മലയാളത്തിന്റെ അഭിമാനമായി 'പത്താംനിലയിലെ തീവണ്ടി'യും 'കേരളാ കഫേ'യും
Posted on: 19 Dec 2009

തിരുവനന്തപുരം: മികച്ച മലയാളചിത്രത്തിനുള്ള ഫിപ്രസ്‌കി പുരസ്‌കാരം നേടിയ 'പത്താം നിലയിലെ തീവണ്ടി'യും ഏഷ്യന്‍ സിനിമയ്ക്കുള്ള നെറ്റ്പാക് അവാര്‍ഡ് നേടിയ 'കേരളാ കഫേ'യും രാജ്യാന്തര ചലച്ചിത്രോല്‍സവത്തില്‍ മലയാളത്തിന്റെ അഭിമാനങ്ങളായി.
ജോഷി മാത്യു സംവിധാനംചെയ്ത 'പത്താംനിലയിലെ തീവണ്ടി' മത്സര വിഭാഗത്തിലാണ് പ്രദര്‍ശിപ്പിച്ചത്. പ്രമേയത്തിലെയും ആഖ്യാനത്തിലെയും വ്യത്യസ്തതകൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയിരുന്നു ഈ ചിത്രം. റെയില്‍വേ ഗാങ്മാനായ കേന്ദ്രകഥാപാത്രത്തിന്റെ മാനസിക വിഭ്രാന്തികളാണ് പ്രമേയം. മാനസിക രോഗാസ്പത്രിയില്‍ കഴിയുന്ന ഇയാള്‍ തന്റെ മകന് അയക്കുന്ന കത്തുകളിലെ വരികളിലൂടെയാണ് ദൃശ്യങ്ങള്‍ നീങ്ങുന്നത്. ഇന്നസെന്റ് എന്ന നടന്റെ അനുപമമായ അഭിനയ ചാതുര്യമാണ് ചിത്രം വെളിപ്പെടുത്തുന്നത്.

പത്തുസംവിധായകരുടെ സമാഹാരമായ 'കേരളാകഫേ' എന്ന ചിത്രത്തെ മത്സരവിഭാഗത്തില്‍ ഉള്‍ക്കൊള്ളിക്കാത്തതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ശ്യാമപ്രസാദ്, ലാല്‍ജോസ്, ഷാജി കൈലാസ്, ബി.ഉണ്ണികൃഷ്ണന്‍, അന്‍വര്‍ റഷീദ്, അഞ്ജലി മേനോന്‍, പദ്മകുമാര്‍, ഉദയ് അനന്തന്‍, ശങ്കര്‍ രാമകൃഷ്ണന്‍, രേവതി എന്നിവരുടെ പത്ത് വേറിട്ട കഥകളായിരുന്നെങ്കിലും തുടര്‍ച്ച നഷ്ടപ്പെടാതെയായിരുന്നു ഇവയുടെ ഏകോപനം. മലയാളത്തില്‍ ആദ്യമായാണ് ഇത്തരമൊരു പരീക്ഷണം.