സംസ്‌കാരത്തെ ധാരകോരി വളര്‍ത്തിയ നാട്
സി.ഹരികുമാര്‍ Posted on: 29 May 2010

നദീതട സംസ്‌കാരത്തോട് ചേര്‍ന്നതാണ് ലോകത്തിലെവിടെയും അതത് രാജ്യങ്ങളിലെ സാംസ്‌കാരിക ഭൂമിക. സിന്ധുനദീതട സംസ്‌കാരം ഓര്‍ക്കുക. നമ്മുടെ ഈ കൊച്ചുകേരളത്തിലെ വിവിധ നദീതട സംസ്‌കാരങ്ങളെയും ഓര്‍ക്കണം. പെരിയാറിന്റെ തീരത്ത് ഒരു സംസ്‌കാരം. പമ്പാനദീതീരത്ത് വരുമ്പോള്‍ വേറൊരു സംസ്‌കാരം. വേഷവും ഭാഷയും അധികമൊന്നും മാറിയിട്ടില്ലെങ്കിലും അതിലൊക്കെയുണ്ട് ചില്ലറ മാറ്റങ്ങള്‍. 'ഉടപ്പിറന്നോള്‍' ചിലേടത്ത് 'ഓപ്പോളാ'വുമ്പോള്‍ 'പെണ്ണുങ്ങള്‍' മറ്റു ചിലേടത്ത് 'പെങ്ങളാ'വുന്നു; ആണുങ്ങള്‍ 'ആങ്ങളയും'. 'ഉടപ്പിറന്നോള്‍' എന്നാല്‍ 'കൂടെപ്പിറന്നോള്‍' എന്നാണര്‍ഥം.
ഇങ്ങനെ ഓരോ സംസ്‌കാരത്തെപ്പറ്റിയും നിര്‍വചിക്കുമ്പോള്‍ 'ജലം' അതിലൊരു നിത്യസാന്നിധ്യമാണ്. പമ്പയെപ്പറ്റി പറയുമ്പോഴും ജലം മഹിതമായ ഒരു സംസ്‌കാരത്തിന്റെ ഭാഗമാണ്. ഒരു പ്രദേശത്തെ സംസ്‌കാരത്തെ ധാരകോരി വളര്‍ത്തിയ ഒരു നദി. ഹരിയുടെയും ഹരന്റെയും സന്താനമായ ഹരിഹരസുതനായ ശബരിമല അയ്യപ്പന്റെ അവതാരം കൊണ്ട് പുണ്യം നേടിയ ഒരു സരസ്തടം. അതിലുപരി ത്രേതായുഗത്തില്‍ ശ്രീരാമചന്ദ്രന്റെ പാദസ്പര്‍ശം കൊണ്ട് പുണ്യതീര്‍ഥമായ ഒരു തീര്‍ഥഘട്ടം. ഈ നദീതീരത്താണ് പ്രസിദ്ധമായ പഞ്ചപാണ്ഡവ ക്ഷേത്രങ്ങള്‍. അര്‍ജുനനാല്‍ പ്രതിഷ്ഠിതമായ ആറന്മുള പാര്‍ഥസാരഥി ക്ഷേത്രം ഇതിന്റെ തീരത്ത് സ്ഥിതിചെയ്യുന്നു. ആറന്മുള വള്ളംകളിക്കായി വേണ്ടി മാത്രം ഒരു വള്ളപ്പാട്ട്. മറ്റെങ്ങും പകരം വെക്കാനില്ലാത്ത ഈ വള്ളപ്പാട്ട് ശബരിമലയ്ക്കടുത്തുള്ള നിലയ്ക്കലില്‍നിന്ന് ആറന്മുള തേവര്‍ ആറുമുള കെട്ടിയ ചങ്ങാടത്തില്‍ ആറന്മുളയിലെത്തിയതിന്റെ സ്മരണ പുതുക്കുന്നു. പക്ഷേ, ഇതിന്റെയൊന്നും പഴമ പാട്ടിലൂടെ പറയാന്‍ പമ്പയുടെ തീരത്ത് പാണനാരന്മാര്‍ അധികമില്ലായിരുന്നു. അതുകൊണ്ടൊക്കെയാവണം ഇവയൊന്നും പഴയ പാട്ടുകളില്‍ അധികം ഇഴചേര്‍ന്നിട്ടില്ല.
''എന്നാല്‍ കുഞ്ചന്‍നമ്പ്യാരിലേക്കു വരുമ്പോള്‍ കഥ വ്യത്യസ്തമാവുന്നു. ചിരിയുടെ മാലപ്പടക്കം എങ്ങനെയൊക്കെയാണ് പൊട്ടിച്ചിതറുന്നത് എന്ന് നമ്പ്യാരില്‍നിന്ന് നമുക്കിന്നും പഠിക്കാം. തോലന്‍ എന്ന കവിയും നമ്മെ ചിരിപ്പിച്ചിട്ടുണ്ട്. നമ്പ്യാര്‍ പൊട്ടിപ്പൊട്ടി ചിരിപ്പിക്കുകയായിരുന്നു. ജന്മം കൊണ്ട് നമ്മുടെ നാട്ടുകാരനല്ലെങ്കിലും ചെമ്പകശ്ശേരി രാജാവിന്റെയും പിന്നെ തിരുവനന്തപുരത്ത് പത്മനാഭദാസ മഹാരാജാവിന്റെയും ആശ്രിതനായിരുന്ന നമ്പ്യാര്‍ മിഴാവ് കൊട്ടി ചിരിപ്പിച്ച ഈ ചിരി ഇന്നും ആലപ്പുഴയിലും അമ്പലപ്പുഴയിലും പ്രാന്തപ്രദേശങ്ങളിലും മാത്രമല്ല, കേരളമൊട്ടാകെ കേള്‍ക്കുന്നു. ഇതില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടാവാം പില്‍ക്കാലത്ത് എന്‍.പി.ചെല്ലപ്പന്‍നായര്‍ കേരളത്തെ ചിരിപ്പിക്കുന്നത്. മകന്‍ സി.പി.നായര്‍ ഐ.എ.എസ്സുകാരനായിട്ടും നമ്മെ ഇന്നും ഊറിയൂറി ചിരിപ്പിക്കുന്നത്. എസ്.പി.പിള്ളയും മുതുകുളം രാഘവന്‍പിള്ളയും രാജന്‍ പി. ദേവും നടികളായ കെ.പി.എ.സി. ലളിതയും ശ്രീലതയും നമ്മെ സിനിമകളില്‍ ഏറെ ചിരിപ്പിച്ചത്. അടൂര്‍ ഭാസിയും ബഹദൂറും ആലപ്പുഴക്കാരല്ലെങ്കിലും ആലപ്പുഴയിലെ ഉദയാ ചിത്രങ്ങളിലൂടെ നമ്മെ ഏറെ ചിരിപ്പിച്ചത്.
''ആലപ്പുഴ എന്നു പറഞ്ഞാല്‍ ഇന്നും തകഴി എന്ന വിശ്വസാഹിത്യകാരന്‍ മാത്രമാണ്. തകഴിയുടെ കൃതിയില്‍ സൂക്ഷിച്ചുനോക്കിയാലും കാണാം ഊറിയ ഒരു ചിരി. പി.കേശവദേവിന്റെ കൃതികളില്‍ കൂടുതല്‍ നിലനില്‍ക്കുന്നത് വിഷാദമയമായ ചിരിയാണെന്ന് പറയുന്നവരുണ്ട്. അദ്ദേഹത്തോളം പൊട്ടിപ്പൊട്ടി ചിരിപ്പിച്ചിരുന്ന ഒരെഴുത്തുകാരന്‍ വേറെയില്ല.'''ആലം' എന്ന പഴയ മലയാളപദത്തിന്റെ അര്‍ഥം വെള്ളം എന്നാണ്. ആലം (വെള്ളം) വാ (അരിക്), 'ആലുവാ' ആയി. 'ആലിപ്പഴ'വും ഇങ്ങനെ ഉണ്ടായതാണ്. 'ആലപ്പുഴ'യും വേറെയാവാനിടയില്ല. വെള്ളം (ആലം) ധാരാളമുള്ള പ്രദേശമെന്ന് 'ആലപ്പുഴ'യെ വിവക്ഷിക്കാം. ആഴമുള്ള പുഴകളുള്ള പ്രദേശമെന്നും. രണ്ടായാലും യോജിക്കും. വെള്ളം ധാരാളമുള്ള ഒരു പ്രദേശത്തേ സംസ്‌കാരസമ്പന്നമായ ഒരു ജനതതി വികസിച്ചുവരൂ. അതുകൊണ്ടുതന്നെ ആലപ്പുഴ സംസ്‌കാരസമ്പന്നമായ ഒരു ജനപദമായിരുന്നിരിക്കണം എന്നു കരുതണം. പ്രാചീന കാലം മുതലേ മതം, സംസ്‌കാരം, സാഹിത്യം എന്നീ മേഖലകളില്‍.