Mathrubhumi Logo
  Alappuzha Edition - Heading

വ്യവസായം വളരുന്നത് പ്രതീക്ഷകളിലേക്ക്. .

ജി. ഉണ്ണികൃഷ്ണന്‍ Posted on: 29 May 2010

ജില്ലയിലെ വ്യവസായരംഗത്തിന് പുത്തനുണര്‍വ് സമ്മാനിക്കാനുള്ള ശ്രമങ്ങള്‍
ഏറെയുണ്ടെന്നത് ആശ്വാസകരംതന്നെ. പരമ്പരാഗത വ്യവസായങ്ങളുടെ നിലനില്പും നവസംരംഭങ്ങളുടെ കാല്‍വയ്പും സാധ്യമാക്കാന്‍ രാഷ്ട്രീയ ഇച്ഛാശക്തിതന്നെ വേണം.


ആലപ്പുഴയ്ക്ക് മഹിമകളേറെയാണ്. എന്നാല്‍, ഇത്രയൊക്കെ പെരുമയുള്ള ജില്ലയ്ക്ക് വ്യാവസായിക പുരോഗതി ഇത്ര മതിയോ? ഉല്പാദനത്തിനും വിപണനത്തിനും മതിയായ സൗകര്യങ്ങളും അടിസ്ഥാനകാര്യങ്ങളും ഒക്കെ ഉണ്ടായിട്ടും, എവിടെയൊക്കെയോ ഒരു കല്ലുകടി....

ജില്ലയുടെ പ്രത്യേകതകളും ഭൂമിശാസ്ത്രവും ഇവിടത്തെ വിഭവശേഷിയും കണക്കിലെടുത്ത് ആരംഭകാലം മുതല്‍തന്നെ വ്യവസായപ്രതീക്ഷകള്‍ ഏറെയായിരുന്നു. കയറും സമുദ്രോല്പന്നങ്ങളും കാര്‍ഷിക ഉണര്‍വും ഈ പ്രതീക്ഷകള്‍ക്ക് പിന്‍ബലമേറ്റി. പൊതുമേഖലയിലും സ്വകാര്യമേഖലയിലുമുള്ള വന്‍കിട സ്ഥാപനങ്ങളുടെ വരവ് രാജ്യശ്രദ്ധ നേടുന്ന തരത്തിലായി. ടൂറിസത്തിന്റെ വരവ് വിദേശീയരുടെ ശ്രദ്ധയ്ക്കും കാരണമായി. എങ്കിലും ആലപ്പുഴയ്ക്ക് ഇത്രയും മതിയോ എന്ന അസംതൃപ്തി ബാക്കിനില്‍ക്കുന്നു.
ആരംഭകാലത്ത് കേവുവള്ളങ്ങളില്‍ അന്യനാട്ടുകാര്‍ സാധനങ്ങള്‍ ഇവിടെ കൊണ്ടുവന്ന് വില്‍ക്കുന്നതും കാര്‍ഷികോല്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള ചരക്കുകള്‍ കയറ്റിക്കൊണ്ടുപോകുന്നതും സര്‍വ്വസാധാരണമായിരുന്നു. റോഡുകളുടെ വികസനവും റെയില്‍വേയുടെ വരവും ജലമാര്‍ഗ്ഗത്തിലൂടെയുള്ള ചരക്കുനീക്കത്തിന്റെ ഗതി മാറ്റി. വ്യാപാരകേന്ദ്രമായ വെനീസിനെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുള്ള വാണിജ്യം, ആലപ്പുഴയെ 'കിഴക്കിന്റെ വെനീസാ'ക്കി.

ജില്ലയ്ക്ക് 82 കിലോമീറ്റര്‍ കായല്‍ത്തീരമുണ്ടെന്നാണ് കണക്ക്. കാര്‍ത്തകപ്പള്ളി, അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളിലായി നീണ്ടുകിടക്കുന്ന ഈ കായല്‍ത്തീരങ്ങളെ ബന്ധിപ്പിച്ചുള്ള സമുദ്രോല്പന്ന വ്യവസായം, സീഫുഡ് എക്‌സ്‌പോര്‍ട്ടിങ് രംഗത്തേക്ക് എത്തിത്തുടങ്ങിയെങ്കിലും ഇനിയും ബഹുദൂരം പോകണം.
കയറും കായലും ഒഴിവാക്കി ജില്ലയുടെ ഒരു ചരിത്രവും എഴുതുക സാധ്യമല്ല. ചേര്‍ത്തല, അമ്പലപ്പുഴ, കാര്‍ത്തികപ്പള്ളി താലൂക്കുകളിലാണ് കയര്‍വ്യവസായത്തിന് സാധ്യത കൂടുതല്‍.

കയര്‍മേഖലയിലെ വൈവിധ്യവത്കരണം ഈ വ്യവസായത്തിന് പുത്തനുണര്‍വ് നല്‍കുന്നുണ്ട്. തൊണ്ട് കായലിലിട്ട് അഴുക്കി, തല്ലി, റാട്ടു കറക്കി കയര്‍പിരിക്കുന്ന പരമ്പരാഗത ശൈലി മാറി, പച്ചത്തൊണ്ടില്‍നിന്ന് ചകിരിയുണ്ടാക്കി യന്ത്രവത്കൃത കയര്‍പിരിയിലേക്ക് എത്തി. കയറും കയറുല്പന്നങ്ങളും വിദേശത്തേക്ക് കയറ്റിയയയ്ക്കുന്നതിന് സര്‍ക്കാര്‍ സഹകരണ സ്വകാര്യമേഖലയ്ക്ക് ഒരേ മനസ്സാണ്. കയറുല്പന്ന നിര്‍മ്മാണ സംരംഭങ്ങള്‍ അടുത്തിടെ കൂടുതല്‍ ഉണ്ടാകുന്നതും സര്‍ക്കാര്‍തലത്തില്‍ത്തന്നെ ഈ വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നൂതനപദ്ധതികളും പ്രശംസനീയംതന്നെ.
ഒരു സമയത്ത് കൊപ്രയുടെയും സ്വര്‍ണത്തിന്റെയും വില നിയന്ത്രിച്ചിരുന്നത് ആലപ്പുഴയിലെ മാര്‍ക്കറ്റായിരുന്നു. ആലപ്പുഴ- ചേര്‍ത്തല കൊപ്രാ മാര്‍ക്കറ്റുകള്‍ക്ക് ഇന്ന് പഴയ പ്രൗഢിയില്ല. അന്യസംസ്ഥാനങ്ങളിലേക്ക് വെളിച്ചെണ്ണയും കൊപ്രയും കയറ്റിയയച്ചിരുന്ന വ്യവസായം ഇന്ന് ഏറെക്കുറെ തകര്‍ച്ചയിലാണ്.
പുത്തന്‍ ട്രെന്‍ഡുകളുമായി സ്വര്‍ണവിപണി അന്യസംസ്ഥാനക്കാര്‍ കൈയടക്കിയെങ്കിലും നമ്മുടെ പരമ്പരാഗത ശൈലി ഇഷ്ടപ്പെടുന്നവര്‍ ഏറെയാണ്. പാരമ്പര്യത്തികവോടെയുള്ള ആഭരണങ്ങളുടെ പണിശാലകള്‍ ഇന്നും ഇവിടെയുണ്ട്.
മാന്നാറിലെ ഓട്ടുപാത്ര വ്യവസായവും ചെങ്ങന്നൂരിലെ ശിലാശില്പ നിര്‍മ്മാണവും വടക്കന്‍ഭാഗത്തുള്ള ഗ്ലാസ് ഉല്പന്ന നിര്‍മ്മാണവും ജില്ലയുടെ പ്രത്യേകതകളാണ്.

ഇവിടത്തെ ഓരോതരി മണ്ണും പൊന്നിന് തുല്യംതന്നെ. കാര്‍ത്തികപ്പള്ളി, കായംകുളം, തോട്ടപ്പള്ളി ഭാഗങ്ങളിലാണ് ഏഷ്യയിലെ ഏറ്റവും കൂടുതല്‍ ഇല്‍മനൈറ്റ് അടങ്ങിയ കരിമണല്‍ നിക്ഷേപമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ചേര്‍ത്തല താലൂക്കിലെ പഞ്ചാരമണലെന്ന് വിളിക്കുന്ന സിലിക്കാ മണല്‍ 28 ദശലക്ഷം ടണ്‍ വരും. കുട്ടനാട്ടിലേത് പൊന്നുവിളയുന്ന മണ്ണാണ്. താമരക്കുളം, വള്ളികുന്നം ഭാഗത്ത് വ്യവസായ പ്രാധാന്യമേറിയ കളിമണ്ണും ചെങ്ങന്നൂര്‍ പ്രദേശത്ത് ബോക്‌സൈറ്റും വേമ്പനാട്ട് തീരത്ത് ചുണ്ണാമ്പുകക്കയും ധാരാളം. ഇതൊക്കെ വ്യവസായവത്കരിക്കപ്പെടുന്നതിലും പ്രശ്‌നങ്ങള്‍ ഏറെയാണ്.
ഇന്ന് എല്ലാ കണ്ണുകളും ടൂറിസത്തിലേക്കാണ്. ഒരു വ്യവസായമെന്ന നിലയില്‍ അത് വളര്‍ന്നുകഴിഞ്ഞു. നമ്മുടെ കെട്ടുവള്ളങ്ങള്‍ രൂപംമാറ്റിയ ഹൗസ്‌ബോട്ടുകളും അറയും പുരയും കൊണ്ട് ആകര്‍ഷകമാക്കിയ ഭക്ഷണശാലകളും രുചിഭേദങ്ങളുള്ള ഭക്ഷണസാധനങ്ങളും ഒക്കെ വിദേശീയര്‍ക്ക് പ്രിയങ്കരങ്ങളാണ്. പരിസ്ഥിതിയുടെയും ചൂഷണത്തിന്റെയും പേരില്‍ ചില പ്രശ്‌നങ്ങള്‍ ഈ മേഖലയിലേക്ക് കടന്നുകയറിയിട്ടുണ്ടെങ്കിലും, ടൂറിസം വ്യവസായത്തില്‍ ജില്ല ബഹുദൂരം മുന്നിലാണ്.
സ്വകാര്യ- പൊതുമേഖലകളില്‍ നിരവധി വ്യവസായസ്ഥാപനങ്ങള്‍ ഇവിടെ ഉദിക്കുകയും പൂട്ടുകയും ചെയ്തിട്ടുണ്ട്. നഷ്ടത്തിന്റെയും തൊഴില്‍ത്തര്‍ക്കങ്ങളുടെയും കണക്കുപറഞ്ഞ് പൂട്ടിയവയ്ക്കിടയിലും നേട്ടങ്ങള്‍ കൊയ്ത് ഏതാനുമെണ്ണം ജില്ലയ്ക്ക് അഭിമാനമായി ഇവിടെയുണ്ട്.

കായംകുളം താപവൈദ്യുതനിലയം, കെ.എസ്.ഡി.പി. പള്ളിപ്പുറം, മലബാര്‍ സിമന്റ്‌സ്, സ്‌കൂട്ടേഴ്‌സ് കേരള, ആട്ടോ കാസ്റ്റ്, മില്‍മയുടെ കാലിത്തീറ്റ ഫാക്ടറി, ചെങ്ങന്നൂര്‍ പ്രഭുറാം മില്‍, കരീലക്കുളങ്ങര സ്​പിന്നിങ്മില്‍, മാന്നാര്‍ അലിന്‍ഡ്, ഗ്ലാസ് ഫാക്ടറികള്‍, കയര്‍- സമുദ്രോല്പന്ന വ്യവസായശാലകള്‍. . . കാലാകാലങ്ങളില്‍ ജില്ലയ്ക്ക് വ്യവസായഭൂപടത്തില്‍ സ്ഥാനങ്ങള്‍ ചാര്‍ത്തിക്കൊണ്ടിരുന്നു.ഇനി പ്രതീക്ഷ ഐ.ടി. മേഖലയിലേക്കും രാജ്യവികസനത്തിനുതകുന്ന വ്യവസായ സംരംഭങ്ങളിലേക്കുമാണ്. ചേര്‍ത്തല പള്ളിപ്പുറത്തും അമ്പലപ്പുഴ പുറക്കാട്ടും ഇന്‍ഫോ പാര്‍ക്കിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ചേര്‍ത്തലയില്‍ റെയില്‍വേയുടെ ബോഡിനിര്‍മ്മാണ യൂണിറ്റ് വരുമെന്നതും പ്രതീക്ഷയാണ്.



ganangal


മറ്റു വാര്‍ത്തകള്‍

  12 »

രാഷ്ട്രീയകേരളം ഒത്തുകൂടി

ആലപ്പുഴ: മാതൃഭൂമി ആലപ്പുഴ എഡിഷന്‍ ഉദ്ഘാടനവേദിക്കരികിലെ വി.ഐ.പി. ലോഞ്ച് ഞായറാഴ്ച രാവിലെ ദേശീയ-സംസ്ഥാന രാഷ്ട്രീയ-സാമൂഹിക നേതാക്കളുടെ സംഗമകേന്ദ്രമായി. Read More

Discuss