Mathrubhumi Logo
  Alappuzha Edition - Heading

വികസനകാര്യത്തില്‍ പുതിയ സമീപനം വേണം -ആന്റണി

Posted on: 31 May 2010




മാതൃഭൂമി ആലപ്പുഴ എഡിഷന്‍ നാടിന് സമര്‍പ്പിച്ചു


ആലപ്പുഴ: കേരളത്തിന്റെ വികസനകാര്യത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടികളും മാധ്യമങ്ങളും പുതിയ നിലപാട് സ്വീകരിക്കേണ്ട കാലം
അതിക്രമിച്ചിരിക്കുകയാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി. വോട്ടുബാങ്ക് ലക്ഷ്യമിട്ട് രാഷ്ട്രീയക്കാരും സര്‍ക്കുലേഷന്‍ ലക്ഷ്യമിട്ട് മാധ്യമങ്ങളും പ്രവര്‍ത്തിക്കുന്നതാണ് കേരളത്തിന്റെ വികസനമുരടിപ്പിന് പ്രധാന കാരണമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനൊരു മാറ്റം കൂടിയേ കഴിയൂ. മാതൃഭൂമി ആലപ്പുഴ എഡിഷന്‍ ഉദ്ഘാടനവും കുട്ടിമാളുഅമ്മ സ്മാരകമന്ദിരസമര്‍പ്പണവും നിര്‍വഹിക്കുകയായിരുന്നു ആന്റണി.

ആലപ്പുഴ എസ്.ഡി.വി. ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നിറഞ്ഞുനിന്ന പ്രൗഢസദസ്സിനെ സാക്ഷിനിര്‍ത്തിയാണ് 'മാതൃഭൂമി'യുടെ 14-ാമത്തെ എഡിഷന് ഞായറാഴ്ച രാവിലെ തിരിതെളിയിച്ചത്. ചടങ്ങില്‍ മാതൃഭൂമി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.പി. വീരേന്ദ്രകുമാര്‍ അധ്യക്ഷത വഹിച്ചു. മാതൃഭൂമിയുടെ മുന്‍ എം.ഡി.യും മാനേജിങ് എഡിറ്ററുമായിരുന്ന വി.എം. നായരുടെ പേരിലുള്ള ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനാണ് നിര്‍വഹിച്ചത്.

കേരളം എന്തുകൊണ്ട് വികസനകാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളെക്കാള്‍ പിന്നാക്കം പോയി എന്ന് നമ്മള്‍ ആത്മപരിശോധനയ്ക്ക് തയ്യാറാകണമെന്നും എ.കെ. ആന്റണി പറഞ്ഞു. എല്ലാവരും ചേര്‍ന്ന് ഒറ്റക്കെട്ടായി ആവശ്യപ്പെട്ടാല്‍ കേന്ദ്രത്തില്‍നിന്ന് കേരളത്തിന് അര്‍ഹതപ്പെട്ട കാര്യങ്ങള്‍ നേടിയെടുക്കാനാവും. കേന്ദ്രമന്ത്രിയെന്ന നിലയില്‍ തന്റെ സ്വാധീനം ഇക്കാര്യത്തിന് വിനിയോഗിക്കാന്‍ തയ്യാറാണെന്നും സദസ്സിലുയര്‍ന്ന കൈയടിക്കിടയില്‍ ആന്റണി പറഞ്ഞു.

കേരളത്തിലെ നവോത്ഥാനമുന്നേറ്റത്തിന് നേതൃത്വപരമായ പങ്കുവഹിച്ച മാതൃഭൂമി ഇനി ആലപ്പുഴയുടെ പത്രമാണെന്നും ആന്റണി പറഞ്ഞു. താനടക്കമുള്ള രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് ആദ്യനാളുകളില്‍ ഗുരുക്കന്മാരായിരുന്നവരാണ് മാതൃഭൂമിയുടെ അമരത്തുണ്ടായിരുന്നവരെന്നും അദ്ദേഹം അനുസ്മരിച്ചു.

മാതൃഭൂമിയുടെ ചരിത്രം ദേശീയപ്രസ്ഥാനത്തിന്റെയും കേരളത്തിലെ സാമൂഹിക നവോഥാന പ്രസ്ഥാനത്തിന്‍േറയും ചരിത്രം കൂടിയാണെന്ന് അധ്യക്ഷപ്രസംഗം നടത്തിയ കമ്പനി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.പി. വീരേന്ദ്രകുമാര്‍ പറഞ്ഞു. മഹാത്മജിയുടെ പാദസ്​പര്‍മേല്‍ക്കാന്‍ ഭാഗ്യം സിദ്ധിച്ച കേരളത്തിലെ ഏക പത്രസ്ഥാപനമാണ് മാതൃഭൂമി. ആലപ്പുഴയുടെ കര്‍മപാതയില്‍ എന്നും 'മാതൃഭൂമി' ജനപക്ഷത്തുണ്ടാകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. വി.എസ്സിനെ കേരളത്തിന്റെ മുഖ്യമന്ത്രി മാത്രമായല്ല തങ്ങള്‍ കാണുന്നത്. പുന്നപ്ര-വയലാര്‍ പോരാട്ടത്തിന്റെ ഭാഗമായി പോലീസ് ബയണറ്റിന്റെ അടയാളം പേറി നടക്കുന്ന വി.എസ്സിന്റെ പങ്ക് മഹാസമര മുഖങ്ങളില്‍ എക്കാലവും ഓര്‍മിക്കപ്പെടുന്ന ഒന്നാണെന്ന് വീരേന്ദ്രകുമാര്‍ പറഞ്ഞു.

ആലപ്പുഴയുടെ നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ക്ക് 'മാതൃഭൂമി'യുടെ വരവ് ആക്കം കൂട്ടുമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു. മഹാത്മജി മാതൃഭൂമി സന്ദര്‍ശിച്ചതിന്റെ പെയിന്റിങ് പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതൃഭൂമി എഡിറ്റര്‍ എം. കേശവമേനോനാണ് പെയിന്റിങ് ഏറ്റുവാങ്ങിയത്.

തങ്ങള്‍ക്ക് ഹിതകരമല്ലാത്ത വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്രങ്ങളോടും ലേഖകരോടും അസഹിഷ്ണുത കേരളത്തില്‍ വളര്‍ന്നുവരുന്നത് സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിനും ജനാധിപത്യ വ്യവസ്ഥിതിക്കും ഭീഷണിയാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. സ്വാതന്ത്ര്യസമര സേനാനിയും മാതൃഭൂമി ഡയറക്ടറുമായിരുന്ന കുട്ടിമാളുഅമ്മയുടെ ഫോട്ടോ അനാച്ഛാദനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലപ്പുഴയുടെ വികസന സങ്കല്പങ്ങള്‍ക്ക് 'മാതൃഭൂമി'യുടെ സാന്നിധ്യം പുതിയ ഊര്‍ജം പകരുമെന്നും അദ്ദേഹം പറഞ്ഞു.

എഡിഷന്‍ ഉദ്ഘാടന സപ്ലിമെന്റ് തോമസ് ചാണ്ടി എം.എല്‍.എ.യ്ക്ക് കൈമാറി ദേവസ്വം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും ആലപ്പുഴ ഗൈഡ് പ്രകാശനം ഗതാഗതമന്ത്രി ജോസ് തെറ്റയിലിന് നല്കി ജലസേചനമന്ത്രി എന്‍.കെ. പ്രേമചന്ദ്രനും നിര്‍വഹിച്ചു. ആര്‍ട്ടിസ്റ്റ് മദനന്റെ ആലപ്പുഴ സെ്കച്ചുകളുടെ പ്രകാശനം കെ.സി. വേണുഗോപാല്‍ എം.പി. എ.എ. ഷുക്കൂര്‍ എം.എല്‍.എ.യ്ക്ക് കൈമാറി നിര്‍വഹിച്ചു.

അമ്പത്തിമൂന്നാം വിവാഹവാര്‍ഷിക ദിനമായ ഞായറാഴ്ച കെ.ആര്‍.ഗൗരിയമ്മയ്ക്ക് ഉദ്ഘാടന വേദിയില്‍ മാതൃഭൂമിയുടെ ഉപഹാരം മാനേജിങ് ഡയറക്ടര്‍ എം.പി.വീരേന്ദ്രകുമാര്‍ കൈമാറി. ടി.വി.തോമസ് -ഗൗരിയമ്മ വിവാഹത്തിന്റെ സചിത്രവാര്‍ത്ത 53 വര്‍ഷം മുമ്പ് 'മാതൃഭൂമി' പ്രസിദ്ധീകരിച്ചതായിരുന്നു ഉപഹാരം. കെ.ആര്‍.ഗൗരിയമ്മ, കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം.മാണി എം.എല്‍.എ., മുന്‍ എം.പി. സി.കെ.ചന്ദ്രപ്പന്‍, എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, ധീവരസഭാ ജനറല്‍ സെക്രട്ടറി വി.ദിനകരന്‍, ആലപ്പുഴ രൂപതാ വികാരി ജനറാള്‍ മോണ്‍. ആന്റണി തേറാത്ത്, മുസ്‌ലിം ജമാ അത്ത് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി അഡ്വ.എ.പൂക്കുഞ്ഞ്, മുന്‍മന്ത്രിമാരായ എം.വി.രാഘവന്‍, ടി.എം.ജേക്കബ്, ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷന്‍ വി.മുരളീധരന്‍, മുന്‍ എം.എല്‍.എ. കെ.കൃഷ്ണന്‍കുട്ടി, ഷിബു ബേബിജോണ്‍, എസ്.ബി.ടി. മാനേജിങ് ഡയറക്ടര്‍ ഇന്‍-ചാര്‍ജ് എസ്.ബാലചന്ദ്രന്‍, കെ3എ പ്രസിഡന്റ് പി.ടി.എബ്രഹാം, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എം.ഷംസുദ്ദീന്‍ എന്നിവര്‍ ആശംസ നേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്‍.നാസര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ പി.പി.ചിത്തരഞ്ജന്‍, നോര്‍ത്ത് പുന്നപ്ര പഞ്ചായത്ത് പ്രസിഡന്റ് പി.കെ.രതി എന്നിവര്‍ സന്നിഹിതരായിരുന്നു.

ആലപ്പുഴ എന്നും മാതൃഭൂമിക്ക് പ്രചോദന കേന്ദ്രമായിരുന്നു എന്ന് സ്വാഗത പ്രസംഗത്തില്‍ മാനേജിങ് എഡിറ്റര്‍ പി.വി.ചന്ദ്രന്‍ പറഞ്ഞു.

ചടങ്ങില്‍ മാതൃഭൂമി ഡയറക്ടര്‍ എം.ജെ.വിജയപദ്മന്‍ നന്ദി പ്രകാശിപ്പിച്ചു.









ganangal


മറ്റു വാര്‍ത്തകള്‍

  12 »

രാഷ്ട്രീയകേരളം ഒത്തുകൂടി

ആലപ്പുഴ: മാതൃഭൂമി ആലപ്പുഴ എഡിഷന്‍ ഉദ്ഘാടനവേദിക്കരികിലെ വി.ഐ.പി. ലോഞ്ച് ഞായറാഴ്ച രാവിലെ ദേശീയ-സംസ്ഥാന രാഷ്ട്രീയ-സാമൂഹിക നേതാക്കളുടെ സംഗമകേന്ദ്രമായി. Read More

Discuss