Mathrubhumi Logo
  Alappuzha Edition - Heading

കേരള രാഷ്ട്രീയത്തോട് ഇഴചേര്‍ന്ന് ഇവര്‍

Posted on: 29 May 2010

സംസ്ഥാനമൊട്ടാകെ അറിയപ്പെടുന്ന രാഷ്ട്രീയ നേതാക്കള്‍ക്ക് ആലപ്പുഴ ജില്ല തട്ടകമായിട്ടുണ്ട്. ഉജ്ജ്വല വ്യക്തിത്വവും സംഘടനാ പാടവവും ജനസമൂഹത്തിലെ സ്വാധീനവും ഇവര്‍ക്ക് ഉയരങ്ങളിലേക്കുള്ള
പടവുകളായിരുന്നു. കേരള രാഷ്ട്രീയ ചരിത്രത്തില്‍ സ്വന്തം പേര് എഴുതിച്ചേര്‍ത്ത ടി.എം.വര്‍ഗീസ്, ആര്‍.സുഗതന്‍, പി.കെ.കുഞ്ഞ്, ടി.വി.തോമസ്, കെ.ആര്‍.ഗൗരിയമ്മ, തച്ചടി പ്രഭാകരന്‍ എന്നിവര്‍ ആലപ്പുഴയുടെ അഭിമാന സ്തംഭങ്ങളാണ്.തിരുവിതാംകൂര്‍ രാഷ്ട്രീയത്തിലെ ത്രിമൂര്‍ത്തികളില്‍ ഒരാളായിരുന്നു ടി.എം.വര്‍ഗീസ്. പട്ടം താണുപിള്ളയും സി.കേശവനുമാണ് മറ്റ് രണ്ടുപേര്‍.



ടി.എം.വര്‍ഗീസ്

കായംകുളത്തിന് സമീപം പള്ളിക്കല്‍ സ്വദേശിയായ ടി.എം.വര്‍ഗീസ് തിരു- കൊച്ചി നിയമസഭ നിലനിന്നിരുന്ന കാലത്ത് 1948-ലെ പട്ടം താണുപിള്ള മന്ത്രിസഭയിലും 52ലെ എ.ജെ.ജോണ്‍ മന്ത്രിസഭയിലും അംഗമായിരുന്നു. രണ്ടുതവണ തിരു-കൊച്ചി മന്ത്രിയായ അദ്ദേഹം തിരുവിതാംകൂര്‍ നിയമ നിര്‍മാണ സഭയില്‍ 1935-ല്‍ ഡെപ്യൂട്ടി സ്​പീക്കറുമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡെപ്യൂട്ടി സ്​പീക്കര്‍ ആയിരിക്കവെ, ജയില്‍ വിമോചിതനായ സി.കേശവന് ആലപ്പുഴ കിടങ്ങാംപറമ്പ് മൈതാനിയില്‍ നല്‍കിയ സ്വീകരണത്തോടനുബന്ധിച്ച് നടന്ന സമ്മേളത്തില്‍ സ്വാഗതപ്രസംഗം നടത്തിയതിന്റെ പേരില്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെ വര്‍ഗീസിന് ഡെപ്യൂട്ടി സ്​പീക്കര്‍ പദം നഷ്ടമായി. 1938ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. പിന്നീടാണ് രണ്ടുവട്ടം മന്ത്രിയായത്. പറവൂര്‍ ടി.കെ.നാരായണപിള്ളയുടെ സര്‍ക്കാര്‍ കാലത്ത് തിരു-കൊച്ചി നിയമസഭയില്‍ സ്​പീക്കറായിട്ടുണ്ട്. സ്റ്റേറ്റ് കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കിയ നിരവധി പ്രക്ഷോഭങ്ങളില്‍ നായക നിരയിലുണ്ടായിരുന്ന വര്‍ഗീസ് നിരവധി തവണ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. നിയമബിരുദധാരിയായിരുന്ന വര്‍ഗീസ് ആലപ്പുഴ, കൊല്ലം ജില്ലയുടെ ഭാഗമായിരുന്ന കാലത്ത് ജില്ലാ ആസ്ഥാനമായ കൊല്ലത്ത് അഭിഭാഷകനായിരുന്നു. നിവര്‍ത്തന പ്രക്ഷോഭത്തില്‍ നേതൃസ്ഥാനം വഹിച്ചിട്ടുണ്ട്. 1956-ല്‍ ടി.എം.വര്‍ഗീസ് അന്തരിച്ചു.


പി.കെ. കുഞ്ഞ്


തിരു-കൊച്ചിയിലെ 54-ലെ പട്ടം താണുപിള്ള മന്ത്രിസഭയില്‍ ആരോഗ്യ - തൊഴില്‍ വകുപ്പുകളുടെ മന്ത്രിയായിരുന്നു പി.കെ.കുഞ്ഞ്. 1967-ലെ ഇ.എം.എസ്. മന്ത്രിസഭയില്‍ ധനമന്ത്രിയായിരിക്കുമ്പോഴാണ് ഇന്ത്യയില്‍ ആദ്യമായി സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ കേരളത്തില്‍ ഭാഗ്യക്കുറി തുടങ്ങിയത്. വഫഖ് ബോര്‍ഡ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1937-ല്‍ ഉത്തരവാദിത്വ ഭരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന പ്രമേയം ശ്രീമൂലം അസംബ്ലിയില്‍ അവതരിപ്പിച്ചത് പി.കെ.കുഞ്ഞാണ്.കായംകുളത്തെ പ്രശസ്തമായ പുത്തന്‍പുരയില്‍ തറവാട്ടിലാണ് ജനനം. സ്‌കൂള്‍വിദ്യാഭ്യാസത്തിന് ശേഷം അലിഗഢ് മുസ്‌ലിം സര്‍വകലാശാലയില്‍ ഉന്നത വിദ്യാഭ്യാസത്തിന് ചേര്‍ന്നെങ്കിലും ദേശീയ പ്രസ്ഥാനത്തില്‍ ആകൃഷ്ടനായി പഠനം ഉപേക്ഷിച്ച് നാട്ടിലെത്തി രാഷ്ട്രീയത്തില്‍ സജീവമാകുകയായിരുന്നു. സ്റ്റേറ്റ് കോണ്‍ഗ്രസ്സിലൂടെ രാഷ്ട്രീയത്തില്‍ ചുവടുവച്ച കുഞ്ഞ് പിന്നീട് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തില്‍ ചേരുകയായിരുന്നു. 54-ലും 60-ലും പി.എസ്.പി. ടിക്കറ്റില്‍ കൃഷ്ണപുരത്ത് നിന്നും 67ല്‍ എസ്.എസ്.പി. ടിക്കറ്റില്‍ കായംകുളത്ത് നിന്നുമാണ് നിയമസഭാംഗമായത്. സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ ആയിരക്കവേ, നിവര്‍ത്തന പ്രക്ഷോഭത്തില്‍ സി.കേശവനൊപ്പം നേതൃനിരയില്‍ ഉണ്ടായിരുന്നു. 1979ല്‍ അന്തരിച്ചു.


ആര്‍. സുഗതന്‍

കേരളത്തിലെ തൊഴിലാളി വര്‍ഗത്തിന്റെ അനിഷേധ്യ നേതാവായിരുന്നു ആര്‍.സുഗതന്‍. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തില്‍ കെട്ടിപ്പടുക്കുന്നതില്‍ നിസ്തുല പങ്ക് വഹിച്ചിട്ടുള്ള ഈ നേതാവ് ലളിത ജീവിതത്തിലൂടെ ജനമനസ്സ് കവര്‍ന്നു. തിരു-കൊച്ചി നിയമസഭയിലും പിന്നീട് കേരളനിയമസഭയിലും അംഗമായിരുന്നു.1951ലും 54ലും യഥാക്രമം ആലപ്പുഴ - രണ്ട്, മാരാരിക്കുളം മണ്ഡലങ്ങളില്‍ നിന്ന് തിരു-കൊച്ചി നിയമസഭാംഗമായി. 57-ലും 60-ലും കാര്‍ത്തികപ്പള്ളിയില്‍ നിന്നാണ് കേരളനിയമസഭയില്‍ എത്തിയത്. കയര്‍ തൊഴിലാളികളുടെ ഐക്യനിര കെട്ടിപ്പടുത്ത തിരുവിതാംകൂര്‍ കയര്‍ ഫാക്ടറി വര്‍ക്കേഴ്‌സ് യൂണിയന്റെ സ്ഥാപക നേതാവാണ്. ആലപ്പുഴ ജില്ലാ രൂപവത്കരണത്തിന് നടന്ന പ്രക്ഷോഭത്തിന് ഇദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശമുണ്ടായിരുന്നു.തൊഴിലാളിക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ജീവിതം പാടെ സമര്‍പ്പിച്ച സുഗതന്‍ അവിവാഹിതനായിരുന്നു. ആലപ്പുഴ ആലിശ്ശേരി സ്വദേശിയാണ്. ഒട്ടേറെ തൊഴിലാളി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. പോലീസ് മര്‍ദ്ദനവും ജയില്‍വാസവും അനുഭവിച്ചു. സ്‌കൂള്‍ അദ്ധ്യാപകനായിരുന്നതിനാല്‍ സുഗതന്‍സാര്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. അധ്യാപനവൃത്തി ഉപേക്ഷിച്ച് സജീവ രാഷ്ട്രീയത്തില്‍ എത്തുകയായിരുന്നു. 1970ല്‍ അന്തരിച്ചു.

ടി.വി. തോമസ്

1954ല്‍ തിരു-കൊച്ചി നിയമസഭയില്‍ പ്രതിപക്ഷ നേതാവായിരുന്ന ടി.വി. തോമസ് 1957ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോള്‍ മുഖ്യമന്ത്രിയാകുമെന്ന് കരുതപ്പെട്ടിരുന്നു. എന്നാല്‍ ആ സൗഭാഗ്യം അദ്ദേഹത്തില്‍ നിന്ന് അകന്നുപോയി.1930കളുടെ ഒടുവില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ സജീവമായ ടി.വി. 50-കളായപ്പോള്‍ സംസ്ഥാനത്തെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവായി വളര്‍ന്നിരുന്നു. പുന്നപ്ര വയലാര്‍ സമര നായകരില്‍ ഒരാളായിരുന്ന ടി.വി. തൊഴിലാളി വര്‍ഗത്തിന് വേണ്ടി നടത്തിയ പോരാട്ടങ്ങളിലൂടെ അധ്വാനവര്‍ഗത്തിന്റെ കണ്ണിലുണ്ണിയായി. ആലപ്പുഴക്കാര്‍ ഹൃദയത്തിലേന്തി സ്വീകരിച്ച ടി.വി. 51-ലും 54-ലും തിരുകൊച്ചി നിയമസഭയിലേക്കും 57-ലും 67ലും 70ലും നിയമസഭയിലേക്കും ആലപ്പുഴയുടെ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു. നിയമസഭയിലേക്ക് ജയിച്ച്കയറിയ മൂന്നുവട്ടവും അദ്ദേഹം മന്ത്രിയായി. 57ല്‍ തൊഴില്‍ മന്ത്രിയായിരുന്ന ടി.വി. തൊഴിലാളി സമരങ്ങളില്‍ പോലീസ് ഇടപെടാന്‍ പാടില്ലെന്ന നിയമം കൊണ്ടുവന്ന് ശ്രദ്ധേയനായി. 67ലും 70ലും ടി.വി. വ്യവസായ മന്ത്രിയായിരുന്നപ്പോഴാണ് സംസ്ഥാനത്ത് ഒട്ടേറെ വന്‍കിട വ്യവസായ സംരംഭങ്ങള്‍ ആരംഭിച്ചത്. 64ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി.പി.ഐ. ചേരിയിലായിരുന്നു.

കെ.ആര്‍. ഗൗരിയമ്മ

കേരള രാഷ്ട്രീയത്തിനൊപ്പം കഴിഞ്ഞ 62 വര്‍ഷമായി 92കാരിയായ കെ.ആര്‍.ഗൗരിയമ്മയുണ്ട്. 1946ല്‍ കമ്മ്യൂണിസ്റ്റ് ആചാര്യന്‍ പി.കൃഷ്ണപിള്ളയില്‍ നിന്ന് പാര്‍ട്ടിയില്‍ അംഗത്വമെടുത്ത് രാഷ്ട്രീയത്തില്‍ സജീവമായി. 1948-ലെ തിരു-കൊച്ചി നിമയസഭാ തിരഞ്ഞെടുപ്പ് മുതല്‍ 2006-ല്‍ ഏറ്റവും ഒടുവില്‍ നടന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പ് വരെ ഒരുതവണ പോലും മുറിയാതെ ഗൗരിയമ്മ മത്സരിച്ചിരുന്നുവെന്നത് അവര്‍ക്ക് മാത്രം അവകാശപ്പെടാന്‍ കഴിയുന്ന ഖ്യാതിയാണ്. 1951ലും 54ലും തിരു-കൊച്ചി നിയമസഭാംഗം. 57ലും 60ലും 65ലും 67ലും 70ലും 80ലും 82ലും 87ലും 91ലും 96ലും 2001ലും കേരള നിയമസഭാംഗം. 57ലും 67ലും 80ലും 87ലും 96ലും 2001ലും മന്ത്രി- ഗൗരിയമ്മ സൃഷ്ടിച്ച പാര്‍ലമെന്ററി രാഷ്ട്രീയത്തിലെ റെക്കോഡ് ആര്‍ക്കും തകര്‍ക്കാനാവില്ല.57ല്‍ റവന്യൂമന്ത്രിയായിരുന്നപ്പോള്‍ തുടങ്ങിവച്ച് 67ല്‍ നടപ്പാക്കിയ ഭൂപരിഷ്‌കരണ നിയമം ഗൗരിയമ്മയുടെ തൊപ്പിയിലെ പൊന്‍തൂവലാണ്. അഴിമതി നിരോധന നിയമം, വനിതാ കമ്മീഷന്‍ എന്നിവയും മന്ത്രിയായിരുന്നപ്പോള്‍ ഗൗരിയമ്മ കൊണ്ടുവന്നതാണ്. സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം എന്ന നിലവരെ ഉയര്‍ന്നു. 93ല്‍ സി.പി.എം. നേതൃത്വവുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് ജെ.എസ്.എസ്. എന്ന രാഷ്ട്രീയ സംഘടനയ്ക്ക് രൂപം നല്‍കി. ജെ.എസ്.എസ്. ജനറല്‍ സെക്രട്ടറിയാണ്.

തച്ചടി പ്രഭാകരന്‍

ആദ്യകാലത്ത് കമ്മ്യൂണിസ്റ്റ് കോട്ടയായിരുന്ന ആലപ്പുഴ ജില്ലയില്‍ കോണ്‍ഗ്രസ്സിന് സുദൃഢമായ വേരുകള്‍ ഉണ്ടാക്കുന്നതില്‍ തച്ചടി പ്രഭാകരന്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. അസാമാന്യമായ സംഘടനാപാടവം കൊണ്ട് കായംകുളം സ്വദേശിയായ ഇദ്ദേഹം ആലപ്പുഴ ഡി.സി.സി. പ്രസിഡന്റ്, കെ.പി.സി.സി. വൈസ് പ്രസിഡന്റ്, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ കോണ്‍ഗ്രസ്സിന്റെ ഉന്നത പദവികള്‍ അലങ്കരിച്ചു. കായംകുളത്തുനിന്ന് രണ്ടുതവണ എം.എല്‍.എ.യായ തച്ചടി ധനകാര്യമന്ത്രിയായിരുന്നു. കോണ്‍ഗ്രസ്സിന്റെ സംസ്ഥാന നേതാവായി തച്ചടി ഉയര്‍ന്നു.മികച്ച സഹകാരി കൂടിയായിരുന്നു തച്ചടി. കായംകുളത്തെ പത്തിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനത്തുനിന്ന് തുടങ്ങി ആലപ്പുഴ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് പദവി വഹിച്ച തച്ചടിയെ സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനവും തേടിയെത്തി. സംസ്ഥാനത്തെ കയര്‍ സഹകരണ സംഘങ്ങളുടെ അപ്പക്‌സ് ബോഡിയായ കയര്‍ഫെഡ്ഡിന്റെ ചെയര്‍മാനായും പ്രവര്‍ത്തിച്ചു.
സംസ്ഥാന സഹകരണ യൂണിയന്‍ പ്രസിഡന്റ്, അഖിലേന്ത്യാ സഹകരണ യൂണിയന്‍ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചു. 2000-ലായിരുന്നു തച്ചടിയുടെ മരണം.



ganangal


മറ്റു വാര്‍ത്തകള്‍

  12 »

രാഷ്ട്രീയകേരളം ഒത്തുകൂടി

ആലപ്പുഴ: മാതൃഭൂമി ആലപ്പുഴ എഡിഷന്‍ ഉദ്ഘാടനവേദിക്കരികിലെ വി.ഐ.പി. ലോഞ്ച് ഞായറാഴ്ച രാവിലെ ദേശീയ-സംസ്ഥാന രാഷ്ട്രീയ-സാമൂഹിക നേതാക്കളുടെ സംഗമകേന്ദ്രമായി. Read More

Discuss