Mathrubhumi Logo
  Alappuzha Edition - Heading

കൊച്ചാട്ടനും കൊഞ്ഞാണനും

കെ.ജി.മുകുന്ദന്‍ Posted on: 29 May 2010

''ഇവരൊക്കെ കൊഞ്ഞാണന്മാരാ'' എന്ന് സഹകരണമന്ത്രി ജി.സുധാകരന്‍ പ്രസംഗവേളയില്‍ നടത്തിയ പരാമര്‍ശം കേരള രാഷ്ട്രീയ-സാമൂഹിക രംഗത്ത് ചില്ലറ പൊല്ലാപ്പല്ല ഉണ്ടാക്കിയത്. വിവാദം മുറുകിവന്നപ്പോള്‍ മന്ത്രിതന്നെ വിശദീകരണവുമായി വന്നു. ''കൊഞ്ഞാണന്‍ എന്നുപറയുന്നത് ഞങ്ങള്‍ ഓണാട്ടുകരക്കാരുടെ വാക്പ്രയോഗമാണ്, കഴിവില്ലാത്തവന്‍ എന്നാണ് ആ വാക്കിന്റെ അര്‍ത്ഥം. അല്ലാതെ അസഭ്യമൊന്നുമല്ല.''- ഓണാട്ടുകരയിലെ താമരക്കുളം കരിമുളക്കല്‍ സ്വദേശിയായ മന്ത്രി ഇത് വ്യക്തമാക്കിയ ശേഷമാണ് വിവാദത്തിന് അറുതിയായത്.

ഇനി ഓണാട്ടുകര 'സ്ലാങ്ങി'ലേക്ക് കടക്കാം. ആ ശൈലിക്ക് ഒരു ഉദാഹരണം: ''കൊച്ചാട്ടന്‍ എപ്പഴാ പോന്നേ.'' രാവിലെ ഫോണിലൂടെ പെങ്ങടെ ചോദ്യം.

''ഇപ്പം ഇറങ്ങാന്‍ പോവ്വാ. എന്ത്വാ കാര്യം.''

''ഓ, ഒന്നുമില്ല, അങ്ങോട്ടൊന്നു വരാനാരുന്നു'' - മനസ്സിലായല്ലോ ഓണാട്ടുകര ഭാഷാഭേദം.
ഇവിടെ ആണുങ്ങളും പെണ്ണുങ്ങളും ജ്യേഷ്ഠസഹോദരങ്ങളെ വിളിക്കുന്നത് കൊച്ചാട്ടന്‍ എന്നാണ്. ഓമനത്തമുള്ള വിളിപ്പേര്.
അപ്പോള്‍ ഒരു സംശയം. ഒന്നിലേറെ ജ്യേഷ്ഠന്മാരുണ്ടായാല്‍ മൂത്ത ആളെ എന്തുവിളിക്കും. പ്രയാസം വേണ്ട, ആള്‍ 'വല്യകൊച്ചാട്ടനാവും'. വല്യേട്ടനാവില്ല, 'കൊച്ചു' കൂടെ വേണമെന്നാ നിര്‍ബന്ധം. വ്യക്തിനാമങ്ങളിലും 'കൊച്ചു' കടന്നുവരുന്നുണ്ട്. കൊച്ചുചെറുക്കന്‍, കൊച്ചുപെണ്ണ്, കൊച്ചുകുഞ്ഞ്, കൊച്ചീപ്പന്‍.

ശബരിമലയില്‍ പോകാന്‍ മാലയിടുന്ന കുഞ്ഞുങ്ങള്‍ കൊച്ചയ്യപ്പനാവും.
ഓണാട്ടുകരയില്‍ കൊച്ചും വലുതുമല്ലാത്ത ജ്യേഷ്ഠന്മാരും തോനെ (ധാരാളം) ഉണ്ട്. അവരൊക്കെ ചുമ്മാ ചേട്ടന്മാരാ. ചിട്ടിച്ചേട്ടന്‍, പ്രഭാകരന്‍പിള്ള ചേട്ടന്‍, ജോസഫ് ചേട്ടന്‍ എന്നിങ്ങനെ പോകുന്നു 'സദാ' ചേട്ടന്മാര്‍.
അച്ഛന്റെ അച്ഛനായാലും അമ്മയുടെ അച്ഛനായാലും ഇവിടത്തുകാര്‍ക്ക് അപ്പൂപ്പനാണ്. അച്ഛന്റെ അമ്മയും അമ്മയുടെ അമ്മയും അമ്മൂമ്മയും. ഈ അപ്പന്‍വിളിയുടെ ഭയഭക്തി കണ്ടിയൂരപ്പനിലും (കണ്ടിയൂര്‍ മഹാദേവന്‍) കാണാം.
ഒടപ്പെറന്നോനും ഒടപ്പെറന്നോളും സഹോദരങ്ങളാണ്. 'പെങ്ങളെ' എന്നോ, 'ഒടപ്പെറന്നോളെ' എന്നോ വിളിക്കുന്നവരില്‍ അധികവും അകന്ന ബന്ധുക്കളാകാം. പ്രായത്തില്‍ കുറവോ കൂടുതലോ എന്ന പ്രശ്‌നവുമില്ല. ഒറ്റവിളി രണ്ടുകൂട്ടര്‍ക്കും ചേരുമെന്നത് സൗകര്യം.
സര്‍വസാധാരണമായ മറ്റൊരു വിളിയാണ് 'അളിയാ' വിളി. പെങ്ങടെ ഭര്‍ത്താവാകണമെന്നില്ല. ചിറ്റപ്പന്‍ അച്ഛന്റെ അനിയനാണ്. അപ്പച്ചി(അച്ഛന്റെ സഹോദരി)യുടെ ഭര്‍ത്താവും അമ്മയുടെ അനിയത്തിയുടെ ഭര്‍ത്താവും ചിറ്റപ്പനാണ്. ബന്ധം അറിയാന്‍ അല്പം കുഴയുന്നതും ഈ ചിറ്റപ്പന്‍വിളിയില്‍.

അമ്മയുടെ അനിയത്തി കുഞ്ഞമ്മയാണ്. അച്ഛന്റെ അനിയന്റെ ഭാര്യയേയും കുഞ്ഞമ്മ എന്നു വിളിക്കുന്നു. കുഞ്ഞമ്മവിളി ലോപിച്ച് 'കുഞ്ചി'യാവുന്നതും കേള്‍ക്കാം. ഇച്ചേച്ചി, അക്കച്ചി എന്നീ സംബോധനാരൂപങ്ങളും സര്‍വ്വത്ര.
സംഭാഷണത്തിലെ നീട്ടലും വിനയം ധ്വനിപ്പിക്കലും പദങ്ങളുടെ തനിമപോലെതന്നെ സവിശേഷത ഉള്ളതാണ്. അല്ലിയോ, പറഞ്ഞില്ലിയോ, കണ്ടില്ലിയോ ഇങ്ങനെ പോകുന്നു നീട്ടലുകള്‍. ആണേ, ഇല്ലേ, പോയേ, ഒണ്ടേ, ദാണ്ടേ, അറിഞ്ഞൂടായേ, കണ്ടേ എന്നിങ്ങനെ ഭവ്യതയും വിനയവും പ്രകടമാക്കുന്ന പദങ്ങളേറെ.
ഇരുന്നാട്ടെ, കഴിച്ചാട്ടെ, പോയാട്ടെ, പറഞ്ഞാട്ടെ -ആദരവോടെ ഓണാട്ടുകരക്കാര്‍ സംസാരിക്കുന്നതില്‍കൃത്രിമമില്ല; ഭാഷയുടെ നന്മയാണത്. ഒക്കത്തില്ല, അറിയത്തില്ല, നടക്കത്തില്ല എന്നീ നെഗറ്റീവ് പദപ്രയോഗങ്ങളും ധാരാളമുണ്ട്.
കൂടുതല്‍ പ്രയോഗത്തിലുള്ളതും മറ്റു സ്ഥലക്കാര്‍ക്ക് മനസ്സിലാകാത്തതുമായ പദങ്ങളേറെയുണ്ട്. കിഴുത്ത (സുഷിരം), അച്ചട്ട് (തീര്‍ച്ച), ഇമ്മിണി/ഇച്ചിരി (അല്പം), ഒത്തിരി (ധാരാളം), മുഞ്ഞി (മുഖം), ചള്ള (ചെളി), അയ്യം (പറമ്പ്), കണ്ടം (പാടം/വയല്‍), പോച്ച (പുല്ല്), പൊത്താന്‍ (തീ കത്തിക്കാനുള്ള വക), അളുമ്പ് (വൃത്തികേട്), പിടീന്ന്/ദുരിശത്തില്‍ (വേഗത്തില്‍), കൊഞ്ഞാണന്‍ (കാര്യമില്ലാത്തവന്‍), പഞ്ഞം (ലജ്ജാകരം), വേവ് (ഉഷ്ണം), മേത്ത് നേ്രദഹത്ത്), കെറീച്ച് (പിണങ്ങി), കൊറച്ചില്‍ (നാണക്കേട്), നെഗളിപ്പ് (അഹങ്കാരം), പൊലത്തേക്ക് (ഉച്ചഭക്ഷണം), ചുമ്മാണ്ടിരി (വെറുതെയിരി), വെറ്റേമ്മാന്‍ (വെറ്റില മുറുക്കാന്‍), നമ്മക്ക് (നമുക്ക്) എന്നിങ്ങനെ നീളുന്നു പദങ്ങളുടെ പട്ടിക.

സംസാരത്തിനിടെ കടന്നുവരുന്ന ശൈലികള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? പാട്ടും ദുരിതോം പറയുവ, മൂക്കും മുഞ്ഞിയും കാണിക്കുക, ഓണത്തിനും ചംക്രാന്തിക്കും വരിക, വല്യ ആളാന്നു ഭാവിക്കുക, ഹരഹര പാടിക്കുക, കാവടി എടുപ്പിക്കുക, മേലോട്ട് എടുക്കുക, കുണ്ടക്കം മണ്ടക്കം നടക്കുക, ചുമ്മാ പറയുക, വായിട്ടലയ്ക്കുക - ഇങ്ങനെ ഓണാട്ടുകരയുടെ ഈടുവയ്പുകളായ ശൈലികള്‍ എത്രവേണമെങ്കിലും ഉണ്ട്.
ഓണാട്ടുകര ഭാഷയും ശൈലിയും സമര്‍ത്ഥമായി തോപ്പില്‍ഭാസി നാടകങ്ങളില്‍ പ്രയോഗിച്ചിട്ടുണ്ട്. 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി'യിലെ പരമുപിള്ളയുടെ സംഭാഷണങ്ങളിലുടനീളം പഴഞ്ചൊല്ലുകളും കടംകഥകളുമാണ്. 'വല്ലവന്റേം പുള്ളിനു പൂട പറിച്ചാല്‍ പുള്ളുമില്ല, പൂടേമില്ല', 'ഓന്തുലുത്തിയാല്‍ പഴം വീഴുമോ', 'താന്‍ പെറ്റ മക്കളും തന്നോളമായാല്‍ താനെന്നു വേണം വിളിക്കാന്‍' തുടങ്ങിയുള്ള നാടന്‍മൊഴി വഴക്കങ്ങള്‍ നാടകത്തില്‍ ആദ്യവസാനം ഉണ്ട്. 'കൂട്ടുകുടുംബ'ത്തിലെ കാര്‍ത്യായനിപ്പിള്ള, 'അശ്വമേധ'ത്തിലെ മന്ത്രവാദി, 'മുടിയനായ പുത്രനി'ലെ ചാത്തന്‍ തുടങ്ങി പ്രായമായ ഗ്രാമീണ കഥാപാത്രങ്ങളിലൂടെ ഓണാട്ടുകരഭാഷയുടെ വീറും സൗന്ദര്യവും നാം അനുഭവിച്ചറിയുന്നു.'ഓണാട്ടുകരയുടെ ഇതിഹാസകാരന്‍' എന്നു വിശേഷിപ്പിക്കുന്ന പാറപ്പുറത്തിന്റെ നോവലുകളിലും കഥകളിലും നാടിന്റെ ചൈതന്യം തുടിക്കുന്ന പദങ്ങളും പ്രയോഗങ്ങളും ധാരാളമായി കടന്നുവരുന്നുണ്ട്. പാറപ്പുറത്തിന്റെ നോവലുകളില്‍ നിറഞ്ഞുനില്‍ക്കുന്ന ലാവണ്യഘടകങ്ങളിലൊന്ന് ഓണാട്ടുകര ഭാഷാശൈലിയാണെന്ന ഡോ. ചേരാവള്ളി ശശിയുടെ അഭിപ്രായത്തോട് വായനക്കാര്‍ വിയോജിക്കില്ല.

'ആകാശത്തിലെ പറവകള്‍', 'അരനാഴിക നേരം', 'അന്വേഷിച്ചു കണ്ടെത്തിയില്ല', 'പണിതീരാത്ത വീട്' തുടങ്ങിയുള്ള നോവലുകളിലെ പാത്രസൃഷ്ടിയിലും സംഭാഷണങ്ങളിലും നാട്ടുഭാഷയുടെ സ്വാധീനം കാണാം.
പത്മരാജന്റെയും വി.പി.ശിവകുമാറിന്റെയും സി.പി.നായരുടെയും രചനകളില്‍ ഓണാട്ടുകരഭാഷ തൊട്ടുംതഴുകിയും കടന്നുപോകുന്നുണ്ട്. ഓണാട്ടുകരക്കാരനല്ലെങ്കിലും കുറച്ചുകാലം കായംകുളത്ത് താമസിച്ച കേശവദേവ് തന്റെ നാടകങ്ങളിലും കഥകളിലും ഓടനാടന്‍ ഭാഷയുടെ സവിശേഷത നന്നായി പ്രയോഗിച്ചിട്ടുണ്ട്.



ganangal


മറ്റു വാര്‍ത്തകള്‍

  12 »

രാഷ്ട്രീയകേരളം ഒത്തുകൂടി

ആലപ്പുഴ: മാതൃഭൂമി ആലപ്പുഴ എഡിഷന്‍ ഉദ്ഘാടനവേദിക്കരികിലെ വി.ഐ.പി. ലോഞ്ച് ഞായറാഴ്ച രാവിലെ ദേശീയ-സംസ്ഥാന രാഷ്ട്രീയ-സാമൂഹിക നേതാക്കളുടെ സംഗമകേന്ദ്രമായി. Read More

Discuss