത്തുകൂടി
Posted on: 31 May 2010

ആലപ്പുഴ: മാതൃഭൂമി ആലപ്പുഴ എഡിഷന്‍ ഉദ്ഘാടനവേദിക്കരികിലെ വി.ഐ.പി. ലോഞ്ച് ഞായറാഴ്ച രാവിലെ ദേശീയ-സംസ്ഥാന രാഷ്ട്രീയ-സാമൂഹിക നേതാക്കളുടെ സംഗമകേന്ദ്രമായി. ആലപ്പുഴയുടെ ചുവന്ന താരകം, വിപ്ലവനായിക കെ.ആര്‍.ഗൗരിയമ്മ വളരെ നേരത്തെയെത്തി. പിന്നീട് എസ്.ഡി.വി. സെന്‍റിനറി ഹാളിലേക്ക് രാഷ്ട്രീയനേതാക്കളുടെയും മന്ത്രിമാരുടെയും ഒഴുക്കായി.
കേന്ദ്രമന്ത്രി എ.കെ.ആന്‍റണി, കെ.ആര്‍.ഗൗരിയമ്മയുടെ അടുത്തെത്തി കുശലം പറഞ്ഞു. ഈസമയത്ത് കെ.പി.സി.സി. പ്രസിഡന്‍റ് രമേശ് ചെന്നിത്തലയും പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയും ഗൗരവമായ രാഷ്ട്രീയചര്‍ച്ചയിലായിരുന്നു. കെ.എം.മാണി എത്തിയപ്പോള്‍ ഇരുവരും അഭിവാദ്യം ചെയ്തു.
മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രന്‍, എന്‍.കെ.പ്രേമചന്ദ്രന്‍, ജോസ് തെറ്റയില്‍, എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, ധീവരസഭ ജന. സെക്രട്ടറി വി.ദിനകരന്‍, മുന്‍മന്ത്രി ടി.എം.ജേക്കബ്, സി.കെ.ചന്ദ്രപ്പന്‍, കെ.സി.വേണുഗോപാല്‍ എം.പി. എന്നിവരെല്ലാം വി.ഐ.പി. ലോഞ്ചില്‍ ചര്‍ച്ചകളില്‍ മുഴുകി.
എ.കെ.ആന്‍റണി കുശലപ്രശ്‌നങ്ങളുമായി ഓരോരുത്തരുടെയും അടുത്തെത്തി. സൗഹൃദസംഭാഷണങ്ങള്‍ ഇടയ്ക്കിടെ രാഷ്ട്രീയത്തിലേക്ക് വഴിതെറ്റി.
ഒടുവില്‍ ഉദ്ഘാടനച്ചടങ്ങിന്റെ സമയമായി. വേദിയിലേക്ക് വന്നപ്പോഴും രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും രഹസ്യം പങ്കിടുന്നുണ്ടായിരുന്നു.
ബി.ജെ.പി. സംസ്ഥാന പ്രസിഡന്‍റ് വി.മുരളീധരന്‍, മുന്‍ എം.എല്‍.എ.മാരായ കെ.കൃഷ്ണന്‍കുട്ടി, ഷിബു ബേബിജോണ്‍ എന്നിവരും നേരത്തേതന്നെ വി.ഐ.പി. ലോഞ്ചിലെത്തിയിരുന്നു. ചടങ്ങുകള്‍ സമാപിച്ചതോടെ പഴയകാല സഖാക്കളായ കെ.ആര്‍.ഗൗരിയമ്മയും എം.വി.രാഘവനും കൈപിടിച്ചുകൊണ്ട് വേദിയില്‍നിന്നിറങ്ങിവന്നതും മറ്റൊരു കൗതുകക്കാഴ്ചയായി.