എഴുത്തിനെ സ്‌നേഹിച്ച്... Posted on: 29 May 2010

അക്ഷരങ്ങളെ അത്രമേല്‍ സ്‌നേഹിച്ചു ആലപ്പുഴ. ഈ മണ്ണില്‍ എണ്ണിയാലൊടുങ്ങാത്ത ജലപ്രവാഹങ്ങള്‍ക്കൊപ്പം സാഹിത്യത്തിന്റെ തേനരുവികളും ഒഴുകി. അതിന്റെ മാധുര്യം ചരിത്രം വരും തലമുറകള്‍ക്കായി കാത്തുവച്ചു.
ആരും അതിശയിച്ചുപോകും. ആലപ്പുഴ ജില്ലയുടെ സാഹിത്യപ്പെരുമ അറിയുമ്പോള്‍. മലയാളത്തിന്റെ പെരുമാക്കളുടേയും ഗുരുശ്രേഷ്ഠരുടെയും പാദസ്പര്‍ശമേറ്റ മണ്ണ്. അവര്‍ ആലപ്പുഴയുടെ നാവിന്‍തുമ്പില്‍ പൊന്നുകൊണ്ട് കുറിച്ച ഹരിശ്രീ, കാലാന്തരത്തില്‍ മഹാകഥനങ്ങളും കാവ്യങ്ങളുമായി, ഇതിഹാസങ്ങളായി, പിന്നെ, മലയാളത്തെ നിയന്ത്രിച്ച പ്രസ്ഥാനവിശേഷങ്ങളായി രൂപമാറ്റംകൊണ്ടു.
പി.കെ. ജയചന്ദ്രന്‍
എഴുത്തിന്റെ പുണ്യം
എ.ഡി. 15-ാം നൂറ്റാണ്ടിന്റെ ദ്വിതീയ പാദം മുതല്‍ 18-ാം നൂറ്റാണ്ടിന്റെ മധ്യഘട്ടം വരെ നാടുവാണ ചെമ്പകശ്ശേരി 'ദേവനാരായണ' ബിരുദമുള്ള രാജവംശത്തിലെ 'പൂരാടം പിറന്ന പുണ്യപുരുഷന്റെ' കാലത്ത് സാക്ഷാല്‍ എഴുത്തച്ഛന്‍ അമ്പലപ്പുഴയില്‍ വന്ന് താമസിച്ചിരുന്നു. ഭാഷാപിതാവിന്റെ സാന്നിധ്യംകൊണ്ട് ധന്യമായ മണ്ണാണിത്. അദ്ധ്യാത്മ രാമായണം അദ്ദേഹം തര്‍ജ്ജമ ചെയ്യുന്നത് ഇവിടെവച്ച്. ഒരു തെലുങ്ക് ബ്രാഹ്മണന്‍ കൊണ്ടുവന്ന അദ്ധ്യാത്മരാമായണം, രാജാവിന്റെ നിര്‍ദ്ദേശപ്രകാരം എഴുത്തച്ഛന്‍ തര്‍ജ്ജമ ചെയ്യുകയായിരുന്നു. സാഹിത്യത്തിന്റെ ആലപ്പുഴപെരുമയ്ക്ക് ഇതിലപ്പുറം എന്താണ് വേണ്ടത്? ഭക്തകവി മേല്പത്തൂര്‍ നാരായണ ഭട്ടതിരിയും ഇവിടെ 'പട്ടേരി മാളിക'യില്‍ പാര്‍ത്തിരുന്നു. നാരായണീയം മാത്രമാണ് അദ്ദേഹം ഗുരുവായൂരില്‍ വച്ചെഴുതിയത്. 'പ്രക്രിയ സര്‍വസ്വം', 'ധാതുകാവ്യം' എന്നീ വ്യാകരണഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചത് അമ്പലപ്പുഴയില്‍ വച്ചായിരുന്നു. 30 വര്‍ഷത്തോളം അദ്ദേഹം അമ്പലപ്പുഴയില്‍ ഉണ്ടായിരുന്നു. അന്നദ്ദേഹം നിര്‍മ്മിച്ച പ്രബന്ധങ്ങളാണ് ഇന്ന് ചാക്യാന്മാര്‍ കൂത്ത് പറയാന്‍ ഉപയോഗിക്കുന്നത്. ചാക്യാരുടെ പരിഹാസക്കൂരമ്പേറ്റ് മനംനൊന്ത കുഞ്ചന്‍ നമ്പ്യാര്‍ അതിന്തുള്ളലിലൂടെ മറുപടി പറഞ്ഞതും ഇവിടെവച്ച്. കല്യാണസൗഗന്ധികം തുള്ളലിന് അങ്ങനെ ഒരു പ്രതികാര പ്രകടനത്തിന്റെ കഥ കൂടിയുണ്ടാകുന്നു.അമ്പലപ്പുഴയില്‍ താമസിച്ച നമ്പ്യാരുടെ തുള്ളല്‍കൃതികളില്‍ നിന്ന് കുട്ടനാടന്‍ ജീവിതത്തിന്റെ യഥാര്‍ത്ഥചിത്രം ലഭിക്കുന്നുണ്ട്. പിന്നീട് കഥകളില്‍ക്കൂടി തകഴി ഈ പാരമ്പര്യം നിലനിര്‍ത്തിയതായി സാഹിത്യചരിത്രകാരന്മാര്‍ പറയുന്നു. കണ്ണശ്ശരാമായണത്തിന്റെ സംഗീതാത്മകതയെ മലയാളം എന്നും വാഴ്ത്തുകയും സ്‌നേഹിക്കുകയും ചെയ്തു. പമ്പയുടെ തീരത്തിരുന്ന് സാഹിത്യപൂജ നടത്തി കണ്ണശ്ശന്മാര്‍ അഥവാ നിരണം കവികള്‍ ഈ ദേശത്തെ ചരിത്രത്തിലെ അമൂല്യ സ്ഥാനമാക്കി മാറ്റി. രാമായണം, ഭാരതം, ഭാഗവതം, ശിവരാത്രി മാഹാത്മ്യം എന്നിവ വിവര്‍ത്തനം ചെയ്തത് രാമപ്പണിക്കരും ഭാരതമാല എഴുതി ശങ്കരപ്പണിക്കരും ഭഗവദ്ഗീത തര്‍ജ്ജമ ചെയ്ത് മാധവപ്പണിക്കരും കണ്ണശ്ശ കവിതാപാരമ്പര്യത്തെ ചരിത്രത്തില്‍ ഉറപ്പിച്ചു. ഇന്ത്യന്‍ പ്രാദേശിക ഭാഷയിലാദ്യമായി ഗീതയുടെ തര്‍ജ്ജമ നടന്നത് മലയാളത്തില്‍. അത് ഈ മണ്ണില്‍വച്ചായിരുന്നു.
എഴുത്തിന്റെ കാഴ്ച
കഥകളിയും ആട്ടക്കഥാശാഖയും വളര്‍ന്ന് പന്തലിച്ച ഇന്നത്തെ ആലപ്പുഴയില്‍ ഉള്‍പ്പെടുന്ന ദേശങ്ങളില്‍ കളരികളും എണ്ണം പറഞ്ഞ നടന്മാരും അനേകമുണ്ടായി. അന്നത്തെ കേമന്മാരില്‍ കരീത്തറ രാമപ്പണിക്കരും ഉണ്ടായിരുന്നു. ഒ. ചന്തുമേനോന്റെ ഇന്ദുലേഖയില്‍ ഈ രാമപ്പണിക്കര്‍ പിന്നീട് ഇടം പിടിച്ചു. അരങ്ങിലെ അട്ടഹാസം കേട്ട് 'തെക്കന്‍ രാമന്റെ രാവണ വേഷമാകും' എന്ന് സൂരി നമ്പൂതിരിപ്പാട് പറയുന്നത് ഈ രാമപ്പണിക്കരെ ഉദ്ദേശിച്ചാണ്.
കിരാതം ആട്ടക്കഥ എഴുതിയ ഇരട്ടക്കുളങ്ങര വാര്യര്‍ ഇന്നത്തെ ആലപ്പുഴ ജില്ലയിലെ സാഹിത്യപ്പെരുമാക്കളില്‍ ഇടം നേടിയ ആള്‍ തന്നെ. മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ സദസ്യനായിരുന്നു അദ്ദേഹം. കാവാലം... സ്വദേശി മണ്ഡപപ്പള്ളി ഇട്ടിരാരിശ്ശ മേനോന്‍ എഴുതിയവയാണ് രുക്മാംഗദ ചരിതം, സന്താനഗോപാലം എന്നീ ആട്ടക്കഥകള്‍. ഇന്നും അരങ്ങുകളില്‍ ഈ കാവാലത്തുകാരന്റെ പദങ്ങളും ശ്ലോകങ്ങളും നിറഞ്ഞുനില്ക്കുന്നു. ഉള്ളൂര്‍ കേരള സാഹിത്യചരിത്രം എഴുതും മുമ്പ് ഏഴു വോള്യത്തില്‍ സാഹിത്യചരിത്രമെഴുതിയ ആര്‍. നാരായണപ്പണിക്കര്‍ ഈ നാടിന്റെ സമ്പത്താണ്. കാര്‍ത്തവീര്യ വിജയം ആട്ടക്കഥയെഴുതിയ ചേര്‍ത്തല പുതിയിക്കല്‍ തമ്പാന്‍, ബാണയുദ്ധം എഴുതിയ ബാലകവി രാമശാസ്ത്രികള്‍, കുചേലവൃത്തം എഴുതിയ മുരിങ്ങൂര്‍ ശങ്കരന്‍പോറ്റി എന്നിവരും ഈ പട്ടികയില്‍പ്പെടുന്നു.
എഴുത്തിന്റെ ഭാഷ
ഓണാട്ടുകര ഉള്‍പ്പെടുന്ന ആലപ്പുഴയുടെ ആര്‍ജ്ജവമുള്ള ഭാഷ ആകര്‍ഷണീയവും പ്രൗഢവുമാകുന്നു. നീണ്ടകര പൊഴി മുതല്‍ തോട്ടപ്പള്ളിച്ചാല്‍ വരെ നീളുന്ന ദേശത്തിന്റെ ഭാഷ ഏതാണ്ട് അച്ചടി ഭാഷയോളം അടുത്താണ്. സാഹിത്യബോധമാകട്ടെ, ശക്തവും വിട്ടുവീഴ്ചകള്‍ക്ക് വഴങ്ങാത്തതും. 'മധ്യതിരുവിതാംകൂര്‍ മലയാളം അടിസ്ഥാനപരമായി ഓണാട്ടുകര മലയാളമാണ്. അതിന്റെ സമഗ്രഭംഗി ഗുപ്തന്‍നായരുടെ ഗദ്യവും, അടിയുറപ്പ് തകഴിയുടെ ശൈലിയും, ആര്‍ദ്രത പാറപ്പുറത്തിന്റെ രചനയുമാണെ'ന്ന് കെ.എം. തരകന്‍ എഴുതിയിട്ടുണ്ട്. മലയാളസാഹിത്യത്തിലെ ഏറ്റവും നീണ്ടുനിന്ന വിവാദം ഒരുപക്ഷേ പ്രാസവാദമായിരിക്കും. ഈ വാദത്തിന്റെ ഇരുപക്ഷവും നിന്നവര്‍-കേരളകാളിദാസനായ കേരളവര്‍മ്മ വലിയകോയിത്തമ്പുരാനും അനന്തരവന്‍ കേരളപാണിനി എ.ആര്‍. രാജരാജവര്‍മ്മയും-ആലപ്പുഴയുടെ സ്വത്താണ്.
എഴുത്തിന്റെ പരിണാമം
കല, കലയ്ക്ക് വേണ്ടിയോ, സമൂഹത്തിനുവേണ്ടിയോ എന്ന തര്‍ക്കം ഇ.എം.എസ്. ഉള്‍പ്പെടെയുള്ളവര്‍ ഉയര്‍ത്തിയതാണെങ്കിലും ഏറ്റുപിടിച്ചത് കമ്മ്യൂണിസത്തിന് ഏറെ വേരോട്ടമുള്ള ആലപ്പുഴയായിരുന്നു. ആലപ്പുഴയുടെ സാഹിത്യത്തിന് മനുഷ്യഗന്ധമുണ്ടായത് കമ്മ്യൂണിസത്തിന്റെ സ്വാധീനം കൊണ്ടാണ്. 'കുരുക്ഷേത്രം' കവിതയിലൂടെ മലയാള കവിതയില്‍ ആധുനികത രംഗപ്രവേശം ചെയ്തു.
അത് ഉള്‍പ്പെടെ കാവ്യസഞ്ചാര പരിണാമത്തിനും പരിഷ്‌കരണത്തിനും ഇടയാക്കിയ ഒട്ടേറെ കവിതകളെഴുതിയ ഡോ. അയ്യപ്പപ്പണിക്കരും ഈ ജില്ലക്കാരന്‍. അങ്ങനെ മലയാള കവിതയുടെ ആധുനികതയ്ക്കും ആരംഭസ്ഥാനമായി ഇവിടം മാറുന്നു. നാടകത്തില്‍ ഇതേക്കാള്‍ ശക്തമായ മാറ്റമാണ് ഉണ്ടായത്. തമിഴിലെ സംഗീത നാടകങ്ങളുടെ കാര്‍ബണ്‍ കോപ്പി മാത്രമായി മലയാള നാടകം രൂപപ്പെടുകയും ആടുകയും ചെയ്തിരുന്ന കാലത്ത് അതിനെ അതിജീവനം ചെയ്ത് കുടുംബവിഷയം നാടകമായത് പോളച്ചിറക്കല്‍ കൊച്ചീപ്പന്‍ തരകനിലൂടെയാണ്.
അദ്ദേഹത്തിലൂടെയും അദ്ദേഹത്തിന്റെ 'മറിയാമ്മ' നാടകത്തിലൂടെയും നാടകപ്രസ്ഥാനത്തിലെ ശ്രദ്ധേയമായ മാറ്റത്തിന്റെ ഉടമസ്ഥാവ കാശം ആലപ്പുഴ നേടുന്നു.
ആലപ്പുഴ രൂപം നല്‍കിയ സാമൂഹിക നാടക പ്രസ്ഥാനത്തിന്റെ ഗതിയെ മറികടന്ന് അതിന് മറ്റൊരു വഴി തുറന്നുനല്‍കിയതും ആലപ്പുഴ തന്നെ. കാവാലം നാരായണപ്പണിക്കരുടെയും മറ്റും നവീനമായ തനത് നാടക സങ്കേതങ്ങളും സമ്പ്രദായങ്ങളുമുണ്ടായി. അരങ്ങിന് പുതിയ ഭാഷയും ഭാവവും കൈവന്നത് ഇവിടെനിന്നാണ്. അരങ്ങും സദസ്സും തമ്മില്‍ ഭേദമില്ലാതായതും ഇവിടെവച്ച്. രചനയ്ക്കും രംഗഭാഷയ്ക്കും വന്ന ശക്തമായ മാറ്റത്തിന് പിന്നില്‍ ഈ നാട്ടുകാരായിരുന്നു.
ദീപസ്തംഭങ്ങള്‍
കവിതയില്‍ ഗാനവും ഗാനത്തില്‍ കവിതയും സമന്വയിച്ച് സ്‌നേഹഗായകനായ വയലാര്‍ രാമവര്‍മ്മ ആലപ്പുഴയുടെ ദീപസ്തംഭങ്ങളില്‍ ഒന്നായി ജ്വലിക്കുന്നു. ലോകം മുഴുവന്‍ അറിഞ്ഞ പ്രേമകഥയാണ് തകഴി ശിവശങ്കരപ്പിള്ളയുടെ 'ചെമ്മീന്‍' അതിന്റെ ഗഹനമായ മുഴക്കം ഇപ്പോഴും അവശേഷിക്കുന്നു. തന്റെ ദേശത്തെ ഇത്രമേല്‍ എഴുത്തില്‍ സന്നിവേശിപ്പിച്ച മറ്റൊരാള്‍ ഉണ്ടോയെന്ന് സംശയം. ശിവശങ്കരപ്പിള്ളയേയും കടന്ന് തകഴി വളര്‍ന്നു; അങ്ങനെ ദേശവും.
കേരളത്തിലെ മികച്ച പഴയ കവയിത്രികളുടെ പട്ടികയില്‍ ആലപ്പുഴയുടെ പ്രതിനിധിയായി മുതുകുളം പാര്‍വ്വതിയമ്മയുണ്ട്. മലയാളത്തിലെ പട്ടാളക്കഥാകാരന്മാരായ മൂവരില്‍ ഒരാള്‍ ആലപ്പുഴ ജില്ലയ്ക്ക് അവകാശപ്പെട്ടതാണ്. പാറപ്പുറം, ക്രിസ്തുവിന്റെ ആറാം തിരുമുറിവെഴുതി വിവാദ നായകനായ പി.എം. ആന്റണിയുടെ നാടും ഇതുതന്നെ. ചുരുക്കത്തില്‍ സാഹിത്യത്തില്‍ എന്തെല്ലാം ചലനങ്ങളും പരിഷ്‌കരണങ്ങളും ഉണ്ടായിട്ടുണ്ടോ അതിനെല്ലാം ശക്തമായ പങ്ക് ഈ നാട് വഹിച്ചു.
ഗണക കവികള്‍, അതില്‍ പ്രധാനിയായിരുന്ന, ശാക്തേയ മോക്ഷം ആട്ടക്കഥയെഴുതിയ പദ്മനാഭന്‍ വൈദ്യര്‍, മാവേലിക്കര ജി. കൃഷ്ണപിള്ള, ചുനക്കര കെ.കെ. പണിക്കര്‍. ചെറുവള്ളി ക്ഷേത്രക്കളരി കുടുംബ സ്ഥാപകന്‍ നീലകണ്ഠന്‍ നായര്‍, അമ്പലപ്പുഴ ഗണപതിശര്‍മ്മ, തുടങ്ങിയവരെല്ലാം പാരമ്പര്യ സാഹിത്യത്തറവാട്ടിലെ ആലപ്പുഴക്കാരാണ്. ഐ.സി. ചാക്കോ, സാഹിത്യ പഞ്ചാനനന്‍ പി.കെ. നാരായണപിള്ള, സര്‍ദാര്‍ കെ.എം.പണിക്കര്‍, പുത്തന്‍കാവ് മാത്തന്‍ തരകന്‍, എസ്.കെ. നായര്‍, പള്ളിപ്പാട്ട് കുഞ്ഞുകൃഷ്ണന്‍, മുതുകുളം ഗംഗാധരന്‍പിള്ള, സി.ജി. രാജേന്ദ്രബാബു, എസ്.എല്‍.പുരം സദാനന്ദന്‍, എസ്. ഗുപ്തന്‍നായര്‍, പൊന്‍കുന്നം വര്‍ക്കി, വി.എസ്. ശര്‍മ്മ, കെ.പി. അപ്പന്‍, പി. പദ്മരാജന്‍, എന്‍.പി. ചെല്ലപ്പന്‍പിള്ള, കാമ്പിശ്ശേരി, ഏവൂര്‍ പരമേശ്വരന്‍, ഡോ. നരേന്ദ്രപ്രസാദ്, പി.വി.തമ്പി, പ്രൊഫ. എം.കെ. സാനു, പ്രൊഫ. അമ്പലപ്പുഴ രാമവര്‍മ്മ, ശ്രീകുമാരന്‍ തമ്പി, പുതുശ്ശേരി രാമചന്ദ്രന്‍, മുതുകുളം രാഘവന്‍ പിള്ള, എന്‍.പി. ചെല്ലപ്പന്‍ നായര്‍, സി.പി. നായര്‍, നീലമ്പേരൂര്‍ മധുസൂദനന്‍ നായര്‍, വി.പി. ശിവകുമാര്‍, കെ. കേശവന്‍പോറ്റി, പുതുപ്പള്ളി രാഘവന്‍, ശങ്കരനാരായണന്‍ തമ്പി, എരുമേലി പരമേശ്വരന്‍ പിള്ള, ഇലിപ്പക്കുളം രവീന്ദ്രന്‍, ശിവരാമന്‍ ചെറിയനാട്, പ്രിയ.എ.എസ്., ജയശ്രീ മിശ്ര, കെ. രാജഗോപാല്‍, അമ്പലപ്പുഴ ഗോപകുമാര്‍, പി.ജി. തമ്പി, കെ.ആര്‍. മീര, രാജു വള്ളിക്കുന്നം,വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, അനില്‍ പനച്ചൂരാന്‍, കായംകുളം പി.എന്‍. മുരളി, നൂറനാട് മോഹന്‍, കണിമോള്‍, തോപ്പില്‍ സോമന്‍, അജയന്‍, കലവൂര്‍ രവികുമാര്‍, മധു ഇറവങ്കര, മധു മുട്ടം, രാജന്‍ കൈലാസ്, പ്രയാര്‍ പ്രഭാകരന്‍, കെ.പി. വിജയന്‍ നായര്‍, അമൃത തുടങ്ങി പഴയതും പുതിയതുമായ എഴുത്തുകാരിലൂടെ ആലപ്പുഴയുടെ സാഹിത്യം ഒഴുകിക്കൊണ്ടേയിരിക്കുന്നു.