Mathrubhumi Logo
  Alappuzha Edition - Heading

ഈ തെങ്ങില്‍ ഓര്‍മ്മ കുലയ്ക്കുന്നു

Posted on: 29 May 2010

'ആലപ്പുഴ ജില്ലാക്കോടതിക്കുമുന്നില്‍ ഒരു തെങ്ങുണ്ട്. ആ തെങ്ങ് ജില്ലാ രൂപവത്കരണ സമ്മേളനം കഴിഞ്ഞ് ഇ.എം.എസ്. നട്ടതാ. ജില്ലയുടെ പ്രായമാ ആ മുത്തച്ഛന്‍ തെങ്ങിന്'-കെ.ആര്‍.ഗൗരിയമ്മ ഓര്‍ക്കുന്നു. ആലപ്പുഴ ജില്ലാ രൂപവത്കരണത്തെക്കുറിച്ചുള്ള സര്‍ക്കാര്‍ ഉത്തരവില്‍ ഒപ്പിട്ടത് അന്ന് റവന്യു മന്ത്രിയായിരുന്ന ഗൗരിയമ്മയാണ്.

കോടതിക്കു മുന്നിലൂടെ കടന്ന് പോവുമ്പോഴൊക്കെ ഗൗരിയമ്മ 53 വര്‍ഷം പ്രായമുള്ള ആ തെങ്ങ് ശ്രദ്ധിക്കാറുണ്ട്. അതുകാണുമ്പോള്‍ മനസ്സില്‍ സ്മരണകളുടെ തിരയിളക്കമുണ്ടാവുമെന്ന് ഗൗരിയമ്മ.

'കൊച്ചിയില്‍ തുറമുഖവും കോട്ടയത്ത് തീവണ്ടിയും വന്നപ്പോള്‍ ആലപ്പുഴ തളരുന്നത് കണ്ടതാ ഞാന്‍'-ഗൗരിയമ്മ ഓര്‍ക്കുന്നു.
'കോട്ടയത്ത് തീവണ്ടി വന്നപ്പോള്‍ കിഴക്കന്‍ ദിക്കുകളില്‍നിന്നുള്ള മലഞ്ചരക്ക് ആലപ്പുഴയില്‍ എത്താതായി. കിഴക്കുനിന്നുള്ള മലഞ്ചരക്ക് കോട്ടയത്തുനിന്ന് തിവണ്ടിവഴി കൊച്ചിക്ക് പോകും. കൊച്ചിയില്‍നിന്ന് ഇവ കപ്പലില്‍ കയറ്റും. പേരുകേട്ട വാണിജ്യ നഗരമായിരുന്ന ആലപ്പുഴയിലെ ഗോഡൗണുകള്‍ കാലിയായി. തുറമുഖത്ത് കപ്പലുകള്‍ വിരളമായി. കയര്‍വ്യവസായം തളര്‍ന്നു. തൊഴിലാളികള്‍ പട്ടിണിയിലായി. കയറ്റിയിറക്ക് ആലപ്പുഴ തുറമുഖത്ത് നിലച്ചു. എല്ലാം കൊച്ചിക്ക്. തൊഴിലാളികളുടെ കുടിലുകളില്‍ അടുപ്പ് പുകയാതായി. ഒരു വല്ലാത്ത കാലമായിരുന്നു അത്. ഓള്‍ ഇന്ത്യാ വിമന്‍സ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ ഞാന്‍ കൊല്‍ക്കത്തയ്ക്ക്‌പോയിവന്നപ്പോള്‍ അവിടെനിന്ന് കുറച്ച് പണം പിരിച്ചുകൊണ്ടുവന്ന് തൊഴിലാളികള്‍ക്ക് നല്‍കി' ഗൗരിയമ്മ അക്കാലം ഇന്നും മറന്നിട്ടില്ല.
ഈ സ്ഥിതി മാറാന്‍ ആലപ്പുഴ ആസ്ഥാനമായി ജില്ല വേണമെന്ന ആശയം ആദ്യമായി കൊണ്ടുവന്നത് ടി.വി.തോമസായിരുന്നുവെന്ന് ഗൗരിയമ്മ. 'ടി.വി.അന്ന് തിരു-കൊച്ചി നിയമസഭാംഗംകൂടിയാണ്. ആലപ്പുഴ മുനിസിപ്പല്‍ ചെയര്‍മാനുമാണ്. ഏതായാലും ആലപ്പുഴയിലെ പൗരമുഖ്യരും രാഷ്ട്രീയ നേതാക്കളും ഒക്കെ ഒത്തുചേര്‍ന്ന് പ്രക്ഷോഭത്തിനിറങ്ങി'.-പഴയ കാര്യങ്ങള്‍ ഓര്‍ത്തെടുക്കുമ്പോള്‍ ജില്ലാ രൂപവത്കരണത്തില്‍ പങ്കുവഹിക്കാന്‍ ഭാഗ്യം കിട്ടിയതിന്റെ തിളക്കം ഗൗരിയമ്മയുടെ കണ്ണുകളില്‍.






ganangal


മറ്റു വാര്‍ത്തകള്‍

  12 »

രാഷ്ട്രീയകേരളം ഒത്തുകൂടി

ആലപ്പുഴ: മാതൃഭൂമി ആലപ്പുഴ എഡിഷന്‍ ഉദ്ഘാടനവേദിക്കരികിലെ വി.ഐ.പി. ലോഞ്ച് ഞായറാഴ്ച രാവിലെ ദേശീയ-സംസ്ഥാന രാഷ്ട്രീയ-സാമൂഹിക നേതാക്കളുടെ സംഗമകേന്ദ്രമായി. Read More

Discuss