Mathrubhumi Logo
  Alappuzha Edition - Heading

മാതൃഭൂമിയുടെ വരവ് നല്‍കുന്നത് വന്‍ പ്രതീക്ഷകള്‍ -ഉമ്മന്‍ചാണ്ടി

Posted on: 31 May 2010

ആലപ്പുഴ:കൃഷി, കയര്‍, ടൂറിസം തുടങ്ങിയ മേഖലകള്‍ ശക്തിപ്പെടുത്തി ആലപ്പുഴ നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ ഒരുങ്ങുന്നതിനിടെയുള്ള മാതൃഭൂമിയുടെ വരവ് വന്‍ പ്രതീക്ഷകളാണ് നല്‍കുന്നതെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. മാതൃഭൂമി ആലപ്പുഴ എഡിഷന്‍ ഉദ്ഘാടന ചടങ്ങില്‍ മഹാത്മജി മാതൃഭൂമി സന്ദര്‍ശിച്ചതിന്റെ പെയിന്റിംഗ് മാതൃഭൂമി എഡിറ്റര്‍ എം.കേശവമേനോനു നല്‍കി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി തുടങ്ങിയ മാതൃഭൂമി നമ്മുടെ നാടിന്റെ പുരോഗതിക്കായി ചെയ്ത കാര്യങ്ങള്‍ ചെറുതല്ല. മഹാത്മജിയുടെ സന്ദര്‍ശനം കൊണ്ട് ധന്യമായിത്തീര്‍ന്ന ഈ പത്രം നീതി നിഷേധിക്കപ്പെടുന്നവരുടെയും അടിച്ചമര്‍ത്തപ്പെടുന്നവരുടെയും കൂടെ നിലകൊണ്ട ചരിത്രമാണുള്ളത്.

അതുകൊണ്ട്, ഒരു കാലത്ത് കേരളത്തിന്റെ വാണിജ്യ തലസ്ഥാനമെന്ന് അറിയപ്പെട്ടിരുന്ന ആലപ്പുഴയുടെ ഇപ്പോഴത്തെ ദുരവസ്ഥ മാറ്റാന്‍ മാതൃഭൂമിക്ക് പലതും ചെയ്യാന്‍ കഴിയും-ഉമ്മന്‍ചാണ്ടി പറഞ്ഞു.

വാര്‍ത്തകള്‍ തമസ്‌കരിക്കപ്പെടുന്നത് അനുവദിക്കാനാവാത്തതുപോലെതന്നെയാണ് മാധ്യമങ്ങളോടുള്ള അസഹിഷ്ണുതയും. പൊതു പ്രവര്‍ത്തനത്തിനിടെ മാധ്യമങ്ങളുടെ വിമര്‍ശം നേരിടാത്ത ഒരു നേതാവ് പോലുമുണ്ടാകില്ല. അതില്‍ അസഹിഷ്ണുത കാട്ടുന്നതില്‍ എന്തര്‍ഥമാണുള്ളത്-ചെന്നിത്തല ചോദിച്ചു.

സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി തുടങ്ങി 14-മത് എഡിഷന്‍ വരെ എത്തിനില്‍ക്കുന്ന മാതൃഭൂമി ചെയ്ത സേവനങ്ങള്‍ വളരെ വലുതാണെന്ന് ദേവസ്വം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. ആലപ്പുഴ എഡിഷന്റെ ഭാഗമായുള്ള സപ്ലിമെന്റ് കുട്ടനാട് എം.എല്‍.എ. തോമസ് ചാണ്ടിക്ക് നല്‍കി പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ഇന്ന് പത്രങ്ങള്‍ നിരവധിയാണ്. ജനാധിപത്യ സംവിധാനത്തില്‍ അവയ്‌ക്കെല്ലാം വലിയ പങ്കുവഹിക്കാനുണ്ട്. ഉന്നതമായ പത്രധര്‍മം നടപ്പാക്കലാവണം പത്രങ്ങളുടെ ലക്ഷ്യം. മഹാത്മജിയുടെ പാദസ്​പര്‍ശമേറ്റ മാതൃഭൂമിക്കതിന് കഴിയുമെന്നും അദ്ദേഹം പ്രത്യാശിച്ചു.

ചൂടുള്ള വാര്‍ത്തകളും എരിവുള്ള വാര്‍ത്തകളും മാത്രമായി പത്രത്താളുകള്‍ മാറരുതെന്ന് കുട്ടനാട് എം.എല്‍.എ. തോമസ് ചാണ്ടി അഭിപ്രായപ്പെട്ടു. മാതൃഭൂമി ആലപ്പുഴ സപ്ലിമെന്റ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലിന്ന് കുറഞ്ഞുവരുന്ന നിഷ്പക്ഷ പത്രപ്രവര്‍ത്തനം വീണ്ടെടുക്കണം. അതിന് മാധ്യമ സംസ്‌കാരത്തില്‍ മാറ്റം വരണം. നാടിന്റെ വികസനം മുന്‍ നിര്‍ത്തിയുള്ള വാര്‍ത്തകള്‍ക്കാവണം പ്രാമുഖ്യം നല്‍കേണ്ടതെന്നും മാതൃഭൂമിക്കതിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമ രംഗത്തെയും രാഷ്ട്രീയ രംഗത്തെയും അപചയങ്ങള്‍ മാറ്റിയെടുക്കാന്‍ മാതൃഭൂമിക്ക് കഴിയട്ടെയെന്ന പ്രത്യാശയോടെയാണ് ഉദ്ഘാടന ചടങ്ങില്‍ ആലപ്പുഴ ഗൈഡിന്റെ പ്രകാശനം ജലസേചന മന്ത്രി എന്‍.കെ.പ്രേമചന്ദ്രന്‍ നിര്‍വഹിച്ചത്. വോട്ടു ബാങ്കിനുപരിയായി രാഷ്ട്രീയക്കാരും സര്‍ക്കുലേഷന്‍ താല്പര്യങ്ങള്‍ക്കുപരിയായി പത്രങ്ങളും പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മന്ത്രി പറഞ്ഞു.

ഫോര്‍ത്ത് എസ്‌റ്റേറ്റായ മാധ്യമങ്ങള്‍ അവയുടെ ധര്‍മം നിര്‍വഹിക്കുമ്പോള്‍ അത് രാജ്യപുരോഗതിക്ക് ഉതകുന്നതാവണമെന്ന് ഗതാഗതമന്ത്രി ജോസ് തെറ്റയില്‍ പറഞ്ഞു. ആലപ്പുഴ ഗൈഡ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.ഉദാത്തമായ ഉദ്ദേശ്യത്തോടെ തുടങ്ങിയ മാതൃഭൂമിക്ക് എന്നും പത്രധര്‍മം കൃത്യമായി നിര്‍വഹിക്കാനായിട്ടുണ്ട്,മന്ത്രി തെറ്റയില്‍ പറഞ്ഞു.

പരമ്പരാഗത വ്യവസായങ്ങളും കൃഷിയും മത്സ്യബന്ധവും ടൂറിസവുമെല്ലാം കെട്ടുപിണഞ്ഞു കിടക്കുന്ന ജില്ലയാണ് ആലപ്പുഴ. പിന്നാക്കാവസ്ഥയില്‍ നില്‍ക്കുന്ന ആലപ്പുഴയുടെ വികസനത്തിന് വേഗം കൂട്ടാന്‍ മാതൃഭൂമിയുടെ കടന്നുവരവ് സഹായിക്കും. മാതൃഭൂമി ആര്‍ട്ട് എഡിറ്റര്‍ മദനന്റെ 'ആലപ്പുഴ സെ്കച്ചു'കളുടെ പ്രകാശനം നിര്‍വഹിച്ച് കെ.സി.വേണുഗോപാല്‍ എം.പി. പറഞ്ഞു.

മാതൃഭൂമിയുടെ ആലപ്പുഴയിലേക്കുള്ള വരവ് എത്രയോ നേരത്തെ ആഗ്രഹിച്ച കാര്യമാണെന്ന് 'ആലപ്പുഴ സെ്കച്ചുകള്‍' ഏറ്റുവാങ്ങി എ.എ.ഷുക്കൂര്‍ എം.എല്‍.എ. പറഞ്ഞു.

ബ്രിട്ടീഷ് ഭരണാധികാരികള്‍ക്കെതിരെ അച്ചുനിരത്താന്‍ഭയപ്പെട്ടിരുന്ന കാലത്താണ് മാതൃഭൂമിപിറന്നത്. ക്വിറ്റ്ഇന്ത്യാ സമരകാലത്ത് ധൈര്യമോ ധിക്കാരമോ എന്ന മുഖപ്രസംഗമെഴുതി നിരോധം ഏറ്റുവാങ്ങിയ ചരിത്രം മാതൃഭൂമിക്കുണ്ട്. സ്വാതന്ത്ര്യസമരത്തില്‍ നിര്‍ണായക പങ്ക് വഹിച്ച നൂറുകണക്കിന് സാഹിത്യ സാംസ്‌കാരിക നായകന്മാരെ സൃഷ്ടിച്ച മാതൃഭൂമിക്ക് ആലപ്പുഴയുടെ വികസനത്തിലും ചുക്കാന്‍ പിടിക്കാനാവുമെന്ന് ചടങ്ങില്‍ ആശംസ നേര്‍ന്നുകൊണ്ട് കെ.എം.മാണി എംഎല്‍എ പറഞ്ഞു.മലബാറിന്റെ ആത്മാര്‍ത്ഥതയും സത്യസന്ധതയും വിനയവും മുഖമുദ്രയാക്കിയ പത്രമാണ് മാതൃഭൂമിയെന്ന് വി.കെ.ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ. പറഞ്ഞു.

'പെയ്ഡ്‌ന്യൂസ്'പോലുള്ള ദുഷ്പ്രവണതകള്‍ ഇന്ന് മാധ്യമരംഗത്ത് കാണുന്നു. പണത്തിനും മറ്റു പ്രലോഭനങ്ങള്‍ക്കും വഴിപ്പെട്ട് വാര്‍ത്തകള്‍ പടച്ചുവിടുന്ന പ്രവണത അത്യന്തം ആപത്കരമാണ്. ഇതിനിടയില്‍ സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന് മാതൃഭൂമിക്ക് കഴിയട്ടെയെന്ന് ആശംസ നേര്‍ന്ന് മുന്‍ എം.പി. സി.കെ.ചന്ദ്രപ്പന്‍ പറഞ്ഞു.

മാതൃഭൂമി സാരഥികളുടെ രാഷ്ട്രീയ നിലപാടുകളെ കുറിച്ച് പലര്‍ക്കും യോജിപ്പും വിയോജിപ്പും ഉണ്ടാകാം. എന്നാല്‍ മാതൃഭൂമി അതിനുപരിയായി എല്ലാവരും ഇഷ്ടപ്പെടുന്ന പത്രമാണെന്നതാണ് സത്യം. ആലപ്പുഴയുടെ ഈ പതിനാലാമത് എഡിഷനിലൂടെ കൂടുതല്‍ നല്ല വാര്‍ത്തകള്‍ കൊടുക്കാന്‍ മാതൃഭൂമിക്ക് കഴിയട്ടെയെന്നും എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

സെന്‍സേഷണല്‍ വാര്‍ത്തകളേക്കാള്‍ മൂല്യാധിഷ്ഠിത വാര്‍ത്തകള്‍ക്കാണ് പത്രങ്ങള്‍ പ്രാധാന്യം നല്‍കേണ്ടത്. പ്രാദേശിക വാര്‍ത്തകള്‍ വളരെ പ്രധാനപ്പെട്ടവയാണ്. എന്നാല്‍ എല്ലാ ജനങ്ങളും അറിയേണ്ട വാര്‍ത്തകളെ ഒരുപ്രദേശത്തിന്റെ വാര്‍ത്ത മാത്രമാക്കി ഒതുക്കരുത്. പാരമ്പര്യത്തിലൂന്നി മാധ്യമരംഗത്ത് പുതിയ സംസ്‌കാരം പ്രചരിപ്പിക്കുന്ന മാതൃഭൂമിക്ക് ആലപ്പുഴയുടെ വികസനത്തിന് നിരവധികാര്യങ്ങള്‍ ചെയ്യാനാവും, അഖിലകേരള ധീവരസഭ ജനറല്‍ സെക്രട്ടറി വി.ദിനകരന്‍ പറഞ്ഞു.

പിന്നാക്കം നില്‍ക്കുന്ന ആലപ്പുഴ ജില്ലയെ മുന്നാക്കം െകാണ്ടുവരാന്‍ മാതൃഭൂമിക്ക് അതിന്‍േറതായ പങ്ക് വഹിക്കാനുണ്ടെന്ന് ആലപ്പുഴ രൂപത വികാരി ജനറല്‍ മോണ്‍ ആന്റണി തേറാത്ത് പറഞ്ഞു. മാതൃഭൂമിയുടെ വരവ് ഒരു സാംസ്‌കാരിക ഉന്നമനമാണ്. അത് ജനങ്ങള്‍ക്ക് നേട്ടമാകും. ആലപ്പുഴ രൂപതയുടെ എല്ലാവിധ ആശംസകളും മാതൃഭൂമിക്ക് നേരുന്നു-അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യം നേടാന്‍ വിദേശശക്തികള്‍ക്കെതിരെ പോരാടിയ മാതൃഭൂമി ഇന്ന് വിദേശകുത്തകകള്‍ക്കും മറ്റുമെതിരെ പോരാടുന്നുവെന്നതില്‍ സന്തോഷമുണ്ട്-മുസ്‌ലിം ജമാ അത്ത് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി അഡ്വ.എ.പൂക്കുഞ്ഞ് പറഞ്ഞു. സാമൂഹികനീതി നടപ്പാക്കുന്നതിനും പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹങ്ങള്‍ക്ക് ഉന്നതി ഉറപ്പ് വരുത്തുന്നതിനും ഉപകരിക്കുന്ന നിലപാടെടുക്കാന്‍ മാതൃഭൂമിക്ക് കഴിയട്ടെയെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ പേരിലാണ് മാതൃഭൂമിയെ സ്മരിക്കുന്നത്. ദേശീയ പ്രസ്ഥാനങ്ങള്‍ക്കൊപ്പം നിലകൊണ്ടിട്ടുള്ള മാതൃഭൂമിക്ക് നാടിന്റെ നന്മയ്ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കാന്‍ കഴിയും -മുന്‍മന്ത്രി എം.വി.രാഘവന്‍ പറഞ്ഞു.

മാതൃഭൂമിയുടെ ചരിത്രം രാജ്യത്തിന്റെ ചരിത്രമാണ്. എക്കാലത്തും മൂല്യം ഉയര്‍ത്തിപ്പിടിച്ച ഈ പത്രത്തിന് രാജ്യപുരോഗതിക്കായുള്ള പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും ചെയ്യാന്‍ കഴിയട്ടെയെന്ന് മുന്‍മന്ത്രി ടി.എം.ജേക്കബ് പറഞ്ഞു.

ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി തുടങ്ങിയ മാതൃഭൂമി പത്രധര്‍മ്മം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ്സിന് എതിരെപോലും നിലപാട് കൈക്കൊണ്ടിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് 'കേസരി' അടച്ചുപൂട്ടിക്കാന്‍ ഇന്ദിരാഗാന്ധി ശ്രമിച്ചപ്പോള്‍ അത് എതിര്‍ത്ത പാരമ്പര്യമാണ് മാതൃഭൂമിയുടേത്. ഉന്നതമായ ഈ പത്രധര്‍മ്മം പുലര്‍ത്താന്‍ മാതൃഭൂമിക്ക് ഇനിയും കഴിയട്ടെയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ പറഞ്ഞു.

പത്രം വായിക്കാന്‍ കഴിയാത്തവരുടെയും ടി.വി.കാണാന്‍ കഴിയാത്തവരുടെയും പ്രശ്‌നങ്ങള്‍ പത്രം വായിക്കുന്നവരുടെയും ടി.വി.കാണുന്നവരുടെയും മുമ്പില്‍ അവതരിപ്പിക്കാന്‍ കഴിയണം. താഴെത്തട്ടിലുള്ളവരുടെ ഉന്നമനം വച്ചുള്ള അത്തരം പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ മാതൃഭൂമിക്ക് കഴിയും. ആലപ്പുഴയെ മുന്നോട്ട് നയിക്കാന്‍ മാതൃഭൂമിക്ക് കഴിയട്ടെ-മുന്‍ എം.എല്‍.എ. കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു.

മാതൃഭൂമി 14-ാം എഡിഷന്‍ ആലപ്പുഴയില്‍ നിന്ന് തുടങ്ങുന്നതില്‍ അങ്ങേയറ്റം സന്തോഷമുണ്ടെന്നും സ്വതന്ത്രവും നീതിപൂര്‍വവുമായ പത്രപ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ മാതൃഭൂമിക്ക് എല്ലാവിധ ആശംസകളും നേരുന്നുവെന്നും മുന്‍ എം.എല്‍.എ.ഷിബു ബേബിജോണ്‍ പറഞ്ഞു.

മാതൃഭൂമിയുടെ ആലപ്പുഴ എഡിഷന് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ (എസ്.ബി.ടി.) പേരില്‍ എല്ലാവിധ ഭാവുകങ്ങളും നേരുന്നു-എസ്.ബി.ടി.മാനേജിംഗ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് എസ്.ബാലചന്ദ്രന്‍ പറഞ്ഞു. അച്ചടി മാധ്യമരംഗത്ത് തിളങ്ങിയ മാതൃഭൂമി ഉടന്‍ ദൃശ്യമാധ്യമ രംഗത്തേക്ക് കൂടി കടക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

സമൂഹത്തിന്റെ പുരോഗതിക്കായി ആത്മാര്‍ത്ഥമായി ശ്രമിക്കുന്ന മാതൃഭൂമിക്ക് എല്ലാവിധ ആശംസകളും അര്‍പ്പിക്കുന്നതായി കെ3എ പ്രസിഡന്റ് പി.ടി.എബ്രഹാം പറഞ്ഞു.

കുത്തകകളുടെ പരസ്യപേജായി പത്രം മാറരുതെന്നും വന്‍വ്യവസായികളുടെ ഇംഗിതങ്ങള്‍ക്കനുസരിച്ച് സത്യം വളച്ചൊടിക്കരുതെന്നും ചടങ്ങില്‍ ആശംസ അര്‍പ്പിച്ച വ്യാപാരിവ്യവസായി ഏകോപന സമിതി ആലപ്പുഴ ജില്ലാ പ്രസിഡന്റ് എം.ഷംസുദ്ദീന്‍ പറഞ്ഞു.





ganangal


മറ്റു വാര്‍ത്തകള്‍

  12 »

രാഷ്ട്രീയകേരളം ഒത്തുകൂടി

ആലപ്പുഴ: മാതൃഭൂമി ആലപ്പുഴ എഡിഷന്‍ ഉദ്ഘാടനവേദിക്കരികിലെ വി.ഐ.പി. ലോഞ്ച് ഞായറാഴ്ച രാവിലെ ദേശീയ-സംസ്ഥാന രാഷ്ട്രീയ-സാമൂഹിക നേതാക്കളുടെ സംഗമകേന്ദ്രമായി. Read More

Discuss