വള്ളങ്ങള്‍ വാണ നാളുകള്‍ പിന്നെ
ബി.രാജേഷ്‌കുമാര്‍ Posted on: 29 May 2010

(ഒരു ജീവിതം - തകഴി ശിവശങ്കരപ്പിള്ള)
ഇടവപ്പാതി തിമര്‍ത്ത് പെയ്യുന്ന ഒരു വെള്ളപ്പൊക്കകാലത്ത്... കിഴക്കന്‍ വെള്ളത്തിന്റെ വരവില്‍ കലങ്ങിമറിഞ്ഞ് കലിതുള്ളി ഒഴുകുന്ന പമ്പ. നാട്ടുവഴികളില്‍ അരയറ്റം വെള്ളം. മുറ്റത്തുമാത്രമല്ല, വീട്ടിനുള്ളിലും വെള്ളമെത്തും. ആശ്രയം കൊച്ചുവള്ളം മാത്രം. വള്ളവും വെള്ളവും കുട്ടനാട്ടുകാരനും ഒന്നായൊഴുകിയത് ഈ പ്രളയകാലത്ത് മാത്രമായിരുന്നോ അല്ലെന്ന് ചരിത്രം.
ജില്ലയുടെ ഗതാഗത പുരോഗതിയുടെ നാള്‍വഴികളിലേക്ക് തുഴയെറിയുമ്പോള്‍ ആദ്യമെത്തുക വള്ളങ്ങള്‍ വാണ നാളുകള്‍.
വള്ളങ്ങളില്‍ പടനയിച്ച തിളക്കമാര്‍ന്ന പാരമ്പര്യമുണ്ട് ഈ നാടിന്. രാജഭരണകാലത്ത് വള്ളപ്പടകള്‍ പ്രസിദ്ധം. ചെമ്പകശ്ശേരി രാജ്യവും കായംകുളവും തമ്മിലുള്ള യുദ്ധമാണ് ചുണ്ടന്‍വള്ളത്തിന്റെ പിറവിക്ക് നിമിത്തമായതെന്ന് ചരിത്രം. പേരും പെരുമയും ഏറെയുണ്ട്, ചുണ്ടന്‍, വെപ്പ്, ഓടിവള്ളങ്ങള്‍ക്കും.
പുഴക്കടവുകളില്‍ പണ്ട് നാട്ടുകാര്‍ കാത്തിരിക്കും; കൊച്ചുവള്ളത്തില്‍ കൂകിവിളിച്ചെത്തുന്ന മീന്‍കാരനെ ...ചരക്കുകളുമായെത്തുന്ന വമ്പന്‍ കെട്ടുവള്ളങ്ങളെ...
വള്ളങ്ങള്‍ക്കൊപ്പം മോട്ടോര്‍ ബോട്ടുകളുടെ ഇരമ്പലും ഓളപ്പരപ്പിലുയര്‍ന്നു. ആലപ്പുഴയ്ക്കും എറണാകുളത്തിനും കൊല്ലത്തിനും കോട്ടയത്തിനും പോകാന്‍ ബോട്ടുകള്‍ മാത്രം. ഡബിള്‍ഡക്കര്‍ ബോട്ടുകളുമുണ്ടായി. സ്വരാജ്, സ്വാന്‍, പുഞ്ചിരി, റെഡിമര്‍ തുടങ്ങിയ സ്വകാര്യ ബോട്ട് സര്‍വീസുകള്‍ കുട്ടനാട്ടുകാരനെ പുറംലോകം കാണിച്ചു. പെരുമ്പളത്തും അരൂക്കുറ്റിയിലും പാണാവള്ളിയിലും തൈക്കാട്ടുശ്ശേരിയിലും ഒക്കെ പുറംലോകത്തെത്താന്‍ അന്ന് മാര്‍ഗം വള്ളങ്ങള്‍ തന്നെ. പാണാവള്ളിയിലെ അഞ്ചുതുരുത്തുകാര്‍ക്കും ചേന്നം പള്ളിപ്പുറത്തെ കുട്ടന്‍ചാലുകാര്‍ക്കും ഇന്നും ആശ്രയം വള്ളങ്ങള്‍.
1968. സംസ്ഥാന ജലഗതാഗത വകുപ്പ് രൂപവത്കരിച്ചു. ആസ്ഥാനമായത് ബോട്ടുകളുടെ നാടായ ആലപ്പുഴ. വിവിധ ജില്ലകളിലേക്ക് ബോട്ട്‌സര്‍വീസുകളുണ്ടായി. തടിക്ക് പുറമെ ഫൈബറും സ്റ്റീലും നിര്‍മാണത്തില്‍ പരീക്ഷിക്കപ്പെട്ടു. മണ്ണെണ്ണയ്ക്കും ക്രൂഡോയിലിനും പകരം ഇന്ധനമായത് ഡീസല്‍ - വളര്‍ച്ചയുടെ ചരിത്രമാണ് ജലഗതാഗതത്തിന്.
വിനോദസഞ്ചാരത്തിന്റെ വര്‍ത്തമാനകാലത്ത് കെട്ടുവള്ളങ്ങള്‍ക്ക് രൂപമാറ്റം. ടി.വി.യും എ.സിയും ഒക്കെയുള്ള അത്യാഡംബര ഉല്ലാസ നൗകകളായി ഇവ മാറി. ചെറുതും വലുതുമായ ഹൗസ്‌ബോട്ടുകള്‍ ഓളപ്പരപ്പുകളില്‍ സൗന്ദര്യക്കാഴ്ച ഒരുക്കുന്നു.
രാജാ കേശവദാസന്‍ ദിവാനായിരുന്ന ആലപ്പുഴയുടെ സുവര്‍ണകാലത്ത് വ്യാവസായിക പുരോഗതിയുമായെത്തിയ കപ്പലുകള്‍ തുറമുഖ തീരത്ത് നങ്കൂരമിട്ടു. കനാലുകളിലാവട്ടെ ചരക്കുമായെത്തിയ കെട്ടുവള്ളങ്ങളുടെ നീണ്ടനിര. 1862ല്‍ 305 മീറ്റര്‍ നീളത്തില്‍ കടല്‍പ്പാലം. ആലപ്പുഴയുടെ പ്രതാപം മങ്ങിയതോടെ കപ്പലുകള്‍ തീരമൊഴിഞ്ഞു. കടല്‍പ്പാലം ഒരു ദീപ്തസ്മരണയുടെ തുരുമ്പിച്ച അവശിഷ്ടമായി...
ജലയാത്രാചരിത്രത്തിലെ കറുത്ത ദിവസമായി 1924 ജനവരി 16. 136 യാത്രക്കാരുമായി കൊല്ലത്ത് നിന്ന് എറണാകുളത്തേക്ക് പുറപ്പെട്ട ബോട്ട് മുങ്ങി. പല്ലനയാറ്റിലെ പുത്തന്‍കരി വളവിലായിരുന്നു ദുരന്തം. 24 പേര്‍ മരിച്ചു. അക്കൂട്ടത്തില്‍ നാടറിയുന്ന ഒരാളുമുണ്ടായിരുന്നു, മഹാകവി കുമാരനാശാന്‍. കൊല്ലത്ത് നിന്ന് ആലുവയ്ക്ക് പോകുകയായിരുന്നു മഹാകവി. കവിയെ മരണക്കോടി പുതപ്പിച്ച നാട് 'കുമാരകോടി'യായി. പല്ലന കുമാരകോടിയിലെ കുമാരനാശാന്‍ സ്മാരകത്തിന്റെ പിന്നില്‍ നീറുന്ന ഈ ദുരന്തസ്മരണയുണ്ട്. പല്ലന ബോട്ട് ദുരന്തത്തിന് പിന്നിലെ യഥാര്‍ഥ കാരണം ഇന്നും അജ്ഞാതമായി അവശേഷിക്കുന്നു.
ഗതാഗത യോഗ്യമല്ലാത്ത നാട്ടുപാതകളില്‍ നിന്ന് നാലുവരിപ്പാതയുടെ ഗ്ലാമറിലേക്ക് കുതിച്ചുപാഞ്ഞതാണ് റോഡുചരിതം. അരൂര്‍ - കൃഷ്ണപുരം വഴി ദേശീയപാത 47ന്റെ വരവ്. ഇതില്‍ അരൂര്‍ - ചേര്‍ത്തല റൂട്ടില്‍ നാലുവരിപ്പാതയിലെ സുഖയാത്ര. മദ്ധ്യതിരുവിതാംകൂറില്‍ വികസനത്തിന്റെ വഴി തുറന്ന് എം.സി.റോഡും ജില്ലയെ സ്പര്‍ശിക്കുന്നു. ആലപ്പുഴ - മധുര, ആലപ്പുഴ - ചങ്ങനാശ്ശേരി, അമ്പലപ്പുഴ - തിരുവല്ല, ആലപ്പുഴ - അര്‍ത്തുങ്കല്‍ - ചെല്ലാനം, കായംകുളം - പുനലൂര്‍, കായംകുളം - തിരുവല്ല, മാവേലിക്കര - കോഴഞ്ചേരി സംസ്ഥാന പാതകള്‍, 736 കിലോമീറ്ററോളം നീളത്തില്‍ പ്രധാന ജില്ലാ റോഡുകള്‍. അസംഖ്യം ഗ്രാമീണ റോഡുകള്‍... വികസനരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിവെട്ടാന്‍ ഈ റോഡുകള്‍ക്കെല്ലാമായി. ആലപ്പുഴ അനുഭവിച്ചറിഞ്ഞ സത്യമാണിത്.
വികസന വഴികളെ കോര്‍ത്തിണക്കി പാലങ്ങളുടെ നീണ്ടനിര. കറയറ്റ പാരമ്പര്യത്തിന്റെ കരുത്ത് പല പാലങ്ങള്‍ക്കും പിന്‍ബലമേകുന്നു. അരൂര്‍ ഇടക്കൊച്ചി പാലം, അരൂര്‍ കുമ്പളം പാലം, അരൂക്കുറ്റി പാലം, ഇറപ്പുഴ പാലം, പള്ളാത്തുരുത്തി, നെടുമുടി, കിടങ്ങറ, തകഴിപ്പാലങ്ങള്‍...പാലങ്ങളിലെ ചെറുപ്പക്കാരനായി ഒടുവില്‍ കായംകുളം കായലിനു കുറുകെ കൊച്ചീടെജെട്ടി പാലം...
വൈകിവന്നത് റെയില്‍വേ ആണ്. പ്രത്യേകിച്ച് തീരദേശ റെയില്‍വേ. ആലപ്പുഴ - എറണാകുളം പാതയില്‍ വികസനത്തിന്റെ ചൂളംവിളി കേള്‍ക്കാന്‍ 1989 വരെ കാത്തിരിക്കേണ്ടി വന്നു. ആലപ്പുഴ - കായംകുളം പാതയില്‍ തീവണ്ടിയെത്തിയപ്പോള്‍ 1992 ആയി. ഇക്കാലങ്ങളത്രയും ജില്ലക്കാര്‍ക്ക് ആശ്രയം കോട്ടയം വഴിയുള്ള തീവണ്ടിപ്പാത ആയിരുന്നു.
ഈ പാതയിലെ ഏറ്റവും പ്രാധാന്യമേറിയ സ്റ്റേഷനുകളായിരുന്നു ചെങ്ങന്നൂരും കായംകുളവും.... വന്‍വികസന പ്രവര്‍ത്തനങ്ങളുടെ പാതയിലാണ് ശബരിമല ഇടത്താവളം കൂടിയായ ചെങ്ങന്നൂരിലെ റെയില്‍വേസ്റ്റേഷന്‍. കായംകുളം -മാവേലിക്കര പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ചെങ്ങന്നൂര്‍ - മാവേലിക്കര, ചെങ്ങന്നൂര്‍ - ചിങ്ങവനം പാത ഇരട്ടിപ്പിക്കല്‍ നടന്നുവരുന്നു. കായംകുളം മുതല്‍ അമ്പലപ്പുഴ വരെ പാതയിരട്ടിപ്പിക്കല്‍ നടപടികള്‍ തുടങ്ങിയതും ശുഭയാത്രയ്ക്ക് പ്രതീക്ഷകള്‍ നല്‍കുന്നു.
റെയില്‍വേയുടെ വരവ് വൈകിയത് തീരദേശ മേഖലയുടെ വികസനത്തെ ബാധിച്ചുവെന്നത് വാസ്തവം. വൈകിയെത്തിയ 'വികസനവണ്ടി'യില്‍ കുതിച്ചുപായാന്‍ ഒരുങ്ങിക്കഴിഞ്ഞു ആലപ്പുഴ.