കാറ്റുപോകാതെ സൈക്കിള്‍ പെരുമ
Posted on: 29 May 2010

ഓഫീസുകള്‍, കാമ്പസുകള്‍, സ്‌കൂളുകള്‍, ആസ്പത്രികള്‍......എങ്ങും സൈക്കിളിന്റെ സാന്നിധ്യം. ആലപ്പുഴക്കാരന്റെ ആരോഗ്യത്തിനു പിന്നില്‍ ഈ ജനപ്രിയ വാഹനവും ഉണ്ടായേക്കാം. ബാല്യവും കൗമാരവും യൗവനവും, എന്തിന് വാര്‍ധക്യംപോലും ആഘോഷമാക്കി മാറ്റിയത് സൈക്കിളിലായിരുന്നല്ലോ.
ആലപ്പുഴയുടെ വീഥികളില്‍ ഒന്നലഞ്ഞാല്‍ അറിയാം; സൈക്കിള്‍ പ്രിയത്തിന് ലിംഗ, പ്രായ ഭേദങ്ങളില്ലെന്ന്. ഉള്ളവനും ഇല്ലാത്തവനും സൈക്കിള്‍ സ്വന്തമാണ്. ഒരു നിവൃത്തിയുമില്ലെങ്കില്‍ വാടകയ്‌ക്കെടുക്കും. ഫാഷന്‍ തരംഗങ്ങള്‍ അലതല്ലുന്ന കാമ്പസുകളിലും കാണാം സൈക്കിള്‍ പ്രണയം മരംചുറ്റുന്നത്. മസിലുകയറ്റിയ ബൈക്കുകളും, പൊടിപ്പന്‍ കാറുകളും എത്ര പൊടി പറപ്പിച്ചാലും കാണാം, ഓരങ്ങളില്‍ വിയര്‍പ്പൊഴുക്കിയും 'കൊഴുപ്പു കത്തിച്ചും' യാത്രയെ അര്‍ത്ഥവത്താക്കുന്ന സൈക്കിളുകാരനെ.
കാലത്തിനനുസരിച്ച് സൈക്കിളുകളുടെ രൂപവും ഭാവവും മാറിക്കഴിഞ്ഞു. പഴയ, വലിയ സൈക്കിളുകള്‍ക്ക് ചെറുപ്പക്കാര്‍ക്കിടയില്‍ പ്രിയം പോര. ഡിസ്‌ക്ക് ബ്രേക്ക്, ഗിയര്‍ ആധുനികതയുടെ മുഖം.... ഇതൊക്കെയുള്ള സൈക്കിളുകളാണ് അവര്‍ക്കുവേണ്ടത്. 6000 രൂപ മുതല്‍ 10,000 രൂപ വരെ വിലയുണ്ട്. ആളുമുണ്ട്. സ്‌പോര്‍ട്‌സ് സൈക്കിളുകളും യുവതലമുറയ്ക്ക് പ്രിയങ്കരംതന്നെ. വൈവിധ്യമാര്‍ന്ന മുഖങ്ങളുമായി ലേഡീസ്. കിഡ്‌സ് സൈക്കിളുകളും ധാരാളം.
കയറിയും ഇറങ്ങിയും ചെരിഞ്ഞു,ം വളഞ്ഞും യാത്ര വേണ്ടാത്ത പാതകള്‍..... ഈര്‍ക്കില്‍ വഴികള്‍,.... സൈക്കിള്‍ സ്‌നേഹത്തിന് കാരണങ്ങള്‍ ഇങ്ങനെ പോകുന്നു. സര്‍വ്വോപരി കീശ കാലിയാക്കാത്തവനെന്നും ആരോഗ്യസംരക്ഷകനെന്നും ഉള്ള സല്‍പ്പേരുകളും.
രണ്ട് കുതിരകളെ പൂട്ടിയ വണ്ടികള്‍, മനുഷ്യനെ മനുഷ്യന്‍ വലിക്കുന്ന റിക്ഷാകള്‍, തെരുവീഥികളിലൂടെ പായുന്ന കാളവണ്ടികള്‍, സൈക്കിള്‍ ബെല്‍ മുഴങ്ങുംമുമ്പ് ആലപ്പുഴ കണ്ട വാഹനക്കാഴ്ചകള്‍.... സൈക്കിളിന് പിന്തുടര്‍ച്ചക്കാരനുമുണ്ടായിരുന്നു. സൈക്കിള്‍ റിക്ഷകള്‍. നിറയെ സ്‌കൂള്‍ കുട്ടികളുമായി നിരനിരയായി നീങ്ങുന്ന സൈക്കിള്‍ റിക്ഷകള്‍ ആലപ്പുഴയുടെ വീഥികളിലെ പതിവ് കാഴ്ചയായിരുന്നു. ഇന്നിത് അപൂര്‍വ്വം. കാലമെത്ര കഴിഞ്ഞാലും ഈ വീഥികളില്‍ എന്നുമുണ്ടാകും സൈക്കിള്‍ യാത്രയുടെ മായാത്ത മുദ്രകള്‍.