ചിരിയും ചിന്തയും
Posted on: 29 May 2010

കായംകുളം ഇല്ലിക്കുളത്ത് തറവാട്ടില്‍ നാരായണപിള്ളയുടെയും കൊച്ചുകുഞ്ഞമ്മയുടെയും മകനായി 1902 ജൂലായ് 12-നായിരുന്നു ശങ്കരപ്പിള്ളയുടെ ജനനം. തിരുവനന്തപുരത്ത് ബിരുദപഠനശേഷം നിയമം പഠിക്കുന്നതിനായി മുംബൈയിലേയ്ക്ക് പോയി. എന്നാല്‍ ശങ്കരപ്പിള്ള നിയമം പഠിച്ചില്ല. ഷിപ്പിങ് കമ്പനിയില്‍ ഉദ്യോഗസ്ഥനായി.
മുംബൈയില്‍ ബോംബെ ക്രോണിക്കിളിന്റെ എഡിറ്ററായിരുന്ന പോത്തന്‍ ജോസഫുമായുള്ള ആകസ്മിക കൂടിക്കാഴ്ചയാണ് ശങ്കരപ്പിള്ളയെ ശങ്കറെന്ന കാര്‍ട്ടൂണിസ്റ്റായി മാറ്റാന്‍ ഇടയാക്കിയതെന്ന് പ്രശസ്ത പത്രപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ടി.ജെ.എസ്. ജോര്‍ജ് രേഖപ്പെടുത്തിയിട്ടുണ്ട്. പോത്തന്റെ പ്രേരണയാല്‍ ബോംബെ ക്രോണിക്കിളില്‍ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റായ ശങ്കര്‍ തന്റെ കാര്‍ട്ടൂണുകളിലൂടെ പത്രത്തിന്റെ ഭാവംതന്നെ മാറ്റിമറിച്ചു. പിന്നീട് പോത്തന്‍ ജോസഫിനൊപ്പം ഡല്‍ഹിയിന്‍ ഹിന്ദുസ്ഥാന്‍ ടൈംസിലേയ്ക്ക്.

പരസ്പരപൂരകമായിരുന്നു പോത്തന്‍ ജോസഫ് - ശങ്കര്‍ ബന്ധം. ജോസഫിന്റെ വാക്കുകള്‍ ശങ്കറിന് പ്രചോദകമായി. ജോസഫ് വാസ്തുശില്പിയും ശങ്കര്‍ പെരുന്തച്ചനുമായി. അങ്ങനെ രാഷ്ട്രീയ കാര്‍ട്ടൂണുകള്‍ ഇന്ത്യന്‍ പത്രപത്രപ്രവര്‍ത്തനരംഗത്ത് പുതിയൊരു ചരിത്രം കുറിച്ചു. 1948-ല്‍ ഹിന്ദുസ്ഥാന്‍ ടൈംസ് വിട്ട ശങ്കര്‍ സ്വന്തമായി കാര്‍ട്ടൂണ്‍ വീക്കിലി തുടങ്ങി. അതാണ് ശങ്കേഴ്‌സ് വീക്കിലി. പിന്നീട് ഇന്ത്യയിലെ മിക്ക കാര്‍ട്ടൂണിസ്റ്റുകള്‍ക്കും പരിശീലനക്കളരിയായ പ്രസിദ്ധീകരണം. ചലപതിറാവുവിന്റെ നാഷണല്‍ ഹെറാള്‍ഡ്, എടത്തട്ട നാരായണന്റെ പേട്രിയറ്റ്, ശങ്കറിന്റെ വീക്കിലി എന്നിവ അക്കാലത്ത് തലസ്ഥാനനഗരിയിലെ പ്രമുഖ സമാന്തര പ്രസിദ്ധീകരണങ്ങളായിരുന്നു. ബൗദ്ധികമായി ഉന്നത നിലവാരം പുലര്‍ത്തിയിരുന്ന ഈ മൂവര്‍ കൂട്ടുകെട്ടിന് നെഹ്‌റു, പട്ടേല്‍, കൃഷ്ണമേനോന്‍ തുടങ്ങിയവരുടെ അകമഴിഞ്ഞ പിന്തുണകൂടിയുണ്ടായിരുന്നു. വിമര്‍ശങ്ങള്‍ക്കും, സംവാദങ്ങള്‍ക്കും വ്യക്തിബന്ധങ്ങള്‍ ഒട്ടും തടസ്സമാകാതിരുന്ന കാലം. സംശുദ്ധ രാഷ്ട്രീയത്തിലൂടെ പുതിയ ഒരു ഇന്ത്യ എന്ന സ്വപ്നം ഇവര്‍ക്കെല്ലാം ഒരുപോലെ പ്രചോദനമായി.
ശങ്കേഴ്‌സ് വീക്കിലിയുടെ ആദ്യലക്കം പ്രകാശിപ്പിച്ചത് നെഹ്‌റുവായിരുന്നു. അന്ന് പണ്ഡിറ്റ്ജി ശങ്കറിനോട് ഇങ്ങനെ പറഞ്ഞു: ''എന്നെ ഒഴിവാക്കല്ലേ ശങ്കര്‍, ആഞ്ഞടിച്ചോളൂ (Don't spare me Shankar, hit, hit me hard).'' തന്നെ അതിരൂക്ഷമായി വിമര്‍ശിച്ചിരുന്ന ശങ്കര്‍കാര്‍ട്ടൂണുകളോടും നെഹ്‌റു അങ്ങേയറ്റം സഹിഷ്ണുത പുലര്‍ത്തി. എന്നാല്‍ നെഹ്‌റുവിനുശേഷം വന്ന എല്ലാ ഭരണാധികാരികള്‍ക്കും ഇതേ മാനസികാവസ്ഥയായിരുന്നില്ല. അടിയന്തരാവസ്ഥയോടുള്ള പ്രതിഷേധസൂചകമായി ശങ്കേഴ്‌സ് വീക്കിലി പ്രസിദ്ധീകരണം നിര്‍ത്താനും ഇതായിരുന്നു പ്രധാന കാരണം. ''ഏകാധിപതിയുടെ ചെയ്തികളില്‍ ചിരിക്കാന്‍ ഏറെ വകയുണ്ട്. എന്നാല്‍ ഏകാധിപതിക്ക് ചിരിക്കാന്‍ ആവില്ലല്ലോ.'' വീക്കിലി നിര്‍ത്തിയതിനെപ്പറ്റിയുള്ള ശങ്കറിന്റെ പ്രതിരണം ഇപ്രകാരമായിരുന്നു.
ശങ്കറിന്റെ മറ്റൊരു സംഭാവനയാണ് 1957-ല്‍ അദ്ദേഹം തുടങ്ങിയ ഡല്‍ഹിയിലെ ചില്‍ഡ്രന്‍സ് ബുക്ക് ട്രസ്റ്റ്. ആയിരക്കണക്കിന് പുസ്തകങ്ങള്‍ കുട്ടികള്‍ക്കുവേണ്ടി ഇപ്പോഴും ഈ സ്ഥാപനം പുറത്തിറക്കുന്നു. ലോകത്തിലെ 85 രാജ്യങ്ങളില്‍ നിന്നുള്ള ആറായിരത്തിലേറെ പാവകളുടെ ശേഖരമായ ഡോള്‍ഫ് മ്യൂസിയവും ശങ്കറിന്റെ സംരംഭമായിരുന്നു. 1976-ല്‍ രാഷ്ട്രം പത്മവിഭൂഷണ്‍ നല്‍കി ശങ്കറിനെ ആദരിച്ചു.
ശങ്കറിന്റെ പണിപ്പുരയില്‍ ശിക്ഷണം ലഭിച്ചവരാണ് അബു എബ്രഹാം, കുട്ടി, ഒ.വി. വിജയന്‍, രജീന്ദര്‍പുരി, യേശുദാസന്‍, ഗഫൂര്‍, സാമുവല്‍, കേരളവര്‍മ്മ, മൂര്‍ത്തി, സുധീര്‍ധര്‍, വാസു, ഉണ്ണി, വിഷ്ണു, സുരേന്ദ്രന്‍, കേശവ് തുടങ്ങിയ ഇന്ത്യയിലെ പ്രമുഖ കാര്‍ട്ടൂണിസ്റ്റുകള്‍.
1989 ഡിസംബര്‍ 26ന് കാലയവനികയിലായ ഈ കായംകുളത്തുകാരന്റെ കാര്‍ട്ടൂണുകള്‍ ഇന്നും ജീവിക്കുന്നു. ഈ രംഗത്തേക്ക് കടന്നുവരുന്നവര്‍ക്ക് ഒന്നാന്തരം മാതൃകകളായി.