Mathrubhumi Logo

പുരസ്‌കാരം കൊയ്തത് ജീവിത വിക്ഷുബ്ധതയുടെ കാഴ്ചകള്‍

Posted on: 19 Dec 2009

തിരുവനന്തപുരം: മനസ്സില്‍ തറയ്ക്കുന്ന ജീവിതാനുഭവങ്ങള്‍. ലളിതമായ ആഖ്യാനം. കേരള രാജ്യാന്തര ചലച്ചിത്രോല്‍സവത്തില്‍ പുരസ്‌കൃതമായ ചിത്രങ്ങളുടെ സവിശേഷതകളെ ഇങ്ങനെ ചുരുക്കിപ്പറയാം. സുവര്‍ണചകോരം പങ്കിട്ട ഇറാനിയന്‍ ചിത്രമായ 'എബൗട്ട്എല്ലി'യും ഇന്തോനേഷ്യന്‍ ചിത്രം 'ജര്‍മലും'(ഫിഷിങ് പ്ലാറ്റ്‌ഫോം) മികച്ച ചലച്ചിത്രാനുഭവങ്ങളായത് ഇങ്ങനെയായിരുന്നു. ഒഴിവുദിന ആഘോഷങ്ങളുടെ ശാന്തതയും ആഹ്ലാദവും അവിചാരിതമായ ദുരന്തത്തിന്റെ പ്രക്ഷുബ്ധതയിലേക്ക് വഴിമാറുന്നതാണ് 'എബൗട്ട് എല്ലി'യുടെ പ്രമേയം. ഒഴിവുദിന ആഘോഷത്തില്‍ മകളുടെ നെഴ്‌സറി അധ്യാപികയായ എല്ലിയെയും കുടുംബം ക്ഷണിക്കുന്നു. എല്ലി എല്ലാവര്‍ക്കും പരിചിതയല്ല. കൂട്ടത്തിലെ ഒരു പുരുഷനുമായി എല്ലിയെ ഇണക്കാനാണ് ഇവരെ സെപിഡ എന്ന സ്ത്രീ കുടുംബത്തോടൊപ്പം കൂട്ടിയത്. അപരിചിതയായ എല്ലിയെ കാണാതായത് ദുഃഖമല്ല, പരസ്​പരം കുറ്റപ്പെടുത്തലുകളും സംഭ്രമവുമാണ് ഉണ്ടാക്കുന്നത്. അവിചാരിത സംഭവങ്ങള്‍ മനുഷ്യമനസ്സുകളെ ഇളക്കിമറിക്കുന്നത് ഒരു നാടകം കാണുന്നതുപോലെ കാണാന്‍ പ്രേക്ഷകരെ ക്ഷണിക്കുകയാണ് ഈ സിനിമ. ഇറാനിയന്‍ ചലച്ചിത്രങ്ങളുടെ അന്തര്‍ധാരയായ ലാളിത്യവും വളച്ചുകെട്ടില്ലാത്ത കഥനരീതിയും അസഗര്‍ ഫര്‍ഗാദിയുടെ ഈ ചിത്രത്തെ മനോഹരമാക്കുന്നു.

ഇന്തോനേഷ്യന്‍ ചിത്രമായ 'ജര്‍മലി'ന്റെ വരവ് ചലച്ചിത്രോല്‍സവത്തില്‍ ഒരു ആഘോഷമായിരുന്നില്ല. ചര്‍ച്ചകളിലും വര്‍ത്തമാനങ്ങളിലും ഈ കൊച്ചുചിത്രം ഇടം തേടിയതുമില്ല. സംവിധായകനായ രവി ഭര്‍വാനി വലിയ പ്രശസ്തനുമല്ല. പക്ഷേ ഈ ചിത്രം കണ്ടവരൊന്നും മറക്കില്ല. അത്രമേല്‍ മനസ്സില്‍ പതിക്കുന്ന ചലച്ചിത്രാനുഭവമായിരുന്നു അത്. ജര്‍മല്‍ എന്നാല്‍ കടലില്‍ ഉയര്‍ത്തിക്കെട്ടിയ വലിയൊരു മരത്തട്ട്. മീന്‍പിടിത്തക്കാരുടെ താവളം. ഇവിടെനിന്ന് ഒരു കുട്ടി തന്റെ നഷ്ടപ്പെട്ട അച്ഛനെ വീണ്ടെടുക്കുന്നു; അച്ഛന്‍ മകനെയും. അവരിരുവരും ചേര്‍ന്ന് കൈവിട്ടുപോയ ജീവിതത്തെയും. അതിരുവരഞ്ഞ് വേലികെട്ടുമ്പോള്‍ ഭാഗം പിരിഞ്ഞുപോകുന്ന മാനവികതയും സൗഹൃദങ്ങളുമാണ് പ്രേക്ഷക പുരസ്‌കാരം നേടിയ 'ട്രൂ നൂണി'ന്റെ പ്രമേയം. ഒരു ഗ്രാമത്തെ പെട്ടെന്നൊരുനാള്‍ വേര്‍തിരിച്ച കമ്പിവേലിക്ക് ഇരുപുറവുമുള്ള ജീവിതങ്ങളുടെ ക്യാമറ ചലിപ്പിച്ച താജിക്കിസ്ഥാന്‍ ചിത്രം ആവര്‍ത്തിച്ച് പ്രദര്‍ശിപ്പിച്ചപ്പോഴൊക്കെ സിനിമാപ്രേമികളുടെ ഇരമ്പലായിരുന്നു തിയേറ്ററുകളില്‍. സോവിയറ്റ് യൂണിയന്‍ രാജ്യങ്ങളുടെ വിഭജനം പശ്ചാത്തലമായ ഈ സിനിമ അതുകൊണ്ടുതന്നെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതായി. ഡോക്യുമെന്ററി സംവിധായകനായ നോസിര്‍ സയ്‌ദോവിന്റെ ആദ്യ ഫീച്ചര്‍ ഫിലിമാണ് 'ട്രൂ നൂണ്‍'.

'പത്താംനിലയിലെ തീവണ്ടി'യെന്ന മലയാള ചിത്രത്തിനൊപ്പം ഫിപ്രസ്‌കി പുരസ്‌കാരം പങ്കിട്ട 'ഫ്‌ളൈ ഇന്‍ ദ ആഷസ്' തൊഴില്‍ തേടി നഗരത്തിലെത്തി ലൈംഗിക വ്യാപാരത്തിന്റെ കെണിയില്‍പ്പെട്ടുപോകുന്ന രണ്ടുപെണ്‍കുട്ടികളുടെ അതിജീവനത്തിന്റെ കഥയാണ്. വിഷയത്തില്‍ പുതുമയൊന്നും അവകാശപ്പെടാനില്ലെങ്കിലും ആഖ്യാനത്തിന്റെ വേറിട്ട വഴികള്‍ ഈ ചിത്രത്തെ ശ്രദ്ധേയമാക്കുന്നു.



ganangal
iffk reservation


മറ്റു വാര്‍ത്തകള്‍

  12 3 4 5 »
movie channel iFFK photogallery
Discuss