Mathrubhumi Logo
  Alappuzha Edition - Heading

അവഗണിക്കാന്‍ കഴിയാത്ത സ്വാധീനശക്തി

വി.എസ്. അച്യുതാനന്ദന്‍ Posted on: 31 May 2010

മാതൃഭൂമിയുടെ ആലപ്പുഴ എഡിഷന്‍ ആസ്ഥാനമന്ദിരത്തിനു വേണ്ടി നിര്‍മിച്ച വി.എം. നായര്‍ സ്മാരകം അതിസന്തോഷത്തോടെ ഉദ്ഘാടനം ചെയ്തതായി അറിയിക്കുന്നു. പാവപ്പെട്ട കര്‍ഷകത്തൊഴിലാളികളും കയര്‍ത്തൊഴിലാളികളും മീന്‍പിടിത്തത്തൊഴിലാളികളുമാണ് ആലപ്പുഴയിലെ മഹാഭൂരിപക്ഷം. ഐതിഹാസികമായ പുന്നപ്ര - വയലാര്‍സമരത്തിന്റെ നാട്. അധ്വാനിക്കുന്ന തൊഴിലാളികളുടെ താത്പര്യത്തിനും ദേശസ്‌നേഹികളുടെ താത്പര്യത്തിനും മുന്‍തൂക്കം കൊടുക്കുകയാണ് പുരോഗമനസ്വഭാവമുള്ള ഏതൊരു മാധ്യമത്തിന്റെയും കടമ. മാതൃഭൂമിയുടെ പുതിയ എഡിഷന്‍ ആ വിശ്വാസത്തെ നിരാശപ്പെടുത്തില്ലെന്ന പ്രതീക്ഷയോടെയാണ് ആലപ്പുഴയിലേക്ക് സ്വാഗതം ചെയ്യുന്നത്.

കേരളത്തില്‍നിന്നുള്ള ആദ്യതലമുറ മാനേജ്‌മെന്റ് പ്രതിഭകളില്‍ ഒരാളായിരുന്നു വി.എം. നായര്‍. ഒരു പ്രത്യേക ഘട്ടത്തില്‍ മാനേജ്‌മെന്റ് ചുമതല ഏറ്റെടുത്ത വി.എം. നായര്‍ മാതൃഭൂമിയെ കെട്ടിലും മട്ടിലും ഏറെ മാറ്റുന്നതില്‍ വലിയ പങ്ക് വഹിച്ചു. പത്ര ഉടമസ്ഥന്‍ എന്നതിനൊപ്പം ശ്രദ്ധേയനായ ഒരു ഗദ്യകാരന്‍ കൂടിയായിരുന്നു അദ്ദേഹം.

കേരളത്തില്‍ ദേശീയസ്വാതന്ത്ര്യസമരപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിലും അയിത്തോച്ചാടനപ്രസ്ഥാനം വളര്‍ത്തുന്നതിലുമെല്ലാം നേതൃപരമായ പങ്ക് വഹിച്ച പത്രമാണ് മാതൃഭൂമി. നിയമലംഘനപ്രസ്ഥാനത്തിന്റെയും ഉപ്പുസത്യാഗ്രഹത്തിന്റെയും ക്ഷേത്രപ്രവേശനസമരങ്ങളുടെയുമെല്ലാം പ്രചോദിത കേന്ദ്രവും പ്രചാരകനും സംഘാടകനുമായി നിന്ന പത്രമാണിത്. കോണ്‍ഗ്രസ്സിന്റെ മുഖപത്രമായി രൂപംകൊണ്ട മാതൃഭൂമി പില്‍ക്കാലത്ത് ഏറെക്കുറെ ആ സ്വഭാവത്തില്‍നിന്നു മാറി. കോണ്‍ഗ്രസ്സിനെ പിന്തുണയ്ക്കുമ്പോഴും വിമര്‍ശിക്കുന്ന വാര്‍ത്തകള്‍ക്ക് സ്ഥാനം നല്‍കുകയും എതിര്‍ശബ്ദങ്ങള്‍ കേള്‍പ്പിക്കുകയും ചെയ്യുന്ന സമീപനം സ്വീകരിച്ചു. ഒരു പൊതുപത്രം എന്ന രൂപത്തിലുള്ള ഈ മാറ്റത്തിനും വി.എം. നായര്‍ വലിയ സംഭാവനചെയ്തു.

മലയാളികളുടെ സാമൂഹിക - സാംസ്‌കാരിക ജീവിതത്തിലെ വലിയ സ്വാധീനശക്തികളിലൊന്നാണിന്ന് മാതൃഭൂമി ദിനപത്രവും ആഴ്ചപ്പതിപ്പും. നയപരമായും സമീപനത്തിലും എതിര്‍പ്പുള്ളവര്‍ക്കും അവഗണിക്കാന്‍ കഴിയാത്ത സ്വാധീനശക്തി മുക്കാല്‍ നൂറ്റാണ്ടുകൊണ്ട് ആര്‍ജിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ആദ്യകാലനിലപാടുകള്‍ എന്തായിരുന്നാലും കഴിഞ്ഞ രണ്ടു പതിറ്റാണ്ടില്‍ ആഗോളീകരണ സാമ്പത്തികനയങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ മാതൃഭൂമി തയ്യാറായി. വര്‍ഗീയതയ്‌ക്കെതിരെ ശക്തമായി നിലകൊള്ളുന്നുവെന്നതും സ്മരണീയമാണ്. ഭൂമാഫിയയ്ക്കും കരിമണല്‍ഖനനത്തിനും കോളക്കമ്പനികളുടെ ജലചൂഷണത്തിനും പരിസ്ഥിതിനശീകരണത്തിനും അഴിമതിക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ കഴിഞ്ഞു.

സ്വന്തം മൂലധനമല്ല പത്രസ്ഥാപനത്തെ കുത്തകയാക്കുന്നത്; സ്ഥിരം വരിക്കാരുടെയും സ്ഥിരം വായനക്കാരുടെയും ബൃഹത്‌ലോകമാണ്. ആ ലോകം ഇന്ന് ആരുടെയും കുത്തകയല്ല. ഒരു പത്രത്തിന്റെയോ ഒരു ചാനലിന്റെയോ മാത്രം ഉപഭോക്താക്കളായി ഇന്ന് ആരുമില്ല. സ്ഥിരമായി വരുത്തുന്ന പത്രമാണെന്നതിനാല്‍ മാത്രം, വരുന്ന വാര്‍ത്ത മുഴുവന്‍ കണ്ണടച്ചു വിശ്വസിക്കുന്നവരും അധികമുണ്ടാവില്ല. വായനക്കാരില്‍ നല്ലൊരു ഭാഗം കാര്യങ്ങള്‍ വിശകലനം ചെയ്യാനുള്ള ശേഷിയുള്ളവരാണ്. അതുകൊണ്ട് ബഹുജനതാത്പര്യങ്ങള്‍ക്ക് തങ്ങളുടെ സവിശേഷമായ രീതിയിലാണെങ്കിലും പ്രകാശനം നല്‍കാന്‍ മാധ്യമങ്ങള്‍ നിര്‍ബന്ധിക്കപ്പെടുന്നു. വായനക്കാരെ മാധ്യമങ്ങള്‍ നയിക്കാന്‍ ശ്രമിക്കുന്നതുപോലെ ജനങ്ങള്‍ മാധ്യമങ്ങളെയും നയിക്കുന്നുവെന്നു വേണം കരുതാന്‍. ഇങ്ങനെ മാധ്യമങ്ങളുടെ നയരൂപവത്കരണത്തില്‍ ജനാധിപത്യപരമായ പാരസ്​പര്യത്തിന് പ്രാധാന്യമുണ്ട്.

സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയതിന്റെ നൂറാം വാര്‍ഷികം ആചരിക്കുന്ന ഘട്ടമാണിത്. ദിവാന്‍ രാജഗോപാലാചാരിയുടെ അഴിമതികളും ദുര്‍വൃത്തികളും തൊലിയുരിച്ചുകാട്ടുകയും അതിനെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തതിന്റെ പേരിലാണ് രാമകൃഷ്ണപിള്ളയെ നാടുകടത്തിയത്. അഭിപ്രായസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിലെ പ്രതീകാത്മകമായ ഒരു രക്തസാക്ഷിത്വമാണ് ആ നാടുകടത്തല്‍. സ്വേച്ഛാധിപത്യത്തിനും അനീതികള്‍ക്കുമെതിരെ തന്റെ പത്രത്തിലൂടെ നിരന്തരം പൊരുതിയതിന് കേസരി ബാലകൃഷ്ണപിള്ളയ്ക്ക് പത്രം നിര്‍ത്തേണ്ടിവന്നു. പ്രസ് കണ്ടുകെട്ടപ്പെട്ടു. കേസരി ബാലകൃഷ്ണപിള്ള അന്തരിച്ചിട്ട് അരനൂറ്റാണ്ട് തികയുന്ന വര്‍ഷമാണിത്. നിര്‍ഭയ മാധ്യമപ്രവര്‍ത്തനത്തിന്റെ കുലപതികളും അഭിപ്രായസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിന്റെ നായകരുമാണവര്‍. മലയാളികളെ രാഷ്ട്രീയമായും ബൗദ്ധികമായും സാംസ്‌കാരികമായും ഏറെ വികസിപ്പിക്കുന്നതില്‍ അവരുടെ വിപ്ലവാത്മക പത്രപ്രവര്‍ത്തനം വലിയ പങ്കുവഹിച്ചു. കാലാനുസൃതം സ്വീകരിക്കപ്പെടേണ്ട മാതൃക ഇതാണ്.

ഇന്ന് നമ്മുടെ മാധ്യമരംഗത്ത് വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. മാധ്യമസ്ഥാപനത്തിന്റെ മൂലധനത്തോടൊപ്പം പരസ്യങ്ങളിലൂടെ മാധ്യമങ്ങളെ നിലനിര്‍ത്തുകയും വളര്‍ത്തുകയും ചെയ്യുന്ന മൂലധനശക്തികളുടെ സ്വാധീനവും മാധ്യമരംഗത്ത് പ്രകടമാണ്. മിക്ക മാധ്യമങ്ങളെയും ഇത് ഏതെങ്കിലുമൊരു തരത്തില്‍ ബാധിക്കുന്നുണ്ട്. മാധ്യമങ്ങള്‍ വാര്‍ത്തയ്ക്ക് സ്ഥാപനങ്ങളില്‍നിന്നും ഉടമകളില്‍നിന്നും ചാര്‍ജ് വാങ്ങുന്നു, മാധ്യമപ്രവര്‍ത്തകര്‍ കോഴയോ മാസപ്പടിയോ വാങ്ങുന്നു, പണത്തിനു വേണ്ടി വാര്‍ത്തകള്‍ സൃഷ്ടിക്കപ്പെടുന്നു എന്നെല്ലാമുള്ള വാര്‍ത്തകള്‍ ഉത്തരേന്ത്യയില്‍നിന്ന് അടുത്തിടെ പുറത്തുവന്നു. പ്രസ് കൗണ്‍സില്‍ തന്നെ ഗൗരവപൂര്‍വം കണക്കിലെടുത്തിട്ടുള്ള പ്രശ്‌നമാണിത്. മാധ്യമലോകത്തിനാകെ ദുഷേ്പരുണ്ടാക്കുന്ന ഇത്തരം അധമപ്രവണതകള്‍ മലയാളത്തിലേക്ക് കടന്നുവരാതിരിക്കാന്‍ സ്ഥാപനങ്ങളും മാധ്യമപ്രവര്‍ത്തകരും ജാഗരൂകരാകേണ്ടതുണ്ട്.

രാഷ്ട്രീയമായി വ്യത്യസ്ത അഭിപ്രായങ്ങളാണ് മാധ്യമങ്ങള്‍ക്ക്. അവയുടെ താത്പര്യങ്ങളും വ്യത്യസ്തമാണ്. എന്നാല്‍ നമ്മുടെ മാധ്യമപ്രവര്‍ത്തകര്‍ പൊതുവില്‍ സാമൂഹികപ്രതിബദ്ധതയോടെയാണ് പ്രവര്‍ത്തിക്കുന്നത്. സമൂഹനന്മയെക്കരുതിയുള്ള പ്രതിബദ്ധതയോടെയുള്ള പ്രവര്‍ത്തനം ജനങ്ങളാല്‍ അംഗീകരിക്കപ്പെടുകതന്നെ ചെയ്യും. അതേസമയം സ്ഥാപിതതാത്പര്യാര്‍ഥം വാര്‍ത്തകള്‍ വക്രീകരിക്കുകയും തമസ്‌കരിക്കുകയും പെരുപ്പിച്ചുകാട്ടുകയും ചെയ്യുന്ന പ്രവണത മാധ്യമപ്രവര്‍ത്തനത്തെ അധഃപതിപ്പിക്കുകയും ചെയ്യും. ഏറ്റവും ജനാധിപത്യവത്കൃത സമൂഹമെന്ന നിലയില്‍ മലയാളികള്‍ക്ക് ഇതെല്ലാം സ്വയം തിരിച്ചറിയാന്‍ കഴിയും. അഭിപ്രായസ്വാതന്ത്ര്യവും സുതാര്യതയും ഉറപ്പുവരുത്തലാണ് വാര്‍ത്താമാധ്യമങ്ങളുടെ ജീവന്‍. മൂലധനശക്തിയും അഭിപ്രായസ്വാതന്ത്ര്യത്തിന് പരോക്ഷമായി എതിരുനില്‍ക്കുന്നുണ്ട്. അതുകൊണ്ട് അഭിപ്രായസ്വാതന്ത്ര്യത്തിനെതിരായ എല്ലാവിധ നീക്കങ്ങളെയും ചെറുത്തുനില്‍ക്കാന്‍ മാധ്യമലോകത്തിന് കഴിയേണ്ടതുണ്ട്.

മാതൃഭൂമിയുടെ പുതിയ പതിപ്പ് ആലപ്പുഴയുടെ വികസനമുന്നേറ്റത്തില്‍ തനതായ പങ്ക് വഹിക്കുമെന്ന പ്രതീക്ഷയോടെ നിര്‍ത്തുന്നു.





ganangal


മറ്റു വാര്‍ത്തകള്‍

  12 »

രാഷ്ട്രീയകേരളം ഒത്തുകൂടി

ആലപ്പുഴ: മാതൃഭൂമി ആലപ്പുഴ എഡിഷന്‍ ഉദ്ഘാടനവേദിക്കരികിലെ വി.ഐ.പി. ലോഞ്ച് ഞായറാഴ്ച രാവിലെ ദേശീയ-സംസ്ഥാന രാഷ്ട്രീയ-സാമൂഹിക നേതാക്കളുടെ സംഗമകേന്ദ്രമായി. Read More

Discuss