Mathrubhumi Logo
  Alappuzha Edition - Heading

മഹാപ്രതിഭകളുടെ സ്മരണയ്ക്ക്... Posted on: 29 May 2010

മാതൃഭൂമിയെ നയിച്ച രണ്ടു മഹാപ്രതിഭകളുടെ പേരാണ് ആലപ്പുഴയിലെ മന്ദിരങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. പ്രസ്സ് പ്രവര്‍ത്തിക്കുക
സ്വാതന്ത്ര്യസമരസേനാനിയും മാതൃഭൂമി മുന്‍ ഡയറക്ടറുമായ എ.വി. കുട്ടിമാളു അമ്മയുടെ പേരിലുള്ള കെട്ടിടത്തിലാണ്. മാതൃഭൂമി മാനേജിങ് എഡിറ്ററും മാനേജിങ് ഡയറക്ടറുമായിരുന്ന വി.എം. നായരുടെ സ്മരണയ്ക്കായാണ് പുതിയ ഓഫീസ് കെട്ടിടം

എ.വി. കുട്ടിമാളു അമ്മ


പെരുമ്പിലാവില്‍ ഗോവിന്ദ മേനോന്റെയും ആനക്കര വടക്കത്ത് മാധവി അമ്മയുടെയും മകളായി 1905 ഏപ്രില്‍ 23ന് കുട്ടിമാളു അമ്മ ജനിച്ചു. പിതാവ് മദിരാശി റവന്യൂ വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്നു.1925ല്‍ മലബാറിലെ ഉന്നത കോണ്‍ഗ്രസ് നേതാക്കളിലൊരാളായ അഡ്വ. കോഴിപ്പുറത്ത് മാധവ മേനോനെ വിവാഹം കഴിച്ചു. ഇതോടെ കുട്ടിമാളു അമ്മയും സാമൂഹ്യ-രാഷ്ട്രീയ രംഗത്ത് സജീവമായി. കോണ്‍ഗ്രസ് സംഘടനാതലത്തില്‍ എല്ലാ ഔദ്യോഗിക സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. 'മാതൃഭൂമി' ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു.
വിവിധ സമരങ്ങളില്‍ പങ്കെടുത്ത് ജയില്‍വാസം അനുഷ്ഠിച്ചു. 1932ലെ സിവില്‍ നിയമലംഘന കാലത്ത് രണ്ടുമാസം പ്രായമായ മകളെയും കൊണ്ടാണ് ജയിലില്‍ പോയത്. 1940ലെ വ്യക്തിസത്യാഗ്രഹത്തിലും 1942ലെ ക്വിറ്റിന്ത്യാ സമരത്തിലും പങ്കെടുത്ത് തടവുശിക്ഷ അനുഭവിച്ചു.

1936ലും 46ലും മദിരാശി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1946 മുതല്‍ 52 വരെ മദിരാശി സെനറ്റില്‍ അംഗമായിരുന്നു. 1954 മുതല്‍ 58 വരെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലും അംഗമായി. 1937ല്‍ കോഴിക്കോട് അനാഥമന്ദിര സമാജം ആരംഭിച്ചതു മുതല്‍ അതിന്റെ അധ്യക്ഷയായിരുന്നു. അഖിലേന്ത്യ വനിതാ സമ്മേളനം കോഴിക്കോട് ശാഖാ അധ്യക്ഷയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1984 ഏപ്രില്‍ 14ന് അന്തരിച്ചു.

വി.എം. നായര്‍



വി.എം. നായര്‍ എന്ന വടേക്കര മാധവന്‍ നായര്‍ 1896 ജൂണ്‍ 17ന് ഗുരുവായൂരില്‍ ജനിച്ചു. 1920ല്‍ മുംബൈയില്‍ എത്തി വിവിധ കമ്പനികളില്‍ ജോലി നോക്കി. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ മുംബൈ ലേഖകനായി പ്രവര്‍ത്തിച്ചു. മുംബൈ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയില്‍ അംഗമായിരുന്നു.
1927ല്‍ കൊല്‍ക്കത്തയിലെ വാള്‍ഫോര്‍ഡ് മോട്ടോര്‍ കമ്പനിയില്‍ സെക്രട്ടറിയായി. പിന്നീട് കമ്പനിയുടെ ഡയറക്ടറും ജനറല്‍ മാനേജരുമായി. 1950ല്‍ ഉദ്യോഗത്തില്‍ നിന്ന് വിരമിച്ച് നാട്ടിലെത്തി. 1951ല്‍ 'മാതൃഭൂമി'യുടെ മാനേജിങ് എഡിറ്ററും 56ല്‍ എം.ഡി.യുമായി. പത്രങ്ങളുമായി ബന്ധപ്പെട്ട വിവിധ സമിതികളിലും സംഘടനകളിലും അംഗമായിരുന്നു. 1977 മെയ് 12ന് അന്തരിച്ചു.
മാതൃഭൂമിയുടെ രണ്ടാമത്തെ എഡിഷന്‍ കൊച്ചിയില്‍ നിന്ന് തുടങ്ങിയത് വി.എം. നായരുടെ കാലത്താണ്. കേരളത്തില്‍ ആദ്യമായിട്ടായിരുന്നു ഒരു പത്രം രണ്ടാമത്തെ എഡിഷന്‍ തുടങ്ങുന്നത്. മലയാള പത്രമേഖലയില്‍ ഒട്ടേറെ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചതും അദ്ദേഹമാണ്.
'പത്രപ്രവര്‍ത്തകന്റെ ഓര്‍മക്കുറിപ്പുകള്‍' എന്ന പുസ്തകം രചിച്ചിട്ടുണ്ട്. നാലപ്പാട്ട് നാരായണ മേനോന്റെ 'കണ്ണുനീര്‍ത്തുള്ളി' ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തു. പ്രശസ്ത കവയത്രി ബാലാമണിയമ്മയാണ് ഭാര്യ. കമല സുരയ്യ പുത്രിയും എം.ഡി. നാലപ്പാട്ട് പൗത്രനുമാണ്.




ganangal


മറ്റു വാര്‍ത്തകള്‍

  12 »

രാഷ്ട്രീയകേരളം ഒത്തുകൂടി

ആലപ്പുഴ: മാതൃഭൂമി ആലപ്പുഴ എഡിഷന്‍ ഉദ്ഘാടനവേദിക്കരികിലെ വി.ഐ.പി. ലോഞ്ച് ഞായറാഴ്ച രാവിലെ ദേശീയ-സംസ്ഥാന രാഷ്ട്രീയ-സാമൂഹിക നേതാക്കളുടെ സംഗമകേന്ദ്രമായി. Read More

Discuss