ഓളപ്പരപ്പില്‍ ജീവിതം
ആര്‍. ഗിരീഷ് കുമാര്‍ Posted on: 29 May 2010

ഇരുട്ടുകുത്തിയോ വെപ്പോ ചുരുളനോ, വള്ളമേതുമാകട്ടെ, ഓരോ തുഴയും ആവേശത്തിന്റെ ഒരായിരം ആര്‍പ്പുവിളികളായാണ് ആലപ്പുഴക്കാരന്‍ ഏറ്റെടുക്കുന്നത്
കായല്‍പ്പരപ്പിലൂടെ തെന്നിത്തെന്നി ചാട്ടുളി പോലെ പാഞ്ഞുപോകുന്ന ചുണ്ടന്‍ വള്ളങ്ങളാണ് ആലപ്പുഴയുടെ മുഖമുദ്രകളിലൊന്ന്. ലോകത്തിന്റെ തന്നെ വിസ്മയക്കാഴ്ചയായി ചെമ്പകശേരി രാജാവിന്റെ ഈ പഴയ യുദ്ധയാനം ഇപ്പോള്‍ മാറിക്കഴിഞ്ഞു. തുഴയെറിഞ്ഞുണ്ടാക്കിയ പെരുമയും ആലപ്പുഴക്കാര്‍ കൈവിട്ടിട്ടില്ല. നെഹ്‌റു ട്രോഫിയുള്‍പ്പെടെയുള്ള വള്ളം കളികളിലൂടെ സുപരിചിതമായ ചിത്രമായി ചുണ്ടന്‍ തലയുയര്‍ത്തിനില്‍ക്കുന്നു.
പുന്നമടക്കായലിലൂടെ പാഞ്ഞുപോകുന്ന ചുണ്ടന്‍ വള്ളങ്ങളില്‍നിന്ന് നോട്ടമൊന്നുമാറ്റിയാല്‍ അല്പമകലെ വേറൊരു കാഴ്ചയും കാത്തുനില്‍ക്കുന്നു. കുട്ടനാട്ടിലെ ഉള്‍ക്കായലുകളിലേക്ക് ഒരു പറ്റം യുവതീ യുവാക്കള്‍ ഒറ്റനോട്ടത്തില്‍ കൊതുമ്പെന്ന് തോന്നുന്ന വള്ളങ്ങളില്‍ തെന്നി നീങ്ങുന്നു.പരമ്പരാഗത തുഴച്ചില്‍ രീതികളില്‍നിന്ന് വ്യത്യസ്തമെങ്കിലും അതിവേഗത്തിലുള്ള ആ പായല്‍ കണ്ടാല്‍ കണ്ണെടുക്കില്ല. സ്‌പോര്‍ട്‌സ് അതോറിട്ടിയുടെ (സായി) ആലപ്പുഴ സെന്ററിലെ കായിക താരങ്ങള്‍ കനോയിങ്ങിലും കയാക്കിങ്ങിലും റോവിങ്ങിലും പരിശീലിക്കുകയാണ് അവിടെ.
ജലയാനങ്ങളില്‍ ആലപ്പുഴക്കാര്‍ കണ്ടെത്തിയ വിനോദത്തില്‍ ആവേശവും ജീവിതവും ഇടകലരുന്ന രണ്ട് കാഴ്ചകളാണിത്. പരമ്പരാഗത ശില്പവൈഭവത്തില്‍ കോയിമുക്ക് നാരായണനാചാരിയെപ്പോലുള്ള തച്ചന്മാരും അവരുടെ പിന്മുറക്കാരും കൊത്തിയെടുത്ത നിത്യാത്ഭുതങ്ങളാണ് ചുണ്ടന്‍ വള്ളങ്ങള്‍. ജര്‍മനിയില്‍നിന്നും ഇംഗ്ലണ്ടില്‍നിന്നും ഹംഗറിയില്‍നിന്നും കസാഖ്‌സ്താനില്‍നിന്നും വിമാനമേറിവന്നവയാണ് സായി സെന്ററിലെ തുഴച്ചിലിന്റെ പുത്തന്‍കൂറ്റുകാര്‍.
***
ആലപ്പുഴയുടെ ആവേശമാണ് വള്ളം കളി. ചുണ്ടനോ കളിയോടങ്ങളോ ഇരുട്ടുകുത്തിയോ വെപ്പോ ചുരുളനോ, വള്ളമേതുമാകട്ടെ, ഓരോ തുഴയും ആവേശത്തിന്റെ ഒരായിരം ആര്‍പ്പുവിളികളായാണ് ആലപ്പുഴക്കാരന്‍ ഏറ്റെടുക്കുന്നത്. വിശ്വാസവും ജീവിതം കൂടിച്ചേരുന്ന ഇടമാണത്. ജനമൈത്രിയുടെ ആഘോഷം. ചുണ്ടന്‍വള്ളത്തിലേക്ക് ആവേശപൂര്‍വം പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു ചാടിക്കയറിയതിന്റെ സ്മരണയാണ് നെഹ്രു ട്രോഫി പേറുന്നതെങ്കില്‍, ചമ്പക്കുളത്തും പായിപ്പാട്ടും ആറന്മുളയിലും ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ടാണ് വള്ളം കളി. കരുവാറ്റയിലും മാന്നാറിലും പുളിങ്കുന്നിലും പല്ലനയാറ്റിലും അത് നാട്ടുകാരുടെ ആഘോഷമായി മാറുന്നു.
വള്ളം കളിയോടുള്ള ആലപ്പുഴക്കാരുടെ പ്രിയത്തിന് കാലമേറെ പഴക്കമുണ്ട്. കാലപ്പഴക്കത്തില്‍ മറ്റ് ജലോത്സവങ്ങള്‍ക്കൊപ്പം നില്‍ക്കില്ലെങ്കിലും പെരുമയില്‍ നെഹ്‌റു ട്രോഫി വള്ളം കളിയാണ് അമരത്ത് . 1952-ല്‍ തിരു-കൊച്ചി സന്ദര്‍ശനത്തിനെത്തിയ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിനെ ആദരിക്കാന്‍ നടത്തിയ പ്രദര്‍ശന വള്ളം കളിയിലാണ് നെഹ്രു ട്രോഫിയുടെ തുടക്കം. മുന്നിലെത്തിയ നടുഭാഗം ചുണ്ടനിലേക്ക് നെഹ്‌റു ആവേശപൂര്‍വം ചാടിക്കയറിയതും, ഡല്‍ഹിയില്‍ തിരിച്ചെത്തിയശേഷം വെള്ളിയില്‍ തീര്‍ത്ത ചുണ്ടന്‍ വള്ളത്തിന്റെ മാതൃക അയച്ചുകൊടുത്തതും ചരിത്രം. പ്രൈംമിനിസ്റ്റേഴ്‌സ് ട്രോഫി എന്നപേരില്‍
1954-ല്‍ മത്സരവള്ളം കളി ആരംഭിച്ചു. പിന്നീടിങ്ങോട്ട്, ആവേശത്തിരയിളക്കി ഓരോവര്‍ഷവും ആഗസ്തിലെ രണ്ടാം ശനിയാഴ്ച പുന്നമടക്കായല്‍ ഇളകി മറിയാന്‍ തുടങ്ങി. കാരിച്ചാലും ചമ്പക്കുളവും സെന്റ് ജോര്‍ജും ജവഹര്‍ തായങ്കരിയും നടുഭാഗവും ചെറുതനയും ആനാരിയും കല്ലൂപ്പറമ്പനും വെള്ളം കുളങ്ങരയും പായിപ്പാടും കരുവാറ്റയും വലിയ ദിവാന്‍ജിയുമൊക്കെ ആര്‍പ്പുവിളികളുടെ ഭാഗമായി. ആകാശവാണിയില്‍ നാഗവള്ളി ആര്‍,എസ്.കുറുപ്പും ശ്യാമളാലയം കൃഷ്ണന്‍ നായരും പി.ഡി.ലൂക്കും സതീഷ് ചന്ദ്രനുമൊക്കെ വാക്കുകളിലൂടെ വരച്ചിട്ട വള്ളം കളിയാണ് ആദ്യകാലത്ത് നെഹ്‌റു ട്രോഫിക്ക് ആവേശം പകര്‍ന്നതെങ്കില്‍, ദൃശ്യമാധ്യമങ്ങളുടെ വരവോടെ, അമ്പരപ്പിക്കുന്ന വേഗവും ആവേശവും ലോകമെങ്ങും കാണാറായി.
മിഥുനത്തിലെ മൂലം നാളില്‍ ചമ്പക്കുളത്തെ മാപ്പിളശേരി കടവില്‍നിന്ന് മാളിയേക്കല്‍ കടവുവരെയാണ് ചമ്പക്കുളം വള്ളംകളി നടക്കുന്നത്. അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രത്തിലേക്ക് കുറിച്ചിയില്‍നിന്ന് കൊണ്ടുവന്ന പാര്‍ഥസാരഥി വിഗ്രഹത്തെ അമ്പലപ്പുഴ രാജാവ് പരിവാരസമേതം ക്ഷേത്രത്തിലേക്ക് ആനയിച്ചതിന്റെ സ്മരണയിലാണ് ചമ്പക്കുളം വള്ളം കളി. ഓരോവര്‍ഷവും വള്ളം കളി സീസണിന് തുടക്കമിടുന്നത് ചമ്പക്കുളം ജലോത്സവത്തോടെയാണ്.
പള്ളിയോടങ്ങള്‍ അണിനിരക്കുന്ന വള്ളം കളിയാണ് ആറന്മുളയിലേത്. സാധാരണ ചുണ്ടന്‍വള്ളങ്ങളേക്കാള്‍ ഉയര്‍ന്ന അണിയം (മുന്‍ഭാഗം) ആണ് പള്ളിയോടങ്ങള്‍. ആറന്മുള ക്ഷേത്രത്തിലേക്ക് സദ്യവട്ടങ്ങളുമായി വരുന്ന തിരുവോണത്തോണിക്ക് ചുണ്ടന്‍ വള്ളങ്ങള്‍ അകമ്പടിവരുന്നതിന്റെ ഓര്‍മയാണ് ഇവിടെ പുതുക്കുന്നത്. ചിങ്ങമാസത്തിലെ ഉതൃട്ടാതി നാളിലാണ് ആറന്മുള വള്ളം കളി. ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തോട് ബന്ധപ്പെട്ടാണ് പായിപ്പാട്ടാറ്റില്‍ ചിങ്ങത്തിലെ തിരുവോണം, അവിട്ടം, ചതയം ദിവസങ്ങളില്‍ പായിപ്പാട് ജലോത്സവം നടക്കുന്നത്.
***
കരക്കാരുടെ ഉത്സവമാണ് ഓരോ വള്ളം കളിയും. കുട്ടനാട്ടിലെയും അപ്പര്‍ കുട്ടനാട്ടിലെയും ഓരോ കരയ്ക്കും ഓരോ ചുണ്ടന്‍. മത്സരകാലമാകുമ്പോള്‍ ആറ്റുവഞ്ചിയായും അല്ലാത്തപ്പോള്‍ കരവഞ്ചിയായും നാട്ടുകാരുടെ സ്‌നേഹപരിലാളനങ്ങളിലാണ് ഈ യാനങ്ങളുടെ ജീവിതം. വയലില്‍ പണിയെടുക്കുന്ന കര്‍ഷകത്തൊഴിലാളികളാണ് തുഴയാനെത്തുന്നത്. ബോട്ട് ക്ലബ്ബുകള്‍ ആരംഭിക്കുന്നതിന് മുമ്പ് ഓരോ കരയിലേയും വള്ളം തുഴഞ്ഞിരുന്നത് അവിടുത്തുകാര്‍ മാത്രമാണ്. സ്വന്തം നാടിന്റെ പെരുമയും കായികബലവും പരീക്ഷിക്കപ്പെടുന്ന ജലോത്സവങ്ങള്‍ അവര്‍ക്ക് അഭിമാനപ്പോരാട്ടങ്ങളായി.
***
അമ്പത്തിനാല്‍ കോല്‍ നീളവും നൂറിലേറെ തുഴക്കാരുമുള്ള ചുണ്ടന്‍ വള്ളത്തില്‍നിന്നും ഇനി നമുക്കിറങ്ങാം.ഒരു കൈയില്‍ തുഴയും തോളത്ത് വെറും 12 കിലോ ഭാരമുള്ള വള്ളവും ചുമന്ന് കായലിലേക്കിറങ്ങുന്ന ട്രെയിനികളുടെ പിന്നാലെ സായി സെന്ററിലേക്കെത്താം. പുന്നമടയുടെ തീരത്ത് സ്ഥിതിചെയ്യുന്ന സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സെന്ററില്‍ എത്തുമ്പോള്‍ വിജയഭേരികളാകും നിങ്ങളെ വരവേല്‍ക്കുക. നിറഞ്ഞ പുഞ്ചിരിയോടെ സ്ഥാപന മേധാവി ജി.എസ്.നായരും. ഇന്ത്യയിലെ ഏറ്റവും മികച്ച തുഴച്ചില്‍ പരിശീലനകേന്ദ്രമാണ് സായിയുടെ ആലപ്പുഴ സെന്റര്‍.
അര്‍ജുന അവാര്‍ഡ് ജേതാവായ ജനില്‍ കൃഷ്ണന്‍ ഉള്‍പ്പെടെ എത്രയോ സുവര്‍ണ താരങ്ങള്‍ ഇവിടെ നിന്നുയര്‍ന്നുവന്നു.കനോയിങ്, കയാക്കിങ്, റോവിങ് രംഗത്ത് ഇന്ത്യയുടെയും കേരളത്തിന്റെയും യശസ്സുയര്‍ത്തിയ താരങ്ങള്‍. 1987-ല്‍ പ്രവര്‍ത്തന മാരംഭിക്കുകയും പിന്നീടിങ്ങോട്ട് അന്താരാഷ്ട്ര - ദേശീയ മത്സരങ്ങളില്‍ നേട്ടങ്ങള്‍ മാത്രമുണ്ടാക്കുകയും ചെയ്ത കേന്ദ്രം.