Mathrubhumi Logo
  Alappuzha Edition - Heading

മാതൃഭൂമി ഇനി ആലപ്പുഴയുടെ അഭിമാനം

Posted on: 31 May 2010

ഹൃദയങ്ങള്‍ നിറയുകയും വികാരങ്ങള്‍ വാക്കുകളാവുകയും ചെയ്ത നിമിഷങ്ങള്‍ക്കൊടുവില്‍ മാതൃഭൂമിയും ആലപ്പുഴയും ഒരുമിച്ചൊഴുകാന്‍ തുടങ്ങി


ആലപ്പുഴ: 'മാതൃഭൂമി'യെ അമ്മയെപ്പോലെ ആലപ്പുഴ നെഞ്ചോടു ചേര്‍ത്തു. സ്‌നേഹവും വാത്സല്യവും തുളുമ്പിയ ആശ്ലേഷത്തില്‍ സ്മരണകളുടെ മണ്ണ് അനുഗ്രഹിച്ചപ്പോള്‍ സ്വാതന്ത്ര്യത്തിനുവേണ്ടി അച്ചുകൂടമൊരുക്കിയ പത്രം അഭിമാനത്തോടെ തലകുനിച്ചു. ഹൃദയങ്ങള്‍ നിറയുകയും വികാരങ്ങള്‍ വാക്കുകളാവുകയും ചെയ്ത നിമിഷങ്ങള്‍ക്കൊടുവില്‍ മാതൃഭൂമിയും ആലപ്പുഴയും ഒരുമിച്ചൊഴുകാന്‍ തുടങ്ങി. മാതൃഭൂമിയുടെ പതിന്നാലാമത് എഡിഷന്‍ അങ്ങനെ ആലപ്പുഴയ്ക്കു സ്വന്തമായി.

ഒരുപാട് സൂര്യന്മാര്‍ ഒന്നിച്ചുദിച്ച വേദിയിലാണ് ആലപ്പുഴയില്‍ മാതൃഭൂമിയുടെ പ്രഭാതം പിറന്നത്. എസ്.ഡി.വി. സ്‌കൂള്‍ ഗ്രൗണ്ടിലെ പ്രത്യേകം തയ്യാറാക്കിയ കൂറ്റന്‍ പന്തലില്‍ ആള്‍പ്പുഴയെ സാക്ഷിയാക്കിയായിരുന്നു ആലപ്പുഴ എഡിഷന്‍ സമര്‍പ്പണച്ചടങ്ങ്. കേരളം കുറച്ചുനേരത്തേക്ക് ആലപ്പുഴയിലേക്ക് ചുരുങ്ങുകയായിരുന്നു ഞായറാഴ്ച. മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള പ്രൗഢനിര സംസ്ഥാനത്തിന്റെ നേര്‍പ്പകര്‍പ്പായി. രാഷ്ട്രീയപ്രമുഖര്‍ക്കും സമുദായനേതാക്കള്‍ക്കുമൊപ്പം, ആലപ്പുഴ സൃഷ്ടിച്ച അതിശയമായ കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി കൂടിയായപ്പോള്‍ അരങ്ങ് പകല്‍വെളിച്ചത്തെ തോല്‍പ്പിച്ച് ജ്വലിച്ചു.

മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്റെ സ്വാഗതപ്രസംഗം തുടങ്ങിയ ഉടനെയാണ് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ കടന്നുവന്നത്. മുണ്ടിന്റെ ഒരറ്റം കൈയില്‍പ്പിടിച്ച് പുന്നപ്രയുടെ നാട്ടുവഴിയിലൂടെയെന്നപോലെ വി.എസ്. നടന്നുവന്നപ്പോള്‍ നിറഞ്ഞുകവിഞ്ഞ സദസ്സ് കൈയടികളോടെയാണ് സ്വാഗതംചൊല്ലിയത്. വികാരനിര്‍ഭരമായിരുന്നു മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാറിന്റെ അധ്യക്ഷപ്രസംഗം. വെടിയുണ്ടകളേറ്റുവീണിട്ടും ജീവനും അഭിമാനവും തുടിച്ചുനിന്ന രക്തസാക്ഷികളെ ഇങ്ക്വിലാബിന്റെ മക്കളായ ആലപ്പുഴക്കാര്‍ക്കു മുന്നില്‍ അദ്ദേഹം അനുസ്മരിച്ചപ്പോള്‍ കേട്ടിരിക്കാന്‍ പുന്നപ്രയുടെ പോരാട്ടവീര്യത്തെ ഇന്നും മനസ്സിലും ശരീരത്തിലും ബയണറ്റ്പാടായി സൂക്ഷിക്കുന്ന വി.എസ്സുമുണ്ടായിരുന്നു.

പവിത്രമുഹൂര്‍ത്തത്തിന് ദീപം പകര്‍ന്നത് വി.എസ്സും എ.കെ. ആന്റണിയും വേദിയിലെ വിശിഷ്ടസാന്നിധ്യങ്ങളും ചേര്‍ന്നായിരുന്നു. ചരിത്രം പ്രകാശം പരത്തിയ ഈ നിമിഷത്തിന് തിരിനീട്ടിയതാകട്ടെ ഇന്നും കെടാത്ത ഒരു വിളക്കിന്റെ പിന്‍തലമുറയിലെ നാളവും. വയലാര്‍ രാമവര്‍മയുടെ ചെറുമകളും വയലാര്‍ ശരച്ചന്ദ്രവര്‍മയുടെ മകളുമായ സുഭദ്ര.മാതൃഭൂമിയുടെ ഇന്നലെകളിലെ രണ്ടു വിളക്കുമരങ്ങളെ ഹൃദയപൂര്‍വമാണ് ആലപ്പുഴ ഏറ്റുവാങ്ങിയത്. മാതൃഭൂമി മാനേജിങ് എഡിറ്ററും മാനേജിങ് ഡയറക്ടറുമായിരുന്ന വി.എം. നായരുടെയും, സ്വാതന്ത്ര്യസമരത്തിലെ ധീരവനിതയും മാതൃഭൂമി ഡയറക്ടറുമായിരുന്ന എ.വി. കുട്ടിമാളുഅമ്മയുടേയും പേരിലുള്ള മാതൃഭൂമിമന്ദിരങ്ങള്‍ ഇനി ആലപ്പുഴയുടെ കീര്‍ത്തിസ്തംഭങ്ങളാകും. വി.എം. നായര്‍ സ്മാരക ഓഫീസ്മന്ദിരം സമര്‍പ്പിച്ച മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പുന്നപ്ര-വയലാര്‍ സമരത്തെക്കുറിച്ചു പറഞ്ഞുകൊണ്ടാണ് പ്രസംഗം തുടങ്ങിയത്. ആലപ്പുഴയുടെ വിപ്ലവച്ചുവപ്പിനുള്ള അഭിവാദ്യം പോലെയായിരുന്നു വി.എസ്സിന്റെ വാക്കുകള്‍. കുട്ടിമാളുഅമ്മയുടെ ഓര്‍മ്മയ്ക്കുള്ള പ്രസ്സ് കെട്ടിടം ഉദ്ഘാടനം ചെയ്തശേഷം കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി വേദിയിലൂടെ ചേര്‍ത്തലക്കാരന്റെ പരിചയഭാവത്തോടെ കുശലം പറഞ്ഞുനീങ്ങി. ''മാതൃഭൂമി ഞങ്ങളെ സ്വാഗതം ചെയ്യേണ്ട. ഞങ്ങള്‍ മാതൃഭൂമിയെയാണ് സ്വാഗതം ചെയ്യേണ്ടത്'' എന്നായിരുന്നു ആന്റണിയുടെ ആദ്യവാചകം. ചേര്‍ത്തലയ്ക്കുവേണ്ടി പ്രത്യേക സ്വാഗതത്തോടെയാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.





ganangal


മറ്റു വാര്‍ത്തകള്‍

  12 »

രാഷ്ട്രീയകേരളം ഒത്തുകൂടി

ആലപ്പുഴ: മാതൃഭൂമി ആലപ്പുഴ എഡിഷന്‍ ഉദ്ഘാടനവേദിക്കരികിലെ വി.ഐ.പി. ലോഞ്ച് ഞായറാഴ്ച രാവിലെ ദേശീയ-സംസ്ഥാന രാഷ്ട്രീയ-സാമൂഹിക നേതാക്കളുടെ സംഗമകേന്ദ്രമായി. Read More

Discuss