എബൗട്ട് എല്ലിയും ജെര്‍മലും സുവര്‍ണചകോരം പങ്കിട്ടു
Posted on: 19 Dec 2009
More Photos

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ മികച്ച ചിത്രത്തിനുള്ള ' സുവര്‍ണ ചകോര ' പുരസ്‌കാരം ഇറാനിയന്‍ ചിത്രമായ ' എബൗട്ട് എല്ലിയും ' ഇന്‍ഡോനേഷ്യന്‍ ചിത്രമായ ജെര്‍മലും (ഫിഷിങ്ഫ്‌ളാറ്റ്‌ഫോം) പങ്കിട്ടു. താജിക്കിസ്ഥാന്‍ ചിത്രമായ ' ട്രൂ നൂണ്‍ ' -ന്റെ സംവിധായകന്‍ നോസിര്‍ സായ്‌ദോവ് മികച്ച സംവിധായകനുള്ള ' രജത ചകോരത്തിന് ' അര്‍ഹനായി. പ്രേക്ഷകര്‍ തിരഞ്ഞെടുത്ത മികച്ച ചിത്രവും ട്രൂ നൂണ്‍ ആണ്.
ഒട്ടേറെ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ പുരസ്‌കൃതനായിട്ടുള്ള അസ്ഗര്‍ ഫര്‍ഹാദിയാണ് എബൗട്ട് എല്ലിയുടെ സംവിധായകന്‍. അതിഥിയായെത്തുന്ന യുവതിയുടെ തിരോധാനം ഒരു കുടുംബത്തിന്റെ സമാധാനം തകര്‍ക്കുന്നതിന്റെ കഥയാണ് ഈ ചിത്രം. അമ്മ മരിച്ചശേഷം, അകന്നുനില്‍ക്കുന്ന അച്ഛനുമായി അടുക്കാന്‍ ശ്രമിക്കുന്ന പന്ത്രണ്ടുകാരന്റെ കഥയാണ് രവി ഭര്‍വാനി സംവിധാനം ചെയ്ത ജെര്‍മലിന്റെ പ്രമേയം. പുരസ്‌കാരത്തുകയായ പത്തുലക്ഷം രൂപ, രണ്ടു സിനിമകളുടെയും ശില്‍പ്പികള്‍ പങ്കിട്ടെടുക്കും. ചലച്ചിത്രമേളയിലെ മൂന്നു പ്രദര്‍ശനങ്ങളിലും മികച്ച അഭിപ്രായം നേടിയ ട്രൂ നൂണ്‍ രണ്ട് രജതചകോരങ്ങള്‍ക്ക് അര്‍ഹമായി. മികച്ച സംവിധായകനുള്ള മൂന്നുലക്ഷം രൂപയും പ്രേക്ഷകര്‍ തിരഞ്ഞെടുത്ത ചിത്രത്തിനുള്ള ഒരുലക്ഷം രൂപയും ഈ ചിത്രത്തിന്റെ ശില്‍പ്പികള്‍ക്ക് ലഭിക്കും. ' മൈ സീക്രട്ട് സെ്‌കെ ' സംവിധാനം ചെയ്ത മദോദ എന്‍കയിയാനയ്ക്ക്മികച്ച നവാഗത പ്രതിഭയ്ക്കുള്ള രജത ചകോര പുരസ്‌കാരം ലഭിച്ചു. രണ്ടു ലക്ഷം രൂപയാണ് പുരസ്‌കാരത്തുക.
അര്‍ജന്റീനിയയില്‍ നിന്നുള്ള ' എ ഫ്‌ളൈ ഇന്‍ ദ ആഷസ് ' മികച്ച സിനിമയ്ക്കുള്ള ഫിപ്രസ്‌കി പുരസ്‌കാരം നേടി. ജോഷിമാത്യു സംവിധാനം ചെയ്ത ' പത്താം നിലയിലെ തീവണ്ടി ' യ്ക്കാണ് മികച്ച മലയാള സിനിമയ്ക്കുള്ള ഫിപ്രസ്‌കി പുരസ്‌കാരം. മികച്ച ഏഷ്യന്‍ സിനിമയ്ക്കുള്ള നെറ്റ്പാക് പുരസ്‌കാരത്തിന് ' ജെര്‍മല്‍ ' അര്‍ഹമായി. മികച്ച മലയാള സിനിമയ്ക്കുള്ള നെറ്റ്പാക് പുരസ്‌കാരം ' കേരള കഫേ'യ്ക്ക് ' ലഭിച്ചു. മികച്ച ഇന്ത്യന്‍ നവാഗത സംവിധായകനുള്ള ' ഹസ്സന്‍ കുട്ടി പുരസ്‌കാരത്തിന് ' മറാത്തി സംവിധായകന്‍ പരേഷ് മൊകാഷി അര്‍ഹനായി. ' ഹരിശ്ചന്ദ്രാസ് ഫാക്ടറി ' യാണ് ഇദ്ദേഹത്തിന്റെ സിനിമ.
ചലച്ചിത്രമേളയെക്കുറിച്ചുള്ള മികച്ച പത്ര റിപ്പോര്‍ട്ടിനുള്ള പുരസ്‌കാരത്തിന് കല്ലമ്പള്ളി കൃഷ്ണന്‍ നായരും (ചന്ദ്രിക)ആര്‍.അയ്യപ്പനും (ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ) ടി.വി റിപ്പോര്‍ട്ടിന് സീജി കടയ്ക്കലും (ഇന്ത്യാവിഷന്‍ ) ജിമ്മി ജെയിംസും (ഏഷ്യാനെറ്റ് ) അര്‍ഹരായി. മികച്ച സൗകര്യങ്ങളുള്ള തിയേറ്ററുകള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ അജന്തയും ധന്യയും നേടി.
മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍, മന്ത്രിമാരായ എം.എ.ബേബി, കടന്നപ്പള്ളി രാമചന്ദ്രന്‍, നടന്‍ ശ്രീനിവാസന്‍ എന്നിവര്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ക്യൂബന്‍ അംബാസഡര്‍ മിഗ്വെല്‍ ആന്റെല്‍ റെമോസ്, ജൂറി ചെയര്‍മാന്‍ ബഹ്മാന്‍ ഖൊബാദി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആനാവൂര്‍ നാഗപ്പന്‍, വി.ശിവന്‍കുട്ടി എം.എല്‍.എ, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി ഡോ.വി.വേണു, കെ.എസ്.എഫ്.ഡി.സിചെയര്‍മാന്‍ കെ.ജി.ജോര്‍ജ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കെ.ആര്‍.മോഹനന്‍, വൈസ് ചെയര്‍മാന്‍ വി.കെ.ജോസഫ്, ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീനാപോള്‍, സെക്രട്ടറി ഡോ.കെ.എസ്. ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 2010 ഡിസംബര്‍ 10-17 തീയതികളില്‍ പതിനഞ്ചാമത് ചലച്ചിത്ര മേള നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. സമാപനച്ചടങ്ങിനുശേഷം അശ്വതി നായര്‍ ചിട്ടപ്പെടുത്തിയ നൃത്തം അരങ്ങേറി. തുടര്‍ന്ന് ' ട്രൂ നൂണ്‍ ' പ്രദര്‍ശിപ്പിച്ചു.