'മാതൃഭൂമി' ആലപ്പുഴ എഡിഷന്‍ ഉദ്ഘാടനം ചെയ്തു
-സ്വന്തം ലേഖകന്‍ Posted on: 30 May 2010


ആലപ്പുഴ: 'മാതൃഭൂമി'യുടെ പതിനാലാം എഡിഷന്‍ ആലപ്പുഴയില്‍ കേന്ദ്രപ്രതിരോധമന്ത്രി എ.കെ. ആന്റണി ഉദ്ഘാടനം ചെയ്തു. അന്യ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിന്റെ സ്ഥാനം എവിടെയാണെന്ന് രാഷ്ട്രീയക്കാരും മാധ്യമങ്ങളും ആലോചിക്കേണ്ട സമയമായെന്ന് ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു.
മറ്റു സംസ്ഥാനങ്ങളുടെ വികസനവുമായി നോക്കുമ്പോള്‍ കേരളം എങ്ങും എത്തിയിട്ടില്ല. വികസനകാര്യങ്ങളില്‍ വിശാലമായ വീക്ഷണം വേണം. ആഴത്തിലുള്ള പഠനമില്ലാതെ എടുത്തുചാടിയുള്ള സമീപനം ഗുണം ചെയ്യില്ല. വോട്ടുബാങ്കിനുപരിയായി രാഷ്ടീയക്കാരും സര്‍ക്കുലേഷന്‍ താല്‍പര്യത്തിനുപരിയായി മാധ്യമങ്ങളും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ പത്തുവര്‍ഷത്തിനുള്ളില്‍ കേരളത്തിന് തിളക്കമാര്‍ന്ന നേട്ടം കൈവരിക്കാനാകും. കേന്ദ്രത്തില്‍ ഇരുന്നുകൊണ്ട് തന്നാലാവുന്നത് ചെയ്യാമെന്നും ആന്റണി പറഞ്ഞു. എ.വി.കുട്ടിമാളുഅമ്മ സ്മാരക മന്ദിര സമര്‍പ്പണവും അദ്ദേഹം നിര്‍വഹിച്ചു.
കോഴയും മാസപ്പടിയും കൈപ്പറ്റി വാര്‍ത്തകള്‍ വളച്ചൊടിച്ച് പ്രസിദ്ധീകരിക്കുന്ന മാധ്യമസംസ്‌കാരം ഉത്തരേന്ത്യയില്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. അത്തരം അവസ്ഥ മലയാള മാധ്യമരംഗത്തുണ്ടാവാതിരിക്കാന്‍ മാധ്യമസ്ഥാപനങ്ങളും മാധ്യമപ്രവര്‍ത്തകരും ജാഗരൂഗരാകണമെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. മാതൃഭൂമി ആലപ്പുഴ എഡിഷന്‍ ഉദ്ഘാടനത്തിന്റെ ഭാഗമായി വി.എം. നായര്‍ സ്മാരകമന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അ്‌ദ്ദേഹം. കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ പൊതുവില്‍ സാമൂഹിക പ്രതിബദ്ധതയുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ രണ്ടു പതിറ്റാണ്ട് കാലം ആഗോളവല്‍ക്കരണ സാമ്പത്തിക നയങ്ങള്‍ക്കെതിരെ നിലകൊണ്ട പത്രമാണ് മാതൃഭൂമി. വര്‍ഗീയ ശക്തികള്‍ക്കെതിരെയും ശക്തമായ നിലപാടാണ് മാതൃഭൂമി കൈക്കൊണ്ടിട്ടുള്ളത്. ഭൂമാഫിയക്കെതിരെയും കോളക്കമ്പനികള്‍ക്കെതിരെയും കരിമണല്‍ ഖനനത്തിനെതിരെയുമെല്ലാം ശക്തമായ നിലപാടുകള്‍ കൊക്കൊണ്ടിട്ടുള്ള പത്രമാണ് മാതൃഭൂമിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാതൃഭൂമി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.പി. വീരേന്ദ്രകുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മഹാത്മാഗാന്ധിയുടെ മാതൃഭൂമി സന്ദര്‍ശനം ആസ്പദമാക്കി രചിച്ച പെയിന്റിങ്ങുകള്‍ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി മാതൃഭൂമി എഡിറ്റര്‍ എം. കേശവമേനോന് നല്‍കി പ്രകാശനം ചെയ്തു. മാതൃഭൂമി മുന്‍ ഡയറക്ടറും സ്വാതന്ത്ര്യ സമരസേനാനിയുമായ എ.വി കുട്ടിമാളു അമ്മയുടെ ഛായാചിത്രം കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല അനാച്ഛാദനം ചെയ്തു.
ആലപ്പുഴയുടെ വിവരങ്ങള്‍ അടങ്ങിയ ആലപ്പുഴ ഗൈഡ് ഗതാഗത മന്ത്രി ജോസ് തെറ്റയിലിനുനല്‍കി ജലവിഭവ മന്ത്രി എന്‍ കെ. പ്രേമചന്ദ്രന്‍ പ്രകാശനം ചെയ്തു. ആലപ്പുഴ എഡിഷന്‍ സപ്ലിമെന്റ് മന്ത്രി കടന്നപ്പള്ളി രാമചന്ദന്റെ കൈയില്‍ നിന്നും കുട്ടനാട് എം.എല്‍.എ തോമസ് ചാണ്ടി ഏറ്റുവാങ്ങി.
മാതൃഭൂമി ആര്‍ട് എഡിറ്റര്‍ മദനന്‍ തയ്യാറാക്കിയ ആലപ്പുഴ സ്‌കെച്ചുകള്‍ എ.എ. ഷുക്കൂര്‍ എം.എല്‍.എക്ക് നല്‍കി കെ.സി. വേണുഗോപാല്‍ എം.പി പ്രകാശനം ചെയ്തു.
മുന്‍മന്ത്രിമാരായ കെ.ആര്‍ ഗൗരിയമ്മ, കേരളകോണ്‍ഗ്രസ് നേതാവ് കെ.എം മാണി, സി.എം.പി നേതാവ് എം.വി രാഘവന്‍, ടി.എം. ജേക്കബ്, വി.കെ. ഇബ്രാഹിം കുഞ്ഞ്, സി.കെ. ചന്ദ്രപ്പന്‍, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍, എസ്.എന്‍.ഡി.പി. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, അഖില കേരള ധീവര സഭാ ജനറല്‍ സെക്രട്ടറി വി. ദിനകരന്‍, ആലപ്പുഴ രൂപതാ വികാരി ജനറാള്‍ മോണ്‍. ആന്റണി തേറാത്ത്, മുസ്‌ലിം ജമാ അത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എ. പൂക്കുഞ്ഞ്, ജനതാദള്‍ (എസ്) സെക്രട്ടറി ജനറല്‍ കെ. കൃഷ്ണന്‍കുട്ടി, ഷിബു ബേബിജോണ്‍, എസ്.ബി.ടി മാനേജിങ് ഡയറക്ടര്‍ (ഇന്‍ ചാര്‍ജ് ) എസ് ബാലചന്ദ്രന്‍, കെ.ത്രീ.എ പ്രസിഡന്റ് പി.ടി. എബ്രഹാം, എം. ഷംസുദ്ദീന്‍ എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു.
ആലപ്പുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ പി.ടി. ചിത്രാഞ്ജന്‍, ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്‍. നാസര്‍, പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. രതി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍ സ്വാഗതവും ഡയറക്ടര്‍ എം.കെ വിജയപത്മന്‍ നന്ദിയും പറഞ്ഞു.