ഇവിടെ താരാട്ടിന്റെ ഈണം
കെ.ആര്‍.സേതുരാമന്‍ Posted on: 29 May 2010
താരാട്ട് പാട്ടിന്റെ ഈണമുറങ്ങുന്ന എട്ടുകെട്ട്. ഇത് വാരനാട് നടുവിലെ കോവിലകം. മലയാളിക്ക് 'ഓമനത്തിങ്കള്‍ കിടാവോ...' എന്ന താരാട്ടുപാട്ട് സമ്മാനിച്ച ഇരയിമ്മന്‍ തമ്പിയുടെ ജന്മഗൃഹം. ശ്രീമൂലം തിരുനാള്‍ പണികഴിപ്പിച്ച ഈ കോവിലകത്തിനും, മണ്‍മറഞ്ഞുപോയ മഹാകവി ഇരയിമ്മന്‍ തമ്പിക്കും മലയാളി മണ്ണിലും മനസ്സിലും ഇന്നും ജീവസ്സുറ്റ താളമുണ്ട്. താരാട്ട് പാടിയും ആട്ടക്കഥാ സാഹിത്യവുമൊക്കെയായി മലയാളികള്‍ മഹാകവിയെ സ്മരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ജന്മഗേഹം സ്മാരകമായും നിലനിര്‍ത്തിയിരിക്കുന്നു.
ഇരയിമ്മന്‍ തമ്പി
ചേര്‍ത്തല വാരനാട് നടുവിലെ കോവിലകത്ത് കേരളവര്‍മ്മ തമ്പാന്റെയും (ശാസ്ത്രി തമ്പാന്‍) കരമന അമ്മവീട്ടില്‍ പാര്‍വതിപിള്ള തങ്കച്ചിയുടെയും മകനായി 1782-ല്‍ ജനനം. അച്ഛന്റെ പക്കല്‍നിന്ന് പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് പണ്ഡിതനായ മുത്താട്ട് ഇളയതിന്റെ ശിഷ്യനായി. കാവ്യം, നാടകം, അലങ്കാരം, വ്യാകരണം, തര്‍ക്കം എന്നിവയില്‍ പാണ്ഡിത്യം നേടി. ഒപ്പം സംഗീത സാഹിത്യാദികലകളിലും വൈദഗ്ദ്ധ്യം തെളിയിച്ചു. 32-ാം വയസ്സില്‍ തിരുവിതാംകൂര്‍ രാജസദസ്സിലെ ആസ്ഥാനകവിയായി. സ്വാതിതിരുനാളിന്റെ സംഗീതസദസ്സിനെ അലങ്കരിച്ചിരുന്ന ഒരംഗം കൂടിയായിരുന്നു ഇരയിമ്മന്‍ തമ്പി.
28 കീര്‍ത്തനങ്ങളും 5 മലയാള കീര്‍ത്തനങ്ങളും 5 വര്‍ണങ്ങളും 22 പദങ്ങളും രചിച്ച ഇരയിമ്മന്‍ തമ്പി ആട്ടക്കഥാ സാഹിത്യത്തിനും അമൂല്യസംഭാവനകളാണ് നല്‍കിയത്.
'ഓമനത്തിങ്കള്‍ കിടാവോ' എന്ന് തുടങ്ങുന്ന താരാട്ടുപാട്ട്, ശ്രീരാഗത്തിലുള്ള 'കരുണ ചെയ്‌വാനെന്തു....' എന്ന കീര്‍ത്തനം, 'അംബഗൗരീ' എന്ന ആരഭിവര്‍ണം, സാവേരി രാഗത്തിലുള്ള 'പാഹിമാം ഗിരിതനയേ....' എന്ന കീര്‍ത്തനം ഇവയൊക്കെ പ്രചുരപ്രചാരമുള്ള ഈരടികളാണ്. 74-ാം വയസ്സില്‍ (1856 ജൂലായ് 29) അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞു.
വാരനാട് നടുവിലെ കോവിലകം
ശ്രീമൂലം തിരുനാള്‍ മഹാരാജാവ് കല്പിച്ച് പണിത എട്ടുകെട്ട്, 250 വര്‍ഷത്തെ പഴക്കമുള്ള കോവിലകത്ത് രണ്ട് നടുമുറ്റം, ഹാള്‍, പത്തോളം മുറികള്‍. തേക്കിലും ഈട്ടിയിലും തീര്‍ത്ത അറയും നിരയും. തടിയില്‍ ദശാവതാരം മുതല്‍ കൃഷ്ണലീല വരെ കടഞ്ഞെടുത്തിരിക്കുന്നു. രാജഭരണകാലത്തെ വാളും, ഓണവില്ലും ഒക്കെ ഇവിടെയുണ്ട്.
ഇരയിമ്മന്‍ തമ്പിയുടെ നാലാം തലമുറയില്‍പ്പെട്ട രുക്മിണിഭായി തമ്പുരാട്ടിയാണ് ഇന്ന് ഇവിടെ താമസം. കോവിലകം ഇരയിമ്മന്‍ തമ്പിയുടെ സ്മാരകമായി സംരക്ഷിക്കപ്പെടുന്നു. അതിനു പിന്നിലും ഏറെ ക്ലേശങ്ങളുടെയും ത്യാഗങ്ങളുടെയും കഥയുണ്ട്. അതിങ്ങനെ: 1985 കാലഘട്ടം. തറവാട് വീതംവച്ചു. കോവിലകത്തിന്റെ വീതം കിട്ടിയവര്‍ ഇരയിമ്മന്‍ തമ്പിയെ മറന്നുവെന്ന് രുക്മിണിഭായി തമ്പുരാട്ടി. കോവിലകം വീതിച്ചുകിട്ടിയവരുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ രുക്മിണിഭായി തമ്പുരാട്ടി കോടതിയെ സമീപിച്ചു. നിയമയുദ്ധങ്ങള്‍ നീളുന്നതിനിടെ 1996 ജൂലായ് 14ന് കോവിലകം പൊളിക്കാന്‍ തുടങ്ങി. വിവരമറിഞ്ഞ് രുഗ്മിണിഭായി തമ്പുരാട്ടി, സഹോദരനായ കൃഷ്ണവര്‍മ്മയേയും കൂട്ടി ചേര്‍ത്തലയിലെത്തി. ചേര്‍ത്തല കോടതിയില്‍നിന്ന് കോവിലകം പൊളിക്കുന്നതിനെതിരെ സ്റ്റേയും വാങ്ങി. എന്നാല്‍ ഇവര്‍ എത്തുമ്പോഴേയ്ക്കും കോവിലകം പൊളിച്ചുതുടങ്ങിയിരുന്നു. പൊളിച്ചഭാഗങ്ങള്‍ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ കോടതിയുടെ ഉത്തരവും വന്നു. കോവിലകം സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് പിന്നീട് നടന്നത്. ഇതിനിടെ പുരാവസ്തുവകുപ്പും കോവിലകം സംരക്ഷിക്കുന്നതിനായി മുന്നിട്ടുവന്നു. ഒടുവില്‍ 2007 സപ്തംബറില്‍ കോവിലകവും ചുറ്റുമുള്ള സ്ഥലവും സംരക്ഷിതമേഖലയാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി.
അതോടെ ഇരയിമ്മന്‍ തമ്പി സ്മാരക ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമായി. ഇന്ന് നടുവിലെ കോവിലകം ചരിത്രസ്മാരകവും സാംസ്‌കാരിക പഠനകേന്ദ്രവുമാണ്.